സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Sunday, August 15, 2021

ഓർമ്മകളുടെ പൂക്കളം

 

ഓണ നിലാവിൻ  പൈങ്കിളി 
യെൻ മനസ്സിൻ ചില്ലയിലിരുന്നു 
മാടിവിളിക്കുന്നൊരു ഓണക്കാലം.

അത്തം ഇങ്ങെത്തിപ്പോയി 
തൊടിയിൽ പൂക്കൾ കാത്തിരിക്കുന്നു 
കളം നിറയ്ക്കുവാൻ ! 

ചെറു മഞ്ഞിൻ കുളിരിൻ 
പുലർക്കാലേ പൂപ്പറിക്കുവാൻ 
പോയിരുന്നൊരു ഓർമ്മക്കാലം .  

ഗ്രാമീണ ഭംഗി നിറഞ്ഞൊരാ -
തുമ്പപ്പൂവിൻ ചെറു വെണ്മ 
പുഞ്ചിരിയിൽ വിടർന്നൊരു പൂക്കാലം . 

ഇളം വെയിലിൽ 
പാറിപ്പറക്കും വയൽ തുമ്പികൾപ്പോൽ   
ഓർമ്മകളോടുന്നു കുട്ടിക്കാലം തേടി. 

പൂക്കളം നിറഞ്ഞ പൂക്കൾ പോൽ 
നിർമ്മലമാം സംശുദ്ധമായിരുന്നൊരാ -  
ബാല്യത്തിൻ സുവർണ്ണ ലോകം. 

ആട്ടമൊഴിഞ്ഞ  ഊഞ്ഞാലിൻ 
ഏകാന്തതയിൽ കഴിയുന്ന മുറ്റത്തെ 
തേൻമാവിനുമുണ്ടേറെ പരിഭവങ്ങൾ പറയുവാൻ !  

കാത്തിരുന്നാലും 
തിരിച്ചുവരാത്ത ആ സുദിനങ്ങൾക്കിന്നും  
മാമ്പഴത്തിൻ ഗന്ധവും രുചിയുമാണ് .

കാലങ്ങൾക്കിപ്പുറവും 
മനസ്സിൽ വിരിയുന്ന ഓണക്കാലങ്ങൾക്കു 
മുക്കുറ്റി പൂവിനോളം അഴകാണ്.

വീണ്ടുമൊരുനാൾ  
പറന്നു വരും ഓണ നിലാ പൈങ്കിളി 
ഓർമ്മകളുടെ പൂക്കളം മനസ്സിൽ തീർക്കുവാൻ.  

2 comments:

  1. ഓണനാളുകളിലേക്ക് കൊണ്ടുപോയി 😊😊😊😊നല്ല രചന 👏👏👏👏

    ReplyDelete