ഇന്നും ഓർമ്മയിൽ
ആരവം ഇരമ്പുന്ന ഒരു വിദ്യാലയ ഇടനാഴിയുണ്ട്;
കൂടെ ഈറൻ മഴയുടെ കുളിരും.
പുതുമണം പേറും പുസ്തക ഗന്ധം നുകരാൻ
ജാലക വാതിലിൻ പാളികൾ
ഉറക്കെ അടച്ചു തുറന്നു കാറ്റ് ഓടിയെത്തും .
കൂടെ വരിവരിയായി വന്നു മഴത്തുള്ളികൾ
കുഞ്ഞു വിരലടയാളങ്ങൾ തീർത്തു
പുസ്തക താളുകളിൽ മെല്ലെ തലോടും.
"മാഷേ.. ബുക്ക് നനയുന്നു"
എന്നുറക്കെ പുറകിലെ ബഞ്ചിലെ
ജനാലക്കരികിൽ ഇരുന്നൊരു വിരുതൻ അലറി.
മഴ കൂടിയാൽ മാഷ്
ക്ലാസ് നിറുത്തി കഥ പറയും
എന്നടക്കം പറഞ്ഞു ചിലർ ഒതുങ്ങിയിരുന്നു.
കുട്ടികൾ മനസ്സിൽ കണ്ടത്
കറുത്ത ബോഡിൽ ചോക്കുകൊണ്ടെഴുതി
"ഇനി കഥ പറയാം " എന്നായി മാഷിൻ ഭാവം.
അത്ഭുതത്തോടെ മുഖത്തോടു മുഖം നോക്കി
മനസ്സ് വായിക്കാൻ " മാഷ്‌ക്കെന്തു കഴിവെന്ന് "
പഠിക്കാതെ വന്നവർ തമ്മിൽ പിറുപിറുത്തു.
സ്കൂൾ വിടാനുള്ള കൂട്ട മണിയടിക്കാൻ
പിയൂൺ വരുന്നുണ്ടോയെന്ന് എത്തിനോക്കി
ജനൽ കമ്പികൾക്കിടയിലൂടെ നടു ബഞ്ചിലൊരുത്തൻ.
കഥ നിറുത്തിയ മാഷെ നോക്കി
പുസ്തങ്ങൾ മടക്കി സഞ്ചിയിലിട്ടു ഒതുങ്ങിക്കൂടി
കാത്തിരുന്നു മുൻ ബഞ്ചിലെ മിടുക്കന്മാർ.
മഴ കുറഞ്ഞതും കൂട്ടബെല്ലടിച്ചതു -
മൊരുമിച്ചു വീടാണയാൻ നാം ഒരു കുടയിൽ
നനഞ്ഞു ചേർന്ന് നടന്നതും സുവർണ്ണകാലം.
മഴയുടെ തണുപ്പും കുളിരും
പുത്തൻ പുസ്തകത്തിൻ മണവും നിറഞ്ഞ
വസന്ത സ്മരണകൾ വിദ്യാലയകാലമെന്നും ജീവിതത്തിൽ !
നഷ്ടമായല്ലോ ആ കാലം 😥
ReplyDeleteഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുവർണ്ണകാലം
ReplyDelete