സ്വാഗതം WELCOME स्वागत
എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം
Thursday, December 16, 2010
ഉപ്പയുടെ കുട
അയാള്‍ പുറത്തേക്കു പോകുവാന്‍ ഒരുങ്ങുകയാണ്. അപ്പോള്‍ പുറകില്‍ നിന്ന് ഭാര്യ പറഞ്ഞു: "മഴ പെയ്യാന്‍ സാധ്യത ഉണ്ട്..കുട എടുത്തോള്ളൂ.
അയാള്‍ അത് കാര്യമാക്കാതെ പറഞ്ഞു: കുടയുടെ ആവശ്യം ഒന്നും ഇല്ല, ഞാന്‍ ഇറങ്ങുകയാ.... മഴ പെയ്യില്ല.
മുറ്റത്തോളമെത്തിയ അയാളുടെ കൈയ്യില്‍ ഭാര്യ ഓടി വന്നു ഒരു കുട കൊടുത്തുകൊണ്ട് പറഞ്ഞു: ഒരു കുട പിടിച്ചു നടന്നാല്‍ എന്താ കുഴപ്പം വരിക. വെറുതെ മഴകൊണ്ട് അസുഖം വരുത്തണോ?
അയാള്‍ ഇതിന്റെ ഒരു ആവശ്യവും ഇല്ല വീണ്ടും പറഞ്ഞു ആ കുടയും വാങ്ങി യാത്രയായി. കുറച്ചു നടന്നു നീങ്ങുമ്പോഴേക്കും മഴ ചാറിത്തുടങ്ങി. മഴ കാര്യമാവില്ല എന്ന് കരുതി അയാള്‍ കുട നിവര്‍ത്താതെ നടന്നു. മഴയുടെ ശക്തി കൂടി തുടങ്ങിയപ്പോള്‍ അയാള്‍ കുട നിവര്‍ത്തി.
നിവര്‍ത്തിയ കുടയുടെ കോലം കണ്ടപ്പോള്‍ അയാള്‍ അമ്പരന്നു. എന്ത് കുടയാണ് അവള്‍ എടുത്തു തന്നത്. കുടയുടെ വില്ലെല്ലാം ഓടിഞ്ഞിരിക്കുന്നു. വേറെ നല്ല കുടകള്‍ ഉണ്ടായിരുന്നല്ലോ വീട്ടില്‍? ഭാര്യ തിരക്കില്‍ എടുത്തു തന്നപ്പോള്‍ തെറ്റിയതാവും എന്ന സമാധാനത്തില്‍ അയാള്‍ നടത്തം തുടര്‍ന്നു.
ശക്തമായ മഴത്തുള്ളികള്‍ കുടയുടെ ശീലയില്‍ വീണപ്പോള്‍ പഴമയുടെ ഗന്ധം അയാളെ പൊതിഞ്ഞു. പരിചിതമായ ഒരു നഷ്ട്ട ഗന്ധം. അയാള്‍ ആ ഗന്ധം തിരിച്ചറിയാന്‍ ശ്രമിക്കവേ ശക്തിയായ കാറ്റ് വീശി. കുടയുടെ ഗതി മാറാതിരിക്കാന്‍ അയാള്‍ കുടയുടെ വളഞ്ഞ കാല്‍ മാറോടു ചേര്‍ത്ത് പിടിച്ചു. അപ്പോഴാണ് അയാള്‍ക്ക് ഓര്മ വന്നത് ഇതു തന്റെ ഉപ്പയുടെ കുടയാണല്ലോ.
അയാള്‍ ആകെ ആ കുടയുടെ രൂപം ഒന്നുകൂടെ നോക്കി. ശോഷിച്ച കമ്പികളില്‍ രണ്ടെണ്ണം ഓടിഞ്ഞിരിക്കുന്നു. ഋതുഭേദങ്ങള്‍ ശീലയുടെ നിറം കെടുത്തിയിരിക്കുന്നു. ഉപ്പയുടെ നിര്‍ദ്ദേശപ്രകാരം കുടയുടെ ശീലയുടെ ഒരറ്റത്ത് ഉമ്മ പണ്ട് തന്റെ പേര് തുന്നിപ്പിടിപ്പിച്ചതെല്ലാം ഒരുവിധം നൂലറ്റു പോയിരിക്കുന്നു.
ഒരു കാലത്ത് വെയിലത്തും മഴയത്തും ഉപ്പയുടെ കൂടെ നടന്ന കുട. തന്നേക്കാള്‍ ഏറെ ഉപ്പയുടെ തോള്ളില്‍ കിടന്നുറങ്ങിയ കുട. തന്നെയും കൂട്ടി ഉപ്പ പാടത്തേക്കു പോകുമ്പോള്‍ ഈ കുട നിവര്‍ത്തി അതില്‍ നിന്ന് കൊള്ളാന്‍ പറയും. പാവം ഉപ്പ ആ വെയില്‍ മുഴുവന്‍ കൊള്ളും. കാലങ്ങള്‍ മായ്ച്ച ഓര്‍മ്മകള്‍ വീണ്ടും ആ കുട അയാളില്‍ പലതും നിറച്ചു.
ജീവിതം പച്ച പിടിപ്പിക്കാനുള്ള പരക്കം പാച്ചലില്‍ താന്‍ എപ്പോഴോ ഉപ്പയെ മറന്നുപോയി. താന്‍ ഉപ്പയെ മറന്നിട്ടും ഉപ്പ തന്നെ മറന്നിട്ടില്ല. കാണാതായപ്പോള്‍ തന്നെ തേടി ഉപ്പ അരികില്‍ വന്നപോലെ അയാള്‍ക്ക് തോന്നി. വല്ലാത്ത കുറ്റബോധം അയാളില്‍ ഉണര്‍ന്നു. കണ്ണുകള്‍ നിറഞ്ഞു. പുതുമഴയില്‍ വിരിയുന്ന പൂക്കള്‍ പോലെ മറഞ്ഞു പോയ ഉപ്പയുടെ മുഖം അയാളുടെ ഓര്‍മകളുടെ മുറ്റത്ത് നിറഞ്ഞു.
ഉദ്ദേശിച്ച യാത്രയുടെ ലക്ഷ്യം പാതി വഴിയില്‍ ഉപേക്ഷിച്ചു അയാള്‍ തന്റെ ഉപ്പ അന്ത്യവിശ്രമം കൊള്ളുന്ന ഖബര്‍സ്ഥാന്‍ ലക്ഷ്യമാക്കി തിരിച്ചു നടന്നു. അപ്പോഴേക്കും മഴ തോര്‍ന്നിരുന്നു. എന്നാലും അയാള്‍ കുട ചുരുക്കാതെ അതിന്റെ വളഞ്ഞ കാല്‍ നെഞ്ചോടു ചേര്‍ത്ത് തന്നെ പിടിച്ചു..
Labels:
ചെറുകഥകള്‍
Subscribe to:
Post Comments (Atom)
ഒത്തിരി നാളു കൂടി ഒരു നല്ല കഥ വായിച്ചു.. ഷൈജുവിന് നന്ദി !!
ReplyDeletekijumon
Mumbai
നല്ലൊരു പോസ്റ്റ് മാഷേ. വളരെ ഇഷ്ടമായി.
ReplyDeleteഇനിയുമെഴുതുക, ആശംസകള്‍!
ക്രിസ്തുമസ്സ്-പുതുവത്സര ആശംസകള്‍!