സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Monday, May 9, 2011

മക്കള്‍ക്കായ്...ഒരു കഥ !



ഒരിക്കല്‍ ഒരു കാട്ടില്‍ കുറെ മരങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ എല്ലാ മരങ്ങള്‍ക്കും വളരെയധികം ശാഖകളും ഉപശാഖകളും ഉണ്ടായിരുന്നു. പക്ഷെ അതില്‍ ഒരു മരത്തിനു മാത്രം അധികം ചില്ലകള്‍ ഉണ്ടായിരുന്നില്ല. തന്നെയുമല്ല അതില്‍ പച്ചിലകളും കുറവായിരുന്നു. അതിനാല്‍ മറ്റുള്ള മരങ്ങള്‍ക്ക് ഈ മരത്തെ പുച്ഛമായിരുന്നു.

ശുഷ്ക്കിച്ച ഈ മരമോഴിച്ചു ബാക്കി എല്ലാ മരങ്ങളിലും പക്ഷികള്‍ വന്നു കൂട് കൂട്ടുവാന്‍ തുടങ്ങി. അവര്‍ എല്ലാവരും ഈ മരത്തെ കളിയാക്കി. എല്ലാം കേട്ടു സഹിക്കുകയല്ലാതെ ആ പാവം മരത്തിനു വേറെ ഗതിയില്ലായിരുന്നു. അതിനാല്‍ ഒരു കൊടുംകാറ്റ് വരുവാന്‍..ഒരു പേമാരി വരുവാന്‍ അത് കുറേ ആശിച്ചു.. ഈ ജീവിതം ഒന്നു അവസാനിപ്പിക്കാമല്ലോ.. പിന്നെ ആരുടേയും മുമ്പില്‍ ഇങ്ങനെ തല കുനിച്ചു ജീവിക്കെണ്ടല്ലോ..

പക്ഷെ ഒരു പെമാരിയോ കൊടുംകാറ്റോ ആ കാടിനെ തേടി വന്നില്ല.

അങ്ങനെ ഒരുനാള്‍ ഒരു കുയില്‍ ആ മരത്തില്‍ വന്നിരുന്നു. അപ്പോള്‍ ആ മരം ചോദിച്ചു. "നീ എന്തിനാ ഈ ശുഷ്ക്കിച്ച എന്റെ ഈ മരക്കൊമ്പില്‍ വന്നിരുന്നത്? നല്ല ഇലകള്‍ തിങ്ങി നിറഞ്ഞ എത്രയോ മരങ്ങള്‍ വേറെ ഉണ്ട് ഈ കാട്ടില്‍? "

"എനിക്ക് അവരെക്കാള്‍ ഏറെ ഇഷ്ട്ടമായത് നിന്നെയാണ്" ... കുയില്‍ മൊഴിഞ്ഞു
"നിനക്ക് നല്ലൊരു ഇരിപ്പിടം നല്‍കാന്‍ ഉള്ള നല്ല ശാഖ പോലും എന്നില്‍ ഇല്ല" മരം അതിന്റെ നിസഹായാവസ്ഥ തുറന്നു പറഞ്ഞു..

കുയില്‍: എനിക്ക് ഈ ശാഖ തന്നെ ധാരാളം..

മരം: ഞാന്‍ ഒരു പെമാരിയോ കൊടുംകാറ്റോ വരാന്‍ ആശിച്ചിരിക്കുകയാണ്. ജീവിച്ചത് മതിയായി. ഇന്ന് രാത്രി അങ്ങനെ സംഭവിച്ചാല്‍ നാളെ ഞാന്‍ കാണില്ല ഇവിടെ നിന്നെ വരവേല്‍ക്കാന്‍"

"അങ്ങനെ പറയരുത്..നാളെയും ഞാന്‍ വരും നിന്നെ കാണുവാന്‍ എന്ന്‌ മാത്രം പറഞ്ഞു ആ കുയില്‍ പറന്ന് പോയി..

മരം എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു. നാളെ വരുമോ? തന്നെ കളിയാക്കിയതാകുമോ ഈ കള്ളി കുയില്‍?

അടുത്ത പ്രഭാതം വിടര്‍ന്നു. മരം കുയിലിനെ കാത്തിരിപ്പ്‌ തുടങ്ങി. സായാഹ്നമായി. കുയിലിനെ കാണുന്നില്ല. മറ്റു മരങ്ങളില്‍ എല്ലാ പക്ഷികളും ചേക്കേറി തുടങ്ങി. തന്നിക്ക് മാത്രം ആരുമില്ല. മരം വളരെ ദുഖത്തിലാണ്ടുപോയി. അപ്പോള്‍ ഒരു മധുരമായ പാട്ട് ദൂരെ നിന്ന് കേള്‍ക്കുന്നു. മരം അത് കാതോര്‍ത്തു. വൈകാതെ ആ കുയില്‍ പറന്ന് വന്നു ആ മരക്കൊമ്പില്‍ ഇരുന്നു. അത് മധുരമായി പാടുവാന്‍ തുടങ്ങി. മരത്തിനു സന്തോഷമായി. മറ്റു മരങ്ങള്‍ ഈ മരത്തെ നോക്കി അസൂയ പൂണ്ടു. കുറെ പാട്ടുകള്‍ പാടി ആ കുയില്‍ മരത്തോടു യാത്ര പറഞ്ഞു പിരിഞ്ഞു.

പിന്നെ ആ മരം എല്ലാ ദിവസവും കുയിലിനായി കാത്തിരിപ്പ്‌ തുടങ്ങി. കുയില്‍ തന്റെ പുതിയ പാട്ടുകള്‍ കേള്‍പ്പികാനായി ദിവസവും ആ മരത്തില്‍ വരിക പതിവായി. പ്രതീക്ഷയുടെ പുതു ജീവന്‍ തന്നില്‍ നിറയുന്ന പോലെ ആ മരത്തിനു തോന്നി. തന്നെ സ്നേഹിക്കുന്ന ആ പൂങ്കുയിലിനു വേണ്ടി പതുക്കെ ആ മരം പുതിയ തളിര്‍ത്ത ഇലകള്‍ വാനില്‍ വിടര്‍ത്തുവാന്‍ തുടങ്ങി..

2 comments:

  1. കുട്ടിപ്രായമൊക്കെ പണ്ടേ കഴിഞ്ഞുപോയ ഞാനും വായിച്ച് സന്തോഷിച്ചു

    ReplyDelete