സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Saturday, April 7, 2012

ബാപ്പയുടെ കുട !അയാള്‍ പുറത്തേക്കു പോകുവാന്‍ ഒരുങ്ങുകയാണ്. അപ്പോള്‍ പുറകില്‍ നിന്ന് ഭാര്യ പറഞ്ഞു: "മഴ പെയ്യാന്‍ സാധ്യത ഉണ്ട്..കുട എടുത്തോള്ളൂ".

അയാള്‍ അത് കാര്യമാക്കാതെ പറഞ്ഞു: "കുടയുടെ ആവശ്യം ഒന്നും ഇല്ല, ഞാന്‍ ഇറങ്ങുകയാ.... മഴ പെയ്യില്ല."

മുറ്റത്തോളമെത്തിയ അയാളുടെ കൈയ്യില്‍ ഭാര്യ ഓടി വന്നു ഒരു കുട കൊടുത്തു കൊണ്ട് വീണ്ടും പറഞ്ഞു: "ഒരു കുട പിടിച്ചു നടന്നാല്‍ എന്താ കുഴപ്പം വരിക, വെറുതെ മഴകൊണ്ട്‌ അസുഖം വരുത്തണോ?"

അയാള്‍ താല്‍പ്പര്യം ഇല്ലെങ്കിലും ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി കുടയും വാങ്ങി യാത്രയായി. കുറച്ചു നടന്നു നീങ്ങുമ്പോഴേക്കും മഴ ചാറിത്തുടങ്ങി. മഴ കാര്യമാവില്ല എന്ന്‌ കരുതി അയാള്‍ കുട നിവര്‍ത്താതെ മുമ്പോട്ടു നടന്നു. മഴയുടെ ശക്തി കൂടി തുടങ്ങിയപ്പോള്‍ അയാള്‍ കുട നിവര്‍ത്തി. നിവര്‍ത്തിയ കുടയുടെ അവസ്ഥ കണ്ടപ്പോള്‍ അയാള്‍ അമ്പരന്നു. എന്ത് കുടയാണ് അവള്‍ എടുത്തു തന്നത്? കുടയുടെ വില്ലെല്ലാം ഓടിഞ്ഞിരിക്കുന്നു. വേറെ നല്ല കുടകള്‍ ഉണ്ടായിരുന്നല്ലോ വീട്ടില്‍?

ഭാര്യ തിരക്കില്‍ എടുത്തു തന്നപ്പോള്‍ തെറ്റിയതാവും എന്ന സമാധാനത്തില്‍ അയാള്‍ നടത്തം തുടര്‍ന്നു.

ശക്തമായ മഴത്തുള്ളികള്‍ കുടയുടെ ശീലയില്‍ വീണപ്പോള്‍ പഴമയുടെ ഗന്ധം അയാളെ പൊതിഞ്ഞു. പരിചിതമായ ഒരു നഷ്ട്ട ഗന്ധം. അയാള്‍ ആ ഗന്ധം തിരിച്ചറിയാന്‍ ശ്രമിക്കവേ ശക്തിയായ കാറ്റ് വീശി. കുടയുടെ ഗതി മാറാതിരിക്കാന്‍ അയാള്‍ കുടയുടെ വളഞ്ഞ കാല്‍ മാറോടു ചേര്‍ത്ത് പിടിച്ചു. അപ്പോഴാണ്‌ അയാള്‍ക്ക്‌ ഓര്മ വന്നത് ഇതു തന്റെ ബാപ്പയുടെ കുടയാണല്ലോ എന്ന്‌. ആശ്ച്ചര്യപൂര്‍വ്വം അയാള്‍ കുടയുടെ രൂപം ഒന്നുകൂടെ നോക്കി. ശോഷിച്ച കമ്പികളില്‍ രണ്ടെണ്ണം ഓടിഞ്ഞിരിക്കുന്നു. ഋതുഭേദങ്ങള്‍ ശീലയുടെ നിറം കെടുത്തിയിരിക്കുന്നു. ബാപ്പയുടെ നിര്‍ദ്ദേശപ്രകാരം കുടയുടെ ശീലയുടെ ഒരറ്റത്ത് ഉമ്മ പണ്ട് തന്റെ പേര് തുന്നിപ്പിടിപ്പിച്ചതെല്ലാം ഒരുവിധം നൂലറ്റു പോയിരിക്കുന്നു.

ഒരു കാലത്ത് വെയിലത്തും മഴയത്തും ബാപ്പയുടെ കൂടെ നടന്ന കുട. തന്നേക്കാള്‍ ഏറെ ബാപ്പയുടെ തോള്ളില്‍ കിടന്നുറങ്ങിയ കുട. തന്നെയും കൂട്ടി ബാപ്പ പാടത്തേക്കു പോകുമ്പോള്‍ ഈ കുട നിവര്‍ത്തി അതില്‍ നിന്ന് കൊള്ളാന്‍ പറയും. എന്നിട്ട് പാവം ബാപ്പ വെയില്‍ മുഴുവന്‍ കൊള്ളും. കാലങ്ങള്‍ മായ്ച്ച ഓര്‍മ്മകള്‍ വീണ്ടും ആ കുട അയാളുടെ മനസ്സില്‍ പലതും നിറച്ചു.

ജീവിതം പച്ച പിടിപ്പിക്കാനുള്ള പരക്കം പാച്ചലില്‍ താന്‍ എപ്പോഴോ ബാപ്പയെ മറന്നുപോയി. താന്‍ ബാപ്പയെ മറന്നിട്ടും ബാപ്പ തന്നെ മറന്നിട്ടില്ല. കാണാതായപ്പോള്‍ തന്നെ തേടി ബാപ്പ അരികില്‍ വന്നപോലെ അയാള്‍ക്ക്‌ തോന്നി. വല്ലാത്ത കുറ്റബോധം അയാളില്‍ ഉണര്‍ന്നു. കണ്ണുകള്‍ നിറഞ്ഞു. പുതുമഴയില്‍ വിരിയുന്ന പൂക്കള്‍ പോലെ മറഞ്ഞു പോയ ബാപ്പയുടെ മുഖം അയാളുടെ ഓര്‍മകളുടെ മുറ്റത്ത്‌ നിറഞ്ഞു.

ഉദ്ദേശിച്ച യാത്രയുടെ ലക്ഷ്യം പാതി വഴിയില്‍ ഉപേക്ഷിച്ചു അയാള്‍ തന്റെ ബാപ്പ അന്ത്യവിശ്രമം കൊള്ളുന്ന ഖബര്‍സ്ഥാന്‍ ലക്ഷ്യമാക്കി തിരിച്ചു നടന്നു. അപ്പോഴേക്കും മഴ തോര്‍ന്നിരുന്നു. എന്നാലും അയാള്‍ കുട ചുരുക്കാതെ അതിന്റെ വളഞ്ഞ കാല്‍ നെഞ്ചോടു ചേര്‍ത്ത് തന്നെ പിടിച്ചു...

27 comments:

 1. പിതൃസ്നേഹത്താലലംകൃതമായൊരു കുഞ്ഞിക്കഥ. ബ്ലോഗില്‍ നേര്‍മ്മയുള്ള ഇത്തരം കഥകള്‍ അപൂര്‍വമാണ്. വായന ഒരു സുഖകരമായ അനുഭവമാക്കിമാറ്റുന്ന രചന

  ReplyDelete
 2. അതങ്ങനെയാണു.... വീട്ടില്‍ ചിതലരിച്ച പഴയ പെട്ടിയൊക്കെ ഒന്ന് തുറന്ന് നോക്കുമ്പോള്‍ ചിതലരിക്കാത്ത കുറേ ഓര്‍മ്മകള്‍ മനസ്സിലേക്കു വരുന്ന പോലെ..

  നല്ല കഥ....

  ReplyDelete
 3. അതെ..ഇങ്ങനെയൊക്കെ ചിലതിലൂടെ അവരൊക്കെ വീണ്ടും നമുക്കിടയിലേക്ക് തിരിച്ചു വരികയും നമുക്കിടയിൽ ജീവിക്കുകയും ചെയ്യും..

  ഇഷ്ടപ്പെട്ടു..

  ReplyDelete
 4. വളരെ ചെറിയ ഒരു കാര്യമാണ് തങ്കൾ എഴുതിയത്, പക്ഷെ ഇത് എന്നെ മറ്റു പല ഓർമകളിലേക്ക് കൊണ്ട് പോയി
  ... ഞാൻ എന്റെ പ്ഴയ ബുസ്തകക്കെട്ടുകൾ എടുക്കുമ്പോൾ ആ ബുസ്തകം എഴുതിയ കാലത്തേക്ക് ഒർമകൽ പോകാറുണ്ട് , ടീച്ചർ, ഉപ്പ വാങ്ങിതന്നത്,അന്നതെ കട, ഉമ്മ നല്ലരീതിയിൽ എന്റെ പേര് ആദ്യ പേജിൽ എഴുതി, അങ്ങനെ അങ്ങനെ

  അന്നൊക്കെ എന്റെ ഉമ്മയായിരുന്നു എന്റെ എല്ലാ ബുസ്തകത്തിലും പേര് അഴുതാറ് ഉമ്മയുടെ കൈ അക്ഷരം അന്നും ഇന്നും നല്ല കൈ അക്ഷരമാണ്.

  അതേ ആ പഴയ സാധനങ്ങൾകെല്ലാം ഒരു പഴമയുടെ മണമുണ്ട്

  ReplyDelete
 5. ഒത്തിരി ഓര്‍മ്മപ്പെടുത്തലായി ഈ പോസ്റ്റ്‌..ആശംസകള്‍

  ReplyDelete
 6. ആ കുടയുടെ തണലില്‍ ഓര്‍മകളിലേക്ക് കൈ പിടിച്ചു കൊണ്ട് പോയതിന്‌ വളരെ നന്ദി ഷൈജൂ.....

  ReplyDelete
 7. എല്ലാവരെക്കാളും മുമ്പ് എന്റെ എളിയ കഥകള്‍ വായിച്ചും ചിത്രങ്ങള്‍ കണ്ടും അഭിപ്രായങ്ങള്‍
  അറിയിക്കുന്ന അജിത്‌ ഭായിക്ക് ഒരായിരം നന്ദി..ആശംസകള്‍..

  ReplyDelete
 8. എന്റെ എളിയ കഥ വായിച്ചു അഭിപ്രായങ്ങള്‍ നല്‍കിയ
  പ്രിയ സുമേഷ്, viddiman , ഷാജു, മൊഹമ്മദ്‌ ഷാജി, കുഞ്ഞുസ്
  എല്ലാവര്ക്കും നന്ദി...വീണ്ടും അരിക സമയം കിട്ടുമ്പോള്‍...
  ആശംസകള്‍ നേരുന്നു...സസ്നേഹം..

  ReplyDelete
 9. നന്നായിട്ടുണ്ട്. ലോകത്തിന്റെ മുന്നില്‍ എന്റെ പിതാവിനെ ഞാന്‍ സ്നേഹിക്കുന്നു എന്ന് വിളിച്ചു പറഞ്ഞ മകന്റെ മാനസികാവസ്ഥ, നന്നായി പറഞ്ഞു.

  ReplyDelete
 10. ബാപ്പയെ ഓര്‍ക്കാന്‍ ആ കുട കാരണമായി. അതിലൂടെ, നഷ്ടപ്പെട്ട സ്നേഹത്തെ ഓര്‍ത്തു മനസ്സ് നൊമ്പരപ്പെടുന്നു. ഇറങ്ങി പുറപ്പെട്ട ലക്‌ഷ്യം മറന്നു ബാപ്പയുടെ കുഴിമാടത്ത്തിലേക്ക് പോകുന്നു. സ്നേഹനിധിയായ ഭാര്യ ഇതിനെല്ലാം നിമിത്ത മായത് ജീവിതത്തിലെ മറ്റൊരു സൌഭാഗ്യം. മൊത്തത്തില്‍ നല്ലൊരു കഥാ ബീജം ഇതിലുണ്ട്. നന്നായിരിക്കുന്നു.

  ReplyDelete
 11. ഉപ്പാനേ സ്നേഹിക്കുന്ന ഷൈജു എന്ന മകന്റെ മാനസികാവസ്ഥ എഴുത്തില്‍ കൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു ....കൊള്ളാം ട്ടോ !!

  ReplyDelete
 12. നന്നായി ,,എല്ലാ ആശംസകളും ,

  ReplyDelete
 13. ഇന്ന് ഇത്രത്തോളം വായിച്ചവയില്‍ നല്ലത്..
  നന്നായിട്ടുണ്ട്, വളരെ ഇഷ്ടവുമായി!

  ReplyDelete
 14. അഭിപ്രായങ്ങള്‍ അറിയിച്ച ജിഫു, അബ്ദുല്‍ നിസ്സാര്‍, അഷറഫ്, കൊച്ചുമോള്‍, സിയാഫ് അബ്ദുല്‍ കാദര്‍
  വളരെ നന്ദി..

  കൊച്ചു മോള്‍, എന്റെ ഉപ്പ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇപ്പോഴും ഒരു വിഷമവും കൂടാതെ ഉണ്ട് കേട്ടോ.

  നിഷ സുരഭി..വളരെ നന്ദി കേട്ടോ..വീണ്ടും വരിക...

  ReplyDelete
 15. ഷൈജു..നിങ്ങളുടെ ബ്ലോഗില്‍ വന്ന പോസ്റ്റ്കളില്‍ ഈ പോസ്റ്റ്‌ ഞാന്‍ ഒന്നാം സ്ഥാനത്ത് ഞാന്‍ മാറ്റി നിര്ത്തുന്നു ,,,,ഹൃദയം തൊട്ട വരികള്‍ ...

  ReplyDelete
 16. എന്താ പറയുക ജീവിതത്തിന്റെ പരക്കം പാച്ചിലില്‍ നാം ബന്ധങ്ങളെയും മറ്റും മറക്കുന്നു വായിച്ചു കഴിഞ്ഞപ്പോള്‍ വളരെ വിഷമം തോന്നി... ഉപ്പയുടെ ഓര്‍മ്മകളിലേക്ക് മനസില്നെ കൊണ്ട് പോയ രീതി വളരെ നന്നായിട്ടുണ്ട്... ഇത് ഇത്തിരി കൂടി വിശദമായിട്ടു തന്നെ എഴുതാമായിരുന്നു......ഉപ്പയുടെ മണമുണ്ട് ഈ എഴുത്തിന്...... ആശംസകള്‍... അള്ളാഹു നുഗ്രഹിക്കട്ടെ.......

  ReplyDelete
 17. നല്ല അഭിപ്രായങ്ങള്‍ അറിയിച്ച ഫൈസല്‍ ബാബുവിനും ഉമ്മു അമ്മാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
  വീണ്ടും വരിക...സസ്നേഹം..

  ReplyDelete
 18. അവസാന വരി അതിഗംഭീരമായിരിക്കുന്നു. ഒരു കൊച്ചു കഥയിലൂടെ വലിയ സ്നേഹം ഹൃദയത്തോട് ചേര്‍ത്തിപ്പിടിച്ചത് മനോഹരമായി അവതരിപ്പിച്ചു.
  ആശംസകള്‍.

  ReplyDelete
 19. മനസ്സിനോട് ചേര്‍ത്ത് വെക്കാന്‍ പോന്നൊരു കുഞ്ഞു കഥ.
  നന്നായെഴുതി.

  ReplyDelete
 20. ഒരു കുടയിലൂടെ ഓര്‍മ്മകളുറങ്ങുന്ന ഖബര്‍ സ്ഥാന്‍ വരെ കൊണ്ട് ചെന്ന വരികള്‍ നന്നായെഴുതി ... ആശംസകള്‍ .....

  ReplyDelete
 21. സ്നേഹനിധിയായ ഒരു വാപ്പയുടെയും മകന്‍റെയും ചിത്രം മനസ്സില്‍ നിറച്ച എഴുത്ത്...

  ആശംസകള്‍ ഷൈജു

  ReplyDelete
 22. ഓര്‍മ്മകള്‍ ..നല്ലതാണു ...ഭാവുകങ്ങള്‍ ഷൈജു.....

  ReplyDelete
 23. നല്ല കഥ ഇഷ്ടപ്പെട്ടു... ഇനിയും വരാം :)

  ReplyDelete
 24. ടച്ചിംഗ്.. നന്നായി അവതരിപ്പിച്ചു..ഭാവുകങ്ങള്‍..
  http://kannurpassenger.blogspot.com/

  ReplyDelete
 25. ഹൃദയ ഹാരിയായി അത് പറഞ്ഞു.
  ഓര്‍മ്മകള്‍ ഇങ്ങനെയെങ്കിലും ഒന്ന്
  പൂവണിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്ന
  ചിലരെങ്കിലും ഇവിടുണ്ടാകും
  ഇവിടെ ഇതാദ്യം
  വീണ്ടും വരാം

  ReplyDelete
 26. ലോകത്തിനു മുന്നില്‍ എന്‍റെ ഉപ്പയാന്നെല്ലാം എന്ന് പറയുന്ന ഒരു നല്ല പോസ്റ്റ്‌ ..ഭാവുകങ്ങള്‍ ..

  ReplyDelete