സ്വാഗതം WELCOME स्वागत
Sunday, July 23, 2023
അവധിക്കാല കഥ !
Wednesday, September 1, 2021
അയാളുടെ കത്ത്
Saturday, October 24, 2020
മീസാൻ കല്ലുകൾക്കിടയിൽ !
Friday, September 18, 2020
റഹീമിന്റെ രാംലാൽ
നടവരമ്പ് മാത്രമുള്ള വഴിയിലൂടെ അയാൾ വെളിച്ചം മങ്ങിയ ടോർച്ച് ഇടക്കിടക്ക് മിന്നിച്ചു കൊണ്ട് നടന്നു. പല ചിന്തകളും ടോർച്ചിന്റെ വെളിച്ചത്തേക്കാൾ ശക്തിയിൽ അയാളുടെ മനസ്സിൽ ഇടക്കിടക്ക് മിന്നിക്കൊണ്ടിരുന്നു.
റഹീമിന്റെ വീടിനു അടുത്തുതെത്തിയപ്പോൾ രാംലാലിന്റെ മനസ്സിൽ സംഘർഷങ്ങളുടെ ഇടി മിന്നൽ വർഷിച്ചു തുടങ്ങി. അയാൾ റഹീമിന്റെ വീട്ടിലേക്കു ഒന്ന് നോക്കി. മുറ്റത്തു പേരിനു മാത്രം ഒരു ചെറിയ പന്തൽ. അതിൽ ഒരു ടൂബ് ലൈറ്റ് മാത്രം കത്തുന്നുമുണ്ട്. പറയത്തക്ക ആളുകൾ ഒന്നുമില്ല അവിടെ. രണ്ടു പേർ മാത്രം പന്തലിൽ കസേരയിൽ ഇരുന്നു സംസാരിക്കുന്നു.
രാംലാൽ നോട്ടം വേഗം ഇടവഴിയിലെ ഇരുളിലേക്ക് തിരിച്ചു. ഒപ്പം ടോർച്ചിന്റെ വെളിച്ചവും.
" നാളെ ഒരു കല്യാണം നടക്കേണ്ട വീടാണിത്. യത്തീമായ കുട്ടിയായിട്ടാണ് റഹീമിന്റെ മോൾ വീട്ടിൽനിന്നു ഇറങ്ങി പോവുക. തന്റെ മൂത്ത മകളുടെ കല്യാണത്തിന് ഒരു കുടുംബം പോലെ എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്നവർ. പക്ഷെ ഇന്ന് വെറും അന്യർ. പ്രിയപ്പെട്ട കൂട്ടുകാരൻ റഹീം ഇന്നില്ല. സ്വസമുദായത്തിൽപ്പെട്ട സാമൂഹിക ദ്രോഹികൾ മാട്ടിറച്ചി കൈവശംവച്ചു എന്നാരോപിച്ചു അവനെ തല്ലി കൊന്നു. മതഭ്രാന്ത് രാഷ്ട്രീയത്തിൽ കലർത്തി ആട് മാടുകളെ വേർതിരിച്ചപ്പോൾ മനുഷ്യൻ മനുഷ്യന്റെ കാലനായി മാറി. എന്റെ മത വിശ്വാസം അവൻ തുടരണം പോലും!
സ്വന്തം മതവിശ്വാസത്തിൽ ജീവിക്കുവാൻ അവന് അവകാശം നിഷേധിക്കപ്പെട്ടു. മത ജീർണ്ണത പടരുന്ന ഈ നാട്ടിൽ മനുഷ്യൻ മൃഗത്തേക്കാൾ അധഃപതിച്ചവർ. എന്ത് നീതി? ആരോട് പറയുവാൻ? ആര് കേൾക്കുവാൻ? നീതി പീഠം വരെ പോകുവാനുള്ള കഴിവോ പ്രാപ്തിയോ തനിക്കില്ല. അങ്ങനെ ചെയ്യാൻ ഒരുങ്ങിയാൽ നാളെ താനും റഹീമിനെ പോലെ കൊല്ലപ്പെടും. ആരും ചോദിക്കുവാൻ വരില്ല. എന്റെ വീടും റഹീമിന്റെ വീട് പോലെ അനാഥമാകും. എനിക്കും റഹീമിനും വിദ്യാഭ്യാസമില്ല. പക്ഷെ ഞങ്ങൾക്ക് വിവേകം ഉണ്ടായിരുന്നു. പരസ്പ്പരം നാം മനുഷ്യർ ആണെന്നും വിഷമങ്ങൾ ഞങ്ങൾക്ക് തുല്യമാണ് എന്ന് മനസ്സിലാക്കുവാനുള്ള ബോധവും".
സ്വന്തം വീട് എത്തുന്ന വരെ അയാളുടെ മനസ്സിൽ ചിന്തകളും വ്യാകുലതകളും കടലിലെ തിരമാലകൾ പോലെ ആഞ്ഞടിച്ചുകൊണ്ടിരുന്നു.
വീട്ടിലെത്തിയ അയാൾ കതക് മുട്ടി. ഭാര്യ യെശോദ വാതിൽ തുറന്നു. അയാളുടെ കൈയ്യിൽ ഉള്ള സഞ്ചിയിൽ എന്താണ് എന്ന ഭാര്യയുടെ ചോദ്യത്തിന് മറുപടി പറയാതെ രാംലാൽ അകത്തേക്ക് കടന്നു.
നിരാശ നിഴലിച്ചു നിൽക്കുന്ന അയാളുടെ മുഖത്തു നോക്കി വീണ്ടും ചോദിക്കുവാൻ ഭാര്യക്ക് മനസ്സ് വന്നില്ല.
"എല്ലാം പറയാം..നീ റൊട്ടി എടുത്തു വെക്കൂ...എനിക്ക് വിശക്കുന്നു" എന്ന് പറഞ്ഞു അയാൾ കുളിക്കുവാൻ പോയി.
ഭക്ഷണമെല്ലാം വിളമ്പി യെശോദ ഭർത്താവിനെ കാത്തിരുന്നു.
കുളി കഴിഞ്ഞു വന്നു അരണ്ട വെളിച്ചത്തിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഭാര്യ പറഞ്ഞു " നാളെ റഹീമിന്റെ മോളുടെ കല്യാണമാണ് , എനിക്ക് ഒരു പാട് ആശയുണ്ട് അങ്ങോട്ട് പോകുവാൻ...പക്ഷെ....! "
"പക്ഷെ..." എന്ന് പറഞ്ഞു നിറുത്തിയപ്പോൾ എല്ലാം മനസ്സിലായ മട്ടിൽ രാംലാൽ ഒന്ന് മൂളി.
"ഒരു ഘോഷവും ഇല്ലാതെയാണ് അവർ കല്യാണം നടത്തുന്നത്...." ഭാര്യ വീണ്ടും പറഞ്ഞു നിർത്തി.
"ആ പാവങ്ങൾ എന്ത് ചെയ്യാൻ ആണ്...റഹീം മരിച്ചതോടു കൂടി ആ വീട് അനാഥമായില്ലേ....? അവന്റെ കൂട്ടുകാരൻ ആയി ജീവിച്ചിരിക്കുന്ന എനിക്കും ആ വീടിന്റെ പടി ഒന്ന് കയറുവാൻ പോലും കഴിയാതെയായി..., മനുഷ്യ സ്നേഹ ബന്ധങ്ങൾക്ക് എന്ത് വില...? മതങ്ങൾക്കേ വില ഒള്ളൂ...? അത് പറയുമ്പോൾ രാംലാൽന്റെ കണ്ണിൽ നിന്ന് ചുടുനീർ തുള്ളികൾ പാത്രത്തിലെ ഉണങ്ങിയ റൊട്ടിയിൽ വീണലിഞ്ഞു.
ഭാര്യ നിസ്സംഗതയായി ആ വാക്കുകൾ കേട്ടിരുന്നു.
പിറ്റേ ദിവസം അതിരാവിലെ തന്നെ രാംലാലും ഭാര്യയും എഴുന്നേറ്റു. രാംലാൽ ഭാര്യയോട് വേഗം കുളിച്ചു വസ്ത്രം മാറുവാൻ പറഞ്ഞു. രാംലാലും വേഗം തന്നെ തയ്യാറായി. കുളി കഴിഞ്ഞു വന്ന യെശോദ ഞട്ടിപോയി. ഒരു മുസൽമാൻ തങ്ങളുടെ മുറിയിൽ ഇരിക്കുന്നു. രാംലാൽനെ കാണുവാൻ ഇല്ല. പേടിച്ചു പോയ അവർ ബഹളം വെക്കുവാൻ ഒരുങ്ങി. കാരണം ആ പ്രദേശത്തു മത വൈര്യത്തിന്റെ തീപ്പൊരികൾ എപ്പോൾ വേണമെങ്കിലും എങ്ങിനേയും കത്തിപ്പടരാം.
അപ്പോഴേക്കും ആ മുസൽമാൻ ഒരു പർദ്ദ അവർക്കു നേരെ നീട്ടി കൊണ്ട് വേഗം അണിയുവാൻ പറഞ്ഞു. ശബ്ദം കേട്ടപ്പോൾ മാത്രമാണ് യെശോദക്ക് അത് തന്റെ ഭർത്താവാണെന്ന് മനസ്സിലായത്.
"വേഗം തയ്യാർ ആവൂ...സൂരോദയത്തിനു മുമ്പ് നമ്മുക്ക് റഹീമിന്റെ വീട്ടിൽ പോയി വരണം. എന്റെ കൂട്ടുകാരന്റെ മോൾക്ക് ഞാൻ എന്തെങ്കിലും കൊടുക്കണ്ടേ... ഇന്നലെ നീ ചോദിച്ച സഞ്ചിയിൽ ഈ വസ്‌ത്രങ്ങൾ ആയിരുന്നു. വേറെ വഴിയില്ല നമ്മുക്ക്..., ഹിന്ദുവിന് ഹിന്ദുവും, മുസൽമാന് മുസൽമാനും...മനുഷ്യനെ ആർക്കും വേണ്ട" .
പുലരിയുടെ നിഴൽ വീഴാത്ത ആ ഇരുളിൽ ആ ദമ്പതികൾ റഹീമിന്റെ വീട്ടിൽ എത്തി. അതിരാവിലെ തന്നെ തങ്ങളുടെ വീട്ടിൽ കയറി വരുന്ന അപരിചിതരായ അതിഥികൾ ആരാണെന്നു മനസ്സിലാക്കുവാൻ കഴിയാതെ റഹീമിന്റെ ഭാര്യ പരിഭ്രമിച്ചു നിന്നു. എന്നാലും പരിഭ്രമം പുറത്തു കാണിക്കാതെ അവർ അതിഥികളെ അകത്തേക്ക് ക്ഷണിച്ചു. അകത്തു വന്നപ്പോൾ ആണ് അത് രാംലാലും ഭാര്യ യെശോദയും ആണെന്ന് അവർക്ക് മനസ്സിലായത്. റഹീമിന്റെ ഭാര്യ യെശോദയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. കല്യാണ പെൺകുട്ടി ഓടി വന്നു രാംലാലിന്റെ കാലിൽ വീണു. ആ മകളെ അയാൾ ആശീർവദിച്ചു എഴുന്നേൽപ്പിച്ചു. രാംലാൽ ഒരു ചെറിയ പൊതി സമ്മാനമായി ആ മകൾക്കു കൊടുത്തു. അവർ ഇരുവരും നിസ്സഹായാവസ്ഥകൾ അന്ന്യോന്യം പങ്കുവച്ചു.
കൂട്ടുകാരന്റെ മകൾക്കു വിവാഹ മംഗളാശംസകൾ നേർന്നു കൊണ്ട് അവർ യാത്ര പറഞ്ഞു ആരും കാണാതെ കല്യാണവീട്ടിൽ നിന്നിറങ്ങി.
മതങ്ങൾക്കപ്പുറം മൃഗങ്ങളുടെ വില പോലുമില്ലാത്ത മനുഷ്യർ വസിക്കുന്ന ആ നാട്ടിൽ രാംലാൽ വേഷം കൊണ്ട് ഒരു മുസൽമാനും പേര് കൊണ്ട് ഒരു ഹിന്ദുവും ആയിരുന്നില്ല. പകരം അയൽക്കാരന്റെ ദുഃഖങ്ങളും വിഷമങ്ങളും തന്റേതു കൂടിയാണ് എന്ന് തിരിച്ചറിയുവാൻ കഴിവുള്ള യഥാർത്ഥ മനുഷ്യൻ ആയിരുന്നു.
നടവഴിയിൽ പുതുപുലരിയുടെ വെള്ളിവെട്ടങ്ങൾ രാംലാലിനും ഭാര്യക്കും പരവതാനി വിരിച്ചു. ഇളം തെന്നൽ അവരെ ആശ്ലേഷിച്ചുകൊണ്ടു കടന്നു പോയി. കിളികൾ സ്തുതി ഗീതം പാടി പറന്നകന്നു. നടവരമ്പിലെ പുൽക്കൊടികൾ മഞ്ഞുത്തുള്ളികളാൽ അവരുടെ കാൽപാദങ്ങളെ തഴുകി.
ഭൂമിയിൽ നന്മ ചെയ്യുന്നവരെ തിരിച്ചറിയുവാൻ പ്രകൃതിക്കു മാത്രമേ കഴിയൂ. മനുഷ്യന് ആ കഴിവ് എന്നേ നഷ്ടപ്പെട്ടിരുന്നു....!
Tuesday, April 24, 2018
യാത്രക്കാരിൽ ഒരാൾ !
നഗരത്തിലെ ഒരു ഗ്ലാസ്സിട്ട ജ്യൂസ് കടയിൽ കയറി ജ്യൂസ് ഓർഡർ ചെയ്ത ശേഷം അയാൾ നഗര പാതയിൽ കണ്ണ് നട്ടുകൊണ്ടിരുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞു. ഇപ്പോൾ ഈ നഗരത്തിനു തന്നെ അറിയുക പോലുമില്ല . ഒരു കാലത്തു എല്ലാമെല്ലാമായിരുന്ന നഗരം. ഇപ്പോൾ തികച്ചും താൻ അപരിചനാണിവിടെ. എത്രയോ അപരിചതമായ മുഖങ്ങൾ ഈ നഗര പാതയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. പഴയ കോളേജ് കാലങ്ങൾ അയാളുടെ മനസ്സിലേക്ക് ഓടി വന്നു. വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും നഗരം ഇപ്പോഴും ജനനിബിഢമായി ഒഴുകുന്നു.
ജനത്തിരക്കിൽ നിന്ന് ഒരു സ്ത്രീയുടെ മുഖം അയാളുടെ കണ്ണുകളിൽ പതിഞ്ഞു. എവിടെയോ കണ്ടു പരിചിതമായ മുഖം. പ്രായം കണ്ണട നൽകിയിരിക്കുന്നു ആ മുഖത്ത്. ആ സ്ത്രീ രൂപം തന്റെ അരികിലേക്ക് വരികയാണ് എന്ന് അയാൾക്ക് തോന്നി. അയാളുടെ മനസ്സ് പഴയ കാല ഓർമ്മകളെ ഊതി കത്തിക്കുവാൻ തുടങ്ങി.
അയാൾ ആ മുഖം ശ്രദ്ധിച്ചുകൊണ്ടിരിന്നു. നടന്നു അടുത്ത ആ സ്ത്രീ അയാൾ ഇരിക്കുന്ന ജ്യൂസ് കടയിൽ കയറി. അപ്പോഴാണ് സ്ത്രീയുടെ കൂടെയുള്ള പയ്യനെ അയാൾ കാണുന്നത്. അപ്രതീക്ഷിതമായി അവർ രണ്ടുപേരും അയാൾ ഇരിക്കുന്ന കസേരയുടെ എതിർ വശത്തുള്ള ഒഴിഞ്ഞ കസേരയിൽ വന്നിരുന്നു.
എതിർ ദിശയിൽ ഇരിക്കുന്ന അയാളുടെ മുഖത്തേക്ക് സ്ത്രീയുടെ കണ്ണുകൾ പതുക്കെ പതിഞ്ഞു. തന്നെ തന്നെ നോക്കിയിരിക്കുന്ന അയാളുടെ കണ്ണുകളെ കണ്ടു അവർ ഞെട്ടി. വളരെ ആശ്ചര്യത്തോടു കൂടിയുള്ള കണ്ടുമുട്ടൽ ഇരുവരുടേയും കണ്ണുകളിൽ അവിശ്വസനീയത തീർത്തു. ഒരു നിമിഷ നേരം കൊണ്ട് അവൾ അയാളുടെ നിരകൾ വീണ തല മുടികളേയും താടിയെയും നിരീക്ഷിച്ചു. എന്നാലും അവൾ ഗൗരവ ഭാവം കണ്ണിൽ നിലനിർത്തി.
ഗൗരവ ഭാവമേറിയ അവളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു ഒരു ചെറു പുഞ്ചിരിയോട് കൂടി അയാൾ ചോദിച്ചു " ഇവിടെ ....?."
ഇടയിൽ കയറി വന്ന ജ്യൂസ് കടയിലെ പയ്യനോട് മെനു കാർഡ് ചോദിച്ചു കൊണ്ട് അവൾ അയാളുടെ ചോദ്യത്തെ അവഗണിച്ചു.
വീണ്ടും അവളുടെ കണ്ണുകളിലേക്കു നോക്കികൊണ്ടു അയാൾ പറഞ്ഞു " എന്നും ഓർക്കും... പക്ഷേ കണ്ടുമുട്ടുവാൻ കഴിഞ്ഞില്ല..., കാലങ്ങൾ കഴിഞ്ഞപ്പോൾ മറന്നു കാണും എന്ന് കരുതി "
അയാളുടെ സംസാരത്തിന് ഒരു മൂളലിൽ മാത്രം മറുപടി ഒതുക്കികൊണ്ടു അവൾ മകന്റെ മുടി കൈകൾകൊണ്ട് കൊതി ശരിയാക്കിക്കൊണ്ടിരുന്നു . തന്നിൽ നിന്നു ഒഴിഞ്ഞു മാറുന്ന അവളുടെ കണ്ണുകളിൽ പരിഭവവും ദേഷ്യവും നിറയുന്നത് അയാൾ കണ്ടു.
അയാൾ അവളുടെ മകന്റെ പേര് ചോദിച്ചു. അവൾ അയാളുടെ ചോദ്യം കേൾക്കാത്ത ഭാവം നടിച്ചു പുറത്തേക്കു നോക്കിയിരുന്നു.
അവളിൽ നിന്നുള്ള അവഗണന കാര്യമാക്കാതെ അയാൾ കുട്ടിയോട് പേര് ചോദിച്ചു. കുട്ടി അയാളുടെ പേർ പറഞ്ഞു. അത് കേട്ടപ്പോൾ അയാൾ സ്തബ്ധനായി.
തന്റെ പേരുതന്നെയാണ് അവൾ മകന് ഇട്ടിരിക്കുന്നത്. അവളുടെ സ്നേഹം തിരിച്ചറിയാതെ കടന്നു കളഞ്ഞ തന്നോടുള്ള മധുര പ്രതികാരം ആയിരിക്കും അതെന്ന് അയാൾക്കു മനസ്സിലായി. പക്ഷെ....സത്യം !
അവളുടെ കണ്ണുകളിലേക്കു അയാൾ വീണ്ടും ആഴത്തിൽ നോക്കി. ആ നോട്ടം അവളുടെ മനസ്സിന്റെ പടി വാതിൽ വരെ എത്തി.
നിശബ്ദനായി അയാൾ കഴിഞ്ഞതെല്ലാം മനസ്സിൽ നിരത്തുകയായിരുന്നു. സാഹചര്യങ്ങളാണ് നമ്മളെ തമ്മിൽ പിരിച്ചത്. വാക്കുകൾ ഓരോന്നായി അയാൾ പുറത്തെടുക്കാൻ ശ്രമിക്കവേ ഒന്നും പറയാതെ അവൾ മകന്റെ കൈ പിടിച്ചുകൊണ്ട് കടയിൽ നിന്ന് ഇറങ്ങി നടന്നു.
സത്യം ! അതു ഇന്നും അവൾ കേൾക്കുവാൻ തയ്യാറായില്ല.
തന്റെ ജീവിതത്തെ കുറിച്ച് ഒരു വാക്ക് പോലും അവൾ ചോദിച്ചില്ല. താൻ തനിച്ചാണ് ഇപ്പോഴും ജീവിക്കുന്നത്. അതുപോലും അറിയാൻ ശ്രമിക്കാതെയാണ് അവൾ കടന്നു കളഞ്ഞത്. വർഷങ്ങൾക്ക് മുമ്പും ഇത് തന്നെയാണ് സംഭവിച്ചത്. തന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്നറിയാൽ അവൾ ഒരിക്കൽപോലും താൽപ്പര്യപ്പെട്ടിട്ടില്ല .
അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടൽ തികച്ചും യാദൃശ്ചികം മാത്രം. എല്ലാം വിധി ആയിരിക്കും. "ഇനി ഒരു കാത്തിരിപ്പിനും കണ്ടുമുട്ടലിനും അർത്ഥമില്ല ജീവിതത്തിൽ" എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു.
നഗര പാതയിലേക്ക് ഇറങ്ങിയ സ്ത്രീയും മകനും അയാളുടെ കണ്ണിൽ നിന്ന് മറഞ്ഞു. പരിഭവങ്ങൾ ഉള്ളിലൊതുക്കി അയാൾ പതുകെ നഗര പാതയിലേക്ക് ഇറങ്ങി. ആൾകൂട്ടത്തിൽ ഒരുവനായി അയാൾ നടന്നു നീങ്ങുമ്പോൾ ഓരോ ദിവസവും മാറി മറിയുന്ന ജീവിത കാഴ്ചകൾ കാണുന്ന നഗരത്തിന് അയാൾ വെറും ഒരു അപരിചിതനായ യാത്രക്കാരിൽ ഒരാൾ മാത്രമായിരുന്നു. !
Saturday, June 10, 2017
ഒരു പരോൾ കാല കഥ !

പ്രവാസത്തിന്റെ ഉഷ്‌ണ ചൂടിൽ നിന്നു ഒരു മാസത്തെ പരോളിന് വന്ന അയാൾ പുലർ മയക്കത്തിലാണ്. ഒപ്പം കിടന്നുറങ്ങിയ സഹധർമ്മിണി പുലർച്ചെതെന്നെ അയാളെ വിട്ടു വീട്ടു ജോലികൾക്കിറങ്ങി.
അടുക്കളയിൽ ഭക്ഷണം പാകം ചെയ്യൽ..., മക്കളെ ഉറക്കത്തിൽ നിന്നു ഉണർത്തൽ..., അവരോടു സ്കൂളിൽ പോകുവാൻ തയ്യാറാക്കുവാൻ ദൃതി കൂട്ടൽ..., ഇതിനിടയിൽ അവരുടെ ഉടുപ്പുകൾ ഇസ്തിരി ഇടൽ..., ഇടക്ക് ഓടി പോയി അടുക്കളയിൽ വീണ്ടും പണികൾ നോക്കൽ..., മക്കളുടെ സ്കൂൾ ബാഗിൽ ബുക്കുകൾ ശരിയാണോ എന്നു ശ്രദ്ധിക്കൽ..., അവർക്കുള്ള ഭക്ഷണം ടിഫിൻ ബോക്സിൽ ആക്കൽ..., ഇടക്ക് മക്കൾ തമ്മിൽ വാശി കൂട്ടുമ്പോൾ ശകാരിക്കൽ...,സ്കൂൾ വാൻ ഗൈറ്റിൽ എത്തി ഹോൺ അടിക്കുന്നുണ്ടോ എന്നു ഇടക്ക് എത്തിനോക്കാൻ... അങ്ങനെ ഒരുപാട് പണികൾ ഒപ്പത്തിനൊപ്പം സമയം നോക്കി കൊണ്ട് ഭാര്യ ചെയ്തു തീർക്കുകയാണ്...
മേലെ പറഞ്ഞ പണികളിൽ നിന്നുള്ള പൊട്ടലും ചീറ്റലും ഇടക്കെല്ലാം അയാളുടെ ഉറക്കത്തെ അലോസരപെടുത്തിയിരുന്നു. എങ്കിലും അയാൾ എഴുന്നേറ്റില്ല. പാതി മയക്കത്തിൽ അങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പിന്നീട് കുറച്ചു വൈകിയാണ് അയാൾ കിടക്കയിൽ നിന്നു എഴുന്നേറ്റത്. ബെഡിനു അടുത്തുള്ള മേശയിൽ തനിക്കുള്ള കാപ്പി ഭാര്യ തയ്യാറാക്കി വച്ചിരിക്കുന്നു. അവൾ ഇതു എപ്പോൾ ഇവിടെ കൊണ്ടു വന്നു വച്ചു എന്നുപോലും അയാൾക്ക് ഓർമ്മ കിട്ടിയില്ല. വീട് നിശബ്ദമായിരുന്നു. അതിൽ നിന്നു മക്കൾ സ്കൂളിൽ പോയി എന്നു അയാൾക്ക് ഉറപ്പായി . പതുക്കെ കാപ്പിയുമായി അയാൾ ഉമ്മറത്തേക്ക് നടന്നു.
പത്രം കൈയിലെടുത്തു വായന തുടങ്ങിയ അയാൾക്ക് വേഗം വിരസത അനുഭവപ്പെട്ടു. നാടിന്റെ സ്പന്ദനം ഉറ്റുനോക്കുന്ന തന്നെ പോലുള്ള ഒരു സാധാരണ പ്രവാസി പ്രതീക്ഷിക്കുന്ന ഒരു വാർത്തയും പാത്രത്തിൽ കാണുന്നില്ല . ഒറ്റക്കുള്ള അയാളുടെ നാടിനെ കുറിച്ചിട്ടുള്ള വിലയിരുത്തലിന് വിരാമം ഇട്ടുകൊണ്ട് ഭാര്യ കടന്നു വന്നു ചോദിച്ചു "കാപ്പി ആറി കാണും ല്ലേ ? "
" എന്തൊരു നാട്? മുടിഞ്ഞ രാഷ്ട്രീയ കളികൾ? നാടിനു നന്മയുള്ള, സാധനരക്കാരാണ് ഗുണമുള്ള ഒരു വാർത്ത പോലുമില്ല. കഷ്ട്ടം ! "
ഭാര്യയുടെ ചോദ്യത്തിനുള്ള മറുപടിയായി അയാളുടെ ഉള്ളിലെ രോഷം അണപൊട്ടി.
"നമ്മുടെ പ്രശനങ്ങൾ തന്നെ നോക്കിയാൽ പോരെ...നാട് നന്നാവില്ല !" ഭർത്താവിന് ഒരു ഉപദേശവും നാടിന്റെ അവസ്ഥയെ കളിയാക്കിയും ഭാര്യ അകത്തേക്ക് പോയി.
പത്രം മാറ്റിവച്ചു അയാൾ മുറ്റത്തേക്കിറങ്ങി. കാറ്റിൽ പറന്നു വന്ന സുഗന്ധം മതിലിനോട് ചേർന്ന് നില്ക്കുന്ന കുറ്റി മുല്ല വരെ അയാളെ എത്തിച്ചു. നിറയെ പൂക്കൾ. മക്കൾ പോലും ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ എന്ന് ആലോചിച്ചപ്പോൾ അയാൾക്ക് വിഷമം തോന്നി. തങ്ങളുടെ ഒക്കെ കുട്ടിക്കാലത്തു രാവിലെ എഴുന്നേറ്റാൽ ആദ്യം മുല്ല മൊട്ടിട്ടോ, മാങ്ങ വീണോ എന്നെല്ലാം നോക്കലായിരുന്നു. പക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക് അതൊന്നും അറിയില്ല. അയാൾ വിരിഞ്ഞു നിന്ന മുല്ലപ്പൂക്കൾ എല്ലാം പറിച്ചു കൈ കുമ്പിളിൽ നിറച്ചു.
" അകത്തേക്ക് പോയ ഭാര്യയുടെ ശബ്ദം ഒന്നും
കേൾക്കുന്നില്ലല്ലോ? , അവൾ എവിടെ ? തന്റെ അടുത്ത് വന്നു ഉപദേശവും തന്നു പോയതാണല്ലോ? പിന്നെ കണ്ടില്ല ! . ഈ പൂക്കൾ അവൾക്കു സമ്മാനിക്കാം" എന്ന് സ്വയം പറഞ്ഞു കൊണ്ട് അയാൾ മുറ്റത്തു നിന്ന് അടുക്കള ഭാഗത്തേക്ക് നടന്നു.
ഭാര്യ അടുക്കളയിൽ ഇല്ല . " എടീ...നീ എവിടെ? " എന്നുള്ള അയാളുടെ ചോദ്യത്തിന് "ഞാനിവിടുണ്ട് " എന്നു ഉത്തരം പുറത്തു നിന്നു വന്നു. അയാൾ കൈയ്യിൽ ഉണ്ടായിരുന്ന മുല്ലപ്പൂക്കൾ അടുക്കളയുടെ തിണ്ണയിൽ വച്ച് പുറത്തേക്കു ചെല്ലുമ്പോൾ ഭാര്യ വിറക് കീറുകയാണ്.
അവൾ ആകെ വിയർത്തിരുന്നു. അയാൾ ചോദിച്ചു " നീ എന്തിനാ ഇതൊക്കെ ചെയ്യുന്നത്? ഒരു ആളെ പണിക്കു വിളിച്ചാൽ പോരെ ?
"ഒരാളെ പണിക്കു വിളിച്ചാൽ എത്രയാ കൂലി എന്നറിയുമോ? നമ്മുടെ വരുമാനം കൊണ്ടു അതിനു ഒക്കെ സാധിക്കുമോ? ഇങ്ങനെ ഒക്കെ നോക്കിയാലെ നമ്മുക്ക് മുമ്പോട്ടു പോകുവാൻ സാധിക്കൂ...!!!
ഉള്ള വെയിലിൽ കീറി ഉണക്കി വേഗം വിറകു പുരയിൽ കയറ്റണം. മഴക്കുള്ള ലക്ഷണം ഒക്കെ ഉണ്ട്...അല്ലെങ്കിൽ എനിക്കു തന്നെയാ കഷ്ടപ്പാട്...." ഭാര്യ അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു.
ഭാര്യയുടെ സംസാരം അയാളെ ഉണർത്തി. അയാൾ തന്റെ വരുമാനത്തെ കുറിച്ചും അതു വേണ്ട പോലെ കൈകാര്യം ചെയ്യുന്ന ഭാര്യയെ കുറിച്ചും ചിന്തിച്ചു. അയാൾക്ക് ഭാര്യയോട് വല്ലാത്ത അഭിമാനവും സ്നേഹവും തോന്നി.
അടുക്കളയിലോട്ടു കയറിയ ഭാര്യയുടെ പുറകിൽ അയാളും കയറി. അയാൾ പുറകിൽ നിന്നു ഭാര്യയെ ആലിംഗനം ചെയ്തു.
"വേണ്ട...ഞാൻ ആകെ വിയർത്തിരുന്നു" അയാൾക്ക് നേരെ തിരിഞ്ഞു കൊണ്ടു ഭാര്യ പറഞ്ഞു.
" സാരമില്ല...എനിക്കും കുടുംബത്തിനും വേണ്ടി കഷ്ട്ടപ്പെടുന്ന നിന്റെ വിയർപ്പിന്റെ രുചി എനിക്കും അറിയണം...!!
അയാൾ ഭാര്യയെ വാരി പുണർന്നു. അവളുടെ കഴുത്തിലൂടെ ഊർന്നിറങ്ങുന്ന വിയർപ്പു തുള്ളികളെ അയാൾ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു. തന്റെ അദ്ധ്വാനത്തിന്റെ വിയർപ്പ് തുള്ളിയുടെ ഉപ്പു രസത്തെക്കാൾ ഏറെ സ്നേഹത്തിന്റെ മധുരമാണ് ഭാര്യയുടെ വിയർപ്പു തുള്ളികൾക്കു ഉള്ളതായി അയാൾക്ക് അനുഭവപ്പെട്ടു.
അടുക്കള തിണ്ണയിൽ വച്ച മുല്ലപ്പൂക്കളുടെ സുഗന്ധം അയാളിൽ ഉന്മേഷം നിറച്ചു. പുറത്തു മഴ ചാറിത്തുടങ്ങി. അയാൾ ജനൽ വഴി പുറത്തേക്കു നോക്കി. ഭൂമിയുടെ ദാഹം തീർക്കുവാൻ മഴ ആർത്തു പെയ്യുവാൻ ഒരുങ്ങുന്നു. അയാളിലും ദാഹം കൂടി വന്നു. പിന്നെ അയാൾ പുറത്തു പെയ്യുന്ന മഴയെ ശ്രദ്ധിച്ചില്ല. അപ്പോഴേക്കും അവൾ അയാളിൽ അലിഞ്ഞു ചേർന്നിരുന്നു...!
Monday, April 29, 2013
നന്മയുടെ മാഷ്
ബഹളങ്ങള്‍ക്ക് നടുവിലൂടെയാണ് മാഷ് ക്ലാസ്സ് മുറിയിലേക്ക് കയറിച്ചെന്നത്. കുട്ടികളാരും താന്‍ ക്ലാസ്സില്‍ കയറിയത് ശ്രദ്ധിച്ചിട്ടില്ല എന്ന് ബോധ്യമായത് കൊണ്ടു മാഷ് അവരുടെ ശ്രദ്ധ ക്ഷണിക്കാനായി മേശയിന്മേല്‍ കൈ കൊണ്ടു ഒന്നുറക്കെ അടിച്ചു. ക്ലാസ്സ് നിശബ്ദമായി. കുട്ടികള്‍ എഴുന്നേറ്റു നിന്നു മാഷുടെ മുഖത്തേക്ക് ശ്രദ്ധിച്ചു. മാഷ് കുട്ടികളോട് ഇരിക്കുവാന്‍ പറഞ്ഞു. പെട്ടന്ന് കുട്ടികള്‍ക്കിടയില്‍ നിന്നു ഒരു ചോദ്യം ഉയര്‍ന്നു " മാഷേ..നമ്മുടെ ദൈവം അല്ലേ ശക്തിമാന്‍?
ഈ ചോദ്യം മാഷേ ഒന്നു ഞാട്ടിപ്പിച്ചു. എന്നാല്‍ ആ ഞെട്ടല്‍ മുഖത്ത് കാണിക്കാതെ പുഞ്ചിരിച്ചു കൊണ്ടു മാഷ് പറഞ്ഞു "എല്ലാവരം ഇരിക്കൂ..ആ ചോദ്യം ചോദിച്ച ആള്‍ മാത്രം ഒന്നു എഴുന്നേറ്റു നില്‍ക്കൂ..."
അപ്പോള്‍ ഒരു കൊച്ചു മിടുക്കൻ എഴുന്നേറ്റു നിന്നു. മാഷ് ചോദിച്ചു "എന്താ ഇപ്പോള്‍ ഇങ്ങനെ ഒരു സംശയം?"
അപ്പോള്‍ ആ മിടുക്കന്‍ വേറെ ഒരു കുട്ടിയെ ചൂണ്ടി കാട്ടികൊണ്ടു പറഞ്ഞു " മാഷേ, ഇവന്‍ പറയുന്നു ദൈവത്തെക്കാള്‍ കൂടുതല്‍ ശക്തി അവന്റെ അള്ളാക്ക് ആണെന്ന്..? അത് ശരിയാണോ മാഷേ?
ഈ ചോദ്യം കേട്ടപ്പോള്‍ മാഷ് കുഞ്ഞു മനസ്സുകളിൽ വര്‍ഗ്ഗീയതയുടെ വിത്ത് പാകിയ മത ഭ്രാന്തന്മാരെ നിശബ്ദമായി ശപിച്ചുകൊണ്ട് കസേരയില്‍ ഇരുന്നു. മാഷുടെ നിശബ്ദത മുതലെടുത്ത് കുട്ടികള്‍ വീണ്ടും തമ്മില്‍ ചെറു ശബ്ദത്തോടെ ചര്‍ച്ചകള്‍ നടത്തുവാന്‍ തുടങ്ങി. മാഷ് ഓരോ കുട്ടിയുടെയും മുഖഭാവവും ചര്‍ച്ചയിലുള്ള താല്‍പ്പര്യവും ശ്രദ്ധിച്ചു. കുട്ടികളുടെ ശബ്ദം ഉയരുന്നത് കണ്ടപ്പോള്‍ മാഷ് വീണ്ടും മേശയിന്മേല്‍ കൈകൊണ്ടടിച്ചു കുട്ടികളെ നിശബ്ദരാക്കി.
മാഷ് കുട്ടികളോട് പുസ്തകവും പെന്‍സിലും എടുത്തു ദൈവത്തെ കുറിച്ച് ഓരോരുത്തര്‍ക്കും ഇഷ്ട്ടം ഉള്ളത് എഴുതുവാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ കുട്ടികള്‍ എല്ലാവരും ഒരേ സ്വരത്തില്‍ "എഴുതി കഴിഞ്ഞു" എന്നറിയിച്ചു. കുട്ടികളുടെ പുസ്തകങ്ങള്‍ ഓരോന്നായി അദ്ദേഹം വാങ്ങി പരിശോദിച്ചു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മൂന്ന് കാര്യങ്ങള്‍ ആണ് കുട്ടികള്‍ ദൈവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. അത് കണ്ടപ്പോള്‍ മാഷുടെ അസ്വസ്ഥമായ മനസ്സ് ശാന്തമായി.
അദ്ദേഹം കുട്ടികളോട് പറഞ്ഞു "മക്കളെ... നിങ്ങള്‍ എല്ലാവരും ദൈവത്തെ കുറിച്ച് ഒരേ കാര്യം തന്നെയാണ് എഴുതിയിരിക്കുന്നത്. അതിന്റെ അര്‍ത്ഥം നമ്മുടെയല്ലാം ദൈവം ഒന്ന് തന്നെ എന്നതാണ്. അത് അള്ളാഹു ആയാലും ഈശ്വരന്‍ ആയാലും. മതമല്ല ദൈവം, സ്നേഹമാണ് ദൈവം. സ്നേഹം,കരുണ, നന്മ ഈ മൂന്നും ദൈവത്തില്‍ നിക്ഷിപ്തമാണ്. അത് നിങ്ങളിലും നിക്ഷിപ്തമാണ്. ജീവിതത്തില്‍ അത് ഒരിക്കലും നഷ്ട്ടപ്പെടരുത് ".
മാഷുടെ വാക്കുകൾ കുട്ടികൾ നിശബ്ദരായി കേട്ടിരുന്നു . അവർ പരസ്പ്പരം നോക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ കുട്ടികളെ നന്മയുടെ മാലാഖമാരായി മാഷിന് തോന്നി . തുടർന്നുള്ള മാഷുടെ സംസാരത്തിനിടയിൽ സ്കൂള്‍ വിടാന്‍ ഉള്ള മണി മുഴങ്ങി. മാഷുടെ അനുവാദം ലഭിച്ച ശേഷം കുട്ടികള്‍ അവരവരുടെ പുസ്തക സഞ്ചിയുമായി പുറത്തേക്കു ഓടുവാൻ തുടങ്ങി. കുട്ടികൾക്ക് ശേഷം മാഷും സ്കൂൾ വിട്ടിറങ്ങി.
വഴി മദ്ധ്യേ അസ്സഹിഷ്ണുതയുടെ വർഗ്ഗീയ വിഷം ചീറ്റികൊണ്ട് കുട്ടികൾക്ക് നടുവിലൂടെ കടന്നു വന്ന മത സംഘടനയുടെ ജാഥ മാഷുടെ മനസ്സിൽ വീണ്ടും ആശങ്കയുടെ കരി നിഴൽ വീഴ്ത്തി.
Sunday, January 13, 2013
മനസ്സുകള്‍ പറഞ്ഞത്... !
പ്രണയത്തിനായി ഒരു ദിനം!
ഇങ്ങനെ ഒരു ദിനത്തോട് വലിയ പ്രതിപത്തി ഒന്നും ഇല്ലെങ്കിലും ഇപ്പോള്‍ ഈ ദിനം കൊണ്ട് മാത്രമാണിപ്പോള്‍ അയാള്‍ വീണ്ടും അവളെ ഓര്‍ക്കാന്‍ കാരണം. ഒരിക്കല്‍ ഇങ്ങനെ ഒരു ദിനത്തില്‍ ആണ് അവള്‍ പ്രണയമായി കടന്നു വന്നത്. തന്റെ മൊബൈലില്‍ ഇപ്പോഴും അവളുടെ നമ്പര്‍ ഉണ്ട്. പക്ഷെ വിളിക്കാറില്ല. കുറെ കാലം ആയി ആ ബന്ധം നശിച്ചു പോയിട്ട്. ഇനി ജീവിതത്തില്‍ ഒരിക്കല്‍ പോലും അവളെ കാണരുത്. അയാളുടെ ആഗ്രഹം അതായിരുന്നു. പക്ഷെ ഈ പ്രണയ ദിനം വന്നപ്പോള്‍ അറിയാതെ അവളുമായുള്ള പഴയ നല്ല നിമിഷങ്ങള്‍ ആലോചിച്ചു പോയി. അപ്പോള്‍ അയാളില്‍ ഒരു മോഹം അവളുടെ വിശേഷങ്ങള്‍ അറിയാന്‍.
അയാള്‍ മൊബൈല്‍ എടുത്തു അവളെ വിളിക്കാന്‍..പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല.
"അവള്‍ക്കു നിന്നെ വേണ്ട. പിന്നെ എന്തിനാണ് വെറുതെ അവളെ വിളിച്ചു ശല്യപ്പെടുത്തുന്നത്. ഇത്ര കാലമായിട്ടു ഒരു മിസ്സ് കാള്‍ പോലും അവള്‍ നിനക്ക് തന്നിട്ടില്ല. ഇത്ര വാശിയോ അവള്‍ക്ക്?" മനസ്സ് അയാളെ ഇങ്ങനെ ഓര്‍മിപ്പിച്ചുക്കൊണ്ടിരുന്നു.
ഒരു സുഹൃത്തിനെപ്പോലെ മറ്റൊരു മനസ്സ് പറഞ്ഞു "നീ വിളിക്കൂ... വാശി കളഞ്ഞു അവളെ വിളിക്കൂ.. ഒരു പക്ഷെ നിന്റെ വിളികള്‍ക്കായി അവള്‍ കാതോര്‍ക്കുന്നുണ്ടാവും.."
വീണ്ടും അയാള്‍ ഫോണ്‍ ചെയ്യാന്‍ തീരുമാനിച്ചു. "വേണ്ട..അരുത്..ചിലപ്പോള്‍ നിന്റെ ശബ്ദം കേട്ടാല്‍ അവള്‍ ഫോണ്‍ കട്ട് ചെയ്താലോ? അത് കൂടുതല്‍ വേദനിപ്പിക്കും. വേണ്ട..ഒന്നും വേണ്ട..പോയ ബന്ധങ്ങള്‍ പോട്ടെ..ഇനി ഒരു കൂടിച്ചേരല്‍.. ഒരിക്കലുമില്ല.." വാശിയുടെ മനസ്സ് അയാള്‍ക്ക് വീണ്ടും താക്കിത് നല്‍ക്കി.
പിന്നെ വല്ലാത്ത പോരാട്ടം തന്നെ നടക്കുകയായിരുന്നു അയാളുടെ രണ്ടു മസ്സുകള്‍ തമ്മില്‍. വേണോ..വേണ്ടയോ എന്ന പോരാട്ടം. ഒടുവില്‍ സുഹൃത്തായ മനസ്സ് ജയിച്ചു. അത് പറഞ്ഞു "ഒന്നു വിളിച്ചു നോക്കൂ....അവള്‍ എങ്ങനെ പ്രതികരിക്കും എന്ന് നോക്കാമല്ലോ.. ഇപ്പോഴും അവളില്‍ വല്ല സ്നേഹവും ബാക്കിയുണ്ടെങ്കില്‍..."
അവളോട് വിളിച്ചാല്‍ എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നതിനെ കുറിച്ചായി പിന്നെ അയാളുടെ ചിന്ത. അവസാനം അയാള്‍ ഒരു കവിയുടെ വരികള്‍ കടമെടുക്കാന്‍ തീരുമാനിച്ചു.
"വെറുതെ ഈ നിനവുകള്‍ വന്നു പോയി വൈയിലത്തൊരു മഴ ചാറ്റല്‍ പോലെ...."
ഈ വരികള്‍ കേട്ടാല്‍ വെയില്‍ നിറഞ്ഞ അവളുടെ മനസ്സിന്‍ തന്റെ ഓര്‍മ്മകള്‍ കാര്‍മേഘങ്ങള്‍ ഇല്ലാത്ത വരുന്ന ഒരു മഴ പോലെ പെയ്യും...
അയാള്‍ മൊബൈല്‍ എടുത്തു അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു. പക്ഷെ ആ നമ്പര്‍ നിലവില്‍ ഇല്ല എന്നാണ് വിവരം ലഭിച്ചത്. വാശിപിടിച്ച മനസ്സ് അയാളെ കളിയാക്കി. "നിന്നെ അവള്‍ മറന്നുകഴിഞ്ഞു. വെറുതെ എന്തിനാണ് അവളെ നീ പിന്തുടരുന്നത്.."
അയാള്‍ നിരാശയില്‍ താണു തുടങ്ങി. അപ്പോഴാണ് ഒരു അപരിചിത നമ്പറില്‍ നിന്ന് കാള്‍ വന്നത്. എടുത്തപ്പോള്‍ ഒരു സ്ത്രീ ശബ്ദം പ്രണയദിനാശംസകള്‍ നേരുന്നു. അയാള്‍ക്ക് ഒന്നും മനസ്സിലായില്ല. ദേഷ്യവും നിരാശയും നിറഞ്ഞ അയാള്‍ "സോറി.." എന്ന് മാത്രം പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു എസ്. എം. എസ്. മൊബൈലില്‍ വന്നു. അത് തുറന്നു നോക്കിയപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടുപോയി.
"വെറുതെ ഈ നിനവുകള്‍ വന്നു പോയി വൈയിലത്തൊരു മഴ ചാറ്റല്‍ പോലെ" ... സസ്നേഹം..
തന്റെ മനസ്സ് ദൂരെയിരുന്നു ആരോ വായിച്ചത് പോലെ.. ആരായിരിക്കും അത്...???
സുഹൃത്തായ മനസ്സ് അയാളെ സസന്തോഷം അറിയിച്ചു." സ്നേഹം സത്യമാണ്. ആ സത്യം അധികനാള്‍ മറച്ചു പിടിക്കാനാവില്ല ആര്‍ക്കും.നിന്റെ അതേ അവസ്ഥ തന്നെയാണ് അവളുടെതും..ഇതു അവള്‍ തന്നെ.ഈ പ്രണയ ദിനം വീണ്ടും സ്നേഹത്തിന്റെ വസന്തം ജീവിതത്തില്‍ നിറക്കട്ടെ.."
അയാള്‍ അവളുടെ സ്വരം കേള്‍ക്കുവാന്‍ വേണ്ടി ഡയല്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ ആ അപരിചിത നമ്പര്‍ വീണ്ടും അയാളെ തേടി മൊബൈലില്‍ റിംഗ് ചെയ്തുകൊണ്ടിരുന്നു...
Sunday, November 11, 2012
നിദ്ര എന്ന സുന്ദരി !
ഭാഗം-1
വളരെ അസ്വസ്ഥനായാണ് അയാള്‍ ആ പാര്‍ക്കില്‍ എത്തിയത്. മനസ്സിന് ഒരു ആശ്വാസം ലഭിക്കണം എന്നതായിരുന്നു പാര്‍ക്കില്‍ എത്തിയ അയാളുടെ പരമ പ്രധാനമായ ലക്ഷ്യം. ചുറ്റുപാടും പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പുല്‍ത്തകിടിയിലൂടെ പതുക്കെ നടന്നു. ഇളം തെന്നല്‍ അയാളെ താഴുകിയകന്നു. അയാളുടെ കണ്ണുകള്‍ പൂക്കളില്‍ തേന്‍ കുടിക്കുന്ന പൂമ്പാറ്റകളില്‍ പതിഞ്ഞു. അസൂയാലുവായ അയാളുടെ കൃഷ്ണമണികള്‍ കരിവണ്ടിനെ പോലെ തേന്‍ നുകരുന്ന പൂമ്പാറ്റക്ക് പിന്നാലെ പാഞ്ഞു. പ്രകൃതിയുടെ സുന്ദരമായ കാഴ്ചകളില്‍ അയാളുടെ മനസ്സിന്റെ അസ്വസ്തയെല്ലാം പറന്നകന്നു.അയാള്‍ പുല്‍ തകിടിയില്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന മരച്ചുവട്ടില്‍ ഇരുന്നു...
ഭാഗം-2
അലക്ഷ്യമായ തന്റെ കണ്ണുകളെ ലക്ഷ്യമാക്കി ആരോ വരുന്നതായി അയാള്‍ക്ക് മനസ്സിലായി. ഇത്രയും അഴകുള്ള ഒരു രൂപം തന്നെ തേടി ഇവിടെ വരാന്‍ ഒരു കാരണവും അയാള്‍ കണ്ടില്ല. സംശയത്താല്‍ അയാള്‍ പുറകിലേക്ക് നോക്കി. അവിടെയെങ്ങും ആരുമില്ല. വീണ്ടും അയാള്‍ ആ രൂപത്തെ ശ്രദ്ധിച്ചു. അതെ...! തന്നെ തന്നെയാണ് ആ രൂപം ലക്ഷ്യമിടുന്നത്. ആ രൂപം അടുത്തുവന്നു അയാളുടെ കണ്ണുകളില്‍ പതുക്കെ തലോടി.ഇളം തെന്നലില്‍ ആടുന്ന ചെടികളും, തേന്‍ നുകരുന്ന പൂമ്പാറ്റകളും അയാളുടെ കണ്ണില്‍ ഒരു നിഴല്‍ മാത്രമായി. ആ രൂപം അയാളുടെ കണ്ണുകളെ ആലിംഗനം ചെയ്തു. പെട്ടന്ന് തന്നെ അയാള്‍ ആ രൂപത്തിന് അടിമപ്പെട്ടു. പിന്നെ അയാള്‍ക്ക് ഒന്നും ഓര്‍മയില്ല. ആ സുന്ദരിയോടൊപ്പം സ്വപ്നങ്ങളുടെ തേരിലേറി അയാള്‍ എങ്ങോ യാത്രയായി...
ഭാഗം-3
ഏറെ നേരമായി പാര്‍ക്കിലെ മരത്തണലില്‍ കിടന്നുറങ്ങുന്ന ആളുടെ അടുത്ത് ചെന്ന് ഉദ്യാന പാലകരില്‍ ഒരാള്‍ ചോദിച്ചു."ഹലോ..ഹലോ...സാര്‍.., എന്ത് ഉറക്കമാണിത്? എഴുന്നേല്‍ക്കൂ...! നേരം കുറേയായല്ലോ ഉറങ്ങാന്‍ തുടങ്ങിയിട്ട്..."
അയാള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.
ഉദ്യാന പരിപാലകന്‍ തുടര്‍ന്നു..."ഇവിടെ ഈ പുല്‍ത്തകിടിയും ചെടികളും നനക്കേണ്ട സമയം ആയി..."
സ്വപ്ന തേരില്‍ നിന്നിറങ്ങി ആലസ്യത്തോടെ അയാള്‍ വാടി തളര്‍ന്നു നില്‍ക്കുന്ന പൂക്കളുടെ ഇടയിലൂടെ നടന്നകലാന്‍ തുടങ്ങി. അപ്പോഴും ആ സുന്ദരി അയാളുടെ കണ്ണുകളുടെ പടി വാതിലില്‍ പോകുവാന്‍ മടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു....
Sunday, October 14, 2012
നിഴല്‍ പ്രണയം
Thursday, June 21, 2012
അച്ഛന്‍ പറഞ്ഞ ജീവിതം !
ആല്‍ തറയില്‍ അച്ഛനും മകനും സംസാരിച്ചിരിക്കുകയാണ്. അപ്പോള്‍ ഒരിളം തെന്നല്‍ ആ വഴി കടന്നുവന്നു. ആലിലകള്‍ ആ തെന്നലില്‍ ആടുവാന്‍ തുടങ്ങി. അടുത്തുള്ള അരുവിയില്‍ കാറ്റ് ചെറിയ ഓളങ്ങള്‍ ശ്രിഷ്ട്ടിച്ചു. പ്രകൃതിയിലേക്ക് നോക്കി അച്ഛന്‍ ദൈവത്തിന്റെ മഹത്വങ്ങള്‍ മകന് പറഞ്ഞു കൊടുക്കുവാന്‍ തുടങ്ങി.
കാറ്റിനു പതിയെ ശക്തി കൂടി തുടങ്ങി. ആല്‍ മരത്തിലെ ഒരു കൊച്ചു ഇല തന്റെ അതേ കൊമ്പിലെ പഴുത്ത ഇലയോട് എന്താണ് ഇങ്ങനെ പഴുക്കാന്‍ ഉണ്ടായ കാരണം ചോദിച്ചു. അപ്പോള്‍ പാവം പഴുത്ത ഇല പറഞ്ഞു "എനിക്ക് പ്രായമായി. ഒരു നാള്‍ എന്നെ പോലെ നിനക്കും പ്രായമാകും. അപ്പോള്‍ പഴുകും..കൊഴിയും.." ഇതു പറഞ്ഞു തീരലും പഴുത്ത ഇല കൊഴിഞ്ഞു ആ അരുവിയിലേക്ക് വീണു.
അരുവിയിലൂടെ ഒഴുകി പോകുന്ന ആ കൊഴിഞ്ഞു വീണ പഴുത്ത ഇലയെ ചൂണ്ടി കാട്ടി ആ അച്ഛന്‍ മകനോട് പറഞ്ഞു. "ഒരികല്‍ ഇതു പോലെ നാം കൊഴിഞ്ഞു വീഴും. അതാണ് മരണം. പക്ഷെ അതിനു ശേഷവും ഇതു പോലെ ഒരു യാത്ര ഉണ്ടാകും. അത് നാം അറിയില്ല. നമ്മുടെ കര്‍മ്മങ്ങള്‍ ആയിരിക്കും ആ യാത്ര നിശ്ചയിക്കുക...അതിന്റെ ലക്ഷ്യവും..."
അച്ഛന്റെ ഈ വിലപ്പെട്ട വാക്കുകള്‍ എല്ലാം കേട്ടു കൊച്ചു മകന്‍ ആശ്ചര്യത്തോടെ തലയാട്ടുമ്പോള്‍ ഒപ്പം ആ തളിര്‍ത്ത ആലിലയും നിഷ്കളങ്കമായി ആടുന്നുണ്ടായിരുന്നു. അപ്പോഴും ആല്‍മരത്തിലെ പഴുത്ത ഇലകള്‍ പിന്നെയും കാറ്റില്‍ കൊഴിഞ്ഞു കൊണ്ടേയിരുന്നു...
Saturday, April 7, 2012
ബാപ്പയുടെ കുട !

അയാള്‍ പുറത്തേക്കു പോകുവാന്‍ ഒരുങ്ങുകയാണ്. അപ്പോള്‍ പുറകില്‍ നിന്ന് ഭാര്യ പറഞ്ഞു: "മഴ പെയ്യാന്‍ സാധ്യത ഉണ്ട്..കുട എടുത്തോള്ളൂ".
അയാള്‍ അത് കാര്യമാക്കാതെ പറഞ്ഞു: "കുടയുടെ ആവശ്യം ഒന്നും ഇല്ല, ഞാന്‍ ഇറങ്ങുകയാ.... മഴ പെയ്യില്ല."
മുറ്റത്തോളമെത്തിയ അയാളുടെ കൈയ്യില്‍ ഭാര്യ ഓടി വന്നു ഒരു കുട കൊടുത്തു കൊണ്ട് വീണ്ടും പറഞ്ഞു: "ഒരു കുട പിടിച്ചു നടന്നാല്‍ എന്താ കുഴപ്പം വരിക, വെറുതെ മഴകൊണ്ട് അസുഖം വരുത്തണോ?"
അയാള്‍ താല്‍പ്പര്യം ഇല്ലെങ്കിലും ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി കുടയും വാങ്ങി യാത്രയായി. കുറച്ചു നടന്നു നീങ്ങുമ്പോഴേക്കും മഴ ചാറിത്തുടങ്ങി. മഴ കാര്യമാവില്ല എന്ന് കരുതി അയാള്‍ കുട നിവര്‍ത്താതെ മുമ്പോട്ടു നടന്നു. മഴയുടെ ശക്തി കൂടി തുടങ്ങിയപ്പോള്‍ അയാള്‍ കുട നിവര്‍ത്തി. നിവര്‍ത്തിയ കുടയുടെ അവസ്ഥ കണ്ടപ്പോള്‍ അയാള്‍ അമ്പരന്നു. എന്ത് കുടയാണ് അവള്‍ എടുത്തു തന്നത്? കുടയുടെ വില്ലെല്ലാം ഓടിഞ്ഞിരിക്കുന്നു. വേറെ നല്ല കുടകള്‍ ഉണ്ടായിരുന്നല്ലോ വീട്ടില്‍?
ഭാര്യ തിരക്കില്‍ എടുത്തു തന്നപ്പോള്‍ തെറ്റിയതാവും എന്ന സമാധാനത്തില്‍ അയാള്‍ നടത്തം തുടര്‍ന്നു.
ശക്തമായ മഴത്തുള്ളികള്‍ കുടയുടെ ശീലയില്‍ വീണപ്പോള്‍ പഴമയുടെ ഗന്ധം അയാളെ പൊതിഞ്ഞു. പരിചിതമായ ഒരു നഷ്ട്ട ഗന്ധം. അയാള്‍ ആ ഗന്ധം തിരിച്ചറിയാന്‍ ശ്രമിക്കവേ ശക്തിയായ കാറ്റ് വീശി. കുടയുടെ ഗതി മാറാതിരിക്കാന്‍ അയാള്‍ കുടയുടെ വളഞ്ഞ കാല്‍ മാറോടു ചേര്‍ത്ത് പിടിച്ചു. അപ്പോഴാണ് അയാള്‍ക്ക് ഓര്മ വന്നത് ഇതു തന്റെ ബാപ്പയുടെ കുടയാണല്ലോ എന്ന്. ആശ്ച്ചര്യപൂര്‍വ്വം അയാള്‍ കുടയുടെ രൂപം ഒന്നുകൂടെ നോക്കി. ശോഷിച്ച കമ്പികളില്‍ രണ്ടെണ്ണം ഓടിഞ്ഞിരിക്കുന്നു. ഋതുഭേദങ്ങള്‍ ശീലയുടെ നിറം കെടുത്തിയിരിക്കുന്നു. ബാപ്പയുടെ നിര്‍ദ്ദേശപ്രകാരം കുടയുടെ ശീലയുടെ ഒരറ്റത്ത് ഉമ്മ പണ്ട് തന്റെ പേര് തുന്നിപ്പിടിപ്പിച്ചതെല്ലാം ഒരുവിധം നൂലറ്റു പോയിരിക്കുന്നു.
ഒരു കാലത്ത് വെയിലത്തും മഴയത്തും ബാപ്പയുടെ കൂടെ നടന്ന കുട. തന്നേക്കാള്‍ ഏറെ ബാപ്പയുടെ തോള്ളില്‍ കിടന്നുറങ്ങിയ കുട. തന്നെയും കൂട്ടി ബാപ്പ പാടത്തേക്കു പോകുമ്പോള്‍ ഈ കുട നിവര്‍ത്തി അതില്‍ നിന്ന് കൊള്ളാന്‍ പറയും. എന്നിട്ട് പാവം ബാപ്പ വെയില്‍ മുഴുവന്‍ കൊള്ളും. കാലങ്ങള്‍ മായ്ച്ച ഓര്‍മ്മകള്‍ വീണ്ടും ആ കുട അയാളുടെ മനസ്സില്‍ പലതും നിറച്ചു.
ജീവിതം പച്ച പിടിപ്പിക്കാനുള്ള പരക്കം പാച്ചലില്‍ താന്‍ എപ്പോഴോ ബാപ്പയെ മറന്നുപോയി. താന്‍ ബാപ്പയെ മറന്നിട്ടും ബാപ്പ തന്നെ മറന്നിട്ടില്ല. കാണാതായപ്പോള്‍ തന്നെ തേടി ബാപ്പ അരികില്‍ വന്നപോലെ അയാള്‍ക്ക് തോന്നി. വല്ലാത്ത കുറ്റബോധം അയാളില്‍ ഉണര്‍ന്നു. കണ്ണുകള്‍ നിറഞ്ഞു. പുതുമഴയില്‍ വിരിയുന്ന പൂക്കള്‍ പോലെ മറഞ്ഞു പോയ ബാപ്പയുടെ മുഖം അയാളുടെ ഓര്‍മകളുടെ മുറ്റത്ത് നിറഞ്ഞു.
ഉദ്ദേശിച്ച യാത്രയുടെ ലക്ഷ്യം പാതി വഴിയില്‍ ഉപേക്ഷിച്ചു അയാള്‍ തന്റെ ബാപ്പ അന്ത്യവിശ്രമം കൊള്ളുന്ന ഖബര്‍സ്ഥാന്‍ ലക്ഷ്യമാക്കി തിരിച്ചു നടന്നു. അപ്പോഴേക്കും മഴ തോര്‍ന്നിരുന്നു. എന്നാലും അയാള്‍ കുട ചുരുക്കാതെ അതിന്റെ വളഞ്ഞ കാല്‍ നെഞ്ചോടു ചേര്‍ത്ത് തന്നെ പിടിച്ചു...
Wednesday, March 21, 2012
ഓര്‍മകളുടെ മുല്ലപ്പൂക്കള്‍!!

രാവിലെ ഒരു തോര്‍ത്തും തോളിലൂടെ ഇട്ടു പറമ്പിലൂടെ തെങ്ങും, പ്ലാവും, കവുങ്ങും,കിളികളുടെ ആഹ്ലാദപ്രകടനങ്ങളും അണ്ണാന്റെ മാവിലൂടെ ചിലച്ചുള്ള ഓട്ടവും എല്ലാം നോക്കി നടക്കുമ്പോള്‍ പ്രവാസത്തിന്റെ നരച്ച ദിനങ്ങള്‍ മധുവിന്റെ മനസില്‍നിന്നു മാഞ്ഞുപോയിരുന്നു. ഇവയെല്ലാം ഈ ആഹ്ലാടപ്രകടനങ്ങള്‍ കാഴ്ച വെക്കുന്നത് തനിക്കു ആസ്വദിക്കുവാന്‍ വേണ്ടിയാണോ എന്ന് പോലും അയാള്‍ക്ക് തോന്നിപ്പോയി.
നടന്നു പറമ്പിന്റെ അതിര് വരെയെത്തി. അതിര്‍ത്തിയില്‍ കാട് പിടിച്ചു കിടക്കുന്ന പച്ചില കൂട്ടങ്ങള്‍ക്കു ഇടയില്‍ നില്‍ക്കുന്ന മുല്ലവള്ളിയില്‍ അയാളുടെ ശ്രദ്ധ പതിഞ്ഞു. ഇപ്പോഴും ആ മുല്ല ഇവിടെയുണ്ടോ? മധുവിന് അത് കണ്ടപ്പോള്‍ ആശ്ചര്യമായി. കാടുപിടിച്ച് കിടക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചകള്‍ക്കും മുള്ചെടികള്‍ക്കും ഇടയിലായാണ് അതിന്റെ നില്‍പ്പ്. എങ്ങനെയാണ് അത് നില്‍ക്കുന്നത് എന്നറിയില്ല. ഈ കാടുകള്‍ക്കുള്ളില്‍ തികച്ചും അത് മറഞ്ഞു പോയിരിക്കുന്നു.
എന്ത് മാത്രം പൂക്കള്‍ വിരിഞ്ഞിരുന്ന മുല്ലയാണ്. ഇപ്പോള്‍ അത് അതിജീവനത്തിന്റെ പാതയിലാണ്. അതിജീവനം...? വല്ലാത്ത ഒരു പ്രതിഭാസം. ഭൂമിയില്‍ എല്ലാ ജീവജാലങ്ങളുടെയും പ്രശ്നം ഒന്ന് തന്നെ.
അന്ന് ഇവിടെ വെറും മുല്ലകള്‍ മാത്രം. ഒരു കാലത്ത് താനും മീരയും ഓടിയെത്തും ഇവിടെ. മുല്ലകള്‍ പൂവിട്ടോ..വിരിഞ്ഞോ..എന്നെല്ലാം അറിയാന്‍. പൂവിട്ടാല്‍ എല്ലാം അവള്‍ക്കു പറിച്ചു കൊടുക്കും.
മധു ഒരു നെടുവീര്‍പ്പോടുകൂടി മുല്ലപ്പടര്‍പ്പില്‍ നിന്ന് തലയുയാര്‍ത്തി അതിര്‍ത്തിയുടെ അപ്പുറത്തെ മീരയുടെ വീട്ടിലേക്കു നോക്കി. ആരെയും കാണുന്നില്ല. വാതിലും ജനലുമെല്ലാം അടഞ്ഞു കിടക്കുന്നു. ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്.
മീരയും കുടുംബവും ഗള്‍ഫില്‍ ആണല്ലോ? പിന്നെ ആരുടെ കുട്ടിയാകും ഈ കരയുന്നത്?
കയറി ചോദിച്ചാലോ..അല്ലെങ്കില്‍ വേണ്ട..പിന്നെ പോകാം അങ്ങോട്ട്. എന്തായാലും ഇപ്പോള്‍തന്നെ ഈ കാട് വെട്ടിതെളിയിച്ചു മുല്ലയെ സ്വതന്ത്രയാക്കണം എന്ന നിശ്ചയവുമായി മധു വീട്ടിലേക്കു തിരിച്ചു നടന്നു. പെട്ടന്ന് കാലില്‍ എന്തോ കോറി.അയാള്‍ നോക്കിയപ്പോള്‍ തന്നെ വേദനിപ്പിച്ചിട്ടു ഒന്നും അറിയാത്തപോലെ തലകുനിച്ചു നില്‍ക്കുന്ന അവള്‍. അയാള്‍ ഒരു പുഞ്ചിരിയോട് കൂടി അവളുടെ അടുത്തേക്ക് കുനിഞ്ഞിരുന്നു.
"നിന്നെ ഞാന്‍ മറന്നിട്ടോന്നുമില്ല.. എന്തിനാണ് എന്നെ വേദനിപ്പിച്ചത്? "
നാണത്താല്‍ തല താഴ്ത്തി നില്‍ക്കുന്ന അവളോട് പതുക്കെ ചോദിച്ചു. കുറച്ചു നേരം അങ്ങനെ അവളുടെ ആ നിഷ്കളങ്കമായ ആ പെരുമാറ്റം രസിച്ചിരുന്നു അയാള്‍. കാലം നിന്റെ സ്വഭാവത്തില്‍ മാത്രം ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന ഭാവത്തില്‍ തൊട്ടാവാടിയുടെ നെറുകയില്‍ വിരിഞ്ഞു നില്‍ക്കുന്ന കുഞ്ഞുപൂക്കളെ തലോടി എഴുന്നേറ്റു വീണ്ടും നടന്നു.
വീട്ടില്‍ നിന്ന് വെട്ടുകത്തിയുമായി മധു തിരിച്ചു നടക്കുമ്പോള്‍ അമ്മ പുറകില്‍ നിന്ന് ചോദിച്ചു.
നീ എങ്ങോട്ടാണ് കാലത്ത് ഈ വെട്ടുകത്തിയുമായി ?
അതിരില്‍ നില്‍ക്കുന്ന ആ കാട് ഒന്ന് വെട്ടിതെളിയിക്കണം. മധു പറഞ്ഞു.
അമ്മ: അത് നീ ചെയ്യേണ്ട ഇപ്പോള്‍. ഞാന്‍ ആളെ നോക്കുന്നുണ്ട്.
മധു: അതിന്റെ ആവശ്യം ഇല്ല അമ്മേ..അത് ഞാന്‍ തന്നെ ചെയ്തോളാം. അല്ല അമ്മേ.. മീരയുടെ വീട്ടില്‍ നിന്ന് ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍ കേട്ടല്ലോ? ആരുടെ കുട്ടിയാ അത്?
അമ്മ: അത് മീരയുടെ മോളുടെ കരച്ചില്‍ ആവും.
മധു: അമ്മയെല്ലേ ഒരിക്കല്‍ വിളിച്ചപ്പോള്‍ പറഞ്ഞത് അവര്‍ കുടുംബസമേതം ഗള്‍ഫില്‍ പോയെന്നു.
അമ്മ: ഇല്ല. മീര മാത്രമേ പോയോള്ളൂ. അവളുടെ ഭര്‍ത്താവ് അവള്‍ക്കു ഒരു ജോലി അയാളുടെ കമ്പനിയില്‍ തന്നെ ശരിയാക്കിയിട്ടുണ്ടാത്രേ !
മധു: അപ്പോള്‍ അവര്‍ ആ കുട്ടിയെ കൊണ്ടുപോയില്ലേ?
അമ്മ: ഇല്ല, അവര്‍ക്ക് തിരക്കിനിടയില്‍ മോളെ നോക്കാന്‍ സാധിക്കില്ലത്രേ? ഇവിടെ ആവുമ്പോള്‍ അവളുടെ അച്ഛനും അമ്മയും നോക്കികൊള്ളുമല്ലോ..
പാവം കുട്ടി..എന്ന് പറഞ്ഞുകൊണ്ട് മധു അതിര്‍ത്തിയിലേക്ക് നടന്നു.
കാട് വെട്ടിതെളിയിക്കുമ്പോള്‍ മുല്ലവള്ളികള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. പെട്ടന്ന് ആ കാഴ്ച കണ്ടപ്പോള്‍ അയാള്‍ക്ക് സന്തോഷം അടക്കാനായില്ല. മുല്ല ആകെ പൂത്തിരിക്കുന്നു. എന്ത് മാത്രം മൊട്ടുകള്‍ ആണ്.
"ഇപ്പോഴും ആരും കാണാതെ നീ പൂക്കുന്നുണ്ടല്ലേ.."? അയാള്‍ മുല്ലയോടു ഒരു പരിഭവ സ്വരത്തില്‍ ചോദിച്ചു.
മുല്ല ഉണ്ട് എന്ന ഭാവത്തില്‍ പൂമൊട്ടുകള്‍ നിറഞ്ഞ ശിഖരങ്ങള്‍ ഇളംകാറ്റില്‍ ആടി.
ഇതിനിടയില്‍ "അങ്കിള്‍..അങ്കിള്‍" എന്ന വിളി കേട്ടു മധു തിരിഞ്ഞു നോക്കി. ഒരു കൊച്ചു മിടുക്കി പുഞ്ചിരിച്ചുകൊണ്ട് രണ്ടു കൈകളും നീട്ടിപ്പിടിച്ചു നില്‍ക്കുന്നു. ഒറ്റ നോട്ടത്തില്‍ അത് മീരയുടെ മകള്‍ ആണെന്ന് അയാള്‍ക്ക് മനസിലായി.
മധു: ഹായ് മോളൂ!
കുറച്ചു മുല്ലപൂക്കള്‍ എനിക്ക് തരുമോ? ആ കൊച്ചു മിടുക്കി ചോദിച്ചു.
മധു: അങ്കിള്‍ തരാമല്ലോ? മിടുക്കിക്ക് എത്ര പൂക്കള്‍ വേണം.
മിടുക്കി: എനിക്ക് മുടിയില്‍ ചൂടാന അങ്കിള്‍..
മധു: തരാം കേട്ടോ മോളൂ..എന്തിനാ മോള്‍ നേരത്തെ കരഞ്ഞിരുന്നത്?
മിടുക്കി: അത് മുല്ലപ്പൂ പറിച്ചു തരുവാന്‍ പറഞ്ഞിട്ടാണ് കരഞ്ഞത്..അമ്മൂമ്മ ഇവിടെ പാമ്പ് ഉണ്ടാകും എന്ന് പറഞ്ഞു പറിച്ചു തന്നില്ല.
മധു: അതെയോ? ഇനി കരയണ്ട കേട്ടോ. അങ്കിള്‍ പറിച്ചു തരാം. ആട്ടെ.. ഇവിടെ മുല്ലപൂക്കള്‍ ഉണ്ടാവും എന്ന് മോള്‍ക്ക് എങ്ങനെ അറിയാം?
മിടുക്കി: ഉം.. എനിക്കറിയാം. എന്റെ അമ്മ പറഞ്ഞു ഇവിടെ മുല്ലപ്പൂക്കള്‍ ഉണ്ടെന്നു..അമ്മ ഉള്ളപ്പോള്‍ ഇവിടെ നിന്ന് പൂക്കള്‍ പറിക്കാറുണ്ട്.
മുല്ലപ്പൂക്കള്‍ പറിച്ചു ആ സുന്ദരിക്കുട്ടിയുടെ കൊച്ചു കൈകളില്‍ നിറച്ചു കൊടുക്കുമ്പോള്‍ മീരയുടെ കൈകളില്‍ പൂക്കള്‍ നിറച്ചു കൊടുത്തിരുന്ന ഓര്‍മ്മകള്‍ ആയിരുന്നു മധുവിന്റെ മനസ്സ് മുഴുവന്‍.
മിടുക്കി മുല്ലപ്പൂക്കള്‍ നിറഞ്ഞ കൈയ്യുമായി സന്തോഷത്തോടെ 'അമ്മൂമേ..മുല്ലപ്പൂക്കള്‍ കിട്ടി...' എന്ന് പറഞ്ഞു ഓടിപ്പോയി.
കാലങ്ങള്‍ മായ്ച്ച ഓര്‍മ്മകള്‍ മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട ഒരു പ്രതീതിയില്‍ മധു വെട്ടിത്തെളിച്ച കാടുകളില്‍ നില്‍ക്കുന്ന മുല്ലയില്‍ നോക്കിയപ്പോള്‍ വീണ്ടും നാളേക്ക്
വിരിയാന്‍ ഒരായിരം മൊട്ടുകള്‍ അതില്‍ നിറഞ്ഞ പോലെ തോന്നി...
ഓര്‍മകളുടെ സുഗന്ധമുള്ള മുല്ലപ്പൂക്കള്‍!!
Saturday, October 15, 2011
ദൈവ സ്മരണ

നിരാശയാല്‍ നിറഞ്ഞ ജീവിതം മടുത്ത അയാള്‍ അവസാനം മരിക്കാന്‍ തന്നെ തീരുമാനിച്ചു. മരിക്കുന്നതിനു മുമ്പ് ദൈവത്തെ നേരില്‍ കണ്ടു കുറച്ചു കാര്യങ്ങള്‍ ചോദിക്കണം എന്നയാള്‍ ആശിച്ചു. പക്ഷെ ദൈവത്തെ നേരില്‍ കാണുവാന്‍ കഴിയില്ല എന്ന സത്യം മനസിലാക്കിയപ്പോള്‍ ഒരു ഭ്രാന്തനെ പോലെ അയാള്‍ പ്രകൃതിയില്‍ നോക്കി വിളിച്ചു പറഞ്ഞു: "ഹെ..സൃഷ്ട്ടാവേ.. നിന്നേ ധ്യാനിച്ച് എന്റെ മുന്നില്‍ വരുത്താന്‍ ഞാന്‍ സൂഫിയോ, സന്യാസിയോ അല്ല. പക്ഷെ എനിക്ക് നിന്നെ ഒന്നു കാണണം.. കുറച്ചു കാര്യങ്ങള്‍ ചോദിക്കണം..എന്റെ ആഗ്രഹം സാധിപ്പിച്ചു തരുമോ?
അയാളുടെ ഉച്ചത്തിലുള്ള ശബ്ദം പ്രകൃതിയില്‍ അലയടിച്ചതല്ലാതെ വേറെ കാര്യമൊന്നും ഉണ്ടായില്ല. അയാള്‍ നിരാലംബനായി വീട്ടിലേക്കു മടങ്ങി.
രാത്രി, ജീവിതം അവസാനിപ്പിക്കണം എന്ന ചിന്തയുമായി കിടന്ന അയാള്‍ നല്ല ഉറക്കമായി. അപ്പോള്‍ വല്ലാത്ത ഒരു പ്രകാശം കണ്ണുകളില്‍ വന്നടിച്ചു. ഇത്ര വേഗം നേരം പുലര്ന്നോ എന്ന് കരുതി അയാള്‍ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. പക്ഷെ ആ സൂര്യ പ്രഭയില്‍ കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഒരായിരം സൂര്യന്‍ ഒന്നിച്ചു ഉദിച്ച പോലെ..
"വേണ്ട..നീ കണ്ണ് തുറക്കേണ്ട..കണ്ണ് തുറക്കാന്‍ നിനക്ക് കഴിയില്ല.."
അത് കേട്ടപ്പോള്‍ ഞെട്ടി വിറച്ചു കൊണ്ടു അയാള്‍ ചോദിച്ചു:
അ...ആ.....ആരാ നിങ്ങള്‍..??
"പേടിക്കേണ്ട...നീ മനസ്സില്‍ കാണുവാന്‍ ഉദ്ദേശിച്ച ആള്‍ തന്നെ..
അവന്‍ അടറിയ ശബ്ദത്തില്‍ വീണ്ടും ചോദിച്ചു...അ..അല്ല..ഇ..ഇതു ദൈവം തന്നെയാണോ?
"അതേ..എന്താണ് നിനക്ക് വേണ്ടത്..? "
"എന്റെ സൃഷ്ട്ടാവേ,,ലോകത്തില്‍ എത്രയോ ബുദ്ധിമാന്മാരെയും ആരോഗ്യവാന്മാരെയും കൊടീശ്വരന്മാരെയും നല്ല സുഖജീവിതം നയിക്കുന്നവരെയും നീ സൃഷ്ട്ടിചിരിക്കുന്നു. എന്തെ എനിക്ക് മാത്രം നീ ഇതൊന്നും തന്നില്ല? ഞാനും നിന്റെ സൃഷ്ട്ടി തന്നെയല്ലേ..?? നിരാശ നിറഞ്ഞ എന്റെ ജീവിതം നീ കാണുന്നില്ലേ..!!
അയാള്‍ പരാതിപ്പെട്ടു.
"നീ കണ്ണ് തുറന്നു പ്രപഞ്ചത്തിലേക്ക് സൂക്ഷ്മതയോടെ നോക്കൂ. വളരെ വ്യത്യസ്തമായി കൊണ്ടാണ് ഓരോ ശ്രിഷ്ട്ടിയെയും ഞാന്‍ പടച്ചിരിക്കുന്നത്. ആകാശത്തിലൂടെ പറക്കുന്ന പറവകളെ മാത്രം നോക്കിയാല്‍ പോര. നിന്റെ കാലിന്റെ അടിയിലൂടെ അരിച്ചു പോകുന്ന ഉറുമ്പിനെയും ശ്രദ്ധിക്കുക. എല്ലാം എന്റെ ശ്രിഷ്ട്ടികള്‍. ഉറുമ്പ് പറവയാകാന്‍ ആശിച്ചാല്‍ നടക്കുമോ? മനസ്സ് തുറന്നു ജീവിതത്തെ നോക്കി കാണുക. നിരാശനാകാതെ നീ മനസിന്റെ സഞ്ചിയില്‍ എന്നെ കുറിച്ചുള്ള സ്മരണ എപ്പോഴും നിറച്ചു വെക്കുക. അപ്പോള്‍ ജീവിതയാത്രയില്‍ നിനക്ക് വേണ്ടിയുള്ള പാഥേയം നീയറിയാതെ നിന്നേ തേടി വരും...
മറുത്തു ഒന്നു ചോദ്യം കൂടി ചോദിക്കാന്‍ ഒരുങ്ങവേ ആ സൂര്യ പ്രഭ അപ്രത്യക്ഷമായി. അയാള്‍ വിയര്‍ത്തു കുളിച്ചു ഉറക്കത്തില്‍ നിന്നു ഞാട്ടിയുണര്‍ന്നു. താന്‍ കണ്ടത് സ്വപ്നം തന്നെയാണോ എന്ന് അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ പതുക്കെ എഴുന്നേറ്റു വാതില്‍ തുറക്കുമ്പോള്‍ അകലെ നിന്നു പ്രപഞ്ച നാഥന്റെ സ്തുതി ഗീതങ്ങളുമായി സുബഹി ബാങ്ക് അയാളുടെ കാതുകളില്‍ ചൊല്ലി... അള്ളാഹു അക്ബര്‍*... അള്ളാഹു അക്ബര്‍*...
അയാള്‍ പ്രകൃതിയിലേക്ക് നോക്കി. വിടരാന്‍ വെമ്പി നില്‍ക്കുന്ന പൊന്‍ പുലരി. ചെറിയ കുളിര്‍ കാറ്റില്‍ മരങ്ങള്‍ മെല്ലെ ആടുന്നു. കൂടെ കിളികളുടെ ശബ്ദകോലാഹലങ്ങള്‍..എന്ത് രസം! പതിവില്ലാത്ത ഒരു പ്രത്യേക നിര്‍വൃതി അയാളില്‍ അനുഭവപ്പെട്ടു. പുതിയ ജീവിതത്തിന്റെ ഒരു പ്രത്യാശ. ഉന്മേഷ വദനനായി കൊണ്ടു ആ പുലരിയിലേക്ക് അയാള്‍ പതുക്കെ ഇറങ്ങി നടന്നു...
(അള്ളാഹു അക്ബര്‍ = ദൈവമാണ് വലിയവന്‍)
Thursday, October 13, 2011
കൂട്ടുകാരി

രാവിലെ ഒരു ദൂരയാത്ര പോകാന്‍ ഉള്ളതുകൊണ്ട് ബൈജു കാര്‍ വീടിന്റെ മുറ്റത്തേക്ക് ഇറക്കി നിര്‍ത്തിയിട്ട് ബോന്നറ്റു തുറന്നു വെള്ളവും ഓയലും പരിശോധിക്കുകയായിരുന്നു. അപ്പോള്‍ റോഡില്‍ നിന്ന് ഒരു സ്ത്രീയുടെ സബ്ദം കേട്ടു. റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന കുട്ടികളെ ശകാരിക്കുകയാണ് അവര്‍. ശ്രദ്ധിച്ചപ്പോള്‍ എവിടെയോ കേട്ട് മറന്ന ശബ്ദം പോലെ. ആ ശബ്ദം വീടിന്റെ ഗേറ്റ് എത്താന്‍ ആയപ്പോള്‍ ബൈജു തിരിഞ്ഞു നോക്കി. അപ്പോള്‍ ഒന്നും ശ്രദ്ധിക്കാതെ കുട്ടികളുടെ പിന്നാലെ ബാഗും മറ്റും പിടിച്ചു കൊണ്ട് ഒരു സ്ത്രീ ഓടുന്നു. അത് തന്റെ പഴയ കൂട്ടുകാരിയല്ലേ... ലക്ഷ്മി !
സ്കൂളിലും കോളേജിലും പോകുമ്പോള്‍ എപ്പൊഴും തന്നെ കാത്തു നിന്നിരുന്ന ആ പാവാടക്കാരി. അതേ അവള്‍ തന്നെ. കാലം എത്ര മാറ്റം വരുത്തിയിരിക്കുന്നു അവളില്‍, അത് പോലെ തന്നിലും.
ബൈജുവിന് ഒന്ന് വിളിച്ചു സംസാരിക്കണം എന്നുണ്ടായിരുന്നു. കൈ പൊക്കിയതാണ് വിളിക്കാന്‍ വേണ്ടി, ഒപ്പം നാവും.. പക്ഷെ ആ ഓട്ടം കണ്ടപ്പോള്‍ വിളിക്കാന്‍ തോന്നിയില്ല. പലവട്ടം നാട്ടില്‍ വന്നപോഴും കാണണം എന്ന് കരുതി അവളുടെ വീട്ടില്‍ പോയതാണ്. പക്ഷെ സാധിച്ചില്ല. അവളുടെ അമ്മ പറയും 'ലക്ഷ്മി ഭര്‍ത്താവിന്റെ വീട്ടില്‍ ആണ്' എന്ന്. അപ്പോള്‍ വിശേഷങ്ങള്‍ തിരക്കി തിരിച്ചു പോരും. താന്‍ ആദ്യം ഗള്‍ഫില്‍ പോകുന്ന ദിവസം ആയിരുന്നു അവളുടെ വിവാഹം. പലവട്ടം ക്ഷണിച്ചതായിരുന്നു. പക്ഷെ വിവാഹത്തിന് കൂടാന്‍ കഴിഞ്ഞില്ല.
അപ്പോഴാണ് അമ്മ ചായ റെഡി ആയിട്ടുണ്ട് എന്ന് പറയാന്‍ മുറ്റത്തേക്ക് വന്നത്. അപ്പോള്‍ അയാള്‍ ലക്ഷ്മിയെ കുറിച്ച് അമ്മയോട് ചോദിച്ചു. "കഷ്ട്ടം ആണ് ആ കുട്ടിയുടെ അവസ്ഥ. ഭര്‍ത്താവിന്റെ വീട്ടില്‍ എന്നും വാഴക്ക. സഹികെട്ട് ഇങ്ങോട്ടു പോന്നു ആ കുട്ടി. പാവം ! " അമ്മയുടെ ആ മറുപടി കേട്ടപ്പോള്‍ ബൈജുവിനു വല്ലാത്ത വിഷമം തോന്നി.
എന്നും പുഞ്ചിരിയോട് കൂടി തന്നെ കാത്തു നിന്നിരുന്ന അവളോട് പറയുമായിരുന്നു "നീ എന്നാ ഒന്ന് കരയുക ലക്ഷ്മീ?, എനിക്ക് നിന്റെ കരച്ചില്‍ കാണാന്‍ മോഹം ഉണ്ട്". എന്ത് പറഞ്ഞാലും അവള്‍ ചിരിക്കുകയെ ഒളൂ. അവളുടെ കണ്ണ് ആദ്യമായി നിറഞ്ഞു കണ്ടത് താന്‍ ഗള്‍ഫില്‍ പോവുകയാണ് എന്ന് പറഞ്ഞ നേരം ആണ്.
അന്ന് ലക്ഷ്മി ചോദിച്ചു; 'ബൈജു, നീ പോയാല്‍ പിന്നെ ആരാ എനിക്ക് കൂട്ട്? അപ്പോള്‍ "നല്ല ഒരു ചെറുക്കന്‍ വരും നിന്നെ കെട്ടാന്‍' എന്ന് പറഞ്ഞപ്പോള്‍ അവള്‍ നാണത്തോടെ ചിരിച്ചു.....
ചായ കുടിച്ചു കഴിയും വരെ ലക്ഷ്മിയെ കുറിച്ച് തന്നെ ആയിരുന്നു ബൈജുവിന്‍റെ ചിന്ത. ഡ്രസ്സ് എല്ലാം മാറ്റി അമ്മയോട് യാത്ര പറഞ്ഞു കാര്‍ എടുത്തു പോകുബോള്‍ അകലെ നിന്ന് ഒരു സ്ത്രീ തലതാഴ്ത്തി എന്തോ ചിന്തിച്ചു കൊണ്ട് റോഡിന്റെ അരികിലൂടെ നടന്നു വരുന്നു. അത് ലക്ഷ്മി തന്നെയെന്നു ഒറ്റ നോട്ടത്തില്‍ ബൈജുവിനു മനസ്സിലായി. ലക്ഷിമിയുടെ അടുത്ത് എത്തിയപ്പോള്‍ കാര്‍ നിറുത്തി. ആരാണ് അത് എന്നറിയാന്‍ വേണ്ടി കാറിന്റെ ഉള്ളിലോട്ടു തന്നെ നോക്കുകയാണ് അവള്‍. ഗ്ലാസ് താഴ്ത്തിയപ്പോള്‍ ലക്ഷ്മി ബിജുവിനെ സൂക്ഷിച്ചു നോക്കി. അയാളുടെ ചിരി കണ്ടപ്പോള്‍ മാത്രമാണ് ഇതു തന്റെ പഴയ ബൈജുവാണ് എന്നവള്‍ക്ക് മനസ്സിലായത്. അപ്പോള്‍ ആ പഴയ സുന്ദരമായ പുഞ്ചിരി വീണ്ടും അവളുടെ മുഖത്ത് വിരിയുന്നത് അയാള്‍ കണ്ടു. പക്ഷെ കണ്ണുകളില്‍ ആ പഴയ തിളക്കം ഇല്ല. എന്താണ് ചോദിക്കേണ്ടത് എന്ന് ബൈജുവിന് തന്നെ നിശ്ചയം ഇല്ലാത്ത പോലെ ആയി ഒരു നിമിഷത്തേക്ക്.
ലക്ഷ്മി താണ സ്വരത്തില്‍ ചോദിച്ചു; ബൈജുവിന് സുഖമല്ലേ? എന്നാ വന്നത്? ആ ശബ്ദത്തില്‍ അവളുടെ ജീവിതത്തിന്റെ എല്ലാ ദുഖങ്ങളും പ്രതിഫലിക്കുന്നതായി ബൈജുവിന് തോന്നി. എല്ലാം അറിഞ്ഞിട്ടും ബൈജു അവളോട് 'സുഖം അല്ലെ' എന്ന് ചോദിച്ചു. അത് കേട്ടപ്പോള്‍ വെറും ഒരു മൂളലോടെ സുഖം എന്ന് മാത്രം ലക്ഷ്മി പറഞ്ഞു. അപ്പോഴേക്കും ആ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. പിന്നെ ആ കണ്ണുകളില്‍ നോക്കി കൂടുതല്‍ ഒന്നും ചോദിക്കാന്‍ ബൈജുവിന് കഴിഞ്ഞില്ല.
തന്‍ ഒരു ദൂര യാത്ര പോവുകയാണ്, മടക്കം വന്നിട്ട് കാണാം എന്ന് പറഞ്ഞു കൊണ്ട് ബൈജു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു മുമ്പോട്ടു പോകുബോള്‍ കണ്ണാടിയിലൂടെ ലക്ഷ്മി രണ്ടു കൈകള്‍ കൊണ്ടും കണ്ണുനീര്‍ തുടച്ചു തല താഴ്ത്തി അകന്നു നീങ്ങുന്നത് കാണാമായിരുന്നു. ആ കണ്ണാടിയില്‍ നിന്ന് മറയുന്നത് വരെ ....!
Tuesday, September 20, 2011
സഹയാത്രികന്റെ ഡയറി

പുറത്തെ കാഴ്ചകള്‍ മടുത്തപ്പോള്‍ മാത്രമാണ് തന്റെ അടുത്ത് ആരാണ് ഇരിക്കുന്നത് എന്നറിയാന്‍ അയാള്‍ ശ്രമിച്ചത്. പക്ഷെ ഇരിപ്പിടത്തില്‍ സഹായാത്രീകന്റെ സ്ഥാനത്തു ഒരു ഡയറി മാത്രം. അയാള്‍ അത്ഭുതപ്പെട്ടു. ഇയാള്‍ എവിടെ പോയി? ഇറങ്ങാന്‍ നേരം ഡയറി എടുക്കാന്‍ മറന്നു പോയി കാണുമോ? സഹായാത്രീകനെ കുറിച്ചുള്ള ചിന്തകളുമായി അയാള്‍ ആ ഡയറി എടുത്തു വെറുതെ പേജുകള്‍ മറിച്ച് നോക്കുമ്പോള്‍ ഒരു കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു.
പ്രിയ സുഹ്രത്തെ..
യാത്രക്കാരാണ് നമ്മള്‍.
ഞാനും താങ്ങളും ഒരേ വാഹനത്തില്‍ തന്നെയാണ് സഞ്ചരിക്കുന്നത്.
നമ്മുടെ ഇരിപ്പിടങ്ങളും ഒന്നു തന്നെ.
താങ്കള്‍ മുഖം ഒന്നു തിരിച്ചാല്‍ എന്നെ കാണാം.
അതുപോലെ ഞാന്‍ ഒന്നു വിളിച്ചാല്‍ താങ്കള്‍ എന്നെ ശ്രദ്ധിക്കും.
പക്ഷെ പുറത്തെ കാഴ്ചകള്‍ ആസ്വദിച്ചു യാത്ര ചെയ്യുന്ന താങ്കളെ ഞാന്‍ എങ്ങനെ വിളിക്കും?
ഇതു യാത്രയല്ലേ...! വിളിച്ചു ശല്യപ്പെടുത്തുന്നത് ശരിയല്ലല്ലോ! , യാത്ര ആസ്വദിക്കൂ..ഞാന്‍ അടുത്ത് തന്നെയുണ്ട്.
പുറം കാഴ്ചകളുടെ ആസ്വാദനം മടുപ്പിക്കുമ്പോള്‍ ഒന്നു എന്നിലേക്ക് മുഖം തിരിക്കുക.
മംഗളങ്ങള്‍ നേരുന്നു.
എന്ന് സ്വന്തം,
സഹയാത്രികന്‍
ഈ കുറിപ്പ് വായിച്ചു കഴിഞ്ഞപ്പോള്‍ അയാളില്‍ വല്ലാത്തൊരു വിഷമം ഉടലെടുത്തു. ആരാണിയാള്‍? വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു? ആരെ കുറിച്ചാവും ഇയാള്‍ ഇങ്ങനെ എഴുതിയിരിക്കുന്നത്? തന്നെ അറിയുന്നവര്‍ ആരെങ്കിലും ആവുമോ? മറവിയുടെ അഗാതങ്ങളില്‍ താഴ്ന്നു പോയ പഴയ മുഖങ്ങളെ അയാള്‍ തപ്പിയെടുക്കാന്‍ ശ്രമിച്ചു. പല മുഖങ്ങളും ഓര്‍മകളുടെ കൈകളില്‍ കുടുങ്ങി. പക്ഷെ ആ മുഖങ്ങള്‍ ആണോ ഇതെഴുതിയത് എന്നറിയാന്‍ അയാള്‍ക്ക് കഴിവില്ലായിരുന്നു.
എന്നാലും യാത്രയുടെ സുഖത്തില്‍ നല്ല വരികള്‍ എഴുതിയ ആ സഹായാത്രീകനെ ശ്രദ്ധിക്കാന്‍ മറന്നു പോയതില്‍ അയാള്‍ക്ക് നിരാശയായി. വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് മുഖം തിരിക്കുമ്പോള്‍ പെട്ടെന്നൊരാള്‍ ആ ഇരിപ്പിടത്തില്‍ വന്നിരുന്നു. അപ്പോള്‍ അയാള്‍ ആ ഡയറി എടുത്തു കാണിച്ചു കൊണ്ടു ചോദിച്ചു: ഇതു താങ്കളുടെ ഡയറിയാണോ?
പക്ഷെ ആ യാത്രികന്‍ അയാളുടെ ചോദ്യത്തിന് മറുപടിയൊന്നും നല്‍കിയില്ല. പുതിയ യാത്രികനും തന്നെ പോലെ പുറത്തെ കാഴ്ചകള്‍ കാണുവാനുള്ള വ്യഗ്രതയില്‍ ആണെന്ന് അയാള്‍ക്ക് മനസിലായി. അപ്പോള്‍ കൂടുതല്‍ ഒന്നും ആ സഹയാത്രികനോട് ചോദിക്കാന്‍ അയാള്‍ താല്പ്പര്യപ്പെട്ടില്ല.
തന്നെ പോലെ സഹയാത്രികരെ മറന്നു സ്വന്തം ജീവിതയാത്രയുടെ സുഖങ്ങളില്‍ ലയിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഡയറി കുറിപ്പുകള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയിരിക്കട്ടെ എന്നാശിച്ചു കൊണ്ടു ലക്ഷ്യം എത്തിയപ്പോള്‍ ആ ഡയറി ഇരിപ്പിടത്തില്‍ ഉപേക്ഷിച്ചു കൊണ്ടു അയാള്‍ എഴുന്നേറ്റു...
Sunday, June 26, 2011
അശ്രദ്ധ.. ഒരു മരണ കാരണം

എപ്പോഴാണ് അത് സംഭവിച്ചത് എന്ന് ഓര്‍ക്കാന്‍ പോലും അയാള്‍ക്ക് കഴിയുന്നില്ല. അതിനു മുമ്പേ എല്ലാം സംഭവിച്ചു. ഒരു ഉറുമ്പിനെ ഞെരിച്ചു കൊല്ലുന്ന നിമിഷം മാത്രമേ അതിനു വേണ്ടി വന്നോള്ളൂ.. അത്രയും എടുത്തോ..? വേദന എത്രത്തോളം എന്നറിയും മുമ്പേ എല്ലാം കഴിഞ്ഞിരുന്നു.
"സന്ദരനായിരുന്നു ഞാന്‍. എന്നിട്ടും ഓടികൂടിയവര്‍ നോക്കാന്‍ ഭയപ്പെടുന്നു. അവര്‍ ഭയപ്പെടാന്‍ മാത്രം വിരൂപന്‍ ആയി പോയോ ഈ ഞൊടിയിടയില്‍ ഞാന്‍ ..." അയാള്‍ സ്വയം ചോദിച്ചു.
ദാ..ഞാന്‍ ഉണര്‍ന്നു.
ഈ ലോകം ഏതാണ്..?
ആരും കാണുന്നില്ലേ എന്നെ..??
ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ..??
അങ്ങനെ ഉറക്കെ പറയണം എന്നുണ്ടായിരുന്നു..പക്ഷെ വാക്കുകള്‍ വരുന്നില്ല.
കൂടിനിന്നവരില്‍ ആരോ വിളിച്ചു പറഞ്ഞു പോലീസ് ജീപ്പും ആംബുലന്‍സും പാഞ്ഞെതിയിരിക്കുന്നു. എല്ലാം കഴിഞ്ഞു എന്ന് ചിലര്‍ പരസ്പ്പരം പറയുന്നു.
പതിയെ അയാള്‍ എന്താണ് സംഭവിച്ചത് എന്ന് ഓര്‍ക്കാന്‍ ശ്രമിച്ചു. മൊബൈലില്‍ സംസാരിച്ചു റോഡ് മുറിച്ചു കടക്കുന്നു..ഒരു ട്രെയിലര്‍ പാഞ്ഞു വരുന്നു...പിന്നെ..പിന്നെ..
അയാള്‍ എല്ലാം ഓര്‍ത്തെടുക്കുബോഴേക്കും ആംബുലന്‍സും ജീപ്പും അയാളുടെ മൃതദേഹവുമായി മോര്‍ച്ചറി ലക്ഷ്യമാക്കി പാഞ്ഞു..
Thursday, June 2, 2011
മഴ പറഞ്ഞ ദാമ്പത്യം

രാത്രി മഴ നിര്‍ത്താതെ പെയ്യുകയാണ്. ലക്ഷ്മി കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്. വീട് മുഴുവന്‍ സന്തോഷലഹരിയിലും. പക്ഷെ മഴയുടെ നിര്‍ത്താതെയുള്ള കോരിച്ചൊരിയലില്‍ ലക്ഷിമിയുടെ അച്ഛനും അമ്മയ്ക്കും വല്ലാത്ത ദുഖമുണ്ട്. അവര്‍ തിമിര്‍ത്തു പെയ്യുന്ന മഴയെ നോക്കി തമ്മില്‍ പറയുന്നുണ്ട് നാളെ കല്യാണ ദിവസം മഴ ഇല്ലാതിരുന്നാല്‍ മതിയായിരുന്നു എന്ന്. എന്നാല്‍ ലക്ഷ്മി അവര്‍ ആരുടേയും സംസാരത്തിന് കാതുകൊടുക്കാതെ അകത്തു കുട്ടികളുമായി കളിച്ചു ചിരിക്കുകയാണ്. ഇതിനിടയില്‍ ലക്ഷിമിയുടെ ചിരി ഉച്ചത്തില്‍ ആയപ്പോള്‍ അമ്മ കുറച്ചു ദേഷ്യത്തില്‍ അവളെ നോക്കി പറഞ്ഞു..."നീ കുട്ടികളുമായി കളിക്കാന്‍ ഇരിക്കാതെ പോയി കിടക്കാന്‍ നോക്ക്, നേരം കുറെ ആയി, കാലത്ത് നേരത്തെ എഴുനെല്‍ക്കെണ്ടാതാണ്..."
ഉം..എന്ന് മൂളി കൊണ്ട് ലക്ഷ്മി കിടപ്പുമുറിയിലോട്ടു പോയി..
മുറിയില്‍ കയറി വാതില്‍ ചാരുന്ന ലക്ഷിമിയെ കണ്ടപ്പോള്‍ അമ്മായി കളിയാക്കി " ഓ.. എന്റെ ലക്ഷിമികുട്ടി, ഇന്നു വാതില്‍ അടച്ചില്ലേലും കുഴപ്പമില്ല, നാളെ തൊട്ടു സൂക്ഷിച്ചാല്‍ മതി"
ഇതു കേട്ടപ്പോള്‍ വീട്ടിലുള്ള എല്ലാ സ്ത്രീകളും ചിരിച്ചു...
ലക്ഷ്മി നാണം നിറഞ്ഞ ചിരിയുമായി പതുക്കെ കതക് ചാരി. തുറന്നിട്ട ജാലകത്തില്‍ കൂടി പുറത്തേക്കു നോക്കുമ്പോള്‍ മഴ കനത്തു പെയ്തുകൊണ്ടേയിരിക്കുന്നു. അപ്പോഴാണ് ലക്ഷ്മിയുടെ ഇഷ്ട്ട ഗാനം സെല്‍ ഫോണില്‍ മധുവിന്റെ വിളിയുമായി എത്തിയത്. ലക്ഷ്മി ഫോണ്‍ എടുത്തു നനുത്ത ശബ്ദത്തോടെ "ഹലോ" പറഞ്ഞു.
മധു ചോദിച്ചു: "അല്ല, ഇതുവരെയായും ഉറങ്ങിയിട്ടില്ലേ?" ഞാന്‍ കരുതി ഉറങ്ങി കാണുമെന്നു"
ലക്ഷ്മി: ഇല്ല, ഉറങ്ങാല്‍ പോകുന്നെ ഒളൂ, അപ്പോള്‍ അവിടെ ഉറങ്ങുന്നില്ലേ?
മധു: എനിക്ക് കിടന്നിട്ടു ഉറക്കം വരുന്നില്ല. ലക്ഷ്മിക്ക് ഉറക്കം വരുന്നില്ലേ ?
ലക്ഷ്മി: ഞാന്‍ ഉറങ്ങാന്‍ പോവുകയാ.., പുറത്തു മഴ പെയ്യുന്നത് ജനലിലൂടെ നോക്കുകയായിരുന്നു...നല്ല തണുപ്പ്"
മധു തന്റെ മനസ്സിലെ ആഗ്രഹം മറച്ചു വെക്കാതെ തുടര്‍ന്നു..." പ്രണയിനി, പുറത്തു രാത്രി മഴ ഭൂമിയെ കുളിരണിയിപ്പിക്കുന്നത് പോലെ നാളെ മുതല്‍ എന്റെ ജീവിതത്തില്‍ നീ കുളിരായി വര്‍ഷിക്കണം".
ഇതു കേട്ടപ്പോള്‍ ലക്ഷ്മിയുടെ മുഖത്ത് നാണവും സന്തോഷവും ഒരുമിച്ചു വന്നു. അവള്‍ക്കു അതിനു ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. എന്നാലും തന്റെ പതിവ് ശൈലിയില്‍ അവള്‍ ഒന്നു മൂളുക മാത്രം ചെയ്തു. കുറച്ചു നേരത്തെ സല്ലാപത്തിന് ശേഷം ഇരുവരും പരസ്പ്പരം "ശുഭരാത്രി" നേര്‍ന്നു ഫോണ്‍ വച്ചു.
പുലര്‍വേളയില്‍ അമ്മയുടെ വിളി കേട്ടാണ് ലക്ഷ്മി ഉണര്‍ന്നത്. തിരിഞ്ഞും മറിഞ്ഞും ഉറങ്ങിയ രാത്രിയുടെ ആലസ്യം വിട്ടുമാറാതെ ജാലകത്തിന്‍ കൂടി പുറത്തേക്കു നോക്കുമ്പോള്‍ ആദ്യരാത്രി പുല്‍കിയ മണവാട്ടിയെപ്പോലെ മഴ ചെടിയിലെ വിരിഞ്ഞ മുല്ലപ്പൂക്കള്‍ മുറ്റത്ത് പൊഴിച്ച് ഭൂമിയുടെ മാറില്‍ തലചായ്ച്ചു സുഖമായി ഉറങ്ങുകയാണ്. ഈ കാഴ്ച അവളുടെ മനസ്സിനെ കോരിത്തരിപ്പിച്ചു. മുറ്റത്ത് പോയി വീണു കിടക്കുന്ന മുല്ലപ്പൂക്കള്‍ വാരിയെടുക്കുമ്പോള്‍ അവള്‍ പ്രാര്‍ഥിച്ചു.. "ഈ മഴയപ്പോലെ തന്റെ ഭര്‍ത്താവിനെ കുളിരണിയിപ്പിക്കാന്‍ ദാമ്പത്യ ജീവിതത്തില്‍ എന്നും കഴിയേണമേ" എന്ന്.
മഴയില്‍ കുതിര്‍ന്ന മുല്ലപ്പൂക്കളുമായി ലക്ഷ്മി തിരിച്ചു അകത്തേക്ക് കയറുമ്പോള്‍ ഉമ്മറത്തിരുന്നു അച്ഛന്‍ അടുത്ത മഴയ്ക്കു ഒരുക്കങ്ങള്‍ കൂട്ടുന്ന മാനത്തെ ശകാരിക്കുന്നുണ്ടായിരുന്നു. പക്ഷെ മാനത്തെ കാര്‍മേഘം പോലെ ലക്ഷ്മിയുടെ മനസ്സ് വാരാന്‍ പോകുന്ന പുതിയ ജീവിതത്തില്‍ എങ്ങനെ മഴയായി പോഴിയണം എന്ന ഒരുക്കങ്ങള്‍ കൂട്ടുകയായിരുന്നു.....
Wednesday, April 27, 2011
പഴങ്കഥകള്‍...ഒരു കഥ!

രാത്രി ഏറെയായിട്ടും ഉറക്കം വരാതെ അയാള്‍ കിടക്കുകയാണ്. അരികില്‍ തന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന കുഞ്ഞു മകളുടെ കൈകള്‍ അയാള്‍ പതുക്കെ മാറ്റി. ഭാര്യയും നല്ല ഉറക്കമാണ്.അവളുടെ അരികില്‍ സംത്രിപ്ത്തിയോടെ മോന്‍ സുഗമായി ഉറങ്ങുന്നുണ്ട്. അയാള്‍ അവരെ ഒന്നു നോക്കി പതുക്കെ എഴുനേറ്റു ബാല്‍ക്കണിയില്‍ ഇട്ടിരുന്ന കസേരയില്‍ പോയി ഇരുന്നു.
അയാളുടെ കണ്ണുകള്‍ അനന്തമായ വാനില്‍ മിന്നുന്ന താരകങ്ങളെ അലക്ഷ്യമായി നോക്കി. എത്ര ആശയോടെയാണ് കുടുംബമായി നാട്ടില്‍ വന്നത്. പച്ചപ്പ് നിറഞ്ഞ ഗ്രാമത്തില്‍ മുറ്റമെല്ലാമായി നല്ല ഒരു കൊച്ചു വീട്. കടലിനപ്പുറത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ മനസ്സിലെ ആശ അതായിര്‍ന്നു. ഒടുക്കം ഇവിടെ വന്നിട്ടും തല ചായ്ക്കാന്‍ വീണ്ടും ഫ്ലാറ്റ് തന്നെ ആശ്രയിക്കേണ്ടി വന്നു. അവിടെ കോണ്‍ഗ്രീറ്റ് കെട്ടിടത്തിന്റെ തടവറയില്‍ താമസിച്ച മകള്‍ക്ക് താന്‍ എത്രയോ ഗ്രാമീണ സുന്ദര കഥകള്‍ പറഞ്ഞു കൊടുത്തു. ജീവിതത്തിന്റെ തിരക്കില്‍ നാടിന്റെ നന്മ വേണ്ടുവോളം അവള്‍ക്കു കഥകളിലൂടെ നല്‍കി. നാട്ടിലേക്ക് വരുമ്പോള്‍ എത്ര കൊതിപ്പിച്ചു ആ കുഞ്ഞു മനസ്സിനെ.. അവസാനം നാട്ടില്‍ എത്തിയിട്ടും അവള്‍ തന്റെ കഥ കേട്ട് കൊണ്ടാണ് ഇപ്പോഴും ഉറങ്ങിയത്. പാവം!
നാളെ ഈ കെട്ടിടത്തില്‍ കുടുംബത്തെ തനിച്ചാക്കി മരുഭൂനാട്ടിലേക്ക് തിരിച്ചു പറക്കും.
താന്‍ പോയാല്‍ അവള്‍ ഒരിക്കല്‍ തിരിച്ചറിയും "അച്ഛന്‍ പറഞ്ഞ കഥയിലെ നാട് ഇതാണെന്നും, അന്ന് അച്ഛന്‍ പറഞ്ഞ കഥ നുണകഥ ആണെന്നും..."
വാനിന്‍ ഇരുളില്‍ പറക്കുന്ന ചിന്തകളെ പിടിച്ചു വെക്കാന്‍ അയാള്‍ക്കായില്ല. പക്ഷെ അയാളുടെ കണ്ണുകളെ വാനില്‍ നിന്ന് ഫ്ലാറ്റിന്റെ അകത്തേക്ക് മാടിവിളിച്ചുകൊണ്ട് മകളുടെ ചെറിയ സ്വരം പിന്നാലെ വന്നു..
"അച്ഛാ..എന്താ ഉറങ്ങാതെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുന്നത്"
മകളുടെ നിഷ്കളങ്കമായ ചോദ്യത്തിന് ഉത്തരം നല്‍കാതെ അയാള്‍ ചോദിച്ചു: "എന്താ മോള്‍ ഉറങ്ങിയില്ലേ"?
അയാളുടെ ചോദ്യത്തിന് മറുപടിയായി പാതി ഉറക്കം പൊതിഞ്ഞ മിഴികളുമായി മകള്‍ പറഞ്ഞു.."അച്ഛാ..ഞാന്‍ അച്ഛന്‍ പറഞ്ഞു തന്ന കഥ സ്വപ്നം കണ്ടു" നല്ല ഭംഗിയുള്ള സ്ഥലം. ആ നാട് എവിടെയാണ് അച്ഛന്‍?"
അച്ഛന്‍ പറഞ്ഞുതന്ന കഥയിലെ ആ നാട്ടിലാണ് ഇപ്പോള്‍ നമ്മള്‍ താമസിക്കുന്നത് എന്ന് പറയാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അയാള്‍ കസേരയില്‍ നിന്ന് എഴുനേറ്റു മകളുമായി കട്ടലില്‍ വന്നു കിടന്നു.വീണ്ടും മകള്‍ക്ക് പാതിരാത്രിയില്‍ അയാള്‍ നാടിന്റെ പച്ചപ്പ് നിറഞ്ഞ പഴങ്കഥകള്‍ പറഞ്ഞു കൊടുത്തു.
ശാലീനത നഷ്ട്ടപ്പെട്ട നാടിന്റെ ദുര്‍വിധി അയാളെ അലട്ടിക്കൊണ്ടിരിക്കുമ്പോള്‍ മകളുടെ കുഞ്ഞു മിഴികള്‍ തന്റെ അച്ഛന്‍ പറഞ്ഞ കഥയിലെ നാട് കാണുവാന്‍ വേണ്ടി വിരുന്നു പോകുവാന്‍ തിടുക്കം കൂട്ടുകയായിരുന്നു...
Wednesday, March 30, 2011
അന്ത്യയാത്രയുടെ ആത്മനൊമ്പരം
ഈ യാത്രക്ക് പ്രത്യേകതകള്‍ ഏറെയുള്ളതാണോ എന്ന് ചോദിച്ചാല്‍..അതെ! ഇല്ലയോ എന്ന് ചോദിച്ചാല്‍.. ഇല്ല! കാരണം എല്ലാവരും ഒരിക്കല്‍ യാത്ര പോകേണ്ട ഒരു സ്ഥലമാണിത്. തനിക്കു യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു തരുന്നത് വേണ്ടപ്പെട്ടവര്‍ ആണ്.
പണ്ടു ഗള്‍ഫില്‍ പോയിരുന്ന കാലത്ത് വീട്ടില്‍നിന്നു ഇറങ്ങുമ്പോള്‍ പ്രാര്‍ത്ഥന ചെയ്യുവാന്‍ പള്ളിയില്‍ നിന്ന് ഉസ്താദ് (പണ്ഡിതന്‍) വരാറുണ്ട്. അത് പോലെ ഇന്നും അദ്ദേഹം ഉണ്ട്. പണ്ടത്തേക്കാള്‍ പ്രായം ഉസ്താദിനും കൂടിയിരിക്കുന്നു. വയസുകൊണ്ട് അദ്ദേഹത്തേക്കാള്‍ ചെറുപ്പം താനാണ്. പക്ഷെ ഈ യാത്രക്ക് വലുപ്പചെറുപ്പങ്ങള്‍ പ്രശ്നമല്ലല്ലോ!.
കുറച്ചു കുഞ്ഞുമക്കള്‍ തന്റെ അടുത്തിരുന്നു ഖുറാന്‍ പാരായണം ചെയ്യുന്നു. അവരും നിസ്സങ്കതര്‍ തന്നെ. ഭാര്യയും മകളും കണ്ണീരിലാണ്. മകന്‍ അങ്ങോട്ടുമിങ്ങോട്ടും തന്റെ യാത്രക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്കുള്ള പാച്ചലിലാണ്. പാവം അവന്‍. ഇനി എല്ലാം അവന്റെ തലയില്‍ ആണ്. തന്റെ അപ്രതീക്ഷിതമായ യാത്ര അവനെ തളര്ത്തിക്കാണും. അവനാണ് ഇന്ന് തന്നെ കുളിപ്പിച്ചത്. ഉസ്താദ് അവനു കുളിപ്പിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നു. അപ്പോള്‍ ദുഃഖം അവന്റെ മുഖത്ത് പ്രകടമായിരുന്നു. വളരെ വിഷമത്തോടു കൂടിയാണ് അവന്‍ തന്നെ കുളിപ്പിച്ചിരുന്നത്. അവന്‍ ചെറുപ്പം ആയിരിക്കുമ്പോള്‍ താന്‍ കുളിപ്പിച്ചാല്‍ മതി എന്നു വാശിപിടിച്ചിരുന്ന മോന്‍ ആണ്. ഇന്നു പ്രായവും ജീവിത സാഹചര്യങ്ങളും അവനെ വളരെ മാറ്റിയിരിക്കുന്നു. എല്ലാം ഉള്‍ക്കൊള്ളാന്‍ അവന്‍ പാകപ്പെട്ടിരിക്കുന്നു. മനസ്സിലെ വിഷമം പുറത്തു കാണിക്കാതിരിക്കാന്‍ അവന്‍ ശ്രമിക്കുന്നുണ്ട്. തന്റെ അതെ സ്വഭാവം തന്നെ.
പക്വമായി കാര്യങ്ങള്‍ ചെയ്യാന്‍ ഉള്ള പ്രാപ്തി അവനു ആയി വരുന്നേ ഒള്ളൂ. എന്നാലും അവന്‍ വീട്ടില്‍ ഉണ്ടല്ലോ എല്ലാറ്റിനും എന്നതാണ് ഏക ആശ്വാസം. ഈ പെട്ടന്നുള്ള യാത്രാവേളയിലും അയാളുടെ മനസ്സില്‍ ഒരു വിഷമമേ ഒള്ളൂ. മകളുടെ വിവാഹം കാണുവാന്‍ സാധിച്ചില്ലല്ലോ? അത് ഒരു ആഗ്രഹം ആയിരുന്നു. എന്നാലും അവളുടെ കാര്യങ്ങള്‍ക്കുള്ള എല്ലാ ഒരുക്കൂട്ടലുകളും ചെയ്തു വച്ചിട്ടുണ്ട്. അത് മോന്‍ തന്റെ സ്ഥാനത്തു നിന്ന് ഭംഗിയായി നടത്തിക്കൊള്ളും. അതിനു പടച്ചവന്‍ അനുഗ്രഹം ചോരിയണം എന്ന ഒരു പ്രാര്‍ത്ഥന മാത്രമേ അയാളില്‍ ഒള്ളൂ.
തല മുതല്‍ പാദം വരെ വെള്ള ധരിപ്പിച്ചു യാത്രക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. വാഹനമായി ആറ് കാലുകള്‍ ഉള്ള കട്ടില്‍ വന്നു. ദിക്കര്‍ (പ്രാര്‍ത്ഥന) ചെല്ലി എല്ലാവരും തന്നെ കൊണ്ട് പോകുവാന്‍ തയ്യാറായി. അവസാനമായി ഒരു നോട്ടം എല്ലാവരെയും കാണണം എന്നുണ്ട്. പ്രത്യേകിച്ച് ഭാര്യയേയും മകളെയും. മോനും ബന്ധുക്കളും കൂടി തന്നെ കട്ടില്‍ കിടത്തുമ്പോള്‍ അകത്തുനിന്നു പ്രിയതമയും മോളും കണ്ണീരില്‍ കുതിര്‍ന്നു പരസ്പ്പരം കെട്ടിപ്പിടിച്ചു പറയുന്നു " ഇനി നമ്മുക്ക് ആരാണ് തുണ..."
ഇതു കേട്ടപ്പോള്‍ അയാളുടെ ആത്മാവ് വിങ്ങി പൊട്ടുകയായിരുന്നു. കല്യാണത്തിന് ശേഷം ആദ്യമായി ഗള്‍ഫിലേക്ക് പോകുമ്പോള്‍ പ്രിയതമ ചോദിച്ചു.."ഇക്ക പോയാല്‍ ഇനി ആരാണെനിക്ക് തുണ എന്ന്" . അന്ന് പറഞ്ഞു "നമ്മുടെ നല്ല ജീവിതത്തിനു വേണ്ടിയല്ലേ ഞാന്‍ പോകുന്നത്..പടച്ചവന്‍ ഉണ്ട് തുണക്ക്, ഞാന്‍ തിരിച്ചു വരും..നീ നമ്മുടെ നല്ല ജീവിതത്തിനു വേണ്ടി ദുആ ചെയ്യണം.."
മടക്കമില്ലാത്ത ആറടി മണ്ണിലെ ഇരുള്‍ മൂടിയ പ്രവാസജീവിതത്തിന് ഏകനായി നീങ്ങുബോഴും അല്ലാഹുവിനോട് "അവര്‍ക്ക് നീ തുണയാകേണമേ" എന്ന് തന്റെ വിയര്‍പ്പു ഒഴുക്കിയുണ്ടാക്കിയ വീടിലേക്ക് ഒരു നോക്കി ആ കട്ടിലില്‍ കിടന്നു കൊണ്ട് അയാള്‍ പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു...






