സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Wednesday, December 21, 2022

ഉമ്മ !

 കാറിൽ മകൾ നിർത്താതെ കരയുകയാണ്. സമയം സന്ധ്യ മയങ്ങി തുടങ്ങി. മേഘവും ഒരു മഴയ്ക്ക് വേണ്ടിയുള്ള തയ്യാറിലാണ്. അയാൾ കാറിന്റെ സ്പീഡ് അൽപ്പം കൂട്ടി. അപ്രതീക്ഷിതമായി പോലീസ് അയാളുടെ വാഹനത്തിനു നേരെ കൈ കാണിച്ചു നിർത്തുവാൻ ആവശ്യപ്പെട്ടു. അയാൾ കാർ പോലീസിന്റെ അരികെ നിറുത്തി. 

മകളുടെ നിർത്താതെയുള്ള കരച്ചിൽ ശ്രദ്ധയില്‍പ്പെട്ട പോലീസ് കാര്യം അന്വേഷിച്ചു. അയാൾ വിഷമത്തോടെ മകളുടെ ഉമ്മയെ കാണുവാൻ പോവുകയാണ് എന്ന് പറഞ്ഞു.

കാറുമായി പോകുന്ന അയാളുടെ പുറകിൽ സംശയം തോന്നിയ പോലീസ് ജീപ്പുമായി പിന്തുടർന്നു .

അയാളുടെ കാർ പോയി നിന്നതു ഒരു പള്ളിയുടെ കവാടത്തിനു മുന്നിലാണ്. കരയുന്ന മകളെ എടുത്ത് കൊണ്ടു അയാൾ പള്ളിയുടെ  ഖബർസ്ഥാൻ ലക്ഷ്യമാക്കി നടന്നു. ഉമ്മ വിശ്രമിക്കുന്ന സ്ഥലം മകൾക്കു അയാൾ കാണിച്ചു കൊടുത്തു.

എല്ലാം കണ്ടുനിന്ന പോലീസ് നിസ്സംഗതരാമായിക്കൊണ്ട് തിരിച്ചു പോയി.

അപ്പോഴേക്കും ചെറിയ മഴത്തുള്ളികൾ പെയ്തു തുടങ്ങി. മകളുടെ മിഴികൾ നിറഞ്ഞു തന്നെ നിന്നിരുന്നു. പക്ഷെ അയാളുടെ കണ്ണുകളിലെ മഴ ഹൃദയത്തിൽ ആണ് പെയ്തുകൊണ്ടിരുന്നത് ..!

Sunday, November 20, 2022

ഞാൻ !

 അയാൾ എഴുതിയ കഥയിൽ ഞാനുമുണ്ടായിരുന്നു.

ഞാൻ അയാളോട്  ചോദിച്ചു ; താങ്കൾ എന്നെ അറിയുമോ?

അദ്ദേഹം പറഞ്ഞു: അറിയില്ല !

ഞാൻ ചോദിച്ചു "പിന്നെ എങ്ങനെ എന്നെ കുറിച്ച് എഴുതുവാൻ സാധിച്ചു? "

അയാൾ: ഞാൻ എന്നെ പറ്റിത്തന്നെയാണ് എഴുതിയിരിക്കുന്നത് , നിങ്ങളെ ഞാൻ അറിയുകപോലുമില്ല ?

പിന്നീടാണ് ആ സത്യം മനസ്സിലായത്.

 എല്ലാവരിലും ഞാൻ ഉണ്ടെന്ന പരമ സത്യം !

Wednesday, October 19, 2022

മഴയ്ക്ക് ശേഷം !

ഇന്നലെ (18/10/2022) വൈകീട്ട്  വീടിന്റെ  ഉമ്മറത്തിരുന്നു ചായ കുടിച്ചു കൊണ്ടിരിക്കുമ്ബോൾ  മതിലിന്റെ അപ്പുറത്തു നിന്ന് അടുത്ത വീട്ടിലെ പറമ്പിൽ നിന്ന് ഉയർന്നു വരുന്ന നൂറുകണക്കിന് പാറ്റകൾ എന്റെ ശ്രദ്ധയിൽ പെട്ടത്. അപ്പോൾ അതിന്റെ ഉറവിടം അറിയാനുള്ള ആഗ്രഹം കൂടി. പോയി കണ്ടപ്പോൾ അതിശയിപ്പിക്കുന്ന കാഴ്ചയായി തോന്നി. വേഗം തന്നെ മൊബൈൽ ക്യാമറ കൊണ്ട് പറ്റുന്ന രീതിൽ അത് പകർത്തിയെടുത്തു. 


വൈകീട്ട് 6 മണിക്ക് ശേഷം പെയ്ത തരക്കേടില്ലാത്ത ഒരു ചെറു മഴയ്ക്ക് ശേഷമായാണ് ഈ പ്രതിഭാസം നടന്നത്. 
 





Tuesday, September 6, 2022

വസന്തകാല ഓർമ്മകൾ !




ഇന്നും ഓർമ്മയിൽ  
ആരവം ഇരമ്പുന്ന ഒരു  വിദ്യാലയ ഇടനാഴിയുണ്ട്; 
കൂടെ ഈറൻ  മഴയുടെ കുളിരും.  

പുതുമണം പേറും പുസ്തക ഗന്ധം നുകരാൻ
ജാലക വാതിലിൻ  പാളികൾ 
ഉറക്കെ അടച്ചു തുറന്നു കാറ്റ് ഓടിയെത്തും .   

കൂടെ വരിവരിയായി വന്നു മഴത്തുള്ളികൾ    
കുഞ്ഞു വിരലടയാളങ്ങൾ തീർത്തു
പുസ്തക താളുകളിൽ മെല്ലെ തലോടും.  

"മാഷേ.. ബുക്ക് നനയുന്നു"  
എന്നുറക്കെ പുറകിലെ ബഞ്ചിലെ 
ജനാലക്കരികിൽ ഇരുന്നൊരു വിരുതൻ അലറി.

മഴ കൂടിയാൽ മാഷ് 
ക്ലാസ് നിറുത്തി കഥ പറയും 
എന്നടക്കം പറഞ്ഞു ചിലർ ഒതുങ്ങിയിരുന്നു.  

കുട്ടികൾ  മനസ്സിൽ കണ്ടത് 
കറുത്ത ബോഡിൽ ചോക്കുകൊണ്ടെഴുതി 
"ഇനി കഥ പറയാം " എന്നായി മാഷിൻ ഭാവം. 

അത്ഭുതത്തോടെ  മുഖത്തോടു മുഖം നോക്കി 
മനസ്സ് വായിക്കാൻ " മാഷ്‌ക്കെന്തു കഴിവെന്ന് "  
പഠിക്കാതെ വന്നവർ തമ്മിൽ പിറുപിറുത്തു. 

സ്കൂൾ വിടാനുള്ള കൂട്ട മണിയടിക്കാൻ 
പിയൂൺ വരുന്നുണ്ടോയെന്ന് എത്തിനോക്കി 
ജനൽ കമ്പികൾക്കിടയിലൂടെ നടു ബഞ്ചിലൊരുത്തൻ.

കഥ നിറുത്തിയ മാഷെ  നോക്കി 
പുസ്തങ്ങൾ മടക്കി സഞ്ചിയിലിട്ടു ഒതുങ്ങിക്കൂടി 
കാത്തിരുന്നു മുൻ ബഞ്ചിലെ മിടുക്കന്മാർ. 
 
മഴ കുറഞ്ഞതും  കൂട്ടബെല്ലടിച്ചതു -
മൊരുമിച്ചു വീടാണയാൻ നാം ഒരു കുടയിൽ  
നനഞ്ഞു ചേർന്ന് നടന്നതും സുവർണ്ണകാലം. 

മഴയുടെ തണുപ്പും കുളിരും 
പുത്തൻ പുസ്തകത്തിൻ മണവും നിറഞ്ഞ 
വസന്ത സ്മരണകൾ വിദ്യാലയകാലമെന്നും ജീവിതത്തിൽ !