
തിരക്ക് പിടിച്ച ജീവിതങ്ങളെ പോലെ വളരെ ധൃതിയില്‍ തന്നെയാണ് കലണ്ടറിലെ കറുപ്പും ചുവപ്പും കലര്‍ന്ന ഓരോ ദിനങ്ങളും കടന്നു പോകുന്നത്. മണമുള്ളതും മണമില്ലാത്തതുമായ മൊട്ടായി വളര്‍ന്നു വിരിഞ്ഞു കൊഴിയുന്ന പൂക്കള്‍ പോലെ മനുഷ്യ ജീവിതവും ഈ ഭൂമിയില്‍ ഓരോ ദിനങ്ങളായി വിട പറയുന്നു.
പ്രിയതാരമായ ഓര്‍മ്മകള്‍ നല്കി പിരിഞ്ഞു പോകുന്ന ദിനങ്ങള്‍...
ദുഖങ്ങളുടെ തീരാകണ്ണീര്‍ എക്കാലത്തേക്കും പെയ്തു തീര്‍ത്തു ഒഴിഞ്ഞു പോകുന്നു ദിനങ്ങള്‍...
ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നു പോകുന്നു വേറെ ദിനങ്ങള്‍...
ഒരു വസന്തം ഭൂമിയില്‍ തീര്‍ത്തു കടന്നു പോകുന്നു ചുരുക്കം ചില ദിനങ്ങള്‍...
അങ്ങനെ വ്യത്യസ്ഥങ്ങളായ പൂക്കളായി കൊഴിയുന്ന ഓരോ ജന്മങ്ങള് കലണ്ടറിലെ ഓര്‍മിക്കപ്പെടുന്നതും അല്ലാത്തതുമായ ദിനങ്ങള്‍ ആയി ഒരുനാള്‍ അവശേഷിക്കുന്നു. അക്കങ്ങളിലൂടെ ഓടി തളര്‍ന്നു ഒരു നാള് വെറും ഒരു അക്കത്തില്‍ ഒര്മിക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍.
എത്രയോ ജന്മങ്ങള് ഓരോ കാലഘട്ടത്തിന്റെ ശേഷിപ്പുകളില്‍ മാത്രമായി കലണ്ടറില്‍ ഓരോ അക്കമായി ഉറങ്ങി കിടക്കുന്നു. കേവലം ഒരു പൂ പോലെ പൊഴിഞ്ഞു കലണ്ടറില്‍ ഒരക്കമായി മാറി നാളെ ആരുടെയെങ്കിലും മനസ്സില്‍ നല്ല സുഗന്ധമുള്ള ഓര്‍മകളായി ആ അക്കം തെളിഞ്ഞാല്‍ ഭൂമിയില്‍ പൊഴിഞ്ഞ ആ ജന്മം ധന്യമായി.