സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം
Showing posts with label കുട്ടിക്കവിതകള്‍. Show all posts
Showing posts with label കുട്ടിക്കവിതകള്‍. Show all posts

Friday, September 8, 2023

കുട !

 

നിന്നെ 
കൂടെ കൂട്ടാത്തപ്പോൾ 
മഴ പെയ്യുമായിരുന്നു.

നിന്നെ 
കൂടെ ചേർക്കാത്തപ്പോൾ 
വെയിൽ വരുമായിരുന്നു.

നിന്നെ 
കൂടെ കൊണ്ടുപോകുമ്പോൾ 
രണ്ടുപേരും ആ വഴിയിൽ പോലും വരാറില്ല.

എന്നേക്കാൾ 
പേടി അവർക്കു നിന്നോടു തന്നെ! 
ഞാൻ  വെറും നിന്റെ ചുമട്ടുകാരൻ .


Tuesday, August 18, 2020

കൊച്ചുമുല്ലയും കുഞ്ഞുപെങ്ങളും (ആലാപനം)


വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ ഞങ്ങളുടെ കോളേജ് സൗഹൃദങ്ങൾ. കാലങ്ങൾക്ക്  മായ്ച്ചു കളയുവാൻ  സാധിക്കാത്ത സുഹൃത്ത് ബന്ധങ്ങൾ.

പ്രിയപ്പെട്ട എന്റെ ( ഞങ്ങളുടെ) കൂട്ടുകാരി "ലൗലീത" യുടെ മനോഹരമായ ശബ്ദത്താൽ   ആലപിച്ച "കൊച്ചുമുല്ലയും കുഞ്ഞുപെങ്ങളും" എന്ന എന്റെ കുട്ടിക്കവിത.





മുല്ലേ....മുല്ലേ....
കൊച്ചു മുല്ലേ...
എന്തേ നീ പൂക്കാഞ്ഞു!

എന്‍ കുഞ്ഞു പെങ്ങടെ
തലയില്‍ ചൂടാന്‍
ഒരു മുഴം പൂ തരാഞ്ഞു!

എന്നും പുലര്‍ക്കാലെ
നിന്നരില്‍ മിഴിയാ
കണ്ണുമായി അവള്‍ നില്‍പ്പൂ...

ഇളം കുഞ്ഞു കയ്യാല്‍
എത്ര കുടം വെള്ളം
അവള്‍ നിനക്കേകി...

നിന്‍ കൊച്ചു നാമ്പുകള്‍
കല്ലില്‍ പടരുമ്പോള്‍
അവള്‍ തന്‍ മിഴികളില്‍
വിടര്‍ന്നു ഒരായിരം
മുല്ല മൊട്ടുകള്‍...

ലോലമാം ആ കുഞ്ഞു
ഹൃദയത്തെ നോവിക്കാന്‍
കല്ലില്‍ പന്തലിച്ച നിന്‍ മനസ്സ്
കല്ലോളം വളര്‍ന്നോ?
മുല്ലേ...കൊച്ചു മുല്ലേ...



Saturday, November 13, 2010

പൂ മൊട്ടുകള്‍



വീണ്ടും വന്നു ഒരു ജൂണ്‍ മാസം
പള്ളികൂടത്തിന്‍ പടിവാതില്‍ തുറന്നു
സ്വാഗതമോതാന്‍ പുതുമഴയും കൂടെ.
മഴത്തുള്ളി തന്‍ പുഷ്പ വൃഷ്ടിയില്‍
എങ്ങും വര്‍ണ്ണകുടകള്‍ വിടര്‍ന്നു.

അമ്മതന്‍ വിരലില്‍ തൂങ്ങികൊണ്ട്
കിലു കിലേ ശബ്ദിച്ചു കൊണ്ട്
കുഞ്ഞാറ്റ കിളികള്‍ വരവായ്‌
വിദ്യതന്‍ അമൃത്‌ നുകരാനായ്...


ഒരമ്മ പെറ്റ മക്കള്‍ പോല്‍
ഒരേ വര്‍ണ്ണ പകിട്ടോടെ നിരന്നു
വിരിയും വര്‍ണ്ണപൂക്കള്‍
പള്ളികൂടത്തിന്‍ മുറ്റത്ത്‌
അറിവിന്‍ നാദം കേള്‍ക്കാനായ്...

മാതാവിന്‍ വിരല്‍ വിടുമ്പോള്‍
വിതുമ്പുന്ന തളിര്‍ത്ത ചുണ്ടുകള്‍,
നിറയുന്നു ചില നീല മിഴികള്‍,
വിരിയുന്നു ചില പാല്‍പുഞ്ചിരികള്‍.

വികൃതി തന്‍ വിസ്മയകൂട്ടം തമ്മില്‍
തോണ്ടുന്നു, നുള്ളുന്നു, മോങ്ങുന്നു.
പിന്നെ ചിരിയും കളിയും കേട്ടിപിടിയുമായി
പുതു സൌഹൃതം മൊട്ടിടുന്നു നീളെ..

ആട്ടവും പാട്ടുമായ് അറിവിന്‍ കേതാരം
തീര്‍ക്കുന്നു വിസ്മയതിന്‍ വിരുന്നിന്‍ കൂടാരം.
കുരുന്നുകള്‍ തന്‍ കുസ്രിതികള്‍ കണ്ടു
കൊതി തീരത്തെ വീണ്ടും മഴ
ദൈവ ദൂതനായി കാത്തു നില്പൂ...

(എഴുതിയത്: മെയ്‌ 2009)

കൊച്ചു ഓണാഗ്രഹങ്ങള്‍



ഓണ പൂക്കള്‍ വിരിയാത്ത
മാനത്തിന്‍ ഇരുള്‍ പാടത്ത്
മിന്നി തിളങ്ങും മിന്നാമിനുങ്ങുകളെ
വരൂ എന്‍ കൊച്ചു കുടിലിന്‍ മുറ്റത്ത്‌
ഓണ നിലാവില്‍ കളിയാടാന്‍...

മാനത്തിന്‍ പൂമുഖത്ത്
നെറ്റി ചുളുക്കിയിരിക്കും
അമ്പിളി മാമനെ പേടിച്ചോ
എന്‍ പൂ വിളികള്‍ കേള്‍ക്കാതെ
കണ്ണിറുക്കി കാണിക്കുന്നത്.

സന്തോഷത്താല്‍ തുള്ളി ചാടും
എന്‍ കൊച്ചനുജത്തിക്ക്
ഒരായിരം മിന്നി തിളങ്ങും
പൊന്‍ താരങ്ങള്‍ നിറഞ്ഞ കുഞ്ഞുടുപ്പ്‌
തുന്നിത്താ പൊന്നോണ സമ്മാനമായി.

താഴെ വന്നാല്‍ എന്‍ അച്ഛന്‍
പഠിപ്പിച്ച ‍പൊന്നോണ പാട്ടുകള്‍
പാടി കേള്‍പ്പിക്കാന്‍ ഞാന്‍.
അമ്മയും കുഞ്ഞനുജത്തിയും കൂടി
ഓണകളികള്‍ നിങ്ങള്‍ക്കായി കാഴ്ച വെക്കാം..


എഴുതിയത്: സെപ്റ്റംബര്‍ 2009)

അമ്പിളി മാമന്‍



മാമാ...
പൊന്നബിളി മാമ..
മിഴികള്‍ തുറന്നു
വാനിന്‍ തട്ടില്‍ നോക്കി
ഉറങ്ങാതെ
ഞാനിതാ നില്‍പ്പൂ..


കാണിക്കു
നിന്‍ വട്ടമുഖം
ഇന്നെനിക്കായി
ഒളിച്ചു കളിക്കാതെ
ഈ രാത്രിയില്‍.


കുഞ്ഞേ..
എന്‍ മണി കുഞ്ഞേ..
കണ്ണീര്‍ മുത്തുകള്‍
പൊഴിക്കാതെ
മിഴികള്‍ പൂട്ടി
ഉറങ്ങുക നീ..


വരാം
ഈ മാമന്‍
പതിനാലാം രാവില്‍
നിലാവിന്‍
പാല്‍ കിണ്ണവുമായി
നിന്നരികില്‍.

കള്ളി പൂങ്കുയില്‍



കുയിലേ...പൂങ്കുയിലേ
ഈ പൂമരകൊമ്പിലിരുന്നു
ഒരു പാട്ട് നീ പാടുമോ
എന്‍ പോന്നോമനക്കായ്..


കൊച്ചരിപ്പല്ലുകള്‍ കാട്ടി
ഒരെതിര്‍പാട്ട് പാടാന്‍
ചെഞ്ചുണ്ടുകള്‍ കൊതിക്കുന്നത്
കണ്ടില്ലയോ കുയിലമ്മേ..


എന്‍ പൊന്നോമന തന്‍
പാല്‍ പുഞ്ചിരി കാണാതെ
വാനിന്‍ വനത്തിലേക്ക്
കുതിക്കാതെ നീ പുള്ളി കുയിലേ...


നിന്‍ സ്വര മാധുരിയില്‍ ‍
താളം പിടിക്കാന്‍
പിഞ്ചു വിരലുകള്‍
വാനിലുയര്‍ത്തി എന്‍ തങ്കം.


ഒരമ്മ തന്‍ മഹത്വം
എന്തെന്നറിയാത്ത നീ
എങ്ങനെ കാണും എന്‍
കുഞ്ഞു പൈതലിന്‍ ദുഃഖം
കുയിലേ..കള്ളി പൂങ്കുയിലേ!


(എഴുതിയത്: ജൂലൈ 2009)

കൊച്ചുമുല്ലയും കുഞ്ഞിപെങ്ങളും




മുല്ലേ....മുല്ലേ....
കൊച്ചു മുല്ലേ...
എന്തേ നീ പൂക്കാഞ്ഞു!

എന്‍ കുഞ്ഞു പെങ്ങളുടെ
തലയില്‍ ചൂടാന്‍
ഒരു മുഴം പൂ തരാഞ്ഞു!

എന്നും പുലര്‍ക്കാലെ
നിന്നരില്‍ മിഴിയാ
കണ്ണുമായി അവള്‍ നില്‍പ്പൂ...

ഇളം കുഞ്ഞു കയ്യാല്‍
എത്ര കുടം വെള്ളം
അവള്‍ നിനക്കേകി...

നിന്‍ കൊച്ചു നാമ്പുകള്‍
കല്ലില്‍ പടരുമ്പോള്‍
അവള്‍ തന്‍ മിഴികളില്‍
വിടര്‍ന്നു ഒരായിരം
മുല്ല മൊട്ടുകള്‍...

ലോലമാം ആ കുഞ്ഞു
ഹൃദയത്തെ നോവിക്കാന്‍
കല്ലില്‍ പന്തലിച്ച നിന്‍ മനസ്സ്
കല്ലോളം വളര്‍ന്നോ?
മുല്ലേ...കൊച്ചു മുല്ലേ...


എഴുതിയത്: ജൂണ്‍ 2009)

കൂട്ടുകാരന്‍



കണ്ണോന്നോടിച്ചു മേലോട്ട്
തുള്ളിയൊന്നെന്‍ കൈ -
തണ്ടയില്‍ പതിച്ച നേരം.


വിടര്‍ന്നു വദനമെന്‍
മാനത്തിന്‍ മുഖഭാവം
കണ്ടപ്പോള്‍.


കുളിര്‍ കാറ്റൊന്നു
മെല്ലെ തൊട്ടു വിളിച്ചു
ധൃതിയില്‍ നടന്നകന്നു.


അകലെ നിന്ന്
പെയ്തുവരും മഴയെ
തരിഞ്ഞു നോക്കി
ഞാന്‍ ഒരുവട്ടം.


പുണരാന്‍ വെമ്പും
കൈകളുമായി
പുറകെ ഓടിവരുന്നു
എന്‍ പ്രിയ കൂട്ടുകാരന്‍..

(എഴുതിയത്: ജൂണ്‍ 2009)

ഒരു കുട്ടികാലം




മണ്ടുന്നു വീണ്ടും വീട്ടിലേക്കു
നാലുമണി തന്‍ കൂട്ടമണി മുഴങ്ങുമ്പോള്‍
ഒഴുകും നീര്‍ചാലിലെ കരിയില പോലെ
അവിടെ ഇവിടെ തങ്ങി തങ്ങി...

തോളില്‍ തൂങ്ങും പുസ്തക സഞ്ചി
പറക്കും കാറ്റില്‍ ആഞ്ഞു വീശി
നിറഞ്ഞ താമര പൊയ്കയില്‍
വെറുതെ കാലൊന്നു മുക്കി..
കണ്ണില്‍ കാണും ഇലകള്‍ പറിച്ചും
വിരിയും പൂമൊട്ടുകള്‍ പിഴുതും
തെന്നി പറക്കും തുമ്പിയെ പിടിച്ചും
നടത്തുന്നു ഒരു പരാക്രമ യാത്ര..

പൂത്തു നില്‍ക്കും കണ്ണിമാങ്ങ കൊഴിച്ചും
ചാഞ്ഞു നില്‍ക്കും തെങ്ങില്‍ കയറിയും
വയലില്‍ ഇരിക്കും കൊറ്റിയെ എറിഞ്ഞും
പോകുന്നു ഒരു തെമ്മാടിയെ പോലെ ..

വീടിന്‍ പടിവാതില്‍ കടക്കും നേരം
എറിയും സഞ്ചി അമ്മതന്‍ കയ്യില്‍
മോന്തുന്നു ചായയും കടിയും, ശേഷം -
ഓടുന്നു കളി തന്‍ പൂരപറമ്പിലേക്ക്‌...

സന്ധ്യതന്‍ ചുകപ്പു വാനില്‍ വിരിയും വരെ
കളിക്കുന്നു കൂട്ടമൊരായിരം കളികള്‍
വികൃതി നിറഞ്ഞ കുരുന്നു ബാല്യങ്ങള്‍
അമ്മതന്‍ വിളി കേള്‍ക്കും നേരം
മണ്ടുന്നു വീണ്ടും വീട്ടിലേക്കു...

(എഴുതിയത്: ജൂണ്‍ 2009)