സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Wednesday, March 30, 2011

അന്ത്യയാത്രയുടെ ആത്മനൊമ്പരം

ഇന്നു വീട് നിറയെ ആളുകളാണ്. തന്നെ യാത്രയയക്കാന്‍ വന്നവര്‍, ഒരു നോക്ക് കാണുവാന്‍ വന്നവര്‍. ബന്ധക്കാര്‍, അയല്‍വാസികള്‍, കണ്ടു പരിചയം ഉള്ളവര്‍, തന്നോട് ഇഷ്ട്ടമുള്ളവര്‍, പിണക്കം മാറ്റിവച്ച് കാണുവാന്‍ വന്നവര്‍. അങ്ങനെ പലരും.. . വന്നവര്‍ തന്നെ ഒരു നോക്ക് കണ്ടിട്ട് പരസ്പ്പരം അടക്കം പറയുന്നു. തന്റെ യാത്രയില്‍ ദുഖം പ്രകടിപ്പിക്കുന്നവര്‍ ഏറെയുണ്ട്. കൂട്ടത്തില്‍ യാത്രക്ക് നന്മ നേരുന്നവരും. ചിലര്‍ തമ്മില്‍ ലോക കാര്യങ്ങള്‍ സംസാരിക്കുന്നു, മറ്റു ചിലര്‍ നാട്ടുവര്‍ത്തമാനങ്ങള്‍ പറയുന്നു. വേറെ ചിലര്‍ തന്റെ വീട്ടുവിശേഷങ്ങള്‍ പറയുന്നു.

ഈ യാത്രക്ക് പ്രത്യേകതകള്‍ ഏറെയുള്ളതാണോ എന്ന് ചോദിച്ചാല്‍..അതെ! ഇല്ലയോ എന്ന് ചോദിച്ചാല്‍.. ഇല്ല! കാരണം എല്ലാവരും ഒരിക്കല്‍ യാത്ര പോകേണ്ട ഒരു സ്ഥലമാണിത്. തനിക്കു യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു തരുന്നത് വേണ്ടപ്പെട്ടവര്‍ ആണ്.

പണ്ടു ഗള്‍ഫില്‍ പോയിരുന്ന കാലത്ത് വീട്ടില്‍നിന്നു ഇറങ്ങുമ്പോള്‍ പ്രാര്‍ത്ഥന ചെയ്യുവാന്‍ പള്ളിയില്‍ നിന്ന് ഉസ്താദ് (പണ്ഡിതന്‍) വരാറുണ്ട്. അത് പോലെ ഇന്നും അദ്ദേഹം ഉണ്ട്. പണ്ടത്തേക്കാള്‍ പ്രായം ഉസ്താദിനും കൂടിയിരിക്കുന്നു. വയസുകൊണ്ട് അദ്ദേഹത്തേക്കാള്‍ ചെറുപ്പം താനാണ്. പക്ഷെ ഈ യാത്രക്ക് വലുപ്പചെറുപ്പങ്ങള്‍ പ്രശ്നമല്ലല്ലോ!.

കുറച്ചു കുഞ്ഞുമക്കള്‍ തന്റെ അടുത്തിരുന്നു ഖുറാന്‍ പാരായണം ചെയ്യുന്നു. അവരും നിസ്സങ്കതര്‍ തന്നെ. ഭാര്യയും മകളും കണ്ണീരിലാണ്. മകന്‍ അങ്ങോട്ടുമിങ്ങോട്ടും തന്റെ യാത്രക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്കുള്ള പാച്ചലിലാണ്. പാവം അവന്‍. ഇനി എല്ലാം അവന്റെ തലയില്‍ ആണ്. തന്റെ അപ്രതീക്ഷിതമായ യാത്ര അവനെ തളര്ത്തിക്കാണും. അവനാണ് ഇന്ന് തന്നെ കുളിപ്പിച്ചത്. ഉസ്താദ് അവനു കുളിപ്പിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ ‍ കൊടുത്തിരുന്നു. അപ്പോള്‍ ദുഃഖം അവന്റെ മുഖത്ത് പ്രകടമായിരുന്നു. വളരെ വിഷമത്തോടു കൂടിയാണ് അവന്‍ തന്നെ കുളിപ്പിച്ചിരുന്നത്‌. അവന്‍ ചെറുപ്പം ആയിരിക്കുമ്പോള്‍ താന്‍ കുളിപ്പിച്ചാല്‍ മതി എന്നു വാശിപിടിച്ചിരുന്ന മോന്‍ ആണ്. ഇന്നു പ്രായവും ജീവിത സാഹചര്യങ്ങളും അവനെ വളരെ മാറ്റിയിരിക്കുന്നു. എല്ലാം ഉള്‍ക്കൊള്ളാന്‍ അവന്‍ പാകപ്പെട്ടിരിക്കുന്നു. മനസ്സിലെ വിഷമം പുറത്തു കാണിക്കാതിരിക്കാന്‍ അവന്‍ ശ്രമിക്കുന്നുണ്ട്. തന്റെ അതെ സ്വഭാവം തന്നെ.

പക്വമായി കാര്യങ്ങള്‍ ചെയ്യാന്‍ ഉള്ള പ്രാപ്തി അവനു ആയി വരുന്നേ ഒള്ളൂ. എന്നാലും അവന്‍ വീട്ടില്‍ ഉണ്ടല്ലോ എല്ലാറ്റിനും എന്നതാണ് ഏക ആശ്വാസം. ഈ പെട്ടന്നുള്ള യാത്രാവേളയിലും അയാളുടെ മനസ്സില്‍ ഒരു വിഷമമേ ഒള്ളൂ. മകളുടെ വിവാഹം കാണുവാന്‍ സാധിച്ചില്ലല്ലോ? അത് ഒരു ആഗ്രഹം ആയിരുന്നു. എന്നാലും അവളുടെ കാര്യങ്ങള്‍ക്കുള്ള എല്ലാ ഒരുക്കൂട്ടലുകളും ചെയ്തു വച്ചിട്ടുണ്ട്. അത് മോന്‍ തന്റെ സ്ഥാനത്തു നിന്ന് ഭംഗിയായി നടത്തിക്കൊള്ളും. അതിനു പടച്ചവന്‍ അനുഗ്രഹം ചോരിയണം എന്ന ഒരു പ്രാര്‍ത്ഥന മാത്രമേ അയാളില്‍ ഒള്ളൂ.

തല മുതല്‍ പാദം വരെ വെള്ള ധരിപ്പിച്ചു യാത്രക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. വാഹനമായി ആറ് കാലുകള്‍ ഉള്ള കട്ടില്‍ വന്നു. ദിക്കര്‍ (പ്രാര്‍ത്ഥന) ചെല്ലി എല്ലാവരും തന്നെ കൊണ്ട് പോകുവാന്‍ തയ്യാറായി. അവസാനമായി ഒരു നോട്ടം എല്ലാവരെയും കാണണം എന്നുണ്ട്. പ്രത്യേകിച്ച് ഭാര്യയേയും മകളെയും. മോനും ബന്ധുക്കളും കൂടി തന്നെ കട്ടില്‍ കിടത്തുമ്പോള്‍ അകത്തുനിന്നു പ്രിയതമയും മോളും കണ്ണീരില്‍ കുതിര്‍ന്നു പരസ്പ്പരം കെട്ടിപ്പിടിച്ചു പറയുന്നു " ഇനി നമ്മുക്ക് ആരാണ് തുണ..."

ഇതു കേട്ടപ്പോള്‍ അയാളുടെ ആത്മാവ് വിങ്ങി പൊട്ടുകയായിരുന്നു. കല്യാണത്തിന് ശേഷം ആദ്യമായി ഗള്‍ഫിലേക്ക് പോകുമ്പോള്‍ പ്രിയതമ ചോദിച്ചു.."ഇക്ക പോയാല്‍ ഇനി ആരാണെനിക്ക് തുണ എന്ന്‌" . അന്ന് പറഞ്ഞു "നമ്മുടെ നല്ല ജീവിതത്തിനു വേണ്ടിയല്ലേ ഞാന്‍ പോകുന്നത്..പടച്ചവന്‍ ഉണ്ട് തുണക്ക്, ഞാന്‍ തിരിച്ചു വരും..നീ നമ്മുടെ നല്ല ജീവിതത്തിനു വേണ്ടി ദുആ ചെയ്യണം.."

മടക്കമില്ലാത്ത ആറടി മണ്ണിലെ ഇരുള്‍ മൂടിയ പ്രവാസജീവിതത്തിന് ഏകനായി നീങ്ങുബോഴും അല്ലാഹുവിനോട് "അവര്‍ക്ക് നീ തുണയാകേണമേ" എന്ന്‌ തന്റെ വിയര്‍പ്പു ഒഴുക്കിയുണ്ടാക്കിയ വീടിലേക്ക്‌ ഒരു നോക്കി ആ കട്ടിലില്‍ കിടന്നു കൊണ്ട് അയാള്‍ പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു...

3 comments:

  1. എന്തെ ഇപ്പൊ ഇങ്ങനെ ഒരു കഥ.
    ഇത് കഥയാണെങ്കിലും കഥയിലെപോലെ ഒരു പ്രിയതമയും മകളുമോക്കെയുണ്ടെങ്കില്‍ ഇത് വായിച്ചു വിഷമിക്കില്ലേ..ചോദിച്ചൂന്നു മാത്രം.
    കഥയില്‍ ചോദ്യമില്ലല്ലോ..അല്ലെ..

    ReplyDelete
  2. മരണത്തെ കുറിച്ച് ഓര്‍ക്കുന്നത് നല്ലതാണ്. ഏതു സമയവും അത് നമ്മെ തേടിയെത്താം... ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടതെല്ലാം കരുതി വച്ച് മരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.. നന്നായി...

    ReplyDelete
  3. ഈ ഇട്ടാവട്ടത്ത് വന്നു അഭിപ്രായങ്ങള്‍ അറിയിച്ച എക്സ്- പ്രവാസിനിക്കും ഷബീരിനും എന്റെ ഒരായിരം നന്ദി..

    ReplyDelete