തന്റെ വാസസ്ഥലത്തിന്റെ അരികിലൂടെ പല കാൽപെരുമാറ്റങ്ങളും കേൾക്കാറുണ്ട്. പക്ഷെ, അവരെല്ലാം അടുത്തുള്ള അയൽവാസികളെ തേടിവരുന്നവർ ആയിരിക്കും. ആരും തന്നെ തേടിവരാത്തതിൽ അയാൾക്ക് പരിഭവമില്ല. കാരണം തന്നെപ്പോലെ ഒപ്പം ഉണ്ടായിരുന്നവർ എല്ലാവരും പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട് പിടിച്ചു. ജീവിതം കഴിഞ്ഞിട്ടും തനിക്കു ഇപ്പോഴും പ്രവാസിയായി കഴിയുവാൻ തന്നെയാണ് വിധി. എല്ലാം പടച്ചവന്റെ നിശ്ചയം തന്നെ !. അതിൽ അയാൾ സംതൃപ്തിയടയും.
തന്നെത്തേടി വരുവാൻ ഇനി ആരുമില്ല എന്ന ഉത്തമബോധ്യം അയാൾക്കുണ്ട്. എന്നാലും വൃഥാ ആശിച്ചുപോകും ആരെങ്കിലും ഒന്ന് വന്നെങ്കിൽ എന്ന്. ആശകളാണല്ലോ പ്രതീക്ഷകളെ സൃഷ്ടിക്കുന്നത്.
ഒരുനാൾ ഒരു പതിവില്ലാത്ത ആൾപെരുമാറ്റം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. തന്നെത്തേടി വരുന്നവർ ആയിരിക്കുവാൻ സാദ്ധ്യതയില്ലാത്തതിനാൽ അയാൾ ആദ്യം ഗൗനിച്ചില്ല.
ഒരാൾ സംസാരത്തിനിടയിൽ "ഉപ്പ" എന്ന് തന്നെ വിളിക്കുന്നത് അയാളുടെ കാതിൽ പതിഞ്ഞു.
വർഷങ്ങൾ പലതും കഴിഞ്ഞു. ഇതുവരെ തന്നെത്തേടി ആരും "ഉപ്പ" എന്ന് വിളിച്ചു വന്നിട്ടില്ല. ഓർമകളെ തിരയുവാൻ അയാൾ ജീവിതത്തിലേക്ക് മടങ്ങി.
ഒരു പത്തു വയസ്സുകാരന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞു. അവസാനമായി നാട്ടിൽ നിന്ന് വരുമ്പോൾ തന്നെ പിരിയാൻ കഴിയാത്തതിൽ കരഞ്ഞു കരഞ്ഞു തളർന്നു ഉറങ്ങിയ മകൻ. തന്റെ യാത്രയിൽ ദുഃഖവും ജീവിതത്തിന്റെ പ്രതീക്ഷയും കണ്ണുകളിൽ ഒളിപ്പിച്ചു സൂക്ഷിച്ച ഭാര്യ. ഒരിക്കലും പ്രതീക്ഷിക്കാത്ത അവസാനയാത്രയായിരുന്നു അത്. എന്ത് ചെയ്യുവാൻ ?
ജീവിതയാത്രകളുടെ ദൂരം അളക്കുവാൻ പ്രാപ്തൻ പടച്ചവൻ തന്നെ !
തന്റെ പരലോക സൗഖ്യത്തിനു വേണ്ടി മകൻ പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് സന്തോഷം അടക്കുവാൻ കഴിഞ്ഞില്ല. അവൻ എങ്ങനെ ആയിരിക്കും തന്നെ തേടി വന്നു കാണുക. അയാൾക്ക് എല്ലാം ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ !
മകന്റെ കൂടെ വന്നയാൾ പറയുന്നുണ്ട് "ഇവിടെയാണ് മരിച്ചവരായ വിദേശികളെ കബറടക്കം ചെയ്യുന്നത്. പല രാജ്യത്തിനു നിന്നുമുള്ള ആളുകളെയെല്ലാം ഇവിടെത്തന്നെയാണ് അടക്കം ചെയ്യുന്നത്. അതും നാട്ടിലേക്ക് അയക്കുവാൻ കഴിയാത്ത മയ്യത്തുകൾ".
കേട്ടുനിന്ന മകന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഉറ്റിവീണത് രണ്ടു മീസാൻ കല്ലുകൾക്കിടയിലെ അയാളുടെ കൊച്ചു കബറിടത്തിലേക്കാണ്. ചുട്ടുപഴുത്ത മണ്ണ് ആ കണ്ണീരിനോട് അൽപ്പം പോലും ദാക്ഷണ്യമില്ലാതെ കാണുവാൻ സാധിക്കാത്തവിധം മാച്ചുകളഞ്ഞു.
അയാളെപ്പോലെതന്നെ ആരെങ്കിലും വരും എന്ന പ്രതീക്ഷയിൽ ജീവിതം കഴിഞ്ഞിട്ടും വീണ്ടും പ്രവാസം അനുഭവിക്കുന്ന മനുഷ്യർ ആ കബർസ്ഥാനിലെ അനേകം മീസാൻ കല്ലുകൾക്കിടയിൽ ഉണ്ടായിരുന്നു.
ഉപ്പയോട് സലാം പറഞ്ഞു മകൻ പിരിഞ്ഞു പോകുമ്പോൾ ഇനിയൊരു കണ്ടുമുട്ടലിനു പ്രാപ്തനാക്കുവാൻ കഴിയുന്ന റബ്ബാണ് വലിയവൻ എന്നോർമ്മിപ്പിച്ചുകൊണ്ട് പള്ളിയുടെ മിനാരങ്ങളിൽ നിന്ന് ബാങ്കൊലികൾ അലയടിച്ചു വാനിൽ ഉയർന്നു.
ഉപ്പയെ അന്വേഷിച്ചു വരുന്ന മകൻ.. അവൻ്റെ പ്രാർത്ഥനയും ഒരു നൊമ്പരമായി ഷൈജു :(
ReplyDelete