സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Wednesday, March 21, 2012

ഓര്‍മകളുടെ മുല്ലപ്പൂക്കള്‍!!



രാവിലെ ഒരു തോര്‍ത്തും തോളിലൂടെ ഇട്ടു പറമ്പിലൂടെ തെങ്ങും, പ്ലാവും, കവുങ്ങും,കിളികളുടെ ആഹ്ലാദപ്രകടനങ്ങളും അണ്ണാന്റെ മാവിലൂടെ ചിലച്ചുള്ള ഓട്ടവും എല്ലാം നോക്കി നടക്കുമ്പോള്‍ പ്രവാസത്തിന്റെ നരച്ച ദിനങ്ങള്‍ മധുവിന്റെ മനസില്‍നിന്നു മാഞ്ഞുപോയിരുന്നു. ഇവയെല്ലാം ഈ ആഹ്ലാടപ്രകടനങ്ങള്‍ കാഴ്ച വെക്കുന്നത് തനിക്കു ആസ്വദിക്കുവാന്‍ വേണ്ടിയാണോ എന്ന്‌ പോലും അയാള്‍ക്ക്‌ തോന്നിപ്പോയി.

നടന്നു പറമ്പിന്റെ അതിര് വരെയെത്തി. അതിര്‍ത്തിയില്‍ കാട് പിടിച്ചു കിടക്കുന്ന പച്ചില കൂട്ടങ്ങള്‍ക്കു ഇടയില്‍ നില്‍ക്കുന്ന മുല്ലവള്ളിയില്‍ അയാളുടെ ശ്രദ്ധ പതിഞ്ഞു. ഇപ്പോഴും ആ മുല്ല ഇവിടെയുണ്ടോ? മധുവിന് അത് കണ്ടപ്പോള്‍ ആശ്ചര്യമായി. കാടുപിടിച്ച് കിടക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചകള്‍ക്കും മുള്ചെടികള്‍ക്കും ഇടയിലായാണ് അതിന്റെ നില്‍പ്പ്. എങ്ങനെയാണ് അത് നില്‍ക്കുന്നത് എന്നറിയില്ല. ഈ കാടുകള്‍ക്കുള്ളില്‍ തികച്ചും അത് മറഞ്ഞു പോയിരിക്കുന്നു.

എന്ത് മാത്രം പൂക്കള്‍ വിരിഞ്ഞിരുന്ന മുല്ലയാണ്. ഇപ്പോള്‍ അത് അതിജീവനത്തിന്റെ പാതയിലാണ്. അതിജീവനം...? വല്ലാത്ത ഒരു പ്രതിഭാസം. ഭൂമിയില്‍ എല്ലാ ജീവജാലങ്ങളുടെയും പ്രശ്നം ഒന്ന് തന്നെ.

അന്ന് ഇവിടെ വെറും മുല്ലകള്‍ മാത്രം. ഒരു കാലത്ത് താനും മീരയും ഓടിയെത്തും ഇവിടെ. മുല്ലകള്‍ പൂവിട്ടോ..വിരിഞ്ഞോ..എന്നെല്ലാം അറിയാന്‍. പൂവിട്ടാല്‍ എല്ലാം അവള്‍ക്കു പറിച്ചു കൊടുക്കും.

മധു ഒരു നെടുവീര്‍പ്പോടുകൂടി മുല്ലപ്പടര്‍പ്പില്‍ നിന്ന് തലയുയാര്‍ത്തി അതിര്‍ത്തിയുടെ അപ്പുറത്തെ മീരയുടെ വീട്ടിലേക്കു നോക്കി. ആരെയും കാണുന്നില്ല. വാതിലും ജനലുമെല്ലാം അടഞ്ഞു കിടക്കുന്നു. ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്.

മീരയും കുടുംബവും ഗള്‍ഫില്‍ ആണല്ലോ? പിന്നെ ആരുടെ കുട്ടിയാകും ഈ കരയുന്നത്?
കയറി ചോദിച്ചാലോ..അല്ലെങ്കില്‍ വേണ്ട..പിന്നെ പോകാം അങ്ങോട്ട്‌. എന്തായാലും ഇപ്പോള്‍തന്നെ ഈ കാട് വെട്ടിതെളിയിച്ചു മുല്ലയെ സ്വതന്ത്രയാക്കണം എന്ന നിശ്ചയവുമായി മധു വീട്ടിലേക്കു തിരിച്ചു നടന്നു. പെട്ടന്ന് കാലില്‍ എന്തോ കോറി.അയാള്‍ നോക്കിയപ്പോള്‍ തന്നെ വേദനിപ്പിച്ചിട്ടു ഒന്നും അറിയാത്തപോലെ തലകുനിച്ചു നില്‍ക്കുന്ന അവള്‍. അയാള്‍ ഒരു പുഞ്ചിരിയോട്‌ കൂടി അവളുടെ അടുത്തേക്ക് കുനിഞ്ഞിരുന്നു.


"നിന്നെ ഞാന്‍ മറന്നിട്ടോന്നുമില്ല.. എന്തിനാണ് എന്നെ വേദനിപ്പിച്ചത്? "

നാണത്താല്‍ തല താഴ്ത്തി നില്‍ക്കുന്ന അവളോട്‌ പതുക്കെ ചോദിച്ചു. കുറച്ചു നേരം അങ്ങനെ അവളുടെ ആ നിഷ്കളങ്കമായ ആ പെരുമാറ്റം രസിച്ചിരുന്നു അയാള്‍. കാലം നിന്റെ സ്വഭാവത്തില്‍ മാത്രം ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന ഭാവത്തില്‍ തൊട്ടാവാടിയുടെ നെറുകയില്‍ വിരിഞ്ഞു നില്‍ക്കുന്ന കുഞ്ഞുപൂക്കളെ തലോടി എഴുന്നേറ്റു വീണ്ടും നടന്നു.

വീട്ടില്‍ നിന്ന് വെട്ടുകത്തിയുമായി മധു തിരിച്ചു നടക്കുമ്പോള്‍ അമ്മ പുറകില്‍ നിന്ന് ചോദിച്ചു.

നീ എങ്ങോട്ടാണ് കാലത്ത് ഈ വെട്ടുകത്തിയുമായി ?

അതിരില്‍ നില്‍ക്കുന്ന ആ കാട് ഒന്ന് വെട്ടിതെളിയിക്കണം. മധു പറഞ്ഞു.

അമ്മ: അത് നീ ചെയ്യേണ്ട ഇപ്പോള്‍. ഞാന്‍ ആളെ നോക്കുന്നുണ്ട്.

മധു: അതിന്റെ ആവശ്യം ഇല്ല അമ്മേ..അത് ഞാന്‍ തന്നെ ചെയ്തോളാം. അല്ല അമ്മേ.. മീരയുടെ വീട്ടില്‍ നിന്ന് ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍ കേട്ടല്ലോ? ആരുടെ കുട്ടിയാ അത്?

അമ്മ: അത് മീരയുടെ മോളുടെ കരച്ചില്‍ ആവും.

മധു: അമ്മയെല്ലേ ഒരിക്കല്‍ വിളിച്ചപ്പോള്‍ പറഞ്ഞത് അവര്‍ കുടുംബസമേതം ഗള്‍ഫില്‍ പോയെന്നു.

അമ്മ: ഇല്ല. മീര മാത്രമേ പോയോള്ളൂ. അവളുടെ ഭര്‍ത്താവ് അവള്‍ക്കു ഒരു ജോലി അയാളുടെ കമ്പനിയില്‍ തന്നെ ശരിയാക്കിയിട്ടുണ്ടാത്രേ !

മധു: അപ്പോള്‍ അവര്‍ ആ കുട്ടിയെ കൊണ്ടുപോയില്ലേ?
അമ്മ: ഇല്ല, അവര്‍ക്ക് തിരക്കിനിടയില്‍ മോളെ നോക്കാന്‍ സാധിക്കില്ലത്രേ? ഇവിടെ ആവുമ്പോള്‍ അവളുടെ അച്ഛനും അമ്മയും നോക്കികൊള്ളുമല്ലോ..

പാവം കുട്ടി..എന്ന് പറഞ്ഞുകൊണ്ട് മധു അതിര്‍ത്തിയിലേക്ക് നടന്നു.

കാട് വെട്ടിതെളിയിക്കുമ്പോള്‍ മുല്ലവള്ളികള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. പെട്ടന്ന് ആ കാഴ്ച കണ്ടപ്പോള്‍ അയാള്‍ക്ക്‌ സന്തോഷം അടക്കാനായില്ല. മുല്ല ആകെ പൂത്തിരിക്കുന്നു. എന്ത് മാത്രം മൊട്ടുകള്‍ ആണ്.

"ഇപ്പോഴും ആരും കാണാതെ നീ പൂക്കുന്നുണ്ടല്ലേ.."? അയാള്‍ മുല്ലയോടു ഒരു പരിഭവ സ്വരത്തില്‍ ചോദിച്ചു.
മുല്ല ഉണ്ട് എന്ന ഭാവത്തില്‍ പൂമൊട്ടുകള്‍ നിറഞ്ഞ ശിഖരങ്ങള്‍ ഇളംകാറ്റില്‍ ആടി.

ഇതിനിടയില്‍ "അങ്കിള്‍..അങ്കിള്‍" എന്ന വിളി കേട്ടു മധു തിരിഞ്ഞു നോക്കി. ഒരു കൊച്ചു മിടുക്കി പുഞ്ചിരിച്ചുകൊണ്ട് രണ്ടു കൈകളും നീട്ടിപ്പിടിച്ചു നില്‍ക്കുന്നു. ഒറ്റ നോട്ടത്തില്‍ അത് മീരയുടെ മകള്‍ ആണെന്ന് അയാള്‍ക്ക്‌ മനസിലായി.

മധു: ഹായ് മോളൂ!
കുറച്ചു മുല്ലപൂക്കള്‍ എനിക്ക് തരുമോ? ആ കൊച്ചു മിടുക്കി ചോദിച്ചു.

മധു: അങ്കിള്‍ തരാമല്ലോ? മിടുക്കിക്ക് എത്ര പൂക്കള്‍ വേണം.

മിടുക്കി: എനിക്ക് മുടിയില്‍ ചൂടാന അങ്കിള്‍..

മധു: തരാം കേട്ടോ മോളൂ..എന്തിനാ മോള്‍ നേരത്തെ കരഞ്ഞിരുന്നത്?

മിടുക്കി: അത് മുല്ലപ്പൂ പറിച്ചു തരുവാന്‍ പറഞ്ഞിട്ടാണ് കരഞ്ഞത്..അമ്മൂമ്മ ഇവിടെ പാമ്പ് ഉണ്ടാകും എന്ന്‌ പറഞ്ഞു പറിച്ചു തന്നില്ല.

മധു: അതെയോ? ഇനി കരയണ്ട കേട്ടോ. അങ്കിള്‍ പറിച്ചു തരാം. ആട്ടെ.. ഇവിടെ മുല്ലപൂക്കള്‍ ഉണ്ടാവും എന്ന്‌ മോള്‍ക്ക്‌ എങ്ങനെ അറിയാം?

മിടുക്കി: ഉം.. എനിക്കറിയാം. എന്റെ അമ്മ പറഞ്ഞു ഇവിടെ മുല്ലപ്പൂക്കള്‍ ഉണ്ടെന്നു..അമ്മ ഉള്ളപ്പോള്‍ ഇവിടെ നിന്ന് പൂക്കള്‍ പറിക്കാറുണ്ട്.

മുല്ലപ്പൂക്കള്‍ പറിച്ചു ആ സുന്ദരിക്കുട്ടിയുടെ കൊച്ചു കൈകളില്‍ നിറച്ചു കൊടുക്കുമ്പോള്‍ മീരയുടെ കൈകളില്‍ പൂക്കള്‍ നിറച്ചു കൊടുത്തിരുന്ന ഓര്‍മ്മകള്‍ ആയിരുന്നു മധുവിന്റെ മനസ്സ് മുഴുവന്‍. ‍

മിടുക്കി മുല്ലപ്പൂക്കള്‍ നിറഞ്ഞ കൈയ്യുമായി സന്തോഷത്തോടെ 'അമ്മൂമേ..മുല്ലപ്പൂക്കള്‍ കിട്ടി...' എന്ന്‌ പറഞ്ഞു ഓടിപ്പോയി.

കാലങ്ങള്‍ മായ്ച്ച ഓര്‍മ്മകള്‍ മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട ഒരു പ്രതീതിയില്‍ മധു വെട്ടിത്തെളിച്ച കാടുകളില്‍ നില്‍ക്കുന്ന മുല്ലയില്‍ നോക്കിയപ്പോള്‍ വീണ്ടും നാളേക്ക്
വിരിയാന്‍ ഒരായിരം മൊട്ടുകള്‍ അതില്‍ നിറഞ്ഞ പോലെ തോന്നി...

ഓര്‍മകളുടെ സുഗന്ധമുള്ള മുല്ലപ്പൂക്കള്‍!!

15 comments:

  1. മുല്ലപ്പൂവിന്റെ സുഗന്ധമുള്ള ഒരു കഥ. നന്നായി

    ReplyDelete
  2. കുട്ടിയുടെ സന്തോഷം മനസ്സിലേക്കും ഒതുക്കപ്പെട്ടതിനെ പുറത്തെത്തിച്ച വിശാലത ഹ്രിദയത്തിലേക്കും ഓടിയെത്തുന്നു.ആശംസകൾ..

    ReplyDelete
  3. ഇനിയുമിനിയും മുല്ലകള്‍ പൂക്കട്ടെ....

    ReplyDelete
  4. ഒരു വിരഹ വേദന മണക്കുന്ന പോലെ തോന്നി....:)

    കഥ നാന്നായി പറഞ്ഞു....ആശംസകള്‍...

    ReplyDelete
  5. ഉം ആ മുല്ല പൂത്തത് ഞാന്‍ കാണാഞ്ഞത് നന്നായി ട്ടോ...:)

    ReplyDelete
  6. പതിവ് പോലെ ഷൈജു വിന്റെ ലളിതമായ രചന ..
    സംഭാഷണം വരുന്ന ഭാഗങ്ങളില്‍ .അമ്മ ,മധു ,,എന്നിങ്ങനെ എഴുതി ഡയലോഗ് പറഞ്ഞതു ഒരു വായനാ സുഖം നഷ്ട്ടപ്പെടുന്നത് പോലെ തോന്നി ,,ഒന്നും കൂടി നന്നാക്കാമായിരുന്നു ,,,ആശംസകള്‍ !!

    ReplyDelete
  7. ലളിതമായി പറഞ്ഞു.. എന്നാലും ആകെപ്പാടെ വായനാസുഖം ഉണ്ടായിരുന്നു. നന്നായി, വീണ്ടും വരാം.

    ReplyDelete
  8. ഓര്‍മ്മകളുടെ ഈ മുല്ലമണം നന്നായി!

    ReplyDelete
  9. ഇതിലെ , തൊടിയിലെ നടന്ന് കൊണ്ട് ചെടികളോടും കായോടും വർത്തമാനം പറയുന്നതൊക്കെ വായിക്കുമ്പോൾ ശരിക്കും ചേച്ചി വീട്ടിൽ പെരുമാറുന്നത് പോലെ. നല്ല ഓർമ്മകൾ ഉണർത്തി. ചേച്ചിയോട് പറയണം. ആശംസകൾ.

    ReplyDelete
  10. പ്രിയ അജിത്‌ ബായ്, സങ്കല്പങ്ങള്‍, മുല്ല, ഡോക്റ്റര്‍ അബ്സര്‍,
    കൊച്ചു മോള്‍, ഫൈസല്‍ ബാബു, മിനി, ഇസഹാക്ക്, മണ്ടൂസന്‍
    എല്ലാവര്ക്കും എന്റെ നന്ദി അറിയിക്കുന്നു. വീണ്ടും വരിക...

    ReplyDelete
  11. നല്ല സുഖം, വായിച്ച് കഴിഞ്ഞപ്പോള്‍..
    ആസ്വദിച്ചു :)

    ReplyDelete
  12. ലളിതവും മനോഹരവുമായ കഥ - ഇഷ്ടപ്പെട്ടു

    ReplyDelete