സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം
Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts

Friday, August 18, 2023

പേനയുടെ ഖൽബ് !

 










പഴയ പേനയുടെ 
മനസ്സൊന്നു കുടഞ്ഞപ്പോൾ 
ഒരു കുടം ഓർമ്മകൾ പിടഞ്ഞു വീണു.

ഒരിക്കലും വറ്റാത്ത ഓർമ്മകളുടെ 
മഷിയിപ്പോഴും കുടഞ്ഞാൽ വീഴുമാറു 
നിൽപ്പൂ പെന്നിൽ ഖൽബിലിന്നും.

വിരിയാൻ കഴിയാത്ത വാക്കുകൾ 
പെന്നിൽ തുമ്പിൽ വെമ്പി 
ആരെയോ നോക്കി കാത്തിരിപ്പാണെന്നും.

പറയാൻ മറന്നു വച്ച കഥകളും 
പ്രണയത്തിൻ മോഹ വിരഹവും 
കാത്തു സൂക്ഷിപ്പൂ ഉള്ളിലിന്നും നിറം മങ്ങാതെ.

കാലങ്ങൾ മറഞ്ഞാലും 
ബാക്കി നിർത്തിയ വരികളെഴുതാൻ 
പെന്നിൽ മഷിച്ചെപ്പിൻ അറകൾ 
ഓർമകളാൽ നിറഞ്ഞിരിപ്പാണെന്നും.

Tuesday, September 6, 2022

വസന്തകാല ഓർമ്മകൾ !




ഇന്നും ഓർമ്മയിൽ  
ആരവം ഇരമ്പുന്ന ഒരു  വിദ്യാലയ ഇടനാഴിയുണ്ട്; 
കൂടെ ഈറൻ  മഴയുടെ കുളിരും.  

പുതുമണം പേറും പുസ്തക ഗന്ധം നുകരാൻ
ജാലക വാതിലിൻ  പാളികൾ 
ഉറക്കെ അടച്ചു തുറന്നു കാറ്റ് ഓടിയെത്തും .   

കൂടെ വരിവരിയായി വന്നു മഴത്തുള്ളികൾ    
കുഞ്ഞു വിരലടയാളങ്ങൾ തീർത്തു
പുസ്തക താളുകളിൽ മെല്ലെ തലോടും.  

"മാഷേ.. ബുക്ക് നനയുന്നു"  
എന്നുറക്കെ പുറകിലെ ബഞ്ചിലെ 
ജനാലക്കരികിൽ ഇരുന്നൊരു വിരുതൻ അലറി.

മഴ കൂടിയാൽ മാഷ് 
ക്ലാസ് നിറുത്തി കഥ പറയും 
എന്നടക്കം പറഞ്ഞു ചിലർ ഒതുങ്ങിയിരുന്നു.  

കുട്ടികൾ  മനസ്സിൽ കണ്ടത് 
കറുത്ത ബോഡിൽ ചോക്കുകൊണ്ടെഴുതി 
"ഇനി കഥ പറയാം " എന്നായി മാഷിൻ ഭാവം. 

അത്ഭുതത്തോടെ  മുഖത്തോടു മുഖം നോക്കി 
മനസ്സ് വായിക്കാൻ " മാഷ്‌ക്കെന്തു കഴിവെന്ന് "  
പഠിക്കാതെ വന്നവർ തമ്മിൽ പിറുപിറുത്തു. 

സ്കൂൾ വിടാനുള്ള കൂട്ട മണിയടിക്കാൻ 
പിയൂൺ വരുന്നുണ്ടോയെന്ന് എത്തിനോക്കി 
ജനൽ കമ്പികൾക്കിടയിലൂടെ നടു ബഞ്ചിലൊരുത്തൻ.

കഥ നിറുത്തിയ മാഷെ  നോക്കി 
പുസ്തങ്ങൾ മടക്കി സഞ്ചിയിലിട്ടു ഒതുങ്ങിക്കൂടി 
കാത്തിരുന്നു മുൻ ബഞ്ചിലെ മിടുക്കന്മാർ. 
 
മഴ കുറഞ്ഞതും  കൂട്ടബെല്ലടിച്ചതു -
മൊരുമിച്ചു വീടാണയാൻ നാം ഒരു കുടയിൽ  
നനഞ്ഞു ചേർന്ന് നടന്നതും സുവർണ്ണകാലം. 

മഴയുടെ തണുപ്പും കുളിരും 
പുത്തൻ പുസ്തകത്തിൻ മണവും നിറഞ്ഞ 
വസന്ത സ്മരണകൾ വിദ്യാലയകാലമെന്നും ജീവിതത്തിൽ !   


Sunday, August 15, 2021

ഓർമ്മകളുടെ പൂക്കളം

 

ഓണ നിലാവിൻ  പൈങ്കിളി 
യെൻ മനസ്സിൻ ചില്ലയിലിരുന്നു 
മാടിവിളിക്കുന്നൊരു ഓണക്കാലം.

അത്തം ഇങ്ങെത്തിപ്പോയി 
തൊടിയിൽ പൂക്കൾ കാത്തിരിക്കുന്നു 
കളം നിറയ്ക്കുവാൻ ! 

ചെറു മഞ്ഞിൻ കുളിരിൻ 
പുലർക്കാലേ പൂപ്പറിക്കുവാൻ 
പോയിരുന്നൊരു ഓർമ്മക്കാലം .  

ഗ്രാമീണ ഭംഗി നിറഞ്ഞൊരാ -
തുമ്പപ്പൂവിൻ ചെറു വെണ്മ 
പുഞ്ചിരിയിൽ വിടർന്നൊരു പൂക്കാലം . 

ഇളം വെയിലിൽ 
പാറിപ്പറക്കും വയൽ തുമ്പികൾപ്പോൽ   
ഓർമ്മകളോടുന്നു കുട്ടിക്കാലം തേടി. 

പൂക്കളം നിറഞ്ഞ പൂക്കൾ പോൽ 
നിർമ്മലമാം സംശുദ്ധമായിരുന്നൊരാ -  
ബാല്യത്തിൻ സുവർണ്ണ ലോകം. 

ആട്ടമൊഴിഞ്ഞ  ഊഞ്ഞാലിൻ 
ഏകാന്തതയിൽ കഴിയുന്ന മുറ്റത്തെ 
തേൻമാവിനുമുണ്ടേറെ പരിഭവങ്ങൾ പറയുവാൻ !  

കാത്തിരുന്നാലും 
തിരിച്ചുവരാത്ത ആ സുദിനങ്ങൾക്കിന്നും  
മാമ്പഴത്തിൻ ഗന്ധവും രുചിയുമാണ് .

കാലങ്ങൾക്കിപ്പുറവും 
മനസ്സിൽ വിരിയുന്ന ഓണക്കാലങ്ങൾക്കു 
മുക്കുറ്റി പൂവിനോളം അഴകാണ്.

വീണ്ടുമൊരുനാൾ  
പറന്നു വരും ഓണ നിലാ പൈങ്കിളി 
ഓർമ്മകളുടെ പൂക്കളം മനസ്സിൽ തീർക്കുവാൻ.  

Monday, February 8, 2021

യാ റസൂൽ (ഹുബ്ബു് റസൂൽ )

 


യാ റസൂലുള്ളാഹ്,,,!
മണ്ണിൽ നിന്ന് നിൻ റൂഹ്
വിണ്ണിലേക്ക് ഉയർന്ന നേരം
ഈ ഭൂമി ലോകം എത്ര മരവിച്ചു കാണും !

കാറ്റ് നിൻ സുഗന്ധത്തിനായി
പാരിൽ എത്രമാത്രം
അലഞ്ഞു കാണും !

മൺ തരികൾ
നിൻ പാദസ്പർശത്തിനായി
എത്ര കാത്തിരുന്നു കാണും !

അരുവികളിലെ ജലം
നിൻ കൈ കുമ്പിളിൽ നിറയാൻ
എത്ര ആഗ്രഹിച്ചു കാണും !

മേഘങ്ങൾ നിനക്ക്
തണലേകാൻ കൊതിച്ച്
എത്ര പാറി പറന്നു കാണും !

ഭൂമിയിലെ  ചരാചരങ്ങളും
നിൻ ദേഹത്തോടോപ്പം മണ്ണിൽ അലിയാൻ
എത്ര പിടഞ്ഞു കാണും !

നൂറ്റാണ്ടുകൾക്കിപ്പുറവും
സാധുക്കളായ ഞങ്ങൾ
ആഗ്രഹിക്കുന്നതും ഒന്നുതന്നെ !

നാളെ മഹ്ശറയിൽ ശഫാഹത്തേകാൻ
ഞങ്ങൾക്ക് തുണ
നീ മാത്രമാണ് തിരുദൂതരേ !

നിൻ പ്രഭയും മഹത്വവും നീണാൽ വാഴും
ഖിയ്യാമം നാൾ വരേയും ഈ ഭൂമിയിൽ
യാ റസൂലുള്ളാഹ്,,,!

Saturday, August 10, 2019

യാ റസൂലുള്ളാഹ്,,,!



യാ റസൂലുള്ളാഹ്,,,!
മണ്ണിൽ നിന്ന് വിണ്ണിലേക്ക് നിൻ റൂഹ് ഉയർന്ന നേരം !
ഈ ഭൂമി ലോകം എത്ര മരവിച്ചു കാണും !

കാറ്റ് നിൻ സുഗന്ധത്തിനായി എത്ര അലഞ്ഞു കാണും !
മൺ തരികൾ നിൻ പാദസ്പർശത്തിനായി
എത്ര കാത്തിരുന്നു കാണും !

അരുവികളിലെ ജലം നിൻ കൈ കുമ്പിളിൽ നിറയാൻ
എത്ര ആഗ്രഹിച്ചു കാണും !
മേഘങ്ങൾ നിനക്ക് തണലേകാൻ കൊതിച്ച്
എത്ര പാറി പറന്നു കാണും !

ഭൂമിയിലെ ചരാചരങ്ങളും നിൻ ദേഹത്തോടോപ്പം മണ്ണിൽ
അലിയാൻ എത്ര പിടഞ്ഞു കാണും !
നൂറ്റാണ്ടുകൾക്കിപ്പുറവും
സാധുക്കളായ ഞങ്ങൾ ആഗ്രഹിക്കുന്ന പോലെ !

നാളെ മഹ്ശറയിൽ ശഫാഹത്തേകാൻ ഞങ്ങൾക്ക്
തുണ നീ മാത്രമാണ് തിരുദൂതരേ !

നിൻ പ്രഭയും മഹത്വവും നീണാൽ വാഴും
ഖിയ്യാമം നാൾ വരേയും ഈ ഭൂമിയിൽ !
യാ റസൂലുള്ളാഹ്,,,!

Tuesday, May 28, 2013

വേനൽ സ്വപ്നം



വേനലിൽ ഒരു മഴ
നല്ല മഴ പെരുമഴ
പെയ്തു തകർക്കുന്നു.

മരങ്ങൾ നനഞ്ഞു കുളിച്ചു
പുതു മഴ ഗന്ധം പാരിൽ പരത്തി
മനം നിറച്ചു മഴ തോർന്നു.

ഇടി മിന്നൽ പോലെ
മേസ്തിരിയുടെ ഗർജ്ജനം
മദ്ധ്യന ഇടവേള മയക്കത്തിനു
വിഘ്നം വരുത്തി.

മഴയല്ല പെയ്തത്
മരമല്ല കുളിച്ചത്
പുതുമഴ ഗന്ധമല്ല പരന്നത്
എരിയും ആവിയിൽ വെന്ത എൻ
വിയർപ്പൊട്ടിയ വസ്ത്രത്തിൻ ഗന്ധമാണ്.

മരം പെയ്യും മഴ പോലെ
പ്രവാസ മണ്ണിൽ ഉതിർന്നു വീണ
വിയർപ്പ് തുള്ളികൾക്ക്
മഴത്തുള്ളിയുടെ തെളിമയില്ല,
വേനൽ ചൂടിൽ ഉരുകി വീഴും
സ്വപ്നത്തിൻ ഉപ്പുരസമായിരുന്നു.

Wednesday, March 13, 2013

രണ്ട് പേര്‍

ഉമ്മ


ഏതു വേദനകളിലും
ഏതു പ്രയാസങ്ങളിലും
സാന്ത്വനത്തിനായി
അല്ലാഹുവിനോടൊപ്പം
വിളിക്കുന്ന ഒരേയൊരു നാമം


*** *** *** ***


ഉപ്പ


എന്‍ ഉപ്പയുടെ
നെഞ്ചിന്‍ പിടച്ചില്‍ ഞാനറിഞ്ഞത്
ചൂണ്ടാണി വിരല്‍ വിട്ടോടിയ
കുസൃതി കുരുന്ന് എന്‍ -
കണ് വെട്ടത്തു നിന്നു
മറഞ്ഞപ്പോള്‍ മാത്രം....


*** *** *** ***

Tuesday, November 16, 2010

ഒരു അമ്മമരം



മകളേ..
ഒരുനാള്‍ എന്‍ തായ് വേരില്‍
നീ മുകുളമായി കുരുക്കുമ്പോള്‍
വീണ്ടും ഒരു ജന്മം
വിടരുകയായിരുന്നു
ഈ അമ്മയില്‍.

നീ തളിരായി
എന്‍ അരികില്‍ വളരുമ്പോള്‍
പച്ചപ്പിന്‍ പുതുപ്രതീക്ഷകള്‍
ഒരുപാടായിരുന്നു ഇലകള്‍ പഴുത്ത
ഈ അമ്മതന്‍ മനശിഖിരങ്ങളില്‍.

ജീവിത ഇലകള്‍
ഓരോന്നായി കൊഴിയുമ്പോഴും
നാളെ നിനക്ക് തഴച്ചുവളരാന്‍
വളമാവട്ടെ എന്നാശിച്ചുപ്പോയി
ഈ അമ്മ.

വീണ്ടുമൊരു വസന്തം മോഹിക്കാതെ
ഇലകള്‍ കൊഴിച്ച്
ശാഖകല്‍ ശുഷ്ക്കിച്ചു
വാനോളം നിനക്ക് വളരാന്‍
സ്വജന്മം ബലിയര്‍പ്പിച്ചു
ഈ അമ്മ.

നാളെ നിന്‍ വേരില്‍
കുഞ്ഞു മുകുളമായി വിരിയും
തളിരിനെ പോറ്റാന്‍
മറ്റൊരമ്മയായി ജീവിതം ത്വജിക്കുമ്പോള്‍
ബലമായി നിന്നില്‍ വര്‍ഷിക്കട്ടെ
ഈ അമ്മതന്‍ ജീവിത ത്യാഗം.

ഈദുല്‍ ഫിത്വര്‍ പുലരി..



ശവ്വാലിന്‍ അബിളിക്കലയില്‍ ‍ ‍
റമദാന്‍ പൊന്‍വിളക്കിന്‍ തിരി താണു
പാരിലാകെ.

ദൈവ കാരുന്ന്യത്തിന്‍ പാലൊളി വീശി
വ്രതത്തിന്‍ പുണ്ണ്യനാളില്‍
മണ്ണിന്‍ മാറില്‍ നീളെ.

തറാബിഹിന്‍ മന്ത്രങ്ങള്‍ ‍
വാനില്‍ ലയിച്ചു
രാവിന്‍ നിലാകുളിരലകളില്‍.

പശ്ചാതാപത്താല്‍ ഉയര്‍ന്ന കരങ്ങള്‍
നിറച്ചു ദിനരാത്രങ്ങള്‍
പ്രപഞ്ചനാഥ സ്തുതികള്‍.

ഇരുപത്തിയേഴാം രാവിന്‍ ധര്‍മവും
ലൈലത്തുല്‍ ഖദറിന്‍ ശ്രേഷ്ഠതയും
മാനവ ഹൃദയത്തില്‍ പരിശുദ്ധിയെകി.

വ്രതശുദ്ധിയില്‍ അലക്കിയെടുത്ത
മനസ്സും ശരീരവും തക്ബീര്‍ ധ്വനികളാല്‍
ഒഴുകി അത്തറിന്‍ പരിമളം വീശും
ഈദുല്‍ ഫിത്വറിന്‍ പൊന്‍പുലരിയിലേക്ക്.

(എഴുതിയത്: സെപ്റ്റംബര്‍ 2010)

വാടാത്ത പൂക്കളം



ചിങ്ങം വന്നു പോയി
പോന്നോണവും വന്നു പോയി
നന്മ നിറഞ്ഞ ചിരികളാല്‍
ഉമ്മറത്തു കാത്തിരുന്ന
മുത്തശ്ശിയും പിരിഞ്ഞു പോയി.

തൊടിയില്‍ വിരിഞ്ഞ
തുമ്പകള്‍ വാടിത്തളര്‍ന്നു,
മുക്കുറ്റിപ്പൂക്കള്‍ വിടര്‍ന്നു പൊഴിഞ്ഞു.
പൂക്കളം തീര്‍ക്കാന്‍ മോഹിച്ച
മുറ്റം വെറും കളകളാല്‍
നിറഞ്ഞു കവിഞ്ഞു..

ഓണക്കോടിയുടുത്തു
ഓടിനടന്ന വയലേലകളിന്നില്ല.
വയലിന്‍ വരമ്പില്‍ ചാഞ്ഞു
തളിര്‍ത്ത നെല്‍‍ക്കതിരുകള്‍ക്കുമേല്‍
പാറിപ്പറക്കാന്‍ ഓണത്തുമ്പികളുമെത്താറില്ല.

കാറ്റില്‍ താളത്തില്‍
ഊഞ്ഞാലിട്ടു ചുക്കാന്‍ ആട്ടം ആടാന്‍
ചക്കരമാവിന്‍ ചില്ലയുമില്ല,
ചക്കപ്ലാവിന്‍ തണലുമില്ല,
ചങ്ങാതിമാരുമില്ലന്ന്.

വെയിലേറ്റു വാടിയ മരുഭൂവില്‍
ഹരിതമായി വിരുന്നു വന്നുപോകുന്നു
ചിങ്ങം ചങ്ങാതി ഒരായിരം ഓര്‍മകളാല്‍
മനസിന്‍ മുറ്റത്ത്‌ വാടാത്ത പൂക്കളം തീര്‍ത്ത്..

(എഴുതിയത്: സെപ്റ്റംബര്‍ 2010)

പേന പോലെ ഒരു ജീവിതം



ഈശ്വരന്‍ അവനും കൊടുത്തു
ജീവിതമാകുന്ന ഒരു പേന.
നന്മയും സ്നേഹവും രചിക്കുവാന്‍.

എന്നാല്‍,
അവന്‍ രചിച്ചത് മുഴുവന്‍
തിന്മയും അസഹിഷ്ണുതയുമാണ്.

എപ്പോഴോ വറ്റാന്‍ തുടങ്ങിയ മഷി
അറിയാതെ നിന്നുതുടങ്ങിയപ്പോള്‍
അവനിലും ഒരു മോഹം
നന്മയും സ്നേഹവും രചിക്കുവാന്‍.

പക്ഷെ,
വൈകിയ തിരിച്ചറിവില്‍
ഒരു വരി എഴുതാന്‍ ദാഹിച്ച പേനയെ
മഷി തീര്‍ന്ന പരമസത്യം അറിഞ്ഞ
വിധിയുടെ വിരലുകള്‍ കുടഞ്ഞെറിഞ്ഞു
കാലത്തിന്‍ യവനിക്കപ്പുറത്തെ
ഏതോ മൂലയിലേക്കു.

(എഴുതിയത്: ഏപ്രില്‍ 2010)