സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Tuesday, September 20, 2011

സഹയാത്രികന്റെ ഡയറി



പുറത്തെ കാഴ്ചകള്‍ മടുത്തപ്പോള്‍ മാത്രമാണ് തന്റെ അടുത്ത് ആരാണ് ഇരിക്കുന്നത് എന്നറിയാന്‍ അയാള്‍ ശ്രമിച്ചത്‌. പക്ഷെ ഇരിപ്പിടത്തില്‍ സഹായാത്രീകന്റെ സ്ഥാനത്തു ഒരു ഡയറി മാത്രം. അയാള്‍ അത്ഭുതപ്പെട്ടു. ഇയാള്‍ എവിടെ പോയി? ഇറങ്ങാന്‍ നേരം ഡയറി എടുക്കാന്‍ മറന്നു പോയി കാണുമോ? സഹായാത്രീകനെ കുറിച്ചുള്ള ചിന്തകളുമായി അയാള്‍ ആ ഡയറി എടുത്തു വെറുതെ പേജുകള്‍ മറിച്ച് നോക്കുമ്പോള്‍ ഒരു കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു.

പ്രിയ സുഹ്രത്തെ..
യാത്രക്കാരാണ് നമ്മള്‍.
ഞാനും താങ്ങളും ഒരേ വാഹനത്തില്‍ തന്നെയാണ് സഞ്ചരിക്കുന്നത്.
നമ്മുടെ ഇരിപ്പിടങ്ങളും ഒന്നു തന്നെ.
താങ്കള്‍ മുഖം ഒന്നു തിരിച്ചാല്‍ എന്നെ കാണാം.
അതുപോലെ ഞാന്‍ ഒന്നു വിളിച്ചാല്‍ താങ്കള്‍ എന്നെ ശ്രദ്ധിക്കും.
പക്ഷെ പുറത്തെ കാഴ്ചകള്‍ ആസ്വദിച്ചു യാത്ര ചെയ്യുന്ന താങ്കളെ ഞാന്‍ എങ്ങനെ വിളിക്കും?
ഇതു യാത്രയല്ലേ...! വിളിച്ചു ശല്യപ്പെടുത്തുന്നത് ശരിയല്ലല്ലോ! , യാത്ര ആസ്വദിക്കൂ..ഞാന്‍ അടുത്ത് തന്നെയുണ്ട്‌.
പുറം കാഴ്ചകളുടെ ആസ്വാദനം മടുപ്പിക്കുമ്പോള്‍ ഒന്നു എന്നിലേക്ക്‌ മുഖം തിരിക്കുക.
മംഗളങ്ങള്‍ നേരുന്നു.
എന്ന്‌ സ്വന്തം,
സഹയാത്രികന്‍


ഈ കുറിപ്പ് വായിച്ചു കഴിഞ്ഞപ്പോള്‍ അയാളില്‍ വല്ലാത്തൊരു വിഷമം ഉടലെടുത്തു. ആരാണിയാള്‍? വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു? ആരെ കുറിച്ചാവും ഇയാള്‍ ഇങ്ങനെ എഴുതിയിരിക്കുന്നത്? തന്നെ അറിയുന്നവര്‍ ആരെങ്കിലും ആവുമോ? മറവിയുടെ അഗാതങ്ങളില്‍ താഴ്ന്നു പോയ പഴയ മുഖങ്ങളെ അയാള്‍ തപ്പിയെടുക്കാന്‍ ശ്രമിച്ചു. പല മുഖങ്ങളും ഓര്‍മകളുടെ കൈകളില്‍ കുടുങ്ങി. പക്ഷെ ആ മുഖങ്ങള്‍ ആണോ ഇതെഴുതിയത് എന്നറിയാന്‍ അയാള്‍ക്ക്‌ കഴിവില്ലായിരുന്നു.

എന്നാലും യാത്രയുടെ സുഖത്തില്‍ നല്ല വരികള്‍ എഴുതിയ ആ സഹായാത്രീകനെ ശ്രദ്ധിക്കാന്‍ മറന്നു പോയതില്‍ അയാള്‍ക്ക്‌ നിരാശയായി. വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് മുഖം തിരിക്കുമ്പോള്‍ പെട്ടെന്നൊരാള്‍ ആ ഇരിപ്പിടത്തില്‍ വന്നിരുന്നു. അപ്പോള്‍ അയാള്‍ ആ ഡയറി എടുത്തു കാണിച്ചു കൊണ്ടു ചോദിച്ചു: ഇതു താങ്കളുടെ ഡയറിയാണോ?
പക്ഷെ ആ യാത്രികന്‍ അയാളുടെ ചോദ്യത്തിന് മറുപടിയൊന്നും നല്‍കിയില്ല. പുതിയ യാത്രികനും തന്നെ പോലെ പുറത്തെ കാഴ്ചകള്‍ കാണുവാനുള്ള വ്യഗ്രതയില്‍ ആണെന്ന് അയാള്‍ക്ക്‌ മനസിലായി. അപ്പോള്‍ കൂടുതല്‍ ഒന്നും ആ സഹയാത്രികനോട് ചോദിക്കാന്‍ അയാള്‍ താല്പ്പര്യപ്പെട്ടില്ല.

തന്നെ പോലെ സഹയാത്രികരെ മറന്നു സ്വന്തം ജീവിതയാത്രയുടെ സുഖങ്ങളില്‍ ലയിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഡയറി കുറിപ്പുകള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയിരിക്കട്ടെ എന്നാശിച്ചു കൊണ്ടു ലക്ഷ്യം എത്തിയപ്പോള്‍ ആ ഡയറി ഇരിപ്പിടത്തില്‍ ഉപേക്ഷിച്ചു കൊണ്ടു അയാള്‍ എഴുന്നേറ്റു...