സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Saturday, October 15, 2011

ദൈവ സ്മരണനിരാശയാല്‍ നിറഞ്ഞ ജീവിതം മടുത്ത അയാള്‍ അവസാനം മരിക്കാന്‍ തന്നെ തീരുമാനിച്ചു. മരിക്കുന്നതിനു മുമ്പ് ദൈവത്തെ നേരില്‍ കണ്ടു കുറച്ചു കാര്യങ്ങള്‍ ചോദിക്കണം എന്നയാള്‍ ആശിച്ചു. പക്ഷെ ദൈവത്തെ നേരില്‍ കാണുവാന്‍ കഴിയില്ല എന്ന സത്യം മനസിലാക്കിയപ്പോള്‍ ഒരു ഭ്രാന്തനെ പോലെ അയാള്‍ പ്രകൃതിയില്‍ നോക്കി വിളിച്ചു പറഞ്ഞു: "ഹെ..സൃഷ്ട്ടാവേ.. നിന്നേ ധ്യാനിച്ച്‌ എന്റെ മുന്നില്‍ വരുത്താന്‍ ഞാന്‍ സൂഫിയോ, സന്യാസിയോ അല്ല. പക്ഷെ എനിക്ക് നിന്നെ ഒന്നു കാണണം.. കുറച്ചു കാര്യങ്ങള്‍ ചോദിക്കണം..എന്റെ ആഗ്രഹം സാധിപ്പിച്ചു തരുമോ?
അയാളുടെ ഉച്ചത്തിലുള്ള ശബ്ദം പ്രകൃതിയില്‍ അലയടിച്ചതല്ലാതെ വേറെ കാര്യമൊന്നും ഉണ്ടായില്ല. അയാള്‍ നിരാലംബനായി വീട്ടിലേക്കു മടങ്ങി.

രാത്രി, ജീവിതം അവസാനിപ്പിക്കണം എന്ന ചിന്തയുമായി കിടന്ന അയാള്‍ നല്ല ഉറക്കമായി. അപ്പോള്‍ വല്ലാത്ത ഒരു പ്രകാശം കണ്ണുകളില്‍ വന്നടിച്ചു. ഇത്ര വേഗം നേരം പുലര്ന്നോ എന്ന്‌ കരുതി അയാള്‍ ‍കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. പക്ഷെ ആ സൂര്യ പ്രഭയില്‍ ‌ കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഒരായിരം സൂര്യന്‍ ഒന്നിച്ചു ഉദിച്ച പോലെ..
"വേണ്ട..നീ കണ്ണ് തുറക്കേണ്ട..കണ്ണ് തുറക്കാന്‍ നിനക്ക് കഴിയില്ല.."
അത് കേട്ടപ്പോള്‍ ഞെട്ടി വിറച്ചു കൊണ്ടു അയാള്‍ ചോദിച്ചു:
അ...ആ.....ആരാ നിങ്ങള്‍..??
"പേടിക്കേണ്ട...നീ മനസ്സില്‍ കാണുവാന്‍ ഉദ്ദേശിച്ച ആള്‍ തന്നെ..
അവന്‍ അടറിയ ശബ്ദത്തില്‍ വീണ്ടും ചോദിച്ചു...അ..അല്ല..ഇ..ഇതു ദൈവം തന്നെയാണോ?
"അതേ..എന്താണ് നിനക്ക് വേണ്ടത്..? "
"എന്റെ സൃഷ്ട്ടാവേ,,ലോകത്തില്‍ എത്രയോ ബുദ്ധിമാന്മാരെയും ആരോഗ്യവാന്മാരെയും കൊടീശ്വരന്മാരെയും നല്ല സുഖജീവിതം നയിക്കുന്നവരെയും നീ സൃഷ്ട്ടിചിരിക്കുന്നു. എന്തെ എനിക്ക് മാത്രം നീ ഇതൊന്നും തന്നില്ല? ഞാനും നിന്റെ സൃഷ്ട്ടി തന്നെയല്ലേ..?? നിരാശ നിറഞ്ഞ എന്റെ ജീവിതം നീ കാണുന്നില്ലേ..!!
അയാള്‍ പരാതിപ്പെട്ടു.

"നീ കണ്ണ് തുറന്നു പ്രപഞ്ചത്തിലേക്ക് സൂക്ഷ്മതയോടെ നോക്കൂ. വളരെ വ്യത്യസ്തമായി കൊണ്ടാണ് ഓരോ ശ്രിഷ്ട്ടിയെയും ഞാന്‍ പടച്ചിരിക്കുന്നത്. ആകാശത്തിലൂടെ പറക്കുന്ന പറവകളെ മാത്രം നോക്കിയാല്‍ പോര. നിന്റെ കാലിന്റെ അടിയിലൂടെ അരിച്ചു പോകുന്ന ഉറുമ്പിനെയും ശ്രദ്ധിക്കുക. എല്ലാം എന്റെ ശ്രിഷ്ട്ടികള്‍. ഉറുമ്പ് പറവയാകാന്‍ ആശിച്ചാല്‍ നടക്കുമോ? മനസ്സ് തുറന്നു ജീവിതത്തെ നോക്കി കാണുക. നിരാശനാകാതെ നീ മനസിന്റെ സഞ്ചിയില്‍ എന്നെ കുറിച്ചുള്ള സ്മരണ എപ്പോഴും നിറച്ചു വെക്കുക. അപ്പോള്‍ ജീവിതയാത്രയില്‍ നിനക്ക് വേണ്ടിയുള്ള പാഥേയം നീയറിയാതെ നിന്നേ തേടി വരും...

മറുത്തു ഒന്നു ചോദ്യം കൂടി ചോദിക്കാന്‍ ഒരുങ്ങവേ ആ സൂര്യ പ്രഭ അപ്രത്യക്ഷമായി. അയാള്‍ വിയര്‍ത്തു കുളിച്ചു ഉറക്കത്തില്‍ നിന്നു ഞാട്ടിയുണര്‍ന്നു. താന്‍ കണ്ടത് സ്വപ്നം തന്നെയാണോ എന്ന്‌ അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ പതുക്കെ എഴുന്നേറ്റു വാതില്‍ തുറക്കുമ്പോള്‍ അകലെ നിന്നു പ്രപഞ്ച നാഥന്റെ സ്തുതി ഗീതങ്ങളുമായി സുബഹി ബാങ്ക് അയാളുടെ കാതുകളില്‍ ചൊല്ലി... അള്ളാഹു അക്ബര്‍*... അള്ളാഹു അക്ബര്‍*...

അയാള്‍ പ്രകൃതിയിലേക്ക് നോക്കി. വിടരാന്‍ വെമ്പി നില്‍ക്കുന്ന പൊന്‍ പുലരി. ചെറിയ കുളിര്‍ കാറ്റില്‍ മരങ്ങള്‍ മെല്ലെ ആടുന്നു. കൂടെ കിളികളുടെ ശബ്ദകോലാഹലങ്ങള്‍..എന്ത് രസം! പതിവില്ലാത്ത ഒരു പ്രത്യേക നിര്‍വൃതി അയാളില്‍ അനുഭവപ്പെട്ടു. പുതിയ ജീവിതത്തിന്റെ ഒരു പ്രത്യാശ. ഉന്മേഷ വദനനായി കൊണ്ടു ആ പുലരിയിലേക്ക് അയാള്‍ പതുക്കെ ഇറങ്ങി നടന്നു...

(അള്ളാഹു അക്ബര്‍ = ദൈവമാണ് വലിയവന്‍)

Thursday, October 13, 2011

കൂട്ടുകാരിരാവിലെ ഒരു ദൂരയാത്ര പോകാന്‍ ഉള്ളതുകൊണ്ട് ബൈജു കാര്‍ വീടിന്റെ മുറ്റത്തേക്ക്‌ ഇറക്കി നിര്‍ത്തിയിട്ട്‌ ബോന്നറ്റു‌ തുറന്നു വെള്ളവും ഓയലും പരിശോധിക്കുകയായിരുന്നു. അപ്പോള്‍ റോഡില്‍ നിന്ന് ഒരു സ്ത്രീയുടെ സബ്ദം കേട്ടു. റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന കുട്ടികളെ ശകാരിക്കുകയാണ് അവര്‍. ശ്രദ്ധിച്ചപ്പോള്‍ എവിടെയോ കേട്ട് മറന്ന ശബ്ദം പോലെ. ആ ശബ്ദം വീടിന്റെ ഗേറ്റ് എത്താന്‍ ആയപ്പോള്‍ ബൈജു തിരിഞ്ഞു നോക്കി. അപ്പോള്‍ ഒന്നും ശ്രദ്ധിക്കാതെ കുട്ടികളുടെ പിന്നാലെ ബാഗും മറ്റും പിടിച്ചു കൊണ്ട് ഒരു സ്ത്രീ ഓടുന്നു. അത് തന്റെ പഴയ കൂട്ടുകാരിയല്ലേ... ലക്ഷ്മി !
സ്കൂളിലും കോളേജിലും പോകുമ്പോള്‍ എപ്പൊഴും തന്നെ കാത്തു നിന്നിരുന്ന ആ പാവാടക്കാരി. അതേ അവള്‍ തന്നെ. കാലം എത്ര മാറ്റം വരുത്തിയിരിക്കുന്നു അവളില്‍, അത് പോലെ തന്നിലും.

ബൈജുവിന് ഒന്ന് വിളിച്ചു സംസാരിക്കണം എന്നുണ്ടായിരുന്നു. കൈ പൊക്കിയതാണ് വിളിക്കാന്‍ വേണ്ടി, ഒപ്പം നാവും.. പക്ഷെ ആ ഓട്ടം കണ്ടപ്പോള്‍ വിളിക്കാന്‍ തോന്നിയില്ല. പലവട്ടം നാട്ടില്‍ വന്നപോഴും കാണണം എന്ന് കരുതി അവളുടെ വീട്ടില്‍ പോയതാണ്. പക്ഷെ സാധിച്ചില്ല. അവളുടെ അമ്മ പറയും 'ലക്ഷ്മി ഭര്‍ത്താവിന്റെ വീട്ടില്‍ ആണ്' എന്ന്. അപ്പോള്‍ വിശേഷങ്ങള്‍ തിരക്കി തിരിച്ചു പോരും. താന്‍ ആദ്യം ഗള്‍ഫില്‍ പോകുന്ന ദിവസം ആയിരുന്നു അവളുടെ വിവാഹം. പലവട്ടം ക്ഷണിച്ചതായിരുന്നു. പക്ഷെ വിവാഹത്തിന് കൂടാന്‍ കഴിഞ്ഞില്ല.

അപ്പോഴാണ് അമ്മ ചായ റെഡി ആയിട്ടുണ്ട്‌ എന്ന് പറയാന്‍ മുറ്റത്തേക്ക് വന്നത്. അപ്പോള്‍ അയാള്‍ ലക്ഷ്മിയെ കുറിച്ച് അമ്മയോട് ചോദിച്ചു. "കഷ്ട്ടം ആണ് ആ കുട്ടിയുടെ അവസ്ഥ. ഭര്‍ത്താവിന്റെ വീട്ടില്‍ എന്നും വാഴക്ക. സഹികെട്ട് ഇങ്ങോട്ടു പോന്നു ആ കുട്ടി. പാവം ! " അമ്മയുടെ ആ മറുപടി കേട്ടപ്പോള്‍ ബൈജുവിനു വല്ലാത്ത വിഷമം തോന്നി.
എന്നും പുഞ്ചിരിയോട്‌ കൂടി തന്നെ കാത്തു നിന്നിരുന്ന അവളോട്‌ ‍ പറയുമായിരുന്നു "നീ എന്നാ ഒന്ന് കരയുക ലക്ഷ്മീ?, എനിക്ക് നിന്റെ കരച്ചില്‍ കാണാന്‍ മോഹം ഉണ്ട്". എന്ത് പറഞ്ഞാലും അവള്‍ ചിരിക്കുകയെ ഒളൂ. അവളുടെ കണ്ണ് ആദ്യമായി നിറഞ്ഞു കണ്ടത് താന്‍ ഗള്‍ഫില്‍ പോവുകയാണ് എന്ന് പറഞ്ഞ നേരം ആണ്.
അന്ന് ലക്ഷ്മി ചോദിച്ചു; 'ബൈജു, നീ പോയാല്‍ പിന്നെ ആരാ എനിക്ക് കൂട്ട്? അപ്പോള്‍ "നല്ല ഒരു ചെറുക്കന്‍ വരും നിന്നെ കെട്ടാന്‍' എന്ന്‌ പറഞ്ഞപ്പോള്‍ അവള്‍ നാണത്തോടെ ചിരിച്ചു.....

ചായ കുടിച്ചു കഴിയും വരെ ലക്ഷ്മിയെ കുറിച്ച് തന്നെ ആയിരുന്നു ബൈജുവിന്‍റെ ചിന്ത. ഡ്രസ്സ് എല്ലാം മാറ്റി അമ്മയോട് യാത്ര പറഞ്ഞു കാര്‍ എടുത്തു പോകുബോള്‍ അകലെ നിന്ന് ഒരു സ്ത്രീ തലതാഴ്ത്തി എന്തോ ചിന്തിച്ചു കൊണ്ട് റോഡിന്റെ അരികിലൂടെ നടന്നു വരുന്നു. അത് ലക്ഷ്മി തന്നെയെന്നു ഒറ്റ നോട്ടത്തില്‍ ബൈജുവിനു മനസ്സിലായി. ലക്ഷിമിയുടെ അടുത്ത് എത്തിയപ്പോള്‍ കാര്‍ നിറുത്തി. ആരാണ് അത് എന്നറിയാന്‍ വേണ്ടി കാറിന്റെ ഉള്ളിലോട്ടു തന്നെ നോക്കുകയാണ് അവള്‍. ഗ്ലാസ് താഴ്ത്തിയപ്പോള്‍ ലക്ഷ്മി ബിജുവിനെ സൂക്ഷിച്ചു നോക്കി. അയാളുടെ ചിരി കണ്ടപ്പോള്‍ മാത്രമാണ് ഇതു തന്റെ പഴയ ബൈജുവാണ് എന്നവള്‍ക്ക് മനസ്സിലായത്‌. അപ്പോള്‍ ആ പഴയ സുന്ദരമായ പുഞ്ചിരി വീണ്ടും അവളുടെ മുഖത്ത് വിരിയുന്നത് അയാള്‍ കണ്ടു. പക്ഷെ കണ്ണുകളില്‍ ആ പഴയ തിളക്കം ഇല്ല. എന്താണ് ചോദിക്കേണ്ടത്‌ എന്ന് ബൈജുവിന് തന്നെ നിശ്ചയം ഇല്ലാത്ത പോലെ ആയി ഒരു നിമിഷത്തേക്ക്.
ലക്ഷ്മി താണ സ്വരത്തില്‍ ചോദിച്ചു; ബൈജുവിന് സുഖമല്ലേ? എന്നാ വന്നത്? ആ ശബ്ദത്തില്‍ അവളുടെ ജീവിതത്തിന്റെ എല്ലാ ദുഖങ്ങളും പ്രതിഫലിക്കുന്നതായി ബൈജുവിന് തോന്നി. എല്ലാം അറിഞ്ഞിട്ടും ബൈജു അവളോട്‌ 'സുഖം അല്ലെ' എന്ന് ചോദിച്ചു. അത് കേട്ടപ്പോള്‍ വെറും ഒരു മൂളലോടെ സുഖം എന്ന് മാത്രം ലക്ഷ്മി പറഞ്ഞു. അപ്പോഴേക്കും ആ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. പിന്നെ ആ കണ്ണുകളില്‍ നോക്കി കൂടുതല്‍ ഒന്നും ചോദിക്കാന്‍ ബൈജുവിന് കഴിഞ്ഞില്ല.

തന്‍ ഒരു ദൂര യാത്ര പോവുകയാണ്, മടക്കം വന്നിട്ട് കാണാം എന്ന് പറഞ്ഞു കൊണ്ട് ബൈജു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു മുമ്പോട്ടു പോകുബോള്‍ കണ്ണാടിയിലൂടെ ലക്ഷ്മി രണ്ടു കൈകള്‍ കൊണ്ടും കണ്ണുനീര്‍ തുടച്ചു തല താഴ്ത്തി അകന്നു നീങ്ങുന്നത്‌ കാണാമായിരുന്നു. ആ കണ്ണാടിയില്‍ നിന്ന് മറയുന്നത് വരെ ....!