സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Friday, September 8, 2023

സ്റ്റെപ്പിനി ടയര്‍ !

 


ശരിക്കും പറഞ്ഞാല്‍ 
നാമെല്ലാം ഒരു സ്റ്റെപ്പിനി ടയര്‍ 
പോലെയായിരുന്നു. 

ഓടി തുടങ്ങിയപ്പോൾ 
മാത്രമാണ് ജീവിത വണ്ടിയുടെ 
ഭാരവും പിന്നിടേണ്ട ദൂരങ്ങളുടെ 
ആശങ്കകളും ക്ലേശങ്ങളും 
മനസ്സിലായിത്തുടങ്ങിയത് ! 

കട്ടര്‍ !

 


കൂട്ടുകാർ ആവുകയാണെങ്കില്‍ 
പെന്‍സിലും റബ്ബറും പോലെയാകണം. 

പിന്നെ കൂട്ടത്തില്‍ ഒരാൾ കൂടി വേണം... "കട്ടര്‍". 

എങ്കിലേ നാവിറങ്ങിപ്പോകാതെ 
ഷാര്‍പ്പായി ശബ്ദിക്കുവാൻ കഴിയൂ ! 

കുട !

 

നിന്നെ 
കൂടെ കൂട്ടാത്തപ്പോൾ 
മഴ പെയ്യുമായിരുന്നു.

നിന്നെ 
കൂടെ ചേർക്കാത്തപ്പോൾ 
വെയിൽ വരുമായിരുന്നു.

നിന്നെ 
കൂടെ കൊണ്ടുപോകുമ്പോൾ 
രണ്ടുപേരും ആ വഴിയിൽ പോലും വരാറില്ല.

എന്നേക്കാൾ 
പേടി അവർക്കു നിന്നോടു തന്നെ! 
ഞാൻ  വെറും നിന്റെ ചുമട്ടുകാരൻ .


Tuesday, September 5, 2023

സന്തോഷങ്ങൾ തേടി...!

 

ബസാറിലെ കടയിൽ കയറിയ അവൾ വിൽക്കുവാൻ വച്ച സന്തോഷങ്ങൾ എല്ലാം എടുത്തു നോക്കി. എല്ലാറ്റിന്റെയും പുറകിൽ ദുഃഖങ്ങളുടെ കഥകൾ എഴുതിയിരിക്കുന്നു. 

ഒന്നും വാങ്ങാതെ കടയില്‍ നിന്നു ഇറങ്ങാൻ നേരമാണു അവിടെ തൂക്കിയിട്ട ബോർഡിൽ അവളുടെ ശ്രദ്ധ പതിയുന്നത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു ....

" ദുഃഖങ്ങളുടെ കഥകൾ എഴുതാത്ത ഒരു സന്തോഷവും ഭൂമിയിൽ ലഭിക്കാൻ സാധ്യമല്ല ."

തന്റെ ദുഃഖങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സന്തോഷങ്ങളെ തേടി അവൾ ബസാറിലെ വീഥികളിൽ കൂടി പതുക്കെ നടന്നകന്നു.  

Friday, August 18, 2023

പേനയുടെ ഖൽബ് !

 










പഴയ പേനയുടെ 
മനസ്സൊന്നു കുടഞ്ഞപ്പോൾ 
ഒരു കുടം ഓർമ്മകൾ പിടഞ്ഞു വീണു.

ഒരിക്കലും വറ്റാത്ത ഓർമ്മകളുടെ 
മഷിയിപ്പോഴും കുടഞ്ഞാൽ വീഴുമാറു 
നിൽപ്പൂ പെന്നിൽ ഖൽബിലിന്നും.

വിരിയാൻ കഴിയാത്ത വാക്കുകൾ 
പെന്നിൽ തുമ്പിൽ വെമ്പി 
ആരെയോ നോക്കി കാത്തിരിപ്പാണെന്നും.

പറയാൻ മറന്നു വച്ച കഥകളും 
പ്രണയത്തിൻ മോഹ വിരഹവും 
കാത്തു സൂക്ഷിപ്പൂ ഉള്ളിലിന്നും നിറം മങ്ങാതെ.

കാലങ്ങൾ മറഞ്ഞാലും 
ബാക്കി നിർത്തിയ വരികളെഴുതാൻ 
പെന്നിൽ മഷിച്ചെപ്പിൻ അറകൾ 
ഓർമകളാൽ നിറഞ്ഞിരിപ്പാണെന്നും.

Sunday, July 23, 2023

അവധിക്കാല കഥ !

 


"അവധിക്കാലം..." ,ജോലിക്കിടയിൽ എന്തോ പൊതിയാനെടുത്ത ഒരു പഴയ പത്ര താളിലെ ആ തലക്കെട്ട്‌ കണ്ടപ്പോൾ അറിയാതെ അയാളും തന്റെ കുട്ടികാലം ആലോചിച്ചുപോയി.

അവധിക്കാലം തുടങ്ങേടത് വിദ്യാലയത്തിൽ നിന്നാണ്.  അത് കൊണ്ട് ഓർമ്മകൾ തേടി അയാൾ  കുറച്ചു സമയത്തേക്ക് എമെർജൻസി ലീവ് കൊടുത്തു മനസ്സിനെ നാട്ടിലേക്ക് വിട്ടു. 

അയാൾ വിദ്യാലയ അങ്കണത്തിൽ കാലു കുത്തുമ്പോൾ കൂട്ട മണി അടിക്കുന്ന ശബ്ദം. കുട്ടികൾ എല്ലാം ദ്രിതിയിൽ ക്ലാസ്സിൽ കയറുകയാണ്.  അയാൾ ആകെ നിരാശയായി. എത്ര മോഹത്തോട് കൂടിയാണ് വന്നത്. പക്ഷെ സ്കൂൾ തുറന്നത് ഓർക്കാതെയാണ് അവധിക്കാലം എന്ന് കേട്ടപ്പോൾ ചാടി പുറപ്പെട്ടത്‌.  കാലം തെറ്റി വന്ന മഴപോലെയായി തന്റെ വരവ്. 

ആരെയും ശല്യപ്പെടുത്താതെ സ്കൂളിൽ നിന്ന് ഇറങ്ങി നടന്നു. പണ്ട് പന്ത് കളിച്ചു നടന്ന പാടങ്ങൾ.., കുറ്റിയും കോലും കളിച്ചിരുന്ന പറമ്പുകൾ... അമ്പതു പൈസക്ക് അരവണ്ടി സൈക്കിൾ വാടകക്ക് എടുത്തു ചെമ്മൻ റോഡിലൂടെ കൂട്ടുകാരുമായി വാശിയിൽ ആഞ്ഞു ചവിട്ടിയിരുന്ന കാലം... ബാലൻസ് പോയി  വീണാൽ പൊട്ടിയ ഭാഗത്ത്‌ ഫസ്റ്റ് ഐഡ് ആയി ഉപയോഗിച്ചിരുന്ന കമ്മ്യുണിസ്റ്റ് പച്ച...  

ശാലീനത നശിച്ച ഗ്രാമത്തിൽ അങ്ങനെ ഒന്നും ഇപ്പോൾ കാണാൻ ഇല്ല. എല്ലാം നഗര വല്ക്കരിക്കപ്പെട്ടു. മനസ്സിലെ പഴയ അവധിക്കാല ചിത്രങ്ങൾ മാത്രം ബാക്കി. അതിനു ഒരു മുഷിപ്പും വന്നിട്ടില്ല. ഗ്രാമീണതയും ശാലീനതയും ആവോളം ഇപ്പോഴും ഉണ്ട് മനസ്സിൽ. അതിൽ നിന്ന് ഒരു ചെറു കഥ എഴുതാൻ പറ്റില്ല. എഴുതി തുടങ്ങിയാൽ അത് ചിലപ്പോൾ ഒരു നോവൽ ആയിട്ടെ അവസാനിക്കൂ. അങ്ങനെ ഒരു നോവൽ എഴുതാൻ ഉള്ള കഴിവോ സമയമോ ഇപ്പോൾ ഇല്ല. 

അയാൾ നാട്ടിൽ പോയ മനസ്സിനെ റോക്കറ്റ് വേഗത്തിൽ തിരിച്ചു വിളിപ്പിച്ചു. ഇനി ജോലിയിൽ ശ്രദ്ധിക്കാം. പഴയ സ്കൂൾ കൂട്ടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ  പങ്കുവെക്കുന്ന അവധിക്കാല ഓർമ്മകൾ വായിക്കാം എന്ന ആശ്വാസത്തിൽ ജോലികൾ തുടർന്നു. 

അപ്പോൾ നാട്ടിൽ നിന്നും ഭാര്യയുടെ മിസ്സ്ഡ് കാൾ . അയാൾ തിരിച്ചു വിളിച്ചു. ഭാര്യ സുഖവിവരം ചോദിച്ചു വേഗം കാര്യത്തിലേക്ക് കടന്നു . "അതെ...സ്കൂൾ തുറന്നു. മോന് പഠിക്കണം എന്ന ചിന്ത ഇല്ല . പുസ്തകം തുറന്നു വച്ച് കിനാ കാണുകയാ..."

അയാൾ ഭാര്യയോടു  ഫോണ്‍ മകനു കൊടുക്കാൻ ആവശ്യപ്പെട്ടു. കാര്യം തിരക്കി. മകൻ പറഞ്ഞു "അച്ഛാ...എനിക്ക് ഒരു കുഴപ്പവും ഇല്ല. ഞാൻ പഠിച്ചോളാം...അവധി കാലത്തെ കുറിച്ച് എഴുതാൻ ടീച്ചർ പറഞ്ഞിട്ടുണ്ട്. അപ്പോൾ അതാ ഞാൻ ആലോചിച്ചു ഇരിക്കുന്നത്...അമ്മ വെറുതെ കള്ളം പറയുന്നതാ..."

അയാൾ തന്റെ അവധിക്കാലത്തെ കുറിച്ചുള്ള ഓർമ്മകൾ കൈ വിട്ടുകൊണ്ട്  മകനോട് അവന്റെ അവധിക്കാലം എങ്ങനെ ചിലവഴിച്ചു എന്ന് പറയാൻ ആവശ്യപ്പെട്ടു . അവൻ ഫോണിലൂടെ അവധിക്കാലത്തെ കുറിച്ച് സംസാരിക്കുമ്പോൾ അയാളുടെ മനസ്സ്  അസ്വസ്ഥമാകുകയായിരുന്നു. കാരണം ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ അവന്റെ അവധിക്കാലത്തിനു മണ്ണിന്റെ മണം തീരെ ഇല്ലായിരുന്നു. എല്ലാറ്റിനും ഇലക്ട്രോണിക്സ് രുചി മാത്രം.! ..

അസ്വസ്ഥമായ മനസ്സോടു കൂടി അയാൾ ഫോണ്‍ വച്ചു. ജോലികൾ വേഗം തീർത്തു.  തൻ ആസ്വദിച്ച അവധിക്കാലം ഒരു കഥ ആയി എഴുതുവാൻ തയ്യാറായി. വീണ്ടും മനസ്സിനെ താൻ  പഠിച്ച വിദ്യാലയത്തിലേക്ക്‌ അയച്ചു. അവിടെ ക്ലാസുകൾ നടക്കുകയാണ്.പുറത്തു മഴ കനത്ത് പൈയ്യുന്നു. അയാൾ വരാന്തയിൽ മഴ തോരാൻ കാത്തു നിന്നു. 

അപ്പോൾ ഒരു ക്ലാസ്സിൽ നിന്ന്  ഒരു കുട്ടി എഴുന്നേറ്റു നിന്ന് അവധിക്കാലത്തെക്കുറിച്ച്  ഉച്ചത്തിൽ വായിക്കുന്നു. അയാൾ അത് ശ്രദ്ധാപൂർവ്വം ശ്രവിക്കാൻ തുടങ്ങി. ആ വായിക്കുന്ന കുട്ടിയെ നോക്കി. അതിനു തന്റെ ഒരു ഛായ. അതെ.., അത് താൻ തന്നെ ! 

ഇപ്പോൾ അയാൾ ഉള്ളതു വർഷങ്ങൾക്കു പുറകിൽ താൻ പഠിച്ച വിദ്യാലയ കാലഘട്ടത്തിൽ ആണ്. അവിടെ അയാളുടെ അവധിക്കാല കഥ ആരംഭിച്ചു തുടങ്ങുകയാണ്......

Wednesday, December 21, 2022

ഉമ്മ !

 കാറിൽ മകൾ നിർത്താതെ കരയുകയാണ്. സമയം സന്ധ്യ മയങ്ങി തുടങ്ങി. മേഘവും ഒരു മഴയ്ക്ക് വേണ്ടിയുള്ള തയ്യാറിലാണ്. അയാൾ കാറിന്റെ സ്പീഡ് അൽപ്പം കൂട്ടി. അപ്രതീക്ഷിതമായി പോലീസ് അയാളുടെ വാഹനത്തിനു നേരെ കൈ കാണിച്ചു നിർത്തുവാൻ ആവശ്യപ്പെട്ടു. അയാൾ കാർ പോലീസിന്റെ അരികെ നിറുത്തി. 

മകളുടെ നിർത്താതെയുള്ള കരച്ചിൽ ശ്രദ്ധയില്‍പ്പെട്ട പോലീസ് കാര്യം അന്വേഷിച്ചു. അയാൾ വിഷമത്തോടെ മകളുടെ ഉമ്മയെ കാണുവാൻ പോവുകയാണ് എന്ന് പറഞ്ഞു.

കാറുമായി പോകുന്ന അയാളുടെ പുറകിൽ സംശയം തോന്നിയ പോലീസ് ജീപ്പുമായി പിന്തുടർന്നു .

അയാളുടെ കാർ പോയി നിന്നതു ഒരു പള്ളിയുടെ കവാടത്തിനു മുന്നിലാണ്. കരയുന്ന മകളെ എടുത്ത് കൊണ്ടു അയാൾ പള്ളിയുടെ  ഖബർസ്ഥാൻ ലക്ഷ്യമാക്കി നടന്നു. ഉമ്മ വിശ്രമിക്കുന്ന സ്ഥലം മകൾക്കു അയാൾ കാണിച്ചു കൊടുത്തു.

എല്ലാം കണ്ടുനിന്ന പോലീസ് നിസ്സംഗതരാമായിക്കൊണ്ട് തിരിച്ചു പോയി.

അപ്പോഴേക്കും ചെറിയ മഴത്തുള്ളികൾ പെയ്തു തുടങ്ങി. മകളുടെ മിഴികൾ നിറഞ്ഞു തന്നെ നിന്നിരുന്നു. പക്ഷെ അയാളുടെ കണ്ണുകളിലെ മഴ ഹൃദയത്തിൽ ആണ് പെയ്തുകൊണ്ടിരുന്നത് ..!