സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Saturday, October 15, 2011

ദൈവ സ്മരണനിരാശയാല്‍ നിറഞ്ഞ ജീവിതം മടുത്ത അയാള്‍ അവസാനം മരിക്കാന്‍ തന്നെ തീരുമാനിച്ചു. മരിക്കുന്നതിനു മുമ്പ് ദൈവത്തെ നേരില്‍ കണ്ടു കുറച്ചു കാര്യങ്ങള്‍ ചോദിക്കണം എന്നയാള്‍ ആശിച്ചു. പക്ഷെ ദൈവത്തെ നേരില്‍ കാണുവാന്‍ കഴിയില്ല എന്ന സത്യം മനസിലാക്കിയപ്പോള്‍ ഒരു ഭ്രാന്തനെ പോലെ അയാള്‍ പ്രകൃതിയില്‍ നോക്കി വിളിച്ചു പറഞ്ഞു: "ഹെ..സൃഷ്ട്ടാവേ.. നിന്നേ ധ്യാനിച്ച്‌ എന്റെ മുന്നില്‍ വരുത്താന്‍ ഞാന്‍ സൂഫിയോ, സന്യാസിയോ അല്ല. പക്ഷെ എനിക്ക് നിന്നെ ഒന്നു കാണണം.. കുറച്ചു കാര്യങ്ങള്‍ ചോദിക്കണം..എന്റെ ആഗ്രഹം സാധിപ്പിച്ചു തരുമോ?
അയാളുടെ ഉച്ചത്തിലുള്ള ശബ്ദം പ്രകൃതിയില്‍ അലയടിച്ചതല്ലാതെ വേറെ കാര്യമൊന്നും ഉണ്ടായില്ല. അയാള്‍ നിരാലംബനായി വീട്ടിലേക്കു മടങ്ങി.

രാത്രി, ജീവിതം അവസാനിപ്പിക്കണം എന്ന ചിന്തയുമായി കിടന്ന അയാള്‍ നല്ല ഉറക്കമായി. അപ്പോള്‍ വല്ലാത്ത ഒരു പ്രകാശം കണ്ണുകളില്‍ വന്നടിച്ചു. ഇത്ര വേഗം നേരം പുലര്ന്നോ എന്ന്‌ കരുതി അയാള്‍ ‍കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. പക്ഷെ ആ സൂര്യ പ്രഭയില്‍ ‌ കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഒരായിരം സൂര്യന്‍ ഒന്നിച്ചു ഉദിച്ച പോലെ..
"വേണ്ട..നീ കണ്ണ് തുറക്കേണ്ട..കണ്ണ് തുറക്കാന്‍ നിനക്ക് കഴിയില്ല.."
അത് കേട്ടപ്പോള്‍ ഞെട്ടി വിറച്ചു കൊണ്ടു അയാള്‍ ചോദിച്ചു:
അ...ആ.....ആരാ നിങ്ങള്‍..??
"പേടിക്കേണ്ട...നീ മനസ്സില്‍ കാണുവാന്‍ ഉദ്ദേശിച്ച ആള്‍ തന്നെ..
അവന്‍ അടറിയ ശബ്ദത്തില്‍ വീണ്ടും ചോദിച്ചു...അ..അല്ല..ഇ..ഇതു ദൈവം തന്നെയാണോ?
"അതേ..എന്താണ് നിനക്ക് വേണ്ടത്..? "
"എന്റെ സൃഷ്ട്ടാവേ,,ലോകത്തില്‍ എത്രയോ ബുദ്ധിമാന്മാരെയും ആരോഗ്യവാന്മാരെയും കൊടീശ്വരന്മാരെയും നല്ല സുഖജീവിതം നയിക്കുന്നവരെയും നീ സൃഷ്ട്ടിചിരിക്കുന്നു. എന്തെ എനിക്ക് മാത്രം നീ ഇതൊന്നും തന്നില്ല? ഞാനും നിന്റെ സൃഷ്ട്ടി തന്നെയല്ലേ..?? നിരാശ നിറഞ്ഞ എന്റെ ജീവിതം നീ കാണുന്നില്ലേ..!!
അയാള്‍ പരാതിപ്പെട്ടു.

"നീ കണ്ണ് തുറന്നു പ്രപഞ്ചത്തിലേക്ക് സൂക്ഷ്മതയോടെ നോക്കൂ. വളരെ വ്യത്യസ്തമായി കൊണ്ടാണ് ഓരോ ശ്രിഷ്ട്ടിയെയും ഞാന്‍ പടച്ചിരിക്കുന്നത്. ആകാശത്തിലൂടെ പറക്കുന്ന പറവകളെ മാത്രം നോക്കിയാല്‍ പോര. നിന്റെ കാലിന്റെ അടിയിലൂടെ അരിച്ചു പോകുന്ന ഉറുമ്പിനെയും ശ്രദ്ധിക്കുക. എല്ലാം എന്റെ ശ്രിഷ്ട്ടികള്‍. ഉറുമ്പ് പറവയാകാന്‍ ആശിച്ചാല്‍ നടക്കുമോ? മനസ്സ് തുറന്നു ജീവിതത്തെ നോക്കി കാണുക. നിരാശനാകാതെ നീ മനസിന്റെ സഞ്ചിയില്‍ എന്നെ കുറിച്ചുള്ള സ്മരണ എപ്പോഴും നിറച്ചു വെക്കുക. അപ്പോള്‍ ജീവിതയാത്രയില്‍ നിനക്ക് വേണ്ടിയുള്ള പാഥേയം നീയറിയാതെ നിന്നേ തേടി വരും...

മറുത്തു ഒന്നു ചോദ്യം കൂടി ചോദിക്കാന്‍ ഒരുങ്ങവേ ആ സൂര്യ പ്രഭ അപ്രത്യക്ഷമായി. അയാള്‍ വിയര്‍ത്തു കുളിച്ചു ഉറക്കത്തില്‍ നിന്നു ഞാട്ടിയുണര്‍ന്നു. താന്‍ കണ്ടത് സ്വപ്നം തന്നെയാണോ എന്ന്‌ അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ പതുക്കെ എഴുന്നേറ്റു വാതില്‍ തുറക്കുമ്പോള്‍ അകലെ നിന്നു പ്രപഞ്ച നാഥന്റെ സ്തുതി ഗീതങ്ങളുമായി സുബഹി ബാങ്ക് അയാളുടെ കാതുകളില്‍ ചൊല്ലി... അള്ളാഹു അക്ബര്‍*... അള്ളാഹു അക്ബര്‍*...

അയാള്‍ പ്രകൃതിയിലേക്ക് നോക്കി. വിടരാന്‍ വെമ്പി നില്‍ക്കുന്ന പൊന്‍ പുലരി. ചെറിയ കുളിര്‍ കാറ്റില്‍ മരങ്ങള്‍ മെല്ലെ ആടുന്നു. കൂടെ കിളികളുടെ ശബ്ദകോലാഹലങ്ങള്‍..എന്ത് രസം! പതിവില്ലാത്ത ഒരു പ്രത്യേക നിര്‍വൃതി അയാളില്‍ അനുഭവപ്പെട്ടു. പുതിയ ജീവിതത്തിന്റെ ഒരു പ്രത്യാശ. ഉന്മേഷ വദനനായി കൊണ്ടു ആ പുലരിയിലേക്ക് അയാള്‍ പതുക്കെ ഇറങ്ങി നടന്നു...

(അള്ളാഹു അക്ബര്‍ = ദൈവമാണ് വലിയവന്‍)

Thursday, October 13, 2011

കൂട്ടുകാരിരാവിലെ ഒരു ദൂരയാത്ര പോകാന്‍ ഉള്ളതുകൊണ്ട് ബൈജു കാര്‍ വീടിന്റെ മുറ്റത്തേക്ക്‌ ഇറക്കി നിര്‍ത്തിയിട്ട്‌ ബോന്നറ്റു‌ തുറന്നു വെള്ളവും ഓയലും പരിശോധിക്കുകയായിരുന്നു. അപ്പോള്‍ റോഡില്‍ നിന്ന് ഒരു സ്ത്രീയുടെ സബ്ദം കേട്ടു. റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന കുട്ടികളെ ശകാരിക്കുകയാണ് അവര്‍. ശ്രദ്ധിച്ചപ്പോള്‍ എവിടെയോ കേട്ട് മറന്ന ശബ്ദം പോലെ. ആ ശബ്ദം വീടിന്റെ ഗേറ്റ് എത്താന്‍ ആയപ്പോള്‍ ബൈജു തിരിഞ്ഞു നോക്കി. അപ്പോള്‍ ഒന്നും ശ്രദ്ധിക്കാതെ കുട്ടികളുടെ പിന്നാലെ ബാഗും മറ്റും പിടിച്ചു കൊണ്ട് ഒരു സ്ത്രീ ഓടുന്നു. അത് തന്റെ പഴയ കൂട്ടുകാരിയല്ലേ... ലക്ഷ്മി !
സ്കൂളിലും കോളേജിലും പോകുമ്പോള്‍ എപ്പൊഴും തന്നെ കാത്തു നിന്നിരുന്ന ആ പാവാടക്കാരി. അതേ അവള്‍ തന്നെ. കാലം എത്ര മാറ്റം വരുത്തിയിരിക്കുന്നു അവളില്‍, അത് പോലെ തന്നിലും.

ബൈജുവിന് ഒന്ന് വിളിച്ചു സംസാരിക്കണം എന്നുണ്ടായിരുന്നു. കൈ പൊക്കിയതാണ് വിളിക്കാന്‍ വേണ്ടി, ഒപ്പം നാവും.. പക്ഷെ ആ ഓട്ടം കണ്ടപ്പോള്‍ വിളിക്കാന്‍ തോന്നിയില്ല. പലവട്ടം നാട്ടില്‍ വന്നപോഴും കാണണം എന്ന് കരുതി അവളുടെ വീട്ടില്‍ പോയതാണ്. പക്ഷെ സാധിച്ചില്ല. അവളുടെ അമ്മ പറയും 'ലക്ഷ്മി ഭര്‍ത്താവിന്റെ വീട്ടില്‍ ആണ്' എന്ന്. അപ്പോള്‍ വിശേഷങ്ങള്‍ തിരക്കി തിരിച്ചു പോരും. താന്‍ ആദ്യം ഗള്‍ഫില്‍ പോകുന്ന ദിവസം ആയിരുന്നു അവളുടെ വിവാഹം. പലവട്ടം ക്ഷണിച്ചതായിരുന്നു. പക്ഷെ വിവാഹത്തിന് കൂടാന്‍ കഴിഞ്ഞില്ല.

അപ്പോഴാണ് അമ്മ ചായ റെഡി ആയിട്ടുണ്ട്‌ എന്ന് പറയാന്‍ മുറ്റത്തേക്ക് വന്നത്. അപ്പോള്‍ അയാള്‍ ലക്ഷ്മിയെ കുറിച്ച് അമ്മയോട് ചോദിച്ചു. "കഷ്ട്ടം ആണ് ആ കുട്ടിയുടെ അവസ്ഥ. ഭര്‍ത്താവിന്റെ വീട്ടില്‍ എന്നും വാഴക്ക. സഹികെട്ട് ഇങ്ങോട്ടു പോന്നു ആ കുട്ടി. പാവം ! " അമ്മയുടെ ആ മറുപടി കേട്ടപ്പോള്‍ ബൈജുവിനു വല്ലാത്ത വിഷമം തോന്നി.
എന്നും പുഞ്ചിരിയോട്‌ കൂടി തന്നെ കാത്തു നിന്നിരുന്ന അവളോട്‌ ‍ പറയുമായിരുന്നു "നീ എന്നാ ഒന്ന് കരയുക ലക്ഷ്മീ?, എനിക്ക് നിന്റെ കരച്ചില്‍ കാണാന്‍ മോഹം ഉണ്ട്". എന്ത് പറഞ്ഞാലും അവള്‍ ചിരിക്കുകയെ ഒളൂ. അവളുടെ കണ്ണ് ആദ്യമായി നിറഞ്ഞു കണ്ടത് താന്‍ ഗള്‍ഫില്‍ പോവുകയാണ് എന്ന് പറഞ്ഞ നേരം ആണ്.
അന്ന് ലക്ഷ്മി ചോദിച്ചു; 'ബൈജു, നീ പോയാല്‍ പിന്നെ ആരാ എനിക്ക് കൂട്ട്? അപ്പോള്‍ "നല്ല ഒരു ചെറുക്കന്‍ വരും നിന്നെ കെട്ടാന്‍' എന്ന്‌ പറഞ്ഞപ്പോള്‍ അവള്‍ നാണത്തോടെ ചിരിച്ചു.....

ചായ കുടിച്ചു കഴിയും വരെ ലക്ഷ്മിയെ കുറിച്ച് തന്നെ ആയിരുന്നു ബൈജുവിന്‍റെ ചിന്ത. ഡ്രസ്സ് എല്ലാം മാറ്റി അമ്മയോട് യാത്ര പറഞ്ഞു കാര്‍ എടുത്തു പോകുബോള്‍ അകലെ നിന്ന് ഒരു സ്ത്രീ തലതാഴ്ത്തി എന്തോ ചിന്തിച്ചു കൊണ്ട് റോഡിന്റെ അരികിലൂടെ നടന്നു വരുന്നു. അത് ലക്ഷ്മി തന്നെയെന്നു ഒറ്റ നോട്ടത്തില്‍ ബൈജുവിനു മനസ്സിലായി. ലക്ഷിമിയുടെ അടുത്ത് എത്തിയപ്പോള്‍ കാര്‍ നിറുത്തി. ആരാണ് അത് എന്നറിയാന്‍ വേണ്ടി കാറിന്റെ ഉള്ളിലോട്ടു തന്നെ നോക്കുകയാണ് അവള്‍. ഗ്ലാസ് താഴ്ത്തിയപ്പോള്‍ ലക്ഷ്മി ബിജുവിനെ സൂക്ഷിച്ചു നോക്കി. അയാളുടെ ചിരി കണ്ടപ്പോള്‍ മാത്രമാണ് ഇതു തന്റെ പഴയ ബൈജുവാണ് എന്നവള്‍ക്ക് മനസ്സിലായത്‌. അപ്പോള്‍ ആ പഴയ സുന്ദരമായ പുഞ്ചിരി വീണ്ടും അവളുടെ മുഖത്ത് വിരിയുന്നത് അയാള്‍ കണ്ടു. പക്ഷെ കണ്ണുകളില്‍ ആ പഴയ തിളക്കം ഇല്ല. എന്താണ് ചോദിക്കേണ്ടത്‌ എന്ന് ബൈജുവിന് തന്നെ നിശ്ചയം ഇല്ലാത്ത പോലെ ആയി ഒരു നിമിഷത്തേക്ക്.
ലക്ഷ്മി താണ സ്വരത്തില്‍ ചോദിച്ചു; ബൈജുവിന് സുഖമല്ലേ? എന്നാ വന്നത്? ആ ശബ്ദത്തില്‍ അവളുടെ ജീവിതത്തിന്റെ എല്ലാ ദുഖങ്ങളും പ്രതിഫലിക്കുന്നതായി ബൈജുവിന് തോന്നി. എല്ലാം അറിഞ്ഞിട്ടും ബൈജു അവളോട്‌ 'സുഖം അല്ലെ' എന്ന് ചോദിച്ചു. അത് കേട്ടപ്പോള്‍ വെറും ഒരു മൂളലോടെ സുഖം എന്ന് മാത്രം ലക്ഷ്മി പറഞ്ഞു. അപ്പോഴേക്കും ആ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. പിന്നെ ആ കണ്ണുകളില്‍ നോക്കി കൂടുതല്‍ ഒന്നും ചോദിക്കാന്‍ ബൈജുവിന് കഴിഞ്ഞില്ല.

തന്‍ ഒരു ദൂര യാത്ര പോവുകയാണ്, മടക്കം വന്നിട്ട് കാണാം എന്ന് പറഞ്ഞു കൊണ്ട് ബൈജു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു മുമ്പോട്ടു പോകുബോള്‍ കണ്ണാടിയിലൂടെ ലക്ഷ്മി രണ്ടു കൈകള്‍ കൊണ്ടും കണ്ണുനീര്‍ തുടച്ചു തല താഴ്ത്തി അകന്നു നീങ്ങുന്നത്‌ കാണാമായിരുന്നു. ആ കണ്ണാടിയില്‍ നിന്ന് മറയുന്നത് വരെ ....!

Tuesday, September 20, 2011

സഹയാത്രികന്റെ ഡയറിപുറത്തെ കാഴ്ചകള്‍ മടുത്തപ്പോള്‍ മാത്രമാണ് തന്റെ അടുത്ത് ആരാണ് ഇരിക്കുന്നത് എന്നറിയാന്‍ അയാള്‍ ശ്രമിച്ചത്‌. പക്ഷെ ഇരിപ്പിടത്തില്‍ സഹായാത്രീകന്റെ സ്ഥാനത്തു ഒരു ഡയറി മാത്രം. അയാള്‍ അത്ഭുതപ്പെട്ടു. ഇയാള്‍ എവിടെ പോയി? ഇറങ്ങാന്‍ നേരം ഡയറി എടുക്കാന്‍ മറന്നു പോയി കാണുമോ? സഹായാത്രീകനെ കുറിച്ചുള്ള ചിന്തകളുമായി അയാള്‍ ആ ഡയറി എടുത്തു വെറുതെ പേജുകള്‍ മറിച്ച് നോക്കുമ്പോള്‍ ഒരു കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു.

പ്രിയ സുഹ്രത്തെ..
യാത്രക്കാരാണ് നമ്മള്‍.
ഞാനും താങ്ങളും ഒരേ വാഹനത്തില്‍ തന്നെയാണ് സഞ്ചരിക്കുന്നത്.
നമ്മുടെ ഇരിപ്പിടങ്ങളും ഒന്നു തന്നെ.
താങ്കള്‍ മുഖം ഒന്നു തിരിച്ചാല്‍ എന്നെ കാണാം.
അതുപോലെ ഞാന്‍ ഒന്നു വിളിച്ചാല്‍ താങ്കള്‍ എന്നെ ശ്രദ്ധിക്കും.
പക്ഷെ പുറത്തെ കാഴ്ചകള്‍ ആസ്വദിച്ചു യാത്ര ചെയ്യുന്ന താങ്കളെ ഞാന്‍ എങ്ങനെ വിളിക്കും?
ഇതു യാത്രയല്ലേ...! വിളിച്ചു ശല്യപ്പെടുത്തുന്നത് ശരിയല്ലല്ലോ! , യാത്ര ആസ്വദിക്കൂ..ഞാന്‍ അടുത്ത് തന്നെയുണ്ട്‌.
പുറം കാഴ്ചകളുടെ ആസ്വാദനം മടുപ്പിക്കുമ്പോള്‍ ഒന്നു എന്നിലേക്ക്‌ മുഖം തിരിക്കുക.
മംഗളങ്ങള്‍ നേരുന്നു.
എന്ന്‌ സ്വന്തം,
സഹയാത്രികന്‍


ഈ കുറിപ്പ് വായിച്ചു കഴിഞ്ഞപ്പോള്‍ അയാളില്‍ വല്ലാത്തൊരു വിഷമം ഉടലെടുത്തു. ആരാണിയാള്‍? വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു? ആരെ കുറിച്ചാവും ഇയാള്‍ ഇങ്ങനെ എഴുതിയിരിക്കുന്നത്? തന്നെ അറിയുന്നവര്‍ ആരെങ്കിലും ആവുമോ? മറവിയുടെ അഗാതങ്ങളില്‍ താഴ്ന്നു പോയ പഴയ മുഖങ്ങളെ അയാള്‍ തപ്പിയെടുക്കാന്‍ ശ്രമിച്ചു. പല മുഖങ്ങളും ഓര്‍മകളുടെ കൈകളില്‍ കുടുങ്ങി. പക്ഷെ ആ മുഖങ്ങള്‍ ആണോ ഇതെഴുതിയത് എന്നറിയാന്‍ അയാള്‍ക്ക്‌ കഴിവില്ലായിരുന്നു.

എന്നാലും യാത്രയുടെ സുഖത്തില്‍ നല്ല വരികള്‍ എഴുതിയ ആ സഹായാത്രീകനെ ശ്രദ്ധിക്കാന്‍ മറന്നു പോയതില്‍ അയാള്‍ക്ക്‌ നിരാശയായി. വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് മുഖം തിരിക്കുമ്പോള്‍ പെട്ടെന്നൊരാള്‍ ആ ഇരിപ്പിടത്തില്‍ വന്നിരുന്നു. അപ്പോള്‍ അയാള്‍ ആ ഡയറി എടുത്തു കാണിച്ചു കൊണ്ടു ചോദിച്ചു: ഇതു താങ്കളുടെ ഡയറിയാണോ?
പക്ഷെ ആ യാത്രികന്‍ അയാളുടെ ചോദ്യത്തിന് മറുപടിയൊന്നും നല്‍കിയില്ല. പുതിയ യാത്രികനും തന്നെ പോലെ പുറത്തെ കാഴ്ചകള്‍ കാണുവാനുള്ള വ്യഗ്രതയില്‍ ആണെന്ന് അയാള്‍ക്ക്‌ മനസിലായി. അപ്പോള്‍ കൂടുതല്‍ ഒന്നും ആ സഹയാത്രികനോട് ചോദിക്കാന്‍ അയാള്‍ താല്പ്പര്യപ്പെട്ടില്ല.

തന്നെ പോലെ സഹയാത്രികരെ മറന്നു സ്വന്തം ജീവിതയാത്രയുടെ സുഖങ്ങളില്‍ ലയിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഡയറി കുറിപ്പുകള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയിരിക്കട്ടെ എന്നാശിച്ചു കൊണ്ടു ലക്ഷ്യം എത്തിയപ്പോള്‍ ആ ഡയറി ഇരിപ്പിടത്തില്‍ ഉപേക്ഷിച്ചു കൊണ്ടു അയാള്‍ എഴുന്നേറ്റു...

Saturday, July 23, 2011

ജന്മം; കേവലം ഒരക്കം!
തിരക്ക് പിടിച്ച ജീവിതങ്ങളെ പോലെ വളരെ ധൃതിയില്‍ തന്നെയാണ് കലണ്ടറിലെ കറുപ്പും ചുവപ്പും കലര്‍ന്ന ഓരോ ദിനങ്ങളും കടന്നു പോകുന്നത്. മണമുള്ളതും മണമില്ലാത്തതുമായ മൊട്ടായി വളര്‍ന്നു വിരിഞ്ഞു കൊഴിയുന്ന പൂക്കള്‍ പോലെ മനുഷ്യ ജീവിതവും ഈ ഭൂമിയില്‍ ഓരോ ദിനങ്ങളായി വിട പറയുന്നു.

പ്രിയതാരമായ ഓര്‍മ്മകള്‍ നല്‍കി പിരിഞ്ഞു പോകുന്ന ദിനങ്ങള്‍...
ദുഖങ്ങളുടെ തീരാകണ്ണീര്‍ എക്കാലത്തേക്കും പെയ്തു തീര്‍ത്തു ഒഴിഞ്ഞു പോകുന്നു ദിനങ്ങള്‍...
ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നു പോകുന്നു വേറെ ദിനങ്ങള്‍...
ഒരു വസന്തം ഭൂമിയില്‍ തീര്‍ത്തു കടന്നു പോകുന്നു ചുരുക്കം ചില ദിനങ്ങള്‍...

അങ്ങനെ വ്യത്യസ്ഥങ്ങളായ പൂക്കളായി കൊഴിയുന്ന ഓരോ ജന്മങ്ങള്‍ കലണ്ടറിലെ ഓര്‍മിക്കപ്പെടുന്നതും അല്ലാത്തതുമായ ദിനങ്ങള്‍ ആയി ഒരുനാള്‍ അവശേഷിക്കുന്നു. അക്കങ്ങളിലൂടെ ഓടി തളര്‍ന്നു ഒരു നാള്‍ വെറും ഒരു അക്കത്തില്‍ ഒര്മിക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍.

എത്രയോ ജന്മങ്ങള്‍ ഓരോ കാലഘട്ടത്തിന്റെ ശേഷിപ്പുകളില്‍ മാത്രമായി കലണ്ടറില്‍ ഓരോ അക്കമായി ഉറങ്ങി കിടക്കുന്നു.‍ കേവലം ഒരു പൂ പോലെ പൊഴിഞ്ഞു കലണ്ടറില്‍ ഒരക്കമായി മാറി നാളെ ആരുടെയെങ്കിലും മനസ്സില്‍ നല്ല സുഗന്ധമുള്ള ഓര്‍മകളായി ആ അക്കം തെളിഞ്ഞാല്‍ ഭൂമിയില്‍ പൊഴിഞ്ഞ ആ ജന്മം ധന്യമായി.

Sunday, June 26, 2011

അശ്രദ്ധ.. ഒരു മരണ കാരണംഎപ്പോഴാണ് അത് സംഭവിച്ചത് എന്ന്‌ ഓര്‍ക്കാന്‍ പോലും അയാള്‍ക്ക്‌ കഴിയുന്നില്ല. അതിനു മുമ്പേ എല്ലാം സംഭവിച്ചു. ഒരു ഉറുമ്പിനെ ഞെരിച്ചു കൊല്ലുന്ന നിമിഷം മാത്രമേ അതിനു വേണ്ടി വന്നോള്ളൂ.. അത്രയും എടുത്തോ..? വേദന എത്രത്തോളം എന്നറിയും മുമ്പേ എല്ലാം കഴിഞ്ഞിരുന്നു.

"സന്ദരനായിരുന്നു ഞാന്‍. എന്നിട്ടും ഓടികൂടിയവര്‍ നോക്കാന്‍ ഭയപ്പെടുന്നു. അവര്‍ ഭയപ്പെടാന്‍ മാത്രം വിരൂപന്‍ ആയി പോയോ ഈ ഞൊടിയിടയില്‍ ഞാന്‍ ..." അയാള്‍ സ്വയം ചോദിച്ചു.

ദാ..ഞാന്‍ ഉണര്‍ന്നു.
ഈ ലോകം ഏതാണ്‌..?
ആരും കാണുന്നില്ലേ എന്നെ..??
ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ..??
അങ്ങനെ ഉറക്കെ പറയണം എന്നുണ്ടായിരുന്നു‌..പക്ഷെ വാക്കുകള്‍ വരുന്നില്ല.


കൂടിനിന്നവരില്‍ ആരോ വിളിച്ചു പറഞ്ഞു പോലീസ് ജീപ്പും ആംബുലന്‍സും പാഞ്ഞെതിയിരിക്കുന്നു. എല്ലാം കഴിഞ്ഞു എന്ന്‌ ചിലര്‍ പരസ്പ്പരം പറയുന്നു.

പതിയെ അയാള്‍ എന്താണ് സംഭവിച്ചത് എന്ന്‌ ഓര്‍ക്കാന്‍ ശ്രമിച്ചു. മൊബൈലില്‍ സംസാരിച്ചു റോഡ്‌ മുറിച്ചു കടക്കുന്നു..ഒരു ട്രെയിലര്‍ പാഞ്ഞു വരുന്നു...പിന്നെ..പിന്നെ..

അയാള്‍ എല്ലാം ഓര്‍ത്തെടുക്കുബോഴേക്കും ആംബുലന്‍സും ജീപ്പും അയാളുടെ മൃതദേഹവുമായി മോര്‍ച്ചറി ലക്ഷ്യമാക്കി പാഞ്ഞു..

Saturday, June 18, 2011

മഴക്കാലംമഴക്കാലം...

മനസിന്റെ ഓര്‍മ ചെപ്പില്‍ നിന്ന് നാടിന്റെയും കുട്ടികാലത്തിന്റെയും ഒരായിരം ഓര്‍മകള്‍ വാരി വിതറും...

മഴത്തുള്ളികള്‍ പോലെ...
പുതുമഴയുടെ ഗന്ധം പോലെ....!
കറുത്ത് ഇരുണ്ട് നില്‍ക്കുന്ന മേഘങ്ങള്‍..
നിലത്തു പതിക്കാനായി വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍..
അവയെ മാറോടന്നക്കാന്‍ ദാഹിച്ചു നില്‍ക്കുന്ന ഭൂമി..
ആ സന്തോഷത്തില്‍ പങ്കാളികള്‍ ആകാനായി എല്ലാ ജീവജാലങ്ങളും..
മഴയുടെ ആഗമനം അറിയിക്കാനായി ഓടി നടക്കുന്ന കാറ്റ്..
ആ ആഹ്ലാദത്തില്‍ മതിമറന്നു ആടി ഉലയുന്ന മരങ്ങള്‍....


എന്ത് രസം കാണാന്‍ !


ദാ വരുന്നു ഒരു തുള്ളിക്ക്‌ ഒരു കുടം ആയി.....
ചറ പറ എന്ന് മൂളി കൊണ്ട്.....

എല്ലാം ഇപ്പൊഴും മനസ്സില്‍ മായാത്ത മഴവില്‍ ആയി...,
പുതുമഴയുടെ നനുത്ത ഗന്ധവും കുളിരും...
എല്ലാം ഓര്‍മ്മകള്‍...

Thursday, June 2, 2011

മഴ പറഞ്ഞ ദാമ്പത്യം
രാത്രി മഴ നിര്‍ത്താതെ പെയ്യുകയാണ്. ലക്ഷ്മി കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്. വീട് മുഴുവന്‍ സന്തോഷലഹരിയിലും. പക്ഷെ മഴയുടെ നിര്‍ത്താതെയുള്ള കോരിച്ചൊരിയലില്‍ ലക്ഷിമിയുടെ അച്ഛനും അമ്മയ്ക്കും വല്ലാത്ത ദുഖമുണ്ട്. അവര്‍ തിമിര്‍ത്തു പെയ്യുന്ന മഴയെ നോക്കി തമ്മില്‍ പറയുന്നുണ്ട് നാളെ കല്യാണ ദിവസം മഴ ഇല്ലാതിരുന്നാല്‍ മതിയായിരുന്നു എന്ന്‌. എന്നാല്‍ ലക്ഷ്മി അവര്‍ ആരുടേയും സംസാരത്തിന് കാതുകൊടുക്കാതെ അകത്തു കുട്ടികളുമായി കളിച്ചു ചിരിക്കുകയാണ്. ഇതിനിടയില്‍ ലക്ഷിമിയുടെ ചിരി ഉച്ചത്തില്‍ ആയപ്പോള്‍ അമ്മ കുറച്ചു ദേഷ്യത്തില്‍ അവളെ നോക്കി പറഞ്ഞു..."നീ കുട്ടികളുമായി കളിക്കാന്‍ ഇരിക്കാതെ പോയി കിടക്കാന്‍ നോക്ക്, നേരം കുറെ ആയി, കാലത്ത് നേരത്തെ എഴുനെല്‍ക്കെണ്ടാതാണ്..."

ഉം..എന്ന് മൂളി കൊണ്ട് ലക്ഷ്മി കിടപ്പുമുറിയിലോട്ടു പോയി..


മുറിയില്‍ കയറി വാതില്‍ ചാരുന്ന ലക്ഷിമിയെ കണ്ടപ്പോള്‍ അമ്മായി കളിയാക്കി " ഓ.. എന്റെ ലക്ഷിമികുട്ടി, ഇന്നു വാതില്‍ അടച്ചില്ലേലും കുഴപ്പമില്ല, നാളെ തൊട്ടു സൂക്ഷിച്ചാല്‍ മതി"

ഇതു കേട്ടപ്പോള്‍ വീട്ടിലുള്ള എല്ലാ സ്ത്രീകളും ചിരിച്ചു...


ലക്ഷ്മി നാണം നിറഞ്ഞ ചിരിയുമായി പതുക്കെ കതക് ചാരി. തുറന്നിട്ട ജാലകത്തില്‍ കൂടി പുറത്തേക്കു നോക്കുമ്പോള്‍ മഴ കനത്തു പെയ്തുകൊണ്ടേയിരിക്കുന്നു. അപ്പോഴാണ്‌ ‌ ലക്ഷ്മിയുടെ ഇഷ്ട്ട ഗാനം സെല്‍ ഫോണില്‍ മധുവിന്റെ വിളിയുമായി എത്തിയത്. ലക്ഷ്മി ഫോണ്‍ എടുത്തു നനുത്ത ശബ്ദത്തോടെ "ഹലോ" പറഞ്ഞു.

മധു ചോദിച്ചു: "അല്ല, ഇതുവരെയായും ഉറങ്ങിയിട്ടില്ലേ?" ഞാന്‍ കരുതി ഉറങ്ങി കാണുമെന്നു"

ലക്ഷ്മി: ഇല്ല, ഉറങ്ങാല്‍ പോകുന്നെ ഒളൂ, അപ്പോള്‍ അവിടെ ഉറങ്ങുന്നില്ലേ?

മധു: എനിക്ക് കിടന്നിട്ടു ഉറക്കം വരുന്നില്ല. ലക്ഷ്മിക്ക് ഉറക്കം വരുന്നില്ലേ ?

ലക്ഷ്മി: ഞാന്‍ ഉറങ്ങാന്‍ പോവുകയാ.., പുറത്തു മഴ പെയ്യുന്നത് ജനലിലൂടെ നോക്കുകയായിരുന്നു...നല്ല തണുപ്പ്"

മധു തന്റെ മനസ്സിലെ ആഗ്രഹം മറച്ചു വെക്കാതെ തുടര്‍ന്നു..." പ്രണയിനി, പുറത്തു രാത്രി മഴ ഭൂമിയെ കുളിരണിയിപ്പിക്കുന്നത് പോലെ നാളെ മുതല്‍ എന്റെ ജീവിതത്തില്‍ നീ കുളിരായി വര്‍ഷിക്കണം".


ഇതു കേട്ടപ്പോള്‍ ലക്ഷ്മിയുടെ മുഖത്ത് നാണവും സന്തോഷവും ഒരുമിച്ചു വന്നു. അവള്‍ക്കു അതിനു ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. എന്നാലും തന്റെ പതിവ് ശൈലിയില്‍ അവള്‍ ഒന്നു മൂളുക മാത്രം ചെയ്തു. കുറച്ചു നേരത്തെ സല്ലാപത്തിന് ശേഷം ഇരുവരും പരസ്പ്പരം "ശുഭരാത്രി" നേര്‍ന്നു ഫോണ്‍ വച്ചു.


പുലര്‍വേളയില്‍ അമ്മയുടെ വിളി കേട്ടാണ് ലക്ഷ്മി ഉണര്‍ന്നത്. തിരിഞ്ഞും മറിഞ്ഞും ഉറങ്ങിയ രാത്രിയുടെ ആലസ്യം വിട്ടുമാറാതെ ജാലകത്തിന്‍ കൂടി പുറത്തേക്കു നോക്കുമ്പോള്‍ ആദ്യരാത്രി പുല്‍കിയ മണവാട്ടിയെപ്പോലെ മഴ ചെടിയിലെ വിരിഞ്ഞ മുല്ലപ്പൂക്കള്‍ മുറ്റത്ത്‌ പൊഴിച്ച് ഭൂമിയുടെ മാറില്‍ തലചായ്ച്ചു സുഖമായി ഉറങ്ങുകയാണ്. ഈ കാഴ്ച അവളുടെ മനസ്സിനെ കോരിത്തരിപ്പിച്ചു. മുറ്റത്ത്‌ പോയി വീണു കിടക്കുന്ന മുല്ലപ്പൂക്കള്‍ വാരിയെടുക്കുമ്പോള്‍ അവള്‍ പ്രാര്‍ഥിച്ചു.. "ഈ മഴയപ്പോലെ തന്റെ ഭര്‍ത്താവിനെ കുളിരണിയിപ്പിക്കാന്‍ ദാമ്പത്യ ജീവിതത്തില്‍ എന്നും കഴിയേണമേ" എന്ന്.

മഴയില്‍ കുതിര്‍ന്ന മുല്ലപ്പൂക്കളുമായി ലക്ഷ്മി തിരിച്ചു അകത്തേക്ക് കയറുമ്പോള്‍ ഉമ്മറത്തിരുന്നു അച്ഛന്‍ അടുത്ത മഴയ്ക്കു ഒരുക്കങ്ങള്‍ കൂട്ടുന്ന മാനത്തെ ശകാരിക്കുന്നുണ്ടായിരുന്നു. പക്ഷെ മാനത്തെ കാര്‍മേഘം പോലെ ലക്ഷ്മിയുടെ മനസ്സ് വാരാന്‍ പോകുന്ന പുതിയ ജീവിതത്തില്‍ എങ്ങനെ മഴയായി പോഴിയണം എന്ന ഒരുക്കങ്ങള്‍ കൂട്ടുകയായിരുന്നു.....

Friday, May 13, 2011

മുസ്വല്ല!
മൂന്ന് മുഴം നീളമുള്ള
വെറുമൊരു പായായാണ്
നീയെങ്കിലും..

അറിയുന്നു നിര്‍വൃതി
ഇരു പാദങ്ങള്‍
നിന്നില്‍ ഉറപ്പിക്കുമ്പോള്‍.

ദ്രിഷ്ട്ടി പതിപ്പിക്കാന്‍
നിന്നില്‍ ഒരു ശക്തിയില്ലെങ്കിലും
അറിയുന്നു പ്രപഞ്ച നാഥന്റെ
സാമീപ്യം നിന്‍ ഉള്‍കളത്തില്‍.

കൈകാല്‍ മുട്ടുകള്‍ കുനിഞ്ഞു
മടങ്ങി വീഴുമ്പോള്‍
അധമനാം എന്റെ അധര്‍മ്മങ്ങള്‍
കണ്ണീരായി നിറയുന്നു നിന്നില്‍.

മണ്ണില്‍ വിരിച്ച നിന്നില്‍
ശിരസ്സ്‌ നമിക്കുമ്പോള്‍
വെറും മണ്ണാണ് ഞാനെന്ന
ബാധം നിറയുന്നു നെഞ്ചില്‍.

അടങ്ങിയിരുന്നു സലാം വീട്ടുമ്പോള്‍
തെളിനീര്‍ മനസ്സുമായി വീണ്ടും
ഈ പായയില്‍ സുജൂത് ചെയ്യാന്‍
കരുണയേകണേ തമ്പുരാനേ..

Monday, May 9, 2011

മക്കള്‍ക്കായ്...ഒരു കഥ !ഒരിക്കല്‍ ഒരു കാട്ടില്‍ കുറെ മരങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ എല്ലാ മരങ്ങള്‍ക്കും വളരെയധികം ശാഖകളും ഉപശാഖകളും ഉണ്ടായിരുന്നു. പക്ഷെ അതില്‍ ഒരു മരത്തിനു മാത്രം അധികം ചില്ലകള്‍ ഉണ്ടായിരുന്നില്ല. തന്നെയുമല്ല അതില്‍ പച്ചിലകളും കുറവായിരുന്നു. അതിനാല്‍ മറ്റുള്ള മരങ്ങള്‍ക്ക് ഈ മരത്തെ പുച്ഛമായിരുന്നു.

ശുഷ്ക്കിച്ച ഈ മരമോഴിച്ചു ബാക്കി എല്ലാ മരങ്ങളിലും പക്ഷികള്‍ വന്നു കൂട് കൂട്ടുവാന്‍ തുടങ്ങി. അവര്‍ എല്ലാവരും ഈ മരത്തെ കളിയാക്കി. എല്ലാം കേട്ടു സഹിക്കുകയല്ലാതെ ആ പാവം മരത്തിനു വേറെ ഗതിയില്ലായിരുന്നു. അതിനാല്‍ ഒരു കൊടുംകാറ്റ് വരുവാന്‍..ഒരു പേമാരി വരുവാന്‍ അത് കുറേ ആശിച്ചു.. ഈ ജീവിതം ഒന്നു അവസാനിപ്പിക്കാമല്ലോ.. പിന്നെ ആരുടേയും മുമ്പില്‍ ഇങ്ങനെ തല കുനിച്ചു ജീവിക്കെണ്ടല്ലോ..

പക്ഷെ ഒരു പെമാരിയോ കൊടുംകാറ്റോ ആ കാടിനെ തേടി വന്നില്ല.

അങ്ങനെ ഒരുനാള്‍ ഒരു കുയില്‍ ആ മരത്തില്‍ വന്നിരുന്നു. അപ്പോള്‍ ആ മരം ചോദിച്ചു. "നീ എന്തിനാ ഈ ശുഷ്ക്കിച്ച എന്റെ ഈ മരക്കൊമ്പില്‍ വന്നിരുന്നത്? നല്ല ഇലകള്‍ തിങ്ങി നിറഞ്ഞ എത്രയോ മരങ്ങള്‍ വേറെ ഉണ്ട് ഈ കാട്ടില്‍? "

"എനിക്ക് അവരെക്കാള്‍ ഏറെ ഇഷ്ട്ടമായത് നിന്നെയാണ്" ... കുയില്‍ മൊഴിഞ്ഞു
"നിനക്ക് നല്ലൊരു ഇരിപ്പിടം നല്‍കാന്‍ ഉള്ള നല്ല ശാഖ പോലും എന്നില്‍ ഇല്ല" മരം അതിന്റെ നിസഹായാവസ്ഥ തുറന്നു പറഞ്ഞു..

കുയില്‍: എനിക്ക് ഈ ശാഖ തന്നെ ധാരാളം..

മരം: ഞാന്‍ ഒരു പെമാരിയോ കൊടുംകാറ്റോ വരാന്‍ ആശിച്ചിരിക്കുകയാണ്. ജീവിച്ചത് മതിയായി. ഇന്ന് രാത്രി അങ്ങനെ സംഭവിച്ചാല്‍ നാളെ ഞാന്‍ കാണില്ല ഇവിടെ നിന്നെ വരവേല്‍ക്കാന്‍"

"അങ്ങനെ പറയരുത്..നാളെയും ഞാന്‍ വരും നിന്നെ കാണുവാന്‍ എന്ന്‌ മാത്രം പറഞ്ഞു ആ കുയില്‍ പറന്ന് പോയി..

മരം എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു. നാളെ വരുമോ? തന്നെ കളിയാക്കിയതാകുമോ ഈ കള്ളി കുയില്‍?

അടുത്ത പ്രഭാതം വിടര്‍ന്നു. മരം കുയിലിനെ കാത്തിരിപ്പ്‌ തുടങ്ങി. സായാഹ്നമായി. കുയിലിനെ കാണുന്നില്ല. മറ്റു മരങ്ങളില്‍ എല്ലാ പക്ഷികളും ചേക്കേറി തുടങ്ങി. തന്നിക്ക് മാത്രം ആരുമില്ല. മരം വളരെ ദുഖത്തിലാണ്ടുപോയി. അപ്പോള്‍ ഒരു മധുരമായ പാട്ട് ദൂരെ നിന്ന് കേള്‍ക്കുന്നു. മരം അത് കാതോര്‍ത്തു. വൈകാതെ ആ കുയില്‍ പറന്ന് വന്നു ആ മരക്കൊമ്പില്‍ ഇരുന്നു. അത് മധുരമായി പാടുവാന്‍ തുടങ്ങി. മരത്തിനു സന്തോഷമായി. മറ്റു മരങ്ങള്‍ ഈ മരത്തെ നോക്കി അസൂയ പൂണ്ടു. കുറെ പാട്ടുകള്‍ പാടി ആ കുയില്‍ മരത്തോടു യാത്ര പറഞ്ഞു പിരിഞ്ഞു.

പിന്നെ ആ മരം എല്ലാ ദിവസവും കുയിലിനായി കാത്തിരിപ്പ്‌ തുടങ്ങി. കുയില്‍ തന്റെ പുതിയ പാട്ടുകള്‍ കേള്‍പ്പികാനായി ദിവസവും ആ മരത്തില്‍ വരിക പതിവായി. പ്രതീക്ഷയുടെ പുതു ജീവന്‍ തന്നില്‍ നിറയുന്ന പോലെ ആ മരത്തിനു തോന്നി. തന്നെ സ്നേഹിക്കുന്ന ആ പൂങ്കുയിലിനു വേണ്ടി പതുക്കെ ആ മരം പുതിയ തളിര്‍ത്ത ഇലകള്‍ വാനില്‍ വിടര്‍ത്തുവാന്‍ തുടങ്ങി..

Wednesday, April 27, 2011

പഴങ്കഥകള്‍...ഒരു കഥ!രാത്രി ഏറെയായിട്ടും ഉറക്കം വരാതെ അയാള്‍ കിടക്കുകയാണ്. അരികില്‍ തന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന കുഞ്ഞു മകളുടെ കൈകള്‍ അയാള്‍ പതുക്കെ മാറ്റി. ഭാര്യയും നല്ല ഉറക്കമാണ്.അവളുടെ അരികില്‍ സംത്രിപ്ത്തിയോടെ മോന്‍ സുഗമായി ഉറങ്ങുന്നുണ്ട്. അയാള്‍ അവരെ ഒന്നു നോക്കി പതുക്കെ എഴുനേറ്റു ബാല്‍ക്കണിയില്‍ ഇട്ടിരുന്ന കസേരയില്‍ പോയി ഇരുന്നു.

അയാളുടെ കണ്ണുകള്‍ അനന്തമായ വാനില്‍ മിന്നുന്ന താരകങ്ങളെ അലക്ഷ്യമായി നോക്കി. എത്ര ആശയോടെയാണ് കുടുംബമായി നാട്ടില്‍ വന്നത്. പച്ചപ്പ്‌ നിറഞ്ഞ ഗ്രാമത്തില്‍ മുറ്റമെല്ലാമായി നല്ല ഒരു കൊച്ചു വീട്. കടലിനപ്പുറത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ മനസ്സിലെ ആശ അതായിര്‍ന്നു. ഒടുക്കം ഇവിടെ വന്നിട്ടും തല ചായ്ക്കാന്‍ വീണ്ടും ഫ്ലാറ്റ് തന്നെ ആശ്രയിക്കേണ്ടി വന്നു. അവിടെ കോണ്‍ഗ്രീറ്റ് കെട്ടിടത്തിന്റെ തടവറയില്‍ താമസിച്ച മകള്‍ക്ക് താന്‍ എത്രയോ ഗ്രാമീണ സുന്ദര കഥകള്‍ പറഞ്ഞു കൊടുത്തു. ജീവിതത്തിന്റെ തിരക്കില്‍ നാടിന്റെ നന്മ വേണ്ടുവോളം അവള്‍ക്കു കഥകളിലൂടെ നല്‍കി. നാട്ടിലേക്ക് വരുമ്പോള്‍ എത്ര കൊതിപ്പിച്ചു ആ കുഞ്ഞു മനസ്സിനെ.. അവസാനം നാട്ടില്‍ എത്തിയിട്ടും അവള്‍ തന്റെ കഥ കേട്ട് കൊണ്ടാണ് ഇപ്പോഴും ഉറങ്ങിയത്. പാവം!

നാളെ ഈ കെട്ടിടത്തില്‍ കുടുംബത്തെ തനിച്ചാക്കി മരുഭൂനാട്ടിലേക്ക് തിരിച്ചു പറക്കും.
താന്‍ പോയാല്‍ അവള്‍ ഒരിക്കല്‍ തിരിച്ചറിയും "അച്ഛന്‍ പറഞ്ഞ കഥയിലെ നാട് ഇതാണെന്നും, അന്ന് അച്ഛന്‍ പറഞ്ഞ കഥ നുണകഥ ആണെന്നും..."

വാനിന്‍ ഇരുളില്‍ പറക്കുന്ന ചിന്തകളെ പിടിച്ചു വെക്കാന്‍ അയാള്‍ക്കായില്ല. പക്ഷെ അയാളുടെ കണ്ണുകളെ വാനില്‍ നിന്ന് ഫ്ലാറ്റിന്റെ അകത്തേക്ക് മാടിവിളിച്ചുകൊണ്ട് മകളുടെ ചെറിയ സ്വരം പിന്നാലെ വന്നു..

"അച്ഛാ..എന്താ ഉറങ്ങാതെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുന്നത്"

മകളുടെ നിഷ്കളങ്കമായ ചോദ്യത്തിന് ഉത്തരം നല്‍കാതെ അയാള്‍ ചോദിച്ചു: "എന്താ മോള്‍ ഉറങ്ങിയില്ലേ"?

അയാളുടെ ചോദ്യത്തിന് മറുപടിയായി പാതി ഉറക്കം പൊതിഞ്ഞ മിഴികളുമായി മകള്‍ പറഞ്ഞു.."അച്ഛാ..ഞാന്‍ അച്ഛന്‍ പറഞ്ഞു തന്ന കഥ സ്വപ്നം കണ്ടു" നല്ല ഭംഗിയുള്ള സ്ഥലം. ആ നാട് എവിടെയാണ് അച്ഛന്‍?"

അച്ഛന്‍ പറഞ്ഞുതന്ന കഥയിലെ ആ നാട്ടിലാണ് ഇപ്പോള്‍ നമ്മള്‍ താമസിക്കുന്നത് എന്ന്‌ പറയാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. അയാള്‍ കസേരയില്‍ നിന്ന് എഴുനേറ്റു മകളുമായി കട്ടലില്‍ വന്നു കിടന്നു.വീണ്ടും മകള്‍ക്ക് പാതിരാത്രിയില്‍ അയാള്‍ നാടിന്റെ പച്ചപ്പ്‌ നിറഞ്ഞ പഴങ്കഥകള്‍ പറഞ്ഞു കൊടുത്തു.

ശാലീനത നഷ്ട്ടപ്പെട്ട നാടിന്റെ ദുര്‍വിധി അയാളെ അലട്ടിക്കൊണ്ടിരിക്കുമ്പോള്‍ മകളുടെ കുഞ്ഞു മിഴികള്‍ തന്റെ അച്ഛന്‍ പറഞ്ഞ കഥയിലെ നാട് കാണുവാന്‍ വേണ്ടി വിരുന്നു പോകുവാന്‍ തിടുക്കം കൂട്ടുകയായിരുന്നു...

Thursday, April 7, 2011

Just like rain !Friendship is like rain
It would come as it desires
And sometimes you'll have to wait
At other times it would arrive unexpectedly...

As in rain friendship keeps you cool and happy
Though it may also cause pain and sorrow
And run away from the yard of your heart...

Friendship can make flowers bloom
Yet it can also create mud
Just like rain.

Wednesday, March 30, 2011

അന്ത്യയാത്രയുടെ ആത്മനൊമ്പരം

ഇന്നു വീട് നിറയെ ആളുകളാണ്. തന്നെ യാത്രയയക്കാന്‍ വന്നവര്‍, ഒരു നോക്ക് കാണുവാന്‍ വന്നവര്‍. ബന്ധക്കാര്‍, അയല്‍വാസികള്‍, കണ്ടു പരിചയം ഉള്ളവര്‍, തന്നോട് ഇഷ്ട്ടമുള്ളവര്‍, പിണക്കം മാറ്റിവച്ച് കാണുവാന്‍ വന്നവര്‍. അങ്ങനെ പലരും.. . വന്നവര്‍ തന്നെ ഒരു നോക്ക് കണ്ടിട്ട് പരസ്പ്പരം അടക്കം പറയുന്നു. തന്റെ യാത്രയില്‍ ദുഖം പ്രകടിപ്പിക്കുന്നവര്‍ ഏറെയുണ്ട്. കൂട്ടത്തില്‍ യാത്രക്ക് നന്മ നേരുന്നവരും. ചിലര്‍ തമ്മില്‍ ലോക കാര്യങ്ങള്‍ സംസാരിക്കുന്നു, മറ്റു ചിലര്‍ നാട്ടുവര്‍ത്തമാനങ്ങള്‍ പറയുന്നു. വേറെ ചിലര്‍ തന്റെ വീട്ടുവിശേഷങ്ങള്‍ പറയുന്നു.

ഈ യാത്രക്ക് പ്രത്യേകതകള്‍ ഏറെയുള്ളതാണോ എന്ന് ചോദിച്ചാല്‍..അതെ! ഇല്ലയോ എന്ന് ചോദിച്ചാല്‍.. ഇല്ല! കാരണം എല്ലാവരും ഒരിക്കല്‍ യാത്ര പോകേണ്ട ഒരു സ്ഥലമാണിത്. തനിക്കു യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു തരുന്നത് വേണ്ടപ്പെട്ടവര്‍ ആണ്.

പണ്ടു ഗള്‍ഫില്‍ പോയിരുന്ന കാലത്ത് വീട്ടില്‍നിന്നു ഇറങ്ങുമ്പോള്‍ പ്രാര്‍ത്ഥന ചെയ്യുവാന്‍ പള്ളിയില്‍ നിന്ന് ഉസ്താദ് (പണ്ഡിതന്‍) വരാറുണ്ട്. അത് പോലെ ഇന്നും അദ്ദേഹം ഉണ്ട്. പണ്ടത്തേക്കാള്‍ പ്രായം ഉസ്താദിനും കൂടിയിരിക്കുന്നു. വയസുകൊണ്ട് അദ്ദേഹത്തേക്കാള്‍ ചെറുപ്പം താനാണ്. പക്ഷെ ഈ യാത്രക്ക് വലുപ്പചെറുപ്പങ്ങള്‍ പ്രശ്നമല്ലല്ലോ!.

കുറച്ചു കുഞ്ഞുമക്കള്‍ തന്റെ അടുത്തിരുന്നു ഖുറാന്‍ പാരായണം ചെയ്യുന്നു. അവരും നിസ്സങ്കതര്‍ തന്നെ. ഭാര്യയും മകളും കണ്ണീരിലാണ്. മകന്‍ അങ്ങോട്ടുമിങ്ങോട്ടും തന്റെ യാത്രക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്കുള്ള പാച്ചലിലാണ്. പാവം അവന്‍. ഇനി എല്ലാം അവന്റെ തലയില്‍ ആണ്. തന്റെ അപ്രതീക്ഷിതമായ യാത്ര അവനെ തളര്ത്തിക്കാണും. അവനാണ് ഇന്ന് തന്നെ കുളിപ്പിച്ചത്. ഉസ്താദ് അവനു കുളിപ്പിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ ‍ കൊടുത്തിരുന്നു. അപ്പോള്‍ ദുഃഖം അവന്റെ മുഖത്ത് പ്രകടമായിരുന്നു. വളരെ വിഷമത്തോടു കൂടിയാണ് അവന്‍ തന്നെ കുളിപ്പിച്ചിരുന്നത്‌. അവന്‍ ചെറുപ്പം ആയിരിക്കുമ്പോള്‍ താന്‍ കുളിപ്പിച്ചാല്‍ മതി എന്നു വാശിപിടിച്ചിരുന്ന മോന്‍ ആണ്. ഇന്നു പ്രായവും ജീവിത സാഹചര്യങ്ങളും അവനെ വളരെ മാറ്റിയിരിക്കുന്നു. എല്ലാം ഉള്‍ക്കൊള്ളാന്‍ അവന്‍ പാകപ്പെട്ടിരിക്കുന്നു. മനസ്സിലെ വിഷമം പുറത്തു കാണിക്കാതിരിക്കാന്‍ അവന്‍ ശ്രമിക്കുന്നുണ്ട്. തന്റെ അതെ സ്വഭാവം തന്നെ.

പക്വമായി കാര്യങ്ങള്‍ ചെയ്യാന്‍ ഉള്ള പ്രാപ്തി അവനു ആയി വരുന്നേ ഒള്ളൂ. എന്നാലും അവന്‍ വീട്ടില്‍ ഉണ്ടല്ലോ എല്ലാറ്റിനും എന്നതാണ് ഏക ആശ്വാസം. ഈ പെട്ടന്നുള്ള യാത്രാവേളയിലും അയാളുടെ മനസ്സില്‍ ഒരു വിഷമമേ ഒള്ളൂ. മകളുടെ വിവാഹം കാണുവാന്‍ സാധിച്ചില്ലല്ലോ? അത് ഒരു ആഗ്രഹം ആയിരുന്നു. എന്നാലും അവളുടെ കാര്യങ്ങള്‍ക്കുള്ള എല്ലാ ഒരുക്കൂട്ടലുകളും ചെയ്തു വച്ചിട്ടുണ്ട്. അത് മോന്‍ തന്റെ സ്ഥാനത്തു നിന്ന് ഭംഗിയായി നടത്തിക്കൊള്ളും. അതിനു പടച്ചവന്‍ അനുഗ്രഹം ചോരിയണം എന്ന ഒരു പ്രാര്‍ത്ഥന മാത്രമേ അയാളില്‍ ഒള്ളൂ.

തല മുതല്‍ പാദം വരെ വെള്ള ധരിപ്പിച്ചു യാത്രക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. വാഹനമായി ആറ് കാലുകള്‍ ഉള്ള കട്ടില്‍ വന്നു. ദിക്കര്‍ (പ്രാര്‍ത്ഥന) ചെല്ലി എല്ലാവരും തന്നെ കൊണ്ട് പോകുവാന്‍ തയ്യാറായി. അവസാനമായി ഒരു നോട്ടം എല്ലാവരെയും കാണണം എന്നുണ്ട്. പ്രത്യേകിച്ച് ഭാര്യയേയും മകളെയും. മോനും ബന്ധുക്കളും കൂടി തന്നെ കട്ടില്‍ കിടത്തുമ്പോള്‍ അകത്തുനിന്നു പ്രിയതമയും മോളും കണ്ണീരില്‍ കുതിര്‍ന്നു പരസ്പ്പരം കെട്ടിപ്പിടിച്ചു പറയുന്നു " ഇനി നമ്മുക്ക് ആരാണ് തുണ..."

ഇതു കേട്ടപ്പോള്‍ അയാളുടെ ആത്മാവ് വിങ്ങി പൊട്ടുകയായിരുന്നു. കല്യാണത്തിന് ശേഷം ആദ്യമായി ഗള്‍ഫിലേക്ക് പോകുമ്പോള്‍ പ്രിയതമ ചോദിച്ചു.."ഇക്ക പോയാല്‍ ഇനി ആരാണെനിക്ക് തുണ എന്ന്‌" . അന്ന് പറഞ്ഞു "നമ്മുടെ നല്ല ജീവിതത്തിനു വേണ്ടിയല്ലേ ഞാന്‍ പോകുന്നത്..പടച്ചവന്‍ ഉണ്ട് തുണക്ക്, ഞാന്‍ തിരിച്ചു വരും..നീ നമ്മുടെ നല്ല ജീവിതത്തിനു വേണ്ടി ദുആ ചെയ്യണം.."

മടക്കമില്ലാത്ത ആറടി മണ്ണിലെ ഇരുള്‍ മൂടിയ പ്രവാസജീവിതത്തിന് ഏകനായി നീങ്ങുബോഴും അല്ലാഹുവിനോട് "അവര്‍ക്ക് നീ തുണയാകേണമേ" എന്ന്‌ തന്റെ വിയര്‍പ്പു ഒഴുക്കിയുണ്ടാക്കിയ വീടിലേക്ക്‌ ഒരു നോക്കി ആ കട്ടിലില്‍ കിടന്നു കൊണ്ട് അയാള്‍ പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു...

Sunday, March 27, 2011

Tragedy & Hopeful LifeAn optimist sees a blooming plant.

A pessimist sees a dead tree.

Behind a tragedy a new & promising life waits.