സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Sunday, December 2, 2012

2012 ന്റെ കത്ത്


പ്രിയ സുഹ്രത്തെ,

ഇത് ഡിസംബര്‍ മാസം. തണുപ്പിന്റെ കുളിര്‍ കുപ്പായം ശരീരത്തെയും മനസ്സിനെയും ആവരണം ചെയ്യുന്ന മഞ്ഞു മാസം. ഞാന്‍ വന്ന പോലെ ഒരു പുതിയ കൂട്ടുകാരന്‍ നിന്നെ കാണുവാന്‍ ഡിസംബറിന്റെ അവസാനം കാത്തു നില്‍ക്കുന്നു .

പുതിയ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍, സന്തോഷം, സമാധാനം അങ്ങനെ എന്തെല്ലാമാണ് ‍നിനക്ക് വേണ്ടി ആ കൂട്ടുകാരന്‍ കരുതിയിട്ടുണ്ടാവുക. അതെല്ലാം നീ ആശിക്കുന്നുണ്ടെന്നു എനിക്കറിയാം.

പക്ഷെ അതെല്ലാം ഞാന്‍ നിനക്ക് എത്രമാത്രം നല്‍കി എന്നത് എന്നേക്കാള്‍ കൂടുതല്‍ നിനക്കാണ് അറിയുക. അതില്‍ സന്തോഷമായിരുന്നോ കൂടുതല്‍? അതോ ദു:ഖമോ?

എന്റെ ഈ ചോദ്യം നിനക്ക് അരോചകമായി തോന്നാം. എന്നാലും ഈ വിടപറയുന്ന വേളയില്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാനുള്ള അവകാശം എനിക്ക് നീ നല്‍കുമെന്ന് വിശ്വസിക്കുന്നു.

ചിലപ്പോള്‍ നിന്റെ വരും ജീവിതത്തില്‍ ഓര്‍മ്മിക്കാന്‍ ഇഷട്ടമുള്ളതോ ഇല്ലാത്തതോ ആയിരിക്കാം ഞാന്‍. എന്നിരുന്നാലും ഞാന്‍ നിന്റെ ജീവിതത്തില്‍ ഒരു നാള്‍ വന്നു പോവുക എന്നത് പ്രകൃതി നിയമമാണ്. ഞാന്‍ മൂലം നിനക്കുണ്ടായ ദുരിതത്തില്‍ ‍ഞാന്‍ ദു:ഖിക്കുന്നു.

പുതിയ സുഹൃത്ത് " 2013 " നിന്റെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നല്‍കട്ടെ എന്ന് ആശംസിച്ചു കൊണ്ട് വിടവാങ്ങുന്നു.

എപ്പോഴെങ്കിലും ഓര്‍മ്മയില്‍ ഞാന്‍ ഉണ്ടാകും എന്ന പ്രതീക്ഷയോടെ...

പുതുവത്സരാശംസകള്‍ നേര്‍ന്നു കൊണ്ട്,

സസ്നേഹം....
2012


Sunday, November 11, 2012

നിദ്ര എന്ന സുന്ദരി !ഭാഗം-1


വളരെ അസ്വസ്ഥനായാണ്‌ അയാള്‍ ആ പാര്‍ക്കില്‍ എത്തിയത്. മനസ്സിന് ഒരു ആശ്വാസം ലഭിക്കണം എന്നതായിരുന്നു പാര്‍ക്കില്‍ എത്തിയ അയാളുടെ പരമ പ്രധാനമായ ലക്ഷ്യം. ചുറ്റുപാടും പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പുല്‍ത്തകിടിയിലൂടെ പതുക്കെ നടന്നു. ഇളം തെന്നല്‍ അയാളെ താഴുകിയകന്നു. അയാളുടെ കണ്ണുകള്‍ പൂക്കളില്‍ തേന്‍ കുടിക്കുന്ന പൂമ്പാറ്റകളില്‍ പതിഞ്ഞു. അസൂയാലുവായ അയാളുടെ കൃഷ്ണമണികള്‍ കരിവണ്ടിനെ പോലെ തേന്‍ നുകരുന്ന പൂമ്പാറ്റക്ക് പിന്നാലെ പാഞ്ഞു. പ്രകൃതിയുടെ സുന്ദരമായ കാഴ്ചകളില്‍ അയാളുടെ മനസ്സിന്റെ അസ്വസ്തയെല്ലാം പറന്നകന്നു.അയാള്‍ പുല്‍ തകിടിയില്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന മരച്ചുവട്ടില്‍ ഇരുന്നു...


ഭാഗം-2


അലക്ഷ്യമായ തന്റെ കണ്ണുകളെ ലക്ഷ്യമാക്കി ആരോ വരുന്നതായി അയാള്‍ക്ക്‌ മനസ്സിലായി. ഇത്രയും അഴകുള്ള ഒരു രൂപം തന്നെ തേടി ഇവിടെ വരാന്‍ ഒരു കാരണവും അയാള്‍ കണ്ടില്ല. സംശയത്താല്‍ അയാള്‍ പുറകിലേക്ക് നോക്കി. അവിടെയെങ്ങും ആരുമില്ല. വീണ്ടും അയാള്‍ ആ രൂപത്തെ ശ്രദ്ധിച്ചു. അതെ...! തന്നെ തന്നെയാണ് ആ രൂപം ലക്ഷ്യമിടുന്നത്. ആ രൂപം അടുത്തുവന്നു അയാളുടെ കണ്ണുകളില്‍ പതുക്കെ തലോടി.ഇളം തെന്നലില്‍ ആടുന്ന ചെടികളും, തേന്‍ നുകരുന്ന പൂമ്പാറ്റകളും അയാളുടെ കണ്ണില്‍ ഒരു നിഴല്‍ മാത്രമായി. ആ രൂപം അയാളുടെ കണ്ണുകളെ ആലിംഗനം ചെയ്തു. പെട്ടന്ന് തന്നെ അയാള്‍ ആ രൂപത്തിന് അടിമപ്പെട്ടു. പിന്നെ അയാള്‍ക്ക്‌ ഒന്നും ഓര്‍മയില്ല. ആ സുന്ദരിയോടൊപ്പം സ്വപ്നങ്ങളുടെ തേരിലേറി അയാള്‍ എങ്ങോ യാത്രയായി...


ഭാഗം-3


ഏറെ നേരമായി പാര്‍ക്കിലെ മരത്തണലില്‍ കിടന്നുറങ്ങുന്ന ആളുടെ അടുത്ത് ചെന്ന് ഉദ്യാന പാലകരില്‍ ഒരാള്‍ ചോദിച്ചു."ഹലോ..ഹലോ...സാര്‍.., എന്ത് ഉറക്കമാണിത്? എഴുന്നേല്‍ക്കൂ...! നേരം കുറേയായല്ലോ ഉറങ്ങാന്‍ തുടങ്ങിയിട്ട്..."

അയാള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.

ഉദ്യാന പരിപാലകന്‍ തുടര്‍ന്നു..."ഇവിടെ ഈ പുല്‍ത്തകിടിയും ചെടികളും നനക്കേണ്ട സമയം ആയി..."

സ്വപ്ന തേരില്‍ നിന്നിറങ്ങി ആലസ്യത്തോടെ അയാള്‍ വാടി തളര്‍ന്നു നില്‍ക്കുന്ന പൂക്കളുടെ ഇടയിലൂടെ നടന്നകലാന്‍ തുടങ്ങി. അപ്പോഴും ആ സുന്ദരി അയാളുടെ കണ്ണുകളുടെ പടി വാതിലില്‍ പോകുവാന്‍ മടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു....Sunday, October 14, 2012

നിഴല്‍ പ്രണയം

ഒരിക്കല്‍ രണ്ടു പേര്‍ തമ്മില്‍ പ്രണയത്തിലായി. അവര്‍ രാത്രി ആരും കാണാതെ ഒളിച്ചോടുവാന്‍ തീരുമാനിച്ചു.‍ പകല്‍ അണയാന്‍ വേണ്ടി കാത്തിരുന്നു. പക്ഷെ പാരില്‍ ഇരുള്‍ വീണപ്പോള്‍ അവര്‍ക്ക് അന്ന്യോന്ന്യം കണ്ടുമുട്ടുവാന്‍ കഴിഞ്ഞില്ല . നിരാശരായ അവര്‍ വെളിച്ചത്തിനായി ആശിച്ചു. നേരം പുലര്‍ന്ന നേരം അവര്‍ തിരിച്ചറിഞ്ഞു അവര്‍ വെറും നിഴലുകള്‍ ആയിരുന്നെന്ന്‌...

Thursday, June 21, 2012

അച്ഛന്‍ പറഞ്ഞ ജീവിതം !

ആല്‍ തറയില്‍ അച്ഛനും ‍ മകനും സംസാരിച്ചിരിക്കുകയാണ്. അപ്പോള്‍ ഒരിളം തെന്നല്‍ ആ വഴി കടന്നുവന്നു. ആലിലകള്‍ ആ തെന്നലില്‍ ആടുവാന്‍ തുടങ്ങി. അടുത്തുള്ള അരുവിയില്‍ കാറ്റ് ചെറിയ ഓളങ്ങള്‍ ശ്രിഷ്ട്ടിച്ചു. പ്രകൃതിയിലേക്ക് നോക്കി അച്ഛന്‍ ദൈവത്തിന്റെ മഹത്വങ്ങള്‍ മകന് പറഞ്ഞു കൊടുക്കുവാന്‍ തുടങ്ങി. കാറ്റിനു പതിയെ ശക്തി കൂടി തുടങ്ങി. ആല്‍ മരത്തിലെ ഒരു കൊച്ചു ഇല തന്റെ അതേ കൊമ്പിലെ പഴുത്ത ഇലയോട് എന്താണ് ഇങ്ങനെ പഴുക്കാന്‍ ഉണ്ടായ കാരണം ചോദിച്ചു. അപ്പോള്‍ പാവം പഴുത്ത ഇല പറഞ്ഞു "എനിക്ക് പ്രായമായി. ഒരു നാള്‍ എന്നെ പോലെ നിനക്കും പ്രായമാകും. അപ്പോള്‍ പഴുകും..കൊഴിയും.." ഇതു പറഞ്ഞു തീരലും പഴുത്ത ഇല കൊഴിഞ്ഞു ആ അരുവിയിലേക്ക് വീണു. അരുവിയിലൂടെ ഒഴുകി പോകുന്ന ആ കൊഴിഞ്ഞു വീണ പഴുത്ത ഇലയെ ചൂണ്ടി കാട്ടി ആ അച്ഛന്‍ മകനോട്‌ പറഞ്ഞു. "ഒരികല്‍ ഇതു പോലെ നാം കൊഴിഞ്ഞു വീഴും. അതാണ്‌ മരണം. പക്ഷെ അതിനു ശേഷവും ഇതു പോലെ ഒരു യാത്ര ഉണ്ടാകും. അത് നാം അറിയില്ല. നമ്മുടെ കര്‍മ്മങ്ങള്‍ ആയിരിക്കും ആ യാത്ര നിശ്ചയിക്കുക...അതിന്റെ ലക്ഷ്യവും..." അച്ഛന്റെ ഈ വിലപ്പെട്ട വാക്കുകള്‍ എല്ലാം കേട്ടു കൊച്ചു മകന്‍ ആശ്ചര്യത്തോടെ തലയാട്ടുമ്പോള്‍ ഒപ്പം ആ തളിര്‍ത്ത ആലിലയും നിഷ്കളങ്കമായി ആടുന്നുണ്ടായിരുന്നു. അപ്പോഴും ആല്‍മരത്തിലെ പഴുത്ത ഇലകള്‍‍ പിന്നെയും കാറ്റില്‍ കൊഴിഞ്ഞു കൊണ്ടേയിരുന്നു...

Saturday, April 7, 2012

ബാപ്പയുടെ കുട !അയാള്‍ പുറത്തേക്കു പോകുവാന്‍ ഒരുങ്ങുകയാണ്. അപ്പോള്‍ പുറകില്‍ നിന്ന് ഭാര്യ പറഞ്ഞു: "മഴ പെയ്യാന്‍ സാധ്യത ഉണ്ട്..കുട എടുത്തോള്ളൂ".

അയാള്‍ അത് കാര്യമാക്കാതെ പറഞ്ഞു: "കുടയുടെ ആവശ്യം ഒന്നും ഇല്ല, ഞാന്‍ ഇറങ്ങുകയാ.... മഴ പെയ്യില്ല."

മുറ്റത്തോളമെത്തിയ അയാളുടെ കൈയ്യില്‍ ഭാര്യ ഓടി വന്നു ഒരു കുട കൊടുത്തു കൊണ്ട് വീണ്ടും പറഞ്ഞു: "ഒരു കുട പിടിച്ചു നടന്നാല്‍ എന്താ കുഴപ്പം വരിക, വെറുതെ മഴകൊണ്ട്‌ അസുഖം വരുത്തണോ?"

അയാള്‍ താല്‍പ്പര്യം ഇല്ലെങ്കിലും ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി കുടയും വാങ്ങി യാത്രയായി. കുറച്ചു നടന്നു നീങ്ങുമ്പോഴേക്കും മഴ ചാറിത്തുടങ്ങി. മഴ കാര്യമാവില്ല എന്ന്‌ കരുതി അയാള്‍ കുട നിവര്‍ത്താതെ മുമ്പോട്ടു നടന്നു. മഴയുടെ ശക്തി കൂടി തുടങ്ങിയപ്പോള്‍ അയാള്‍ കുട നിവര്‍ത്തി. നിവര്‍ത്തിയ കുടയുടെ അവസ്ഥ കണ്ടപ്പോള്‍ അയാള്‍ അമ്പരന്നു. എന്ത് കുടയാണ് അവള്‍ എടുത്തു തന്നത്? കുടയുടെ വില്ലെല്ലാം ഓടിഞ്ഞിരിക്കുന്നു. വേറെ നല്ല കുടകള്‍ ഉണ്ടായിരുന്നല്ലോ വീട്ടില്‍?

ഭാര്യ തിരക്കില്‍ എടുത്തു തന്നപ്പോള്‍ തെറ്റിയതാവും എന്ന സമാധാനത്തില്‍ അയാള്‍ നടത്തം തുടര്‍ന്നു.

ശക്തമായ മഴത്തുള്ളികള്‍ കുടയുടെ ശീലയില്‍ വീണപ്പോള്‍ പഴമയുടെ ഗന്ധം അയാളെ പൊതിഞ്ഞു. പരിചിതമായ ഒരു നഷ്ട്ട ഗന്ധം. അയാള്‍ ആ ഗന്ധം തിരിച്ചറിയാന്‍ ശ്രമിക്കവേ ശക്തിയായ കാറ്റ് വീശി. കുടയുടെ ഗതി മാറാതിരിക്കാന്‍ അയാള്‍ കുടയുടെ വളഞ്ഞ കാല്‍ മാറോടു ചേര്‍ത്ത് പിടിച്ചു. അപ്പോഴാണ്‌ അയാള്‍ക്ക്‌ ഓര്മ വന്നത് ഇതു തന്റെ ബാപ്പയുടെ കുടയാണല്ലോ എന്ന്‌. ആശ്ച്ചര്യപൂര്‍വ്വം അയാള്‍ കുടയുടെ രൂപം ഒന്നുകൂടെ നോക്കി. ശോഷിച്ച കമ്പികളില്‍ രണ്ടെണ്ണം ഓടിഞ്ഞിരിക്കുന്നു. ഋതുഭേദങ്ങള്‍ ശീലയുടെ നിറം കെടുത്തിയിരിക്കുന്നു. ബാപ്പയുടെ നിര്‍ദ്ദേശപ്രകാരം കുടയുടെ ശീലയുടെ ഒരറ്റത്ത് ഉമ്മ പണ്ട് തന്റെ പേര് തുന്നിപ്പിടിപ്പിച്ചതെല്ലാം ഒരുവിധം നൂലറ്റു പോയിരിക്കുന്നു.

ഒരു കാലത്ത് വെയിലത്തും മഴയത്തും ബാപ്പയുടെ കൂടെ നടന്ന കുട. തന്നേക്കാള്‍ ഏറെ ബാപ്പയുടെ തോള്ളില്‍ കിടന്നുറങ്ങിയ കുട. തന്നെയും കൂട്ടി ബാപ്പ പാടത്തേക്കു പോകുമ്പോള്‍ ഈ കുട നിവര്‍ത്തി അതില്‍ നിന്ന് കൊള്ളാന്‍ പറയും. എന്നിട്ട് പാവം ബാപ്പ വെയില്‍ മുഴുവന്‍ കൊള്ളും. കാലങ്ങള്‍ മായ്ച്ച ഓര്‍മ്മകള്‍ വീണ്ടും ആ കുട അയാളുടെ മനസ്സില്‍ പലതും നിറച്ചു.

ജീവിതം പച്ച പിടിപ്പിക്കാനുള്ള പരക്കം പാച്ചലില്‍ താന്‍ എപ്പോഴോ ബാപ്പയെ മറന്നുപോയി. താന്‍ ബാപ്പയെ മറന്നിട്ടും ബാപ്പ തന്നെ മറന്നിട്ടില്ല. കാണാതായപ്പോള്‍ തന്നെ തേടി ബാപ്പ അരികില്‍ വന്നപോലെ അയാള്‍ക്ക്‌ തോന്നി. വല്ലാത്ത കുറ്റബോധം അയാളില്‍ ഉണര്‍ന്നു. കണ്ണുകള്‍ നിറഞ്ഞു. പുതുമഴയില്‍ വിരിയുന്ന പൂക്കള്‍ പോലെ മറഞ്ഞു പോയ ബാപ്പയുടെ മുഖം അയാളുടെ ഓര്‍മകളുടെ മുറ്റത്ത്‌ നിറഞ്ഞു.

ഉദ്ദേശിച്ച യാത്രയുടെ ലക്ഷ്യം പാതി വഴിയില്‍ ഉപേക്ഷിച്ചു അയാള്‍ തന്റെ ബാപ്പ അന്ത്യവിശ്രമം കൊള്ളുന്ന ഖബര്‍സ്ഥാന്‍ ലക്ഷ്യമാക്കി തിരിച്ചു നടന്നു. അപ്പോഴേക്കും മഴ തോര്‍ന്നിരുന്നു. എന്നാലും അയാള്‍ കുട ചുരുക്കാതെ അതിന്റെ വളഞ്ഞ കാല്‍ നെഞ്ചോടു ചേര്‍ത്ത് തന്നെ പിടിച്ചു...

Wednesday, March 21, 2012

ഓര്‍മകളുടെ മുല്ലപ്പൂക്കള്‍!!രാവിലെ ഒരു തോര്‍ത്തും തോളിലൂടെ ഇട്ടു പറമ്പിലൂടെ തെങ്ങും, പ്ലാവും, കവുങ്ങും,കിളികളുടെ ആഹ്ലാദപ്രകടനങ്ങളും അണ്ണാന്റെ മാവിലൂടെ ചിലച്ചുള്ള ഓട്ടവും എല്ലാം നോക്കി നടക്കുമ്പോള്‍ പ്രവാസത്തിന്റെ നരച്ച ദിനങ്ങള്‍ മധുവിന്റെ മനസില്‍നിന്നു മാഞ്ഞുപോയിരുന്നു. ഇവയെല്ലാം ഈ ആഹ്ലാടപ്രകടനങ്ങള്‍ കാഴ്ച വെക്കുന്നത് തനിക്കു ആസ്വദിക്കുവാന്‍ വേണ്ടിയാണോ എന്ന്‌ പോലും അയാള്‍ക്ക്‌ തോന്നിപ്പോയി.

നടന്നു പറമ്പിന്റെ അതിര് വരെയെത്തി. അതിര്‍ത്തിയില്‍ കാട് പിടിച്ചു കിടക്കുന്ന പച്ചില കൂട്ടങ്ങള്‍ക്കു ഇടയില്‍ നില്‍ക്കുന്ന മുല്ലവള്ളിയില്‍ അയാളുടെ ശ്രദ്ധ പതിഞ്ഞു. ഇപ്പോഴും ആ മുല്ല ഇവിടെയുണ്ടോ? മധുവിന് അത് കണ്ടപ്പോള്‍ ആശ്ചര്യമായി. കാടുപിടിച്ച് കിടക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചകള്‍ക്കും മുള്ചെടികള്‍ക്കും ഇടയിലായാണ് അതിന്റെ നില്‍പ്പ്. എങ്ങനെയാണ് അത് നില്‍ക്കുന്നത് എന്നറിയില്ല. ഈ കാടുകള്‍ക്കുള്ളില്‍ തികച്ചും അത് മറഞ്ഞു പോയിരിക്കുന്നു.

എന്ത് മാത്രം പൂക്കള്‍ വിരിഞ്ഞിരുന്ന മുല്ലയാണ്. ഇപ്പോള്‍ അത് അതിജീവനത്തിന്റെ പാതയിലാണ്. അതിജീവനം...? വല്ലാത്ത ഒരു പ്രതിഭാസം. ഭൂമിയില്‍ എല്ലാ ജീവജാലങ്ങളുടെയും പ്രശ്നം ഒന്ന് തന്നെ.

അന്ന് ഇവിടെ വെറും മുല്ലകള്‍ മാത്രം. ഒരു കാലത്ത് താനും മീരയും ഓടിയെത്തും ഇവിടെ. മുല്ലകള്‍ പൂവിട്ടോ..വിരിഞ്ഞോ..എന്നെല്ലാം അറിയാന്‍. പൂവിട്ടാല്‍ എല്ലാം അവള്‍ക്കു പറിച്ചു കൊടുക്കും.

മധു ഒരു നെടുവീര്‍പ്പോടുകൂടി മുല്ലപ്പടര്‍പ്പില്‍ നിന്ന് തലയുയാര്‍ത്തി അതിര്‍ത്തിയുടെ അപ്പുറത്തെ മീരയുടെ വീട്ടിലേക്കു നോക്കി. ആരെയും കാണുന്നില്ല. വാതിലും ജനലുമെല്ലാം അടഞ്ഞു കിടക്കുന്നു. ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്.

മീരയും കുടുംബവും ഗള്‍ഫില്‍ ആണല്ലോ? പിന്നെ ആരുടെ കുട്ടിയാകും ഈ കരയുന്നത്?
കയറി ചോദിച്ചാലോ..അല്ലെങ്കില്‍ വേണ്ട..പിന്നെ പോകാം അങ്ങോട്ട്‌. എന്തായാലും ഇപ്പോള്‍തന്നെ ഈ കാട് വെട്ടിതെളിയിച്ചു മുല്ലയെ സ്വതന്ത്രയാക്കണം എന്ന നിശ്ചയവുമായി മധു വീട്ടിലേക്കു തിരിച്ചു നടന്നു. പെട്ടന്ന് കാലില്‍ എന്തോ കോറി.അയാള്‍ നോക്കിയപ്പോള്‍ തന്നെ വേദനിപ്പിച്ചിട്ടു ഒന്നും അറിയാത്തപോലെ തലകുനിച്ചു നില്‍ക്കുന്ന അവള്‍. അയാള്‍ ഒരു പുഞ്ചിരിയോട്‌ കൂടി അവളുടെ അടുത്തേക്ക് കുനിഞ്ഞിരുന്നു.


"നിന്നെ ഞാന്‍ മറന്നിട്ടോന്നുമില്ല.. എന്തിനാണ് എന്നെ വേദനിപ്പിച്ചത്? "

നാണത്താല്‍ തല താഴ്ത്തി നില്‍ക്കുന്ന അവളോട്‌ പതുക്കെ ചോദിച്ചു. കുറച്ചു നേരം അങ്ങനെ അവളുടെ ആ നിഷ്കളങ്കമായ ആ പെരുമാറ്റം രസിച്ചിരുന്നു അയാള്‍. കാലം നിന്റെ സ്വഭാവത്തില്‍ മാത്രം ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന ഭാവത്തില്‍ തൊട്ടാവാടിയുടെ നെറുകയില്‍ വിരിഞ്ഞു നില്‍ക്കുന്ന കുഞ്ഞുപൂക്കളെ തലോടി എഴുന്നേറ്റു വീണ്ടും നടന്നു.

വീട്ടില്‍ നിന്ന് വെട്ടുകത്തിയുമായി മധു തിരിച്ചു നടക്കുമ്പോള്‍ അമ്മ പുറകില്‍ നിന്ന് ചോദിച്ചു.

നീ എങ്ങോട്ടാണ് കാലത്ത് ഈ വെട്ടുകത്തിയുമായി ?

അതിരില്‍ നില്‍ക്കുന്ന ആ കാട് ഒന്ന് വെട്ടിതെളിയിക്കണം. മധു പറഞ്ഞു.

അമ്മ: അത് നീ ചെയ്യേണ്ട ഇപ്പോള്‍. ഞാന്‍ ആളെ നോക്കുന്നുണ്ട്.

മധു: അതിന്റെ ആവശ്യം ഇല്ല അമ്മേ..അത് ഞാന്‍ തന്നെ ചെയ്തോളാം. അല്ല അമ്മേ.. മീരയുടെ വീട്ടില്‍ നിന്ന് ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍ കേട്ടല്ലോ? ആരുടെ കുട്ടിയാ അത്?

അമ്മ: അത് മീരയുടെ മോളുടെ കരച്ചില്‍ ആവും.

മധു: അമ്മയെല്ലേ ഒരിക്കല്‍ വിളിച്ചപ്പോള്‍ പറഞ്ഞത് അവര്‍ കുടുംബസമേതം ഗള്‍ഫില്‍ പോയെന്നു.

അമ്മ: ഇല്ല. മീര മാത്രമേ പോയോള്ളൂ. അവളുടെ ഭര്‍ത്താവ് അവള്‍ക്കു ഒരു ജോലി അയാളുടെ കമ്പനിയില്‍ തന്നെ ശരിയാക്കിയിട്ടുണ്ടാത്രേ !

മധു: അപ്പോള്‍ അവര്‍ ആ കുട്ടിയെ കൊണ്ടുപോയില്ലേ?
അമ്മ: ഇല്ല, അവര്‍ക്ക് തിരക്കിനിടയില്‍ മോളെ നോക്കാന്‍ സാധിക്കില്ലത്രേ? ഇവിടെ ആവുമ്പോള്‍ അവളുടെ അച്ഛനും അമ്മയും നോക്കികൊള്ളുമല്ലോ..

പാവം കുട്ടി..എന്ന് പറഞ്ഞുകൊണ്ട് മധു അതിര്‍ത്തിയിലേക്ക് നടന്നു.

കാട് വെട്ടിതെളിയിക്കുമ്പോള്‍ മുല്ലവള്ളികള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. പെട്ടന്ന് ആ കാഴ്ച കണ്ടപ്പോള്‍ അയാള്‍ക്ക്‌ സന്തോഷം അടക്കാനായില്ല. മുല്ല ആകെ പൂത്തിരിക്കുന്നു. എന്ത് മാത്രം മൊട്ടുകള്‍ ആണ്.

"ഇപ്പോഴും ആരും കാണാതെ നീ പൂക്കുന്നുണ്ടല്ലേ.."? അയാള്‍ മുല്ലയോടു ഒരു പരിഭവ സ്വരത്തില്‍ ചോദിച്ചു.
മുല്ല ഉണ്ട് എന്ന ഭാവത്തില്‍ പൂമൊട്ടുകള്‍ നിറഞ്ഞ ശിഖരങ്ങള്‍ ഇളംകാറ്റില്‍ ആടി.

ഇതിനിടയില്‍ "അങ്കിള്‍..അങ്കിള്‍" എന്ന വിളി കേട്ടു മധു തിരിഞ്ഞു നോക്കി. ഒരു കൊച്ചു മിടുക്കി പുഞ്ചിരിച്ചുകൊണ്ട് രണ്ടു കൈകളും നീട്ടിപ്പിടിച്ചു നില്‍ക്കുന്നു. ഒറ്റ നോട്ടത്തില്‍ അത് മീരയുടെ മകള്‍ ആണെന്ന് അയാള്‍ക്ക്‌ മനസിലായി.

മധു: ഹായ് മോളൂ!
കുറച്ചു മുല്ലപൂക്കള്‍ എനിക്ക് തരുമോ? ആ കൊച്ചു മിടുക്കി ചോദിച്ചു.

മധു: അങ്കിള്‍ തരാമല്ലോ? മിടുക്കിക്ക് എത്ര പൂക്കള്‍ വേണം.

മിടുക്കി: എനിക്ക് മുടിയില്‍ ചൂടാന അങ്കിള്‍..

മധു: തരാം കേട്ടോ മോളൂ..എന്തിനാ മോള്‍ നേരത്തെ കരഞ്ഞിരുന്നത്?

മിടുക്കി: അത് മുല്ലപ്പൂ പറിച്ചു തരുവാന്‍ പറഞ്ഞിട്ടാണ് കരഞ്ഞത്..അമ്മൂമ്മ ഇവിടെ പാമ്പ് ഉണ്ടാകും എന്ന്‌ പറഞ്ഞു പറിച്ചു തന്നില്ല.

മധു: അതെയോ? ഇനി കരയണ്ട കേട്ടോ. അങ്കിള്‍ പറിച്ചു തരാം. ആട്ടെ.. ഇവിടെ മുല്ലപൂക്കള്‍ ഉണ്ടാവും എന്ന്‌ മോള്‍ക്ക്‌ എങ്ങനെ അറിയാം?

മിടുക്കി: ഉം.. എനിക്കറിയാം. എന്റെ അമ്മ പറഞ്ഞു ഇവിടെ മുല്ലപ്പൂക്കള്‍ ഉണ്ടെന്നു..അമ്മ ഉള്ളപ്പോള്‍ ഇവിടെ നിന്ന് പൂക്കള്‍ പറിക്കാറുണ്ട്.

മുല്ലപ്പൂക്കള്‍ പറിച്ചു ആ സുന്ദരിക്കുട്ടിയുടെ കൊച്ചു കൈകളില്‍ നിറച്ചു കൊടുക്കുമ്പോള്‍ മീരയുടെ കൈകളില്‍ പൂക്കള്‍ നിറച്ചു കൊടുത്തിരുന്ന ഓര്‍മ്മകള്‍ ആയിരുന്നു മധുവിന്റെ മനസ്സ് മുഴുവന്‍. ‍

മിടുക്കി മുല്ലപ്പൂക്കള്‍ നിറഞ്ഞ കൈയ്യുമായി സന്തോഷത്തോടെ 'അമ്മൂമേ..മുല്ലപ്പൂക്കള്‍ കിട്ടി...' എന്ന്‌ പറഞ്ഞു ഓടിപ്പോയി.

കാലങ്ങള്‍ മായ്ച്ച ഓര്‍മ്മകള്‍ മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട ഒരു പ്രതീതിയില്‍ മധു വെട്ടിത്തെളിച്ച കാടുകളില്‍ നില്‍ക്കുന്ന മുല്ലയില്‍ നോക്കിയപ്പോള്‍ വീണ്ടും നാളേക്ക്
വിരിയാന്‍ ഒരായിരം മൊട്ടുകള്‍ അതില്‍ നിറഞ്ഞ പോലെ തോന്നി...

ഓര്‍മകളുടെ സുഗന്ധമുള്ള മുല്ലപ്പൂക്കള്‍!!