സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Tuesday, May 28, 2013

വേനൽ സ്വപ്നം



വേനലിൽ ഒരു മഴ
നല്ല മഴ പെരുമഴ
പെയ്തു തകർക്കുന്നു.

മരങ്ങൾ നനഞ്ഞു കുളിച്ചു
പുതു മഴ ഗന്ധം പാരിൽ പരത്തി
മനം നിറച്ചു മഴ തോർന്നു.

ഇടി മിന്നൽ പോലെ
മേസ്തിരിയുടെ ഗർജ്ജനം
മദ്ധ്യന ഇടവേള മയക്കത്തിനു
വിഘ്നം വരുത്തി.

മഴയല്ല പെയ്തത്
മരമല്ല കുളിച്ചത്
പുതുമഴ ഗന്ധമല്ല പരന്നത്
എരിയും ആവിയിൽ വെന്ത എൻ
വിയർപ്പൊട്ടിയ വസ്ത്രത്തിൻ ഗന്ധമാണ്.

മരം പെയ്യും മഴ പോലെ
പ്രവാസ മണ്ണിൽ ഉതിർന്നു വീണ
വിയർപ്പ് തുള്ളികൾക്ക്
മഴത്തുള്ളിയുടെ തെളിമയില്ല,
വേനൽ ചൂടിൽ ഉരുകി വീഴും
സ്വപ്നത്തിൻ ഉപ്പുരസമായിരുന്നു.

Monday, April 29, 2013

നന്മയുടെ മാഷ്‌


ബഹളങ്ങള്‍ക്ക് നടുവിലൂടെയാണ്‌ മാഷ്‌ ക്ലാസ്സ്‌ മുറിയിലേക്ക് കയറിച്ചെന്നത്‌. കുട്ടികളാരും താന്‍ ക്ലാസ്സില്‍ കയറിയത് ശ്രദ്ധിച്ചിട്ടില്ല എന്ന്‌ ബോധ്യമായത് കൊണ്ടു മാഷ്‌ അവരുടെ ശ്രദ്ധ ക്ഷണിക്കാനായി മേശയിന്മേല്‍ കൈ കൊണ്ടു ഒന്നുറക്കെ അടിച്ചു. ക്ലാസ്സ്‌ നിശബ്ദമായി. കുട്ടികള്‍ എഴുന്നേറ്റു നിന്നു മാഷുടെ മുഖത്തേക്ക് ശ്രദ്ധിച്ചു. മാഷ്‌ കുട്ടികളോട് ഇരിക്കുവാന്‍ പറഞ്ഞു. പെട്ടന്ന് കുട്ടികള്‍ക്കിടയില്‍ നിന്നു ഒരു ചോദ്യം ഉയര്‍ന്നു " മാഷേ..നമ്മുടെ ദൈവം അല്ലേ ശക്തിമാന്‍?

ഈ ചോദ്യം മാഷേ ഒന്നു ഞാട്ടിപ്പിച്ചു. എന്നാല്‍ ആ ഞെട്ടല്‍ മുഖത്ത് കാണിക്കാതെ പുഞ്ചിരിച്ചു കൊണ്ടു മാഷ്‌ പറഞ്ഞു "എല്ലാവരം ഇരിക്കൂ..ആ ചോദ്യം ചോദിച്ച ആള്‍ മാത്രം ഒന്നു എഴുന്നേറ്റു നില്‍ക്കൂ..."

അപ്പോള്‍ ഒരു കൊച്ചു മിടുക്കൻ എഴുന്നേറ്റു നിന്നു. മാഷ്‌ ചോദിച്ചു "എന്താ ഇപ്പോള്‍ ഇങ്ങനെ ഒരു സംശയം?"

അപ്പോള്‍ ആ മിടുക്കന്‍ വേറെ ഒരു കുട്ടിയെ ചൂണ്ടി കാട്ടികൊണ്ടു പറഞ്ഞു " മാഷേ, ഇവന്‍ പറയുന്നു ദൈവത്തെക്കാള്‍ കൂടുതല്‍ ശക്തി അവന്റെ അള്ളാക്ക് ആണെന്ന്..? അത് ശരിയാണോ മാഷേ?

ഈ ചോദ്യം കേട്ടപ്പോള്‍ മാഷ്‌ കുഞ്ഞു മനസ്സുകളിൽ ‍ വര്‍ഗ്ഗീയതയുടെ വിത്ത് പാകിയ മത ഭ്രാന്തന്മാരെ നിശബ്ദമായി ശപിച്ചുകൊണ്ട് കസേരയില്‍ ഇരുന്നു. ‌ മാഷുടെ നിശബ്ദത മുതലെടുത്ത്‌ കുട്ടികള്‍ വീണ്ടും തമ്മില്‍ ചെറു ശബ്ദത്തോടെ ചര്‍ച്ചകള്‍ നടത്തുവാന്‍ തുടങ്ങി. മാഷ്‌ ഓരോ കുട്ടിയുടെയും മുഖഭാവവും ചര്‍ച്ചയിലുള്ള താല്‍പ്പര്യവും ശ്രദ്ധിച്ചു. കുട്ടികളുടെ ശബ്ദം ഉയരുന്നത് കണ്ടപ്പോള്‍ മാഷ്‌ വീണ്ടും മേശയിന്മേല്‍ കൈകൊണ്ടടിച്ചു കുട്ടികളെ നിശബ്ദരാക്കി.

മാഷ്‌ കുട്ടികളോട് പുസ്തകവും പെന്‍സിലും എടുത്തു ദൈവത്തെ കുറിച്ച് ഓരോരുത്തര്‍ക്കും ഇഷ്ട്ടം ഉള്ളത് എഴുതുവാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ കുട്ടികള്‍ എല്ലാവരും ഒരേ സ്വരത്തില്‍ "എഴുതി കഴിഞ്ഞു" എന്നറിയിച്ചു. കുട്ടികളുടെ പുസ്തകങ്ങള്‍ ഓരോന്നായി അദ്ദേഹം വാങ്ങി പരിശോദിച്ചു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മൂന്ന് കാര്യങ്ങള്‍ ആണ് കുട്ടികള്‍ ദൈവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. അത് കണ്ടപ്പോള്‍ മാഷുടെ അസ്വസ്ഥമായ മനസ്സ് ശാന്തമായി.

അദ്ദേഹം കുട്ടികളോട് പറഞ്ഞു "മക്കളെ... നിങ്ങള്‍ എല്ലാവരും ദൈവത്തെ കുറിച്ച് ഒരേ കാര്യം തന്നെയാണ് എഴുതിയിരിക്കുന്നത്. അതിന്റെ അര്‍ത്ഥം നമ്മുടെയല്ലാം ദൈവം ഒന്ന് തന്നെ എന്നതാണ്. അത് അള്ളാഹു ആയാലും ഈശ്വരന്‍ ആയാലും. മതമല്ല ദൈവം, സ്നേഹമാണ് ദൈവം. സ്നേഹം,കരുണ, നന്മ ഈ മൂന്നും ദൈവത്തില്‍ നിക്ഷിപ്തമാണ്. അത് നിങ്ങളിലും നിക്ഷിപ്തമാണ്. ജീവിതത്തില്‍ അത് ഒരിക്കലും നഷ്ട്ടപ്പെടരുത് ".

മാഷുടെ വാക്കുകൾ കുട്ടികൾ നിശബ്ദരായി കേട്ടിരുന്നു . അവർ പരസ്പ്പരം നോക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ കുട്ടികളെ നന്മയുടെ മാലാഖമാരായി മാഷിന് തോന്നി . തുടർന്നുള്ള മാഷുടെ സംസാരത്തിനിടയിൽ സ്കൂള്‍ വിടാന്‍ ഉള്ള മണി മുഴങ്ങി. മാഷുടെ അനുവാദം ലഭിച്ച ശേഷം കുട്ടികള്‍ അവരവരുടെ പുസ്തക സഞ്ചിയുമായി പുറത്തേക്കു ഓടുവാൻ തുടങ്ങി. കുട്ടികൾക്ക് ശേഷം മാഷും സ്കൂൾ വിട്ടിറങ്ങി.

വഴി മദ്ധ്യേ അസ്സഹിഷ്ണുതയുടെ വർഗ്ഗീയ വിഷം ചീറ്റികൊണ്ട് കുട്ടികൾക്ക് നടുവിലൂടെ കടന്നു വന്ന മത സംഘടനയുടെ ജാഥ മാഷുടെ മനസ്സിൽ വീണ്ടും ആശങ്കയുടെ കരി നിഴൽ വീഴ്ത്തി.

Saturday, April 20, 2013

ഏടുകൾ


ഇന്നലെവരെയുള്ള ജീവിതം
വായിച്ചു തീർന്ന പുസ്തകത്തിന്റെ
ഏടുകൾ പോലെയാണ് .

ഇന്നത്തെ ജീവിതം
വായിച്ചു കൊണ്ടിരിക്കുന്ന
ഒരേട് മാത്രം.


നാളെത്തെ ജീവിതം
പ്രതീക്ഷയോടെ വായിക്കാൻ
ആഗ്രഹിക്കുന്ന ബാക്കി ഏടുകൾ മാത്രം.

Wednesday, March 13, 2013

രണ്ട് പേര്‍

ഉമ്മ


ഏതു വേദനകളിലും
ഏതു പ്രയാസങ്ങളിലും
സാന്ത്വനത്തിനായി
അല്ലാഹുവിനോടൊപ്പം
വിളിക്കുന്ന ഒരേയൊരു നാമം


*** *** *** ***


ഉപ്പ


എന്‍ ഉപ്പയുടെ
നെഞ്ചിന്‍ പിടച്ചില്‍ ഞാനറിഞ്ഞത്
ചൂണ്ടാണി വിരല്‍ വിട്ടോടിയ
കുസൃതി കുരുന്ന് എന്‍ -
കണ് വെട്ടത്തു നിന്നു
മറഞ്ഞപ്പോള്‍ മാത്രം....


*** *** *** ***

Sunday, January 13, 2013

മനസ്സുകള്‍ പറഞ്ഞത്... !



പ്രണയത്തിനായി ഒരു ദിനം!

ഇങ്ങനെ ഒരു ദിനത്തോട് വലിയ പ്രതിപത്തി ഒന്നും ഇല്ലെങ്കിലും ഇപ്പോള്‍ ഈ ദിനം കൊണ്ട് മാത്രമാണിപ്പോള്‍ അയാള്‍ വീണ്ടും അവളെ ഓര്‍ക്കാന്‍ കാരണം. ഒരിക്കല്‍ ഇങ്ങനെ ഒരു ദിനത്തില്‍ ആണ് അവള്‍ പ്രണയമായി കടന്നു വന്നത്. തന്റെ മൊബൈലില്‍ ഇപ്പോഴും അവളുടെ നമ്പര്‍ ഉണ്ട്. പക്ഷെ വിളിക്കാറില്ല. കുറെ കാലം ആയി ആ ബന്ധം നശിച്ചു പോയിട്ട്. ഇനി ജീവിതത്തില്‍ ഒരിക്കല്‍ പോലും അവളെ കാണരുത്. അയാളുടെ ആഗ്രഹം അതായിരുന്നു. പക്ഷെ ഈ പ്രണയ ദിനം വന്നപ്പോള്‍ അറിയാതെ അവളുമായുള്ള പഴയ നല്ല നിമിഷങ്ങള്‍ ആലോചിച്ചു പോയി. അപ്പോള്‍ അയാളില്‍ ഒരു മോഹം അവളുടെ വിശേഷങ്ങള്‍ അറിയാന്‍.

അയാള്‍ മൊബൈല്‍ എടുത്തു അവളെ വിളിക്കാന്‍..പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല.
"അവള്‍ക്കു നിന്നെ വേണ്ട. പിന്നെ എന്തിനാണ് വെറുതെ അവളെ വിളിച്ചു ശല്യപ്പെടുത്തുന്നത്. ഇത്ര കാലമായിട്ടു ഒരു മിസ്സ്‌ കാള്‍ പോലും അവള്‍ നിനക്ക് തന്നിട്ടില്ല. ഇത്ര വാശിയോ അവള്‍ക്ക്?" മനസ്സ് അയാളെ ഇങ്ങനെ ഓര്‍മിപ്പിച്ചുക്കൊണ്ടിരുന്നു.

ഒരു സുഹൃത്തിനെപ്പോലെ മറ്റൊരു മനസ്സ് പറഞ്ഞു "നീ വിളിക്കൂ... വാശി കളഞ്ഞു അവളെ വിളിക്കൂ.. ഒരു പക്ഷെ നിന്റെ വിളികള്‍ക്കായി അവള്‍ കാതോര്‍ക്കുന്നുണ്ടാവും.."

വീണ്ടും അയാള്‍ ഫോണ്‍ ചെയ്യാന്‍ തീരുമാനിച്ചു. "വേണ്ട..അരുത്..ചിലപ്പോള്‍ നിന്റെ ശബ്ദം കേട്ടാല്‍ അവള്‍ ഫോണ്‍ കട്ട്‌ ചെയ്താലോ? അത് കൂടുതല്‍ വേദനിപ്പിക്കും. വേണ്ട..ഒന്നും വേണ്ട..പോയ ബന്ധങ്ങള്‍ പോട്ടെ..ഇനി ഒരു കൂടിച്ചേരല്‍.. ഒരിക്കലുമില്ല.." വാശിയുടെ മനസ്സ് അയാള്‍ക്ക്‌ വീണ്ടും താക്കിത് നല്‍ക്കി.

പിന്നെ വല്ലാത്ത പോരാട്ടം തന്നെ നടക്കുകയായിരുന്നു അയാളുടെ രണ്ടു മസ്സുകള്‍ തമ്മില്‍. വേണോ..വേണ്ടയോ എന്ന പോരാട്ടം. ഒടുവില്‍ സുഹൃത്തായ മനസ്സ് ജയിച്ചു. അത് പറഞ്ഞു "ഒന്നു വിളിച്ചു നോക്കൂ....അവള്‍ എങ്ങനെ പ്രതികരിക്കും എന്ന്‌ നോക്കാമല്ലോ.. ഇപ്പോഴും അവളില്‍ വല്ല സ്നേഹവും ബാക്കിയുണ്ടെങ്കില്‍..."

അവളോട്‌ വിളിച്ചാല്‍ എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നതിനെ കുറിച്ചായി പിന്നെ അയാളുടെ ചിന്ത. അവസാനം അയാള്‍ ഒരു കവിയുടെ വരികള്‍ കടമെടുക്കാന്‍ തീരുമാനിച്ചു.

"വെറുതെ ഈ നിനവുകള്‍ വന്നു പോയി വൈയിലത്തൊരു മഴ ചാറ്റല്‍ പോലെ...."

ഈ വരികള്‍ കേട്ടാല്‍ വെയില്‍ നിറഞ്ഞ അവളുടെ മനസ്സിന്‍ തന്റെ ഓര്‍മ്മകള്‍ കാര്‍മേഘങ്ങള്‍ ഇല്ലാത്ത വരുന്ന ഒരു മഴ പോലെ പെയ്യും...

അയാള്‍ മൊബൈല്‍ എടുത്തു അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു. പക്ഷെ ആ നമ്പര്‍ നിലവില്‍ ഇല്ല എന്നാണ് വിവരം ലഭിച്ചത്. വാശിപിടിച്ച മനസ്സ് അയാളെ കളിയാക്കി. "‌നിന്നെ അവള്‍ മറന്നുകഴിഞ്ഞു. വെറുതെ എന്തിനാണ് അവളെ നീ പിന്തുടരുന്നത്.."

അയാള്‍ നിരാശയില്‍ താണു തുടങ്ങി. അപ്പോഴാണ്‌ ഒരു അപരിചിത നമ്പറില്‍ നിന്ന് കാള്‍ വന്നത്. എടുത്തപ്പോള്‍ ഒരു സ്ത്രീ ശബ്ദം പ്രണയദിനാശംസകള്‍ നേരുന്നു. അയാള്‍ക്ക്‌ ഒന്നും മനസ്സിലായില്ല. ദേഷ്യവും നിരാശയും നിറഞ്ഞ അയാള്‍ "സോറി.." എന്ന് മാത്രം പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു എസ്. എം. എസ്. മൊബൈലില്‍ വന്നു. അത് തുറന്നു നോക്കിയപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടുപോയി.

"വെറുതെ ഈ നിനവുകള്‍ വന്നു പോയി വൈയിലത്തൊരു മഴ ചാറ്റല്‍ പോലെ" ... സസ്നേഹം..

തന്റെ മനസ്സ് ദൂരെയിരുന്നു ആരോ വായിച്ചത് പോലെ.. ആരായിരിക്കും അത്...???

സുഹൃത്തായ മനസ്സ് അയാളെ സസന്തോഷം അറിയിച്ചു." സ്നേഹം സത്യമാണ്. ആ സത്യം അധികനാള്‍ മറച്ചു പിടിക്കാനാവില്ല ആര്‍ക്കും.നിന്റെ അതേ അവസ്ഥ തന്നെയാണ് അവളുടെതും..ഇതു അവള്‍ തന്നെ.ഈ പ്രണയ ദിനം വീണ്ടും സ്നേഹത്തിന്റെ വസന്തം ജീവിതത്തില്‍ നിറക്കട്ടെ.."

അയാള്‍ അവളുടെ സ്വരം കേള്‍ക്കുവാന്‍ വേണ്ടി ഡയല്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ ആ അപരിചിത നമ്പര്‍ വീണ്ടും അയാളെ തേടി മൊബൈലില്‍ റിംഗ് ചെയ്തുകൊണ്ടിരുന്നു...