സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Saturday, June 10, 2017

ഒരു പരോൾ കാല കഥ !



പ്രവാസത്തിന്റെ ഉഷ്‌ണ ചൂടിൽ നിന്നു ഒരു മാസത്തെ പരോളിന്‌ വന്ന അയാൾ പുലർ മയക്കത്തിലാണ്. ഒപ്പം കിടന്നുറങ്ങിയ സഹധർമ്മിണി പുലർച്ചെതെന്നെ അയാളെ വിട്ടു വീട്ടു ജോലികൾക്കിറങ്ങി.

അടുക്കളയിൽ ഭക്ഷണം പാകം ചെയ്യൽ..., മക്കളെ ഉറക്കത്തിൽ നിന്നു ഉണർത്തൽ..., അവരോടു സ്കൂളിൽ പോകുവാൻ തയ്യാറാക്കുവാൻ ദൃതി കൂട്ടൽ..., ഇതിനിടയിൽ അവരുടെ ഉടുപ്പുകൾ ഇസ്തിരി ഇടൽ..., ഇടക്ക് ഓടി പോയി അടുക്കളയിൽ വീണ്ടും പണികൾ നോക്കൽ..., മക്കളുടെ സ്കൂൾ ബാഗിൽ ബുക്കുകൾ ശരിയാണോ എന്നു ശ്രദ്ധിക്കൽ..., അവർക്കുള്ള ഭക്ഷണം ടിഫിൻ ബോക്സിൽ ആക്കൽ..., ഇടക്ക് മക്കൾ തമ്മിൽ വാശി കൂട്ടുമ്പോൾ ശകാരിക്കൽ...,സ്കൂൾ വാൻ ഗൈറ്റിൽ എത്തി ഹോൺ അടിക്കുന്നുണ്ടോ എന്നു ഇടക്ക് എത്തിനോക്കാൻ... അങ്ങനെ ഒരുപാട് പണികൾ ഒപ്പത്തിനൊപ്പം സമയം നോക്കി കൊണ്ട് ഭാര്യ ചെയ്തു തീർക്കുകയാണ്...

മേലെ പറഞ്ഞ പണികളിൽ നിന്നുള്ള പൊട്ടലും ചീറ്റലും ഇടക്കെല്ലാം അയാളുടെ ഉറക്കത്തെ അലോസരപെടുത്തിയിരുന്നു. എങ്കിലും അയാൾ എഴുന്നേറ്റില്ല. പാതി മയക്കത്തിൽ അങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടന്നു.

പിന്നീട് കുറച്ചു വൈകിയാണ് അയാൾ കിടക്കയിൽ നിന്നു എഴുന്നേറ്റത്. ബെഡിനു അടുത്തുള്ള മേശയിൽ തനിക്കുള്ള കാപ്പി ഭാര്യ തയ്യാറാക്കി വച്ചിരിക്കുന്നു. അവൾ ഇതു എപ്പോൾ ഇവിടെ കൊണ്ടു വന്നു വച്ചു എന്നുപോലും അയാൾക്ക്‌ ഓർമ്മ കിട്ടിയില്ല. വീട് നിശബ്ദമായിരുന്നു. അതിൽ നിന്നു മക്കൾ സ്കൂളിൽ പോയി എന്നു അയാൾക്ക്‌ ഉറപ്പായി . പതുക്കെ കാപ്പിയുമായി അയാൾ ഉമ്മറത്തേക്ക് നടന്നു.

പത്രം കൈയിലെടുത്തു വായന തുടങ്ങിയ അയാൾക്ക് വേഗം വിരസത അനുഭവപ്പെട്ടു. നാടിന്റെ സ്പന്ദനം ഉറ്റുനോക്കുന്ന തന്നെ പോലുള്ള ഒരു സാധാരണ പ്രവാസി പ്രതീക്ഷിക്കുന്ന ഒരു വാർത്തയും പാത്രത്തിൽ കാണുന്നില്ല . ഒറ്റക്കുള്ള അയാളുടെ നാടിനെ കുറിച്ചിട്ടുള്ള വിലയിരുത്തലിന് വിരാമം ഇട്ടുകൊണ്ട് ഭാര്യ കടന്നു വന്നു ചോദിച്ചു "കാപ്പി ആറി കാണും ല്ലേ ? "

" എന്തൊരു നാട്? മുടിഞ്ഞ രാഷ്ട്രീയ കളികൾ? നാടിനു നന്മയുള്ള, സാധനരക്കാരാണ് ഗുണമുള്ള ഒരു വാർത്ത പോലുമില്ല. കഷ്ട്ടം ! "

ഭാര്യയുടെ ചോദ്യത്തിനുള്ള മറുപടിയായി അയാളുടെ ഉള്ളിലെ രോഷം അണപൊട്ടി.

"നമ്മുടെ പ്രശനങ്ങൾ തന്നെ നോക്കിയാൽ പോരെ...നാട് നന്നാവില്ല !" ഭർത്താവിന് ഒരു ഉപദേശവും നാടിന്റെ അവസ്ഥയെ കളിയാക്കിയും ഭാര്യ അകത്തേക്ക് പോയി.

പത്രം മാറ്റിവച്ചു അയാൾ മുറ്റത്തേക്കിറങ്ങി. കാറ്റിൽ പറന്നു വന്ന സുഗന്ധം മതിലിനോട് ചേർന്ന് നില്ക്കുന്ന കുറ്റി മുല്ല വരെ അയാളെ എത്തിച്ചു. നിറയെ പൂക്കൾ. മക്കൾ പോലും ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ എന്ന് ആലോചിച്ചപ്പോൾ അയാൾക്ക് വിഷമം തോന്നി. തങ്ങളുടെ ഒക്കെ കുട്ടിക്കാലത്തു രാവിലെ എഴുന്നേറ്റാൽ ആദ്യം മുല്ല മൊട്ടിട്ടോ, മാങ്ങ വീണോ എന്നെല്ലാം നോക്കലായിരുന്നു. പക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക് അതൊന്നും അറിയില്ല. അയാൾ വിരിഞ്ഞു നിന്ന മുല്ലപ്പൂക്കൾ എല്ലാം പറിച്ചു കൈ കുമ്പിളിൽ നിറച്ചു.

" അകത്തേക്ക് പോയ ഭാര്യയുടെ ശബ്ദം ഒന്നും
കേൾക്കുന്നില്ലല്ലോ? , അവൾ എവിടെ ? തന്റെ അടുത്ത് വന്നു ഉപദേശവും തന്നു പോയതാണല്ലോ? പിന്നെ കണ്ടില്ല ! . ഈ പൂക്കൾ അവൾക്കു സമ്മാനിക്കാം" എന്ന് സ്വയം പറഞ്ഞു കൊണ്ട് അയാൾ മുറ്റത്തു നിന്ന് അടുക്കള ഭാഗത്തേക്ക് നടന്നു.

ഭാര്യ അടുക്കളയിൽ ഇല്ല . " എടീ...നീ എവിടെ? " എന്നുള്ള അയാളുടെ ചോദ്യത്തിന് "ഞാനിവിടുണ്ട് " എന്നു ഉത്തരം പുറത്തു നിന്നു വന്നു. അയാൾ കൈയ്യിൽ ഉണ്ടായിരുന്ന മുല്ലപ്പൂക്കൾ അടുക്കളയുടെ തിണ്ണയിൽ വച്ച് പുറത്തേക്കു ചെല്ലുമ്പോൾ ഭാര്യ വിറക് കീറുകയാണ്.

അവൾ ആകെ വിയർത്തിരുന്നു. അയാൾ ചോദിച്ചു " നീ എന്തിനാ ഇതൊക്കെ ചെയ്യുന്നത്? ഒരു ആളെ പണിക്കു വിളിച്ചാൽ പോരെ ?


"ഒരാളെ പണിക്കു വിളിച്ചാൽ എത്രയാ കൂലി എന്നറിയുമോ? നമ്മുടെ വരുമാനം കൊണ്ടു അതിനു ഒക്കെ സാധിക്കുമോ? ഇങ്ങനെ ഒക്കെ നോക്കിയാലെ നമ്മുക്ക് മുമ്പോട്ടു പോകുവാൻ സാധിക്കൂ...!!!
ഉള്ള വെയിലിൽ കീറി ഉണക്കി വേഗം വിറകു പുരയിൽ കയറ്റണം. മഴക്കുള്ള ലക്ഷണം ഒക്കെ ഉണ്ട്...അല്ലെങ്കിൽ എനിക്കു തന്നെയാ കഷ്ടപ്പാട്...." ഭാര്യ അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു.

ഭാര്യയുടെ സംസാരം അയാളെ ഉണർത്തി. അയാൾ തന്റെ വരുമാനത്തെ കുറിച്ചും അതു വേണ്ട പോലെ കൈകാര്യം ചെയ്യുന്ന ഭാര്യയെ കുറിച്ചും ചിന്തിച്ചു. അയാൾക്ക്‌ ഭാര്യയോട് വല്ലാത്ത അഭിമാനവും സ്നേഹവും തോന്നി.

അടുക്കളയിലോട്ടു കയറിയ ഭാര്യയുടെ പുറകിൽ അയാളും കയറി. അയാൾ പുറകിൽ നിന്നു ഭാര്യയെ ആലിംഗനം ചെയ്തു.
"വേണ്ട...ഞാൻ ആകെ വിയർത്തിരുന്നു" അയാൾക്ക്‌ നേരെ തിരിഞ്ഞു കൊണ്ടു ഭാര്യ പറഞ്ഞു.

" സാരമില്ല...എനിക്കും കുടുംബത്തിനും വേണ്ടി കഷ്ട്ടപ്പെടുന്ന നിന്റെ വിയർപ്പിന്റെ രുചി എനിക്കും അറിയണം...!!

അയാൾ ഭാര്യയെ വാരി പുണർന്നു. അവളുടെ കഴുത്തിലൂടെ ഊർന്നിറങ്ങുന്ന വിയർപ്പു തുള്ളികളെ അയാൾ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു. തന്റെ അദ്ധ്വാനത്തിന്റെ വിയർപ്പ് തുള്ളിയുടെ ഉപ്പു രസത്തെക്കാൾ ഏറെ സ്നേഹത്തിന്റെ മധുരമാണ് ഭാര്യയുടെ വിയർപ്പു തുള്ളികൾക്കു ഉള്ളതായി അയാൾക്ക്‌ അനുഭവപ്പെട്ടു.

അടുക്കള തിണ്ണയിൽ വച്ച മുല്ലപ്പൂക്കളുടെ സുഗന്ധം അയാളിൽ ഉന്മേഷം നിറച്ചു. പുറത്തു മഴ ചാറിത്തുടങ്ങി. അയാൾ ജനൽ വഴി പുറത്തേക്കു നോക്കി. ഭൂമിയുടെ ദാഹം തീർക്കുവാൻ മഴ ആർത്തു പെയ്യുവാൻ ഒരുങ്ങുന്നു. അയാളിലും ദാഹം കൂടി വന്നു. പിന്നെ അയാൾ പുറത്തു പെയ്യുന്ന മഴയെ ശ്രദ്ധിച്ചില്ല. അപ്പോഴേക്കും അവൾ അയാളിൽ അലിഞ്ഞു ചേർന്നിരുന്നു...!


4 comments:

  1. ഭാര്യയെ കൊണ്ട് വീട്ടിലെ പണിയൊക്കെ എടുപ്പിച്ചിട്ടു ഇപ്പോൾ കഥയും കൊണ്ട് വന്നിരിയ്ക്കുന്നു ..ദുഷ്ടൻ ..ഏതായാലും കഥ നന്നായി ..ആശംസകൾ

    ReplyDelete
  2. ഒരു കഥ എഴുതിയിട്ട് ദുഷ്ടൻ എന്ന പേര് ആദ്യമായിട്ടാ കിട്ടുന്നത്. വളരെ നന്ദി ...ഹഹഹഹ...സുഖം അല്ലെ??

    ReplyDelete
  3. ഷൈജു വളരെ നന്നായി കഥ പറഞ്ഞിരിക്കുന്നു.
    എവിടൊക്കെയോ ചില സമാനതകൾ എൻറെ ജീവിതവുമായി കാണാൻ കഴിഞ്ഞു ഈ കഥയിൽ.

    അയാൾ എഴുത്തിന്റെ പണിപ്പുരയിലാണ് എന്ന തലക്കെട്ടിൽ കുറിച്ച ചില വരികൾ പെട്ടന്ന് ഓർത്തു പോയി!
    http://arielintekurippukal.blogspot.in/2013/04/blog-post_14.html
    ഫിലിപ്പ് ഏരിയൽ

    ReplyDelete