സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Wednesday, March 9, 2016

മാറ്റങ്ങൾ !




ദൂരെ നിന്ന് വളരെ പ്രയാസപ്പെട്ടു ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നുവരുന്ന അയാളെ അവൻ നോക്കിനിന്നു. അയാളുടെ ജീവിതത്തിലുള്ള മാറ്റങ്ങളെയാണ് അവൻ ശ്രദ്ധിച്ചത്. ഇപ്പോൾ എത്ര അലയസമായിട്ടാണ് അയാൾ ഡ്രസ്സ്‌ അണിഞ്ഞിരിക്കുന്നത്‌. ഒരു കാലത്ത് യവ്വനത്തിന്റെ പ്രതാപത്തിൽ നെഞ്ച് വിരിച്ചു നടന്നിരുന്ന മനുഷ്യൻ. ഇപ്പോൾ വാർദ്ധക്യത്തിന്റെ പിടിയിൽ അമർന്നു ആരോഗ്യം നഷ്ട്ടപ്പെട്ട് നടക്കാൻ പാട് പെടുന്നു .

ഓരോ രണ്ടു വർഷത്തേയും ലീവിനു നാട്ടിൽ വരുമ്പോൾ ഈ മനുഷ്യനെ അവൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മാറ്റങ്ങൾ എത്രപ്പെട്ടനാണ് സംഭവിക്കുന്നത്‌ മനുഷ്യ ജീവിതത്തിൽ. വർഷങ്ങൾ പോകുന്നത് നാം അറിയുന്നില്ല.

അവന്റെ ആലോചനകൾക്കിടയിൽ അയാൾ അരികിൽ എത്തിയത് അവൻ അറിഞ്ഞില്ല. ചെറിയ ഒരു ചുമയോട് കൂടി ആ പ്രായമായ മനുഷ്യൻ അവനോടു ചോദിച്ചു " മോനെ..നീ എന്ന വന്നത് ? "

"ഒരു ആഴ്ചയായി വന്നിട്ട് അമ്മാവാ...!" അവൻ മറുപടി നല്ക്കി.

അയാൾ അവനെ ആകെ ഒന്ന് നോക്കിയിട്ട് ചോദിച്ചു : മോനെ...എന്ത് പറ്റി നിനക്ക് ? വളരെ മോശമായല്ലോ ?

അപ്പോൾ ആണ് അവൻ സ്വയം ചിന്തിച്ചത് പ്രവാസ ജീവിതം തന്റെ ജീവിതത്തിലും ഏറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് !

അവനു എത്തിച്ചേരാനുള്ള സ്ഥലത്തേക്ക് പോകേണ്ട ബസ്സ്‌ സ്റ്റോപ്പിൽ കുതിച്ചെത്തി. കുറച്ചു യാത്രക്കാരുടെ കൂട്ടത്തിൽ അവനും ആ ബസ്സിൽ കയറാൻ നേരം ....

പുറകിൽ നിന്ന് ആരോ പറഞ്ഞു ;

" മറ്റുള്ളവരുടെ മാറ്റങ്ങൾ ശ്രദ്ധിക്കുന്ന നാം നമ്മുടെ മാറ്റങ്ങൾ അറിയാതെ പോകുന്നു. ഇടക്ക് നമ്മൾ നമ്മുടെ മാറ്റങ്ങളെ തിരിച്ചറിയാൻ ശ്രമിക്കണം ! "

യാത്രകാർ കയറുമ്പോഴേക്കും ബസ്സ്‌ നീങ്ങി തുടങ്ങി. ബസ്സിന്റെ പുറകിലെ സീറ്റിൽ ഇരിപ്പുറപ്പിച്ച അവൻ ആരാണ് അത് പറഞ്ഞത് എന്നറിയാൻ ഒപ്പം കയറിയ യാത്രക്കാരെ ശ്രദ്ധിച്ചു തുടങ്ങി. പക്ഷെ അവർ ആരും തന്നെ അവനെ ശ്രദ്ധിച്ചില്ല.

മാറിയ പുറം കാഴ്ച്ചകൾ അവന്റെ മനസ്സിൽ തോന്നലുകളുടെ നിറഭേദങ്ങൾ നിറച്ചു തുടങ്ങി. അവ്യക്തമായ മനസ്സിന്റെ വർത്തമാനങ്ങൾ കേട്ട് വീണ്ടും കണ്ണുകളെ അവൻ മറ്റു യാത്രക്കാരുടെ ഇടയിലേക്ക് ഇറങ്ങി വിട്ടൂ. അപ്പോഴും ബസ്സ്‌ നിറുത്താതെ പായുകയാണ്.....!!!