സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Thursday, January 23, 2014

വിധി !


അലമാരയിൽ സൂക്ഷിച്ചിരുന്ന അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരന്റെ ഫോട്ടോ വിറയാർന്ന കൈകളാൽ എടുത്തു അയാൾ പതുക്കെ ഉമ്മറ കസാരയിൽ പോയിരുന്നു . തന്റെ ഭൂതക്കണ്ണാടി മുഖത്ത് വച്ച് അയാൾ ആ ഫോട്ടോയിൽ നോക്കി പഴയ കാലങ്ങൾ പലതും ഓർത്തു.

അയാൾ ഫോട്ടോയിൽ നോക്കി പതിയെ പറഞ്ഞു: "ഡാ..എനിക്ക് വയസ്സായി. ഇനി കൂടുതൽ കാലം ഇല്ല.ഞാൻ മരിച്ചാൽ ആ കിളവൻ മരിച്ചു എന്നേ ആളുകൾ പറയൂ, പക്ഷെ ഇത്രയും വർഷം മുമ്പ് മരിച്ചിട്ടും നീ ഇപ്പോഴും ചെറുപ്പക്കാരനാണ്. നീയാണ് ഭാഗ്യവാൻ "

ഓടി വന്ന കാറ്റ് കൂട്ടുകാരൻറെ ചിത്രം അയാളുടെ കൈയ്യിൽ നിന്ന് തട്ടിപ്പറിച്ചു കൊണ്ട് കടന്നു കളഞ്ഞു. അവശനായ അയാൾക്ക്‌ അത് നോക്കിയിരിക്കാനെ കഴിഞ്ഞോളൂ .

കൂട്ടുകാരന്റെ ചിരിച്ച മുഖചിത്രം പട്ടം പോലെ പറത്തി കാറ്റ് തൻറെ വാർദ്ധക്യത്തിന്റെ നിസ്സഹായാവസ്ഥയെ കളിയാക്കുന്നതായി അയാൾക്ക്‌ തോന്നി.

പരിഭവ പൂർണ്ണം അയാൾ കാറ്റിനോട് പറഞ്ഞു " നീ ഇപ്പോൾ ചെയ്തത് പോലെയാണ് അവനെ ഞങ്ങളിൽ നിന്ന് വിധി ഒരിക്കൽ തട്ടിയെടുത്തത് "

പക്ഷെ അയാളുടെ വാക്കുകൾക്ക് ഒരു വിലയും കൽപ്പിക്കാതെ കാറ്റ് ആ ഫോട്ടോയെ അമ്മാനമാടിക്കൊണ്ടിരിന്നു...