സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Sunday, June 26, 2011

അശ്രദ്ധ.. ഒരു മരണ കാരണം



എപ്പോഴാണ് അത് സംഭവിച്ചത് എന്ന്‌ ഓര്‍ക്കാന്‍ പോലും അയാള്‍ക്ക്‌ കഴിയുന്നില്ല. അതിനു മുമ്പേ എല്ലാം സംഭവിച്ചു. ഒരു ഉറുമ്പിനെ ഞെരിച്ചു കൊല്ലുന്ന നിമിഷം മാത്രമേ അതിനു വേണ്ടി വന്നോള്ളൂ.. അത്രയും എടുത്തോ..? വേദന എത്രത്തോളം എന്നറിയും മുമ്പേ എല്ലാം കഴിഞ്ഞിരുന്നു.

"സന്ദരനായിരുന്നു ഞാന്‍. എന്നിട്ടും ഓടികൂടിയവര്‍ നോക്കാന്‍ ഭയപ്പെടുന്നു. അവര്‍ ഭയപ്പെടാന്‍ മാത്രം വിരൂപന്‍ ആയി പോയോ ഈ ഞൊടിയിടയില്‍ ഞാന്‍ ..." അയാള്‍ സ്വയം ചോദിച്ചു.

ദാ..ഞാന്‍ ഉണര്‍ന്നു.
ഈ ലോകം ഏതാണ്‌..?
ആരും കാണുന്നില്ലേ എന്നെ..??
ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ..??
അങ്ങനെ ഉറക്കെ പറയണം എന്നുണ്ടായിരുന്നു‌..പക്ഷെ വാക്കുകള്‍ വരുന്നില്ല.


കൂടിനിന്നവരില്‍ ആരോ വിളിച്ചു പറഞ്ഞു പോലീസ് ജീപ്പും ആംബുലന്‍സും പാഞ്ഞെതിയിരിക്കുന്നു. എല്ലാം കഴിഞ്ഞു എന്ന്‌ ചിലര്‍ പരസ്പ്പരം പറയുന്നു.

പതിയെ അയാള്‍ എന്താണ് സംഭവിച്ചത് എന്ന്‌ ഓര്‍ക്കാന്‍ ശ്രമിച്ചു. മൊബൈലില്‍ സംസാരിച്ചു റോഡ്‌ മുറിച്ചു കടക്കുന്നു..ഒരു ട്രെയിലര്‍ പാഞ്ഞു വരുന്നു...പിന്നെ..പിന്നെ..

അയാള്‍ എല്ലാം ഓര്‍ത്തെടുക്കുബോഴേക്കും ആംബുലന്‍സും ജീപ്പും അയാളുടെ മൃതദേഹവുമായി മോര്‍ച്ചറി ലക്ഷ്യമാക്കി പാഞ്ഞു..

Saturday, June 18, 2011

മഴക്കാലം



മഴക്കാലം...

മനസിന്റെ ഓര്‍മ ചെപ്പില്‍ നിന്ന് നാടിന്റെയും കുട്ടികാലത്തിന്റെയും ഒരായിരം ഓര്‍മകള്‍ വാരി വിതറും...

മഴത്തുള്ളികള്‍ പോലെ...
പുതുമഴയുടെ ഗന്ധം പോലെ....!
കറുത്ത് ഇരുണ്ട് നില്‍ക്കുന്ന മേഘങ്ങള്‍..
നിലത്തു പതിക്കാനായി വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍..
അവയെ മാറോടന്നക്കാന്‍ ദാഹിച്ചു നില്‍ക്കുന്ന ഭൂമി..
ആ സന്തോഷത്തില്‍ പങ്കാളികള്‍ ആകാനായി എല്ലാ ജീവജാലങ്ങളും..
മഴയുടെ ആഗമനം അറിയിക്കാനായി ഓടി നടക്കുന്ന കാറ്റ്..
ആ ആഹ്ലാദത്തില്‍ മതിമറന്നു ആടി ഉലയുന്ന മരങ്ങള്‍....


എന്ത് രസം കാണാന്‍ !


ദാ വരുന്നു ഒരു തുള്ളിക്ക്‌ ഒരു കുടം ആയി.....
ചറ പറ എന്ന് മൂളി കൊണ്ട്.....

എല്ലാം ഇപ്പൊഴും മനസ്സില്‍ മായാത്ത മഴവില്‍ ആയി...,
പുതുമഴയുടെ നനുത്ത ഗന്ധവും കുളിരും...
എല്ലാം ഓര്‍മ്മകള്‍...

Thursday, June 2, 2011

മഴ പറഞ്ഞ ദാമ്പത്യം




രാത്രി മഴ നിര്‍ത്താതെ പെയ്യുകയാണ്. ലക്ഷ്മി കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്. വീട് മുഴുവന്‍ സന്തോഷലഹരിയിലും. പക്ഷെ മഴയുടെ നിര്‍ത്താതെയുള്ള കോരിച്ചൊരിയലില്‍ ലക്ഷിമിയുടെ അച്ഛനും അമ്മയ്ക്കും വല്ലാത്ത ദുഖമുണ്ട്. അവര്‍ തിമിര്‍ത്തു പെയ്യുന്ന മഴയെ നോക്കി തമ്മില്‍ പറയുന്നുണ്ട് നാളെ കല്യാണ ദിവസം മഴ ഇല്ലാതിരുന്നാല്‍ മതിയായിരുന്നു എന്ന്‌. എന്നാല്‍ ലക്ഷ്മി അവര്‍ ആരുടേയും സംസാരത്തിന് കാതുകൊടുക്കാതെ അകത്തു കുട്ടികളുമായി കളിച്ചു ചിരിക്കുകയാണ്. ഇതിനിടയില്‍ ലക്ഷിമിയുടെ ചിരി ഉച്ചത്തില്‍ ആയപ്പോള്‍ അമ്മ കുറച്ചു ദേഷ്യത്തില്‍ അവളെ നോക്കി പറഞ്ഞു..."നീ കുട്ടികളുമായി കളിക്കാന്‍ ഇരിക്കാതെ പോയി കിടക്കാന്‍ നോക്ക്, നേരം കുറെ ആയി, കാലത്ത് നേരത്തെ എഴുനെല്‍ക്കെണ്ടാതാണ്..."

ഉം..എന്ന് മൂളി കൊണ്ട് ലക്ഷ്മി കിടപ്പുമുറിയിലോട്ടു പോയി..


മുറിയില്‍ കയറി വാതില്‍ ചാരുന്ന ലക്ഷിമിയെ കണ്ടപ്പോള്‍ അമ്മായി കളിയാക്കി " ഓ.. എന്റെ ലക്ഷിമികുട്ടി, ഇന്നു വാതില്‍ അടച്ചില്ലേലും കുഴപ്പമില്ല, നാളെ തൊട്ടു സൂക്ഷിച്ചാല്‍ മതി"

ഇതു കേട്ടപ്പോള്‍ വീട്ടിലുള്ള എല്ലാ സ്ത്രീകളും ചിരിച്ചു...


ലക്ഷ്മി നാണം നിറഞ്ഞ ചിരിയുമായി പതുക്കെ കതക് ചാരി. തുറന്നിട്ട ജാലകത്തില്‍ കൂടി പുറത്തേക്കു നോക്കുമ്പോള്‍ മഴ കനത്തു പെയ്തുകൊണ്ടേയിരിക്കുന്നു. അപ്പോഴാണ്‌ ‌ ലക്ഷ്മിയുടെ ഇഷ്ട്ട ഗാനം സെല്‍ ഫോണില്‍ മധുവിന്റെ വിളിയുമായി എത്തിയത്. ലക്ഷ്മി ഫോണ്‍ എടുത്തു നനുത്ത ശബ്ദത്തോടെ "ഹലോ" പറഞ്ഞു.

മധു ചോദിച്ചു: "അല്ല, ഇതുവരെയായും ഉറങ്ങിയിട്ടില്ലേ?" ഞാന്‍ കരുതി ഉറങ്ങി കാണുമെന്നു"

ലക്ഷ്മി: ഇല്ല, ഉറങ്ങാല്‍ പോകുന്നെ ഒളൂ, അപ്പോള്‍ അവിടെ ഉറങ്ങുന്നില്ലേ?

മധു: എനിക്ക് കിടന്നിട്ടു ഉറക്കം വരുന്നില്ല. ലക്ഷ്മിക്ക് ഉറക്കം വരുന്നില്ലേ ?

ലക്ഷ്മി: ഞാന്‍ ഉറങ്ങാന്‍ പോവുകയാ.., പുറത്തു മഴ പെയ്യുന്നത് ജനലിലൂടെ നോക്കുകയായിരുന്നു...നല്ല തണുപ്പ്"

മധു തന്റെ മനസ്സിലെ ആഗ്രഹം മറച്ചു വെക്കാതെ തുടര്‍ന്നു..." പ്രണയിനി, പുറത്തു രാത്രി മഴ ഭൂമിയെ കുളിരണിയിപ്പിക്കുന്നത് പോലെ നാളെ മുതല്‍ എന്റെ ജീവിതത്തില്‍ നീ കുളിരായി വര്‍ഷിക്കണം".


ഇതു കേട്ടപ്പോള്‍ ലക്ഷ്മിയുടെ മുഖത്ത് നാണവും സന്തോഷവും ഒരുമിച്ചു വന്നു. അവള്‍ക്കു അതിനു ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. എന്നാലും തന്റെ പതിവ് ശൈലിയില്‍ അവള്‍ ഒന്നു മൂളുക മാത്രം ചെയ്തു. കുറച്ചു നേരത്തെ സല്ലാപത്തിന് ശേഷം ഇരുവരും പരസ്പ്പരം "ശുഭരാത്രി" നേര്‍ന്നു ഫോണ്‍ വച്ചു.


പുലര്‍വേളയില്‍ അമ്മയുടെ വിളി കേട്ടാണ് ലക്ഷ്മി ഉണര്‍ന്നത്. തിരിഞ്ഞും മറിഞ്ഞും ഉറങ്ങിയ രാത്രിയുടെ ആലസ്യം വിട്ടുമാറാതെ ജാലകത്തിന്‍ കൂടി പുറത്തേക്കു നോക്കുമ്പോള്‍ ആദ്യരാത്രി പുല്‍കിയ മണവാട്ടിയെപ്പോലെ മഴ ചെടിയിലെ വിരിഞ്ഞ മുല്ലപ്പൂക്കള്‍ മുറ്റത്ത്‌ പൊഴിച്ച് ഭൂമിയുടെ മാറില്‍ തലചായ്ച്ചു സുഖമായി ഉറങ്ങുകയാണ്. ഈ കാഴ്ച അവളുടെ മനസ്സിനെ കോരിത്തരിപ്പിച്ചു. മുറ്റത്ത്‌ പോയി വീണു കിടക്കുന്ന മുല്ലപ്പൂക്കള്‍ വാരിയെടുക്കുമ്പോള്‍ അവള്‍ പ്രാര്‍ഥിച്ചു.. "ഈ മഴയപ്പോലെ തന്റെ ഭര്‍ത്താവിനെ കുളിരണിയിപ്പിക്കാന്‍ ദാമ്പത്യ ജീവിതത്തില്‍ എന്നും കഴിയേണമേ" എന്ന്.

മഴയില്‍ കുതിര്‍ന്ന മുല്ലപ്പൂക്കളുമായി ലക്ഷ്മി തിരിച്ചു അകത്തേക്ക് കയറുമ്പോള്‍ ഉമ്മറത്തിരുന്നു അച്ഛന്‍ അടുത്ത മഴയ്ക്കു ഒരുക്കങ്ങള്‍ കൂട്ടുന്ന മാനത്തെ ശകാരിക്കുന്നുണ്ടായിരുന്നു. പക്ഷെ മാനത്തെ കാര്‍മേഘം പോലെ ലക്ഷ്മിയുടെ മനസ്സ് വാരാന്‍ പോകുന്ന പുതിയ ജീവിതത്തില്‍ എങ്ങനെ മഴയായി പോഴിയണം എന്ന ഒരുക്കങ്ങള്‍ കൂട്ടുകയായിരുന്നു.....