സ്വാഗതം WELCOME स्वागत
എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം
Tuesday, April 24, 2018
യാത്രക്കാരിൽ ഒരാൾ !
നഗരത്തിലെ ഒരു ഗ്ലാസ്സിട്ട ജ്യൂസ് കടയിൽ കയറി ജ്യൂസ് ഓർഡർ ചെയ്ത ശേഷം അയാൾ നഗര പാതയിൽ കണ്ണ് നട്ടുകൊണ്ടിരുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞു. ഇപ്പോൾ ഈ നഗരത്തിനു തന്നെ അറിയുക പോലുമില്ല . ഒരു കാലത്തു എല്ലാമെല്ലാമായിരുന്ന നഗരം. ഇപ്പോൾ തികച്ചും താൻ അപരിചനാണിവിടെ. എത്രയോ അപരിചതമായ മുഖങ്ങൾ ഈ നഗര പാതയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. പഴയ കോളേജ് കാലങ്ങൾ അയാളുടെ മനസ്സിലേക്ക് ഓടി വന്നു. വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും നഗരം ഇപ്പോഴും ജനനിബിഢമായി ഒഴുകുന്നു.
ജനത്തിരക്കിൽ നിന്ന് ഒരു സ്ത്രീയുടെ മുഖം അയാളുടെ കണ്ണുകളിൽ പതിഞ്ഞു. എവിടെയോ കണ്ടു പരിചിതമായ മുഖം. പ്രായം കണ്ണട നൽകിയിരിക്കുന്നു ആ മുഖത്ത്. ആ സ്ത്രീ രൂപം തന്റെ അരികിലേക്ക് വരികയാണ് എന്ന് അയാൾക്ക് തോന്നി. അയാളുടെ മനസ്സ് പഴയ കാല ഓർമ്മകളെ ഊതി കത്തിക്കുവാൻ തുടങ്ങി.
അയാൾ ആ മുഖം ശ്രദ്ധിച്ചുകൊണ്ടിരിന്നു. നടന്നു അടുത്ത ആ സ്ത്രീ അയാൾ ഇരിക്കുന്ന ജ്യൂസ് കടയിൽ കയറി. അപ്പോഴാണ് സ്ത്രീയുടെ കൂടെയുള്ള പയ്യനെ അയാൾ കാണുന്നത്. അപ്രതീക്ഷിതമായി അവർ രണ്ടുപേരും അയാൾ ഇരിക്കുന്ന കസേരയുടെ എതിർ വശത്തുള്ള ഒഴിഞ്ഞ കസേരയിൽ വന്നിരുന്നു.
എതിർ ദിശയിൽ ഇരിക്കുന്ന അയാളുടെ മുഖത്തേക്ക് സ്ത്രീയുടെ കണ്ണുകൾ പതുക്കെ പതിഞ്ഞു. തന്നെ തന്നെ നോക്കിയിരിക്കുന്ന അയാളുടെ കണ്ണുകളെ കണ്ടു അവർ ഞെട്ടി. വളരെ ആശ്ചര്യത്തോടു കൂടിയുള്ള കണ്ടുമുട്ടൽ ഇരുവരുടേയും കണ്ണുകളിൽ അവിശ്വസനീയത തീർത്തു. ഒരു നിമിഷ നേരം കൊണ്ട് അവൾ അയാളുടെ നിരകൾ വീണ തല മുടികളേയും താടിയെയും നിരീക്ഷിച്ചു. എന്നാലും അവൾ ഗൗരവ ഭാവം കണ്ണിൽ നിലനിർത്തി.
ഗൗരവ ഭാവമേറിയ അവളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു ഒരു ചെറു പുഞ്ചിരിയോട് കൂടി അയാൾ ചോദിച്ചു " ഇവിടെ ....?."
ഇടയിൽ കയറി വന്ന ജ്യൂസ് കടയിലെ പയ്യനോട് മെനു കാർഡ് ചോദിച്ചു കൊണ്ട് അവൾ അയാളുടെ ചോദ്യത്തെ അവഗണിച്ചു.
വീണ്ടും അവളുടെ കണ്ണുകളിലേക്കു നോക്കികൊണ്ടു അയാൾ പറഞ്ഞു " എന്നും ഓർക്കും... പക്ഷേ കണ്ടുമുട്ടുവാൻ കഴിഞ്ഞില്ല..., കാലങ്ങൾ കഴിഞ്ഞപ്പോൾ മറന്നു കാണും എന്ന് കരുതി "
അയാളുടെ സംസാരത്തിന് ഒരു മൂളലിൽ മാത്രം മറുപടി ഒതുക്കികൊണ്ടു അവൾ മകന്റെ മുടി കൈകൾകൊണ്ട് കൊതി ശരിയാക്കിക്കൊണ്ടിരുന്നു . തന്നിൽ നിന്നു ഒഴിഞ്ഞു മാറുന്ന അവളുടെ കണ്ണുകളിൽ പരിഭവവും ദേഷ്യവും നിറയുന്നത് അയാൾ കണ്ടു.
അയാൾ അവളുടെ മകന്റെ പേര് ചോദിച്ചു. അവൾ അയാളുടെ ചോദ്യം കേൾക്കാത്ത ഭാവം നടിച്ചു പുറത്തേക്കു നോക്കിയിരുന്നു.
അവളിൽ നിന്നുള്ള അവഗണന കാര്യമാക്കാതെ അയാൾ കുട്ടിയോട് പേര് ചോദിച്ചു. കുട്ടി അയാളുടെ പേർ പറഞ്ഞു. അത് കേട്ടപ്പോൾ അയാൾ സ്തബ്ധനായി.
തന്റെ പേരുതന്നെയാണ് അവൾ മകന് ഇട്ടിരിക്കുന്നത്. അവളുടെ സ്നേഹം തിരിച്ചറിയാതെ കടന്നു കളഞ്ഞ തന്നോടുള്ള മധുര പ്രതികാരം ആയിരിക്കും അതെന്ന് അയാൾക്കു മനസ്സിലായി. പക്ഷെ....സത്യം !
അവളുടെ കണ്ണുകളിലേക്കു അയാൾ വീണ്ടും ആഴത്തിൽ നോക്കി. ആ നോട്ടം അവളുടെ മനസ്സിന്റെ പടി വാതിൽ വരെ എത്തി.
നിശബ്ദനായി അയാൾ കഴിഞ്ഞതെല്ലാം മനസ്സിൽ നിരത്തുകയായിരുന്നു. സാഹചര്യങ്ങളാണ് നമ്മളെ തമ്മിൽ പിരിച്ചത്. വാക്കുകൾ ഓരോന്നായി അയാൾ പുറത്തെടുക്കാൻ ശ്രമിക്കവേ ഒന്നും പറയാതെ അവൾ മകന്റെ കൈ പിടിച്ചുകൊണ്ട് കടയിൽ നിന്ന് ഇറങ്ങി നടന്നു.
സത്യം ! അതു ഇന്നും അവൾ കേൾക്കുവാൻ തയ്യാറായില്ല.
തന്റെ ജീവിതത്തെ കുറിച്ച് ഒരു വാക്ക് പോലും അവൾ ചോദിച്ചില്ല. താൻ തനിച്ചാണ് ഇപ്പോഴും ജീവിക്കുന്നത്. അതുപോലും അറിയാൻ ശ്രമിക്കാതെയാണ് അവൾ കടന്നു കളഞ്ഞത്. വർഷങ്ങൾക്ക് മുമ്പും ഇത് തന്നെയാണ് സംഭവിച്ചത്. തന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്നറിയാൽ അവൾ ഒരിക്കൽപോലും താൽപ്പര്യപ്പെട്ടിട്ടില്ല .
അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടൽ തികച്ചും യാദൃശ്ചികം മാത്രം. എല്ലാം വിധി ആയിരിക്കും. "ഇനി ഒരു കാത്തിരിപ്പിനും കണ്ടുമുട്ടലിനും അർത്ഥമില്ല ജീവിതത്തിൽ" എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു.
നഗര പാതയിലേക്ക് ഇറങ്ങിയ സ്ത്രീയും മകനും അയാളുടെ കണ്ണിൽ നിന്ന് മറഞ്ഞു. പരിഭവങ്ങൾ ഉള്ളിലൊതുക്കി അയാൾ പതുകെ നഗര പാതയിലേക്ക് ഇറങ്ങി. ആൾകൂട്ടത്തിൽ ഒരുവനായി അയാൾ നടന്നു നീങ്ങുമ്പോൾ ഓരോ ദിവസവും മാറി മറിയുന്ന ജീവിത കാഴ്ചകൾ കാണുന്ന നഗരത്തിന് അയാൾ വെറും ഒരു അപരിചിതനായ യാത്രക്കാരിൽ ഒരാൾ മാത്രമായിരുന്നു. !
Labels:
ചെറുകഥകള്
Subscribe to:
Post Comments (Atom)
"""Grealish renewed a new contract with Villa>> Even ManU and ManCity are interested."""
ReplyDelete