സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Saturday, October 24, 2020

മീസാൻ കല്ലുകൾക്കിടയിൽ  !

ജീവിതയാത്രയുടെ അന്ത്യ വിശ്രമത്തിലാണ് അയാൾ. വർഷം ഏകദേശം പത്തു പതിനഞ്ചു കഴിഞ്ഞു കാണും. കണക്ക് കൃത്യമായി ഓർക്കുന്നില്ല. എന്നാലും വല്ലപ്പോഴും തന്റെ മാടത്തിന്റെ അടുത്ത് വന്നു ചിലർ പറയുന്നത് കേൾക്കാം. ആ ഒരു ഓർമ്മയിൽ പറഞ്ഞതാണ്. ഇപ്പോൾ കാലങ്ങളായി  തന്നെ തേടി ആരും  വരാറില്ല.   

തന്റെ വാസസ്ഥലത്തിന്റെ അരികിലൂടെ പല കാൽപെരുമാറ്റങ്ങളും  കേൾക്കാറുണ്ട്. പക്ഷെ, അവരെല്ലാം അടുത്തുള്ള അയൽവാസികളെ തേടിവരുന്നവർ ആയിരിക്കും. ആരും തന്നെ തേടിവരാത്തതിൽ അയാൾക്ക് പരിഭവമില്ല. കാരണം തന്നെപ്പോലെ ഒപ്പം ഉണ്ടായിരുന്നവർ എല്ലാവരും പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട് പിടിച്ചു. ജീവിതം കഴിഞ്ഞിട്ടും തനിക്കു ഇപ്പോഴും പ്രവാസിയായി കഴിയുവാൻ തന്നെയാണ് വിധി. എല്ലാം പടച്ചവന്റെ നിശ്ചയം തന്നെ !. അതിൽ അയാൾ സംതൃപ്തിയടയും.  

തന്നെത്തേടി വരുവാൻ ഇനി ആരുമില്ല എന്ന ഉത്തമബോധ്യം അയാൾക്കുണ്ട്. എന്നാലും വൃഥാ ആശിച്ചുപോകും ആരെങ്കിലും ഒന്ന് വന്നെങ്കിൽ എന്ന്.  ആശകളാണല്ലോ പ്രതീക്ഷകളെ സൃഷ്ടിക്കുന്നത്.  

ഒരുനാൾ ഒരു പതിവില്ലാത്ത ആൾപെരുമാറ്റം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. തന്നെത്തേടി വരുന്നവർ ആയിരിക്കുവാൻ സാദ്ധ്യതയില്ലാത്തതിനാൽ അയാൾ ആദ്യം ഗൗനിച്ചില്ല.   

ഒരാൾ സംസാരത്തിനിടയിൽ  "ഉപ്പ" എന്ന് തന്നെ വിളിക്കുന്നത് അയാളുടെ കാതിൽ പതിഞ്ഞു.  

വർഷങ്ങൾ പലതും കഴിഞ്ഞു. ഇതുവരെ തന്നെത്തേടി ആരും  "ഉപ്പ" എന്ന് വിളിച്ചു വന്നിട്ടില്ല. ഓർമകളെ തിരയുവാൻ അയാൾ ജീവിതത്തിലേക്ക് മടങ്ങി.  

ഒരു പത്തു വയസ്സുകാരന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞു. അവസാനമായി നാട്ടിൽ നിന്ന് വരുമ്പോൾ തന്നെ പിരിയാൻ കഴിയാത്തതിൽ കരഞ്ഞു കരഞ്ഞു തളർന്നു  ഉറങ്ങിയ മകൻ. തന്റെ യാത്രയിൽ ദുഃഖവും ജീവിതത്തിന്റെ പ്രതീക്ഷയും കണ്ണുകളിൽ ഒളിപ്പിച്ചു സൂക്ഷിച്ച ഭാര്യ. ഒരിക്കലും പ്രതീക്ഷിക്കാത്ത അവസാനയാത്രയായിരുന്നു അത്. എന്ത് ചെയ്യുവാൻ ? 

ജീവിതയാത്രകളുടെ ദൂരം അളക്കുവാൻ പ്രാപ്തൻ പടച്ചവൻ തന്നെ ! 

തന്റെ പരലോക സൗഖ്യത്തിനു വേണ്ടി  മകൻ  പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് സന്തോഷം അടക്കുവാൻ കഴിഞ്ഞില്ല. അവൻ എങ്ങനെ ആയിരിക്കും തന്നെ തേടി വന്നു കാണുക. അയാൾക്ക് എല്ലാം ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ! 

മകന്റെ കൂടെ വന്നയാൾ പറയുന്നുണ്ട് "ഇവിടെയാണ് മരിച്ചവരായ വിദേശികളെ കബറടക്കം ചെയ്യുന്നത്. പല രാജ്യത്തിനു നിന്നുമുള്ള ആളുകളെയെല്ലാം ഇവിടെത്തന്നെയാണ് അടക്കം ചെയ്യുന്നത്. അതും നാട്ടിലേക്ക് അയക്കുവാൻ കഴിയാത്ത മയ്യത്തുകൾ".  

കേട്ടുനിന്ന മകന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഉറ്റിവീണത്  രണ്ടു മീസാൻ കല്ലുകൾക്കിടയിലെ അയാളുടെ കൊച്ചു കബറിടത്തിലേക്കാണ്. ചുട്ടുപഴുത്ത മണ്ണ്  ആ കണ്ണീരിനോട്  അൽപ്പം പോലും ദാക്ഷണ്യമില്ലാതെ കാണുവാൻ സാധിക്കാത്തവിധം മാച്ചുകളഞ്ഞു.  

അയാളെപ്പോലെതന്നെ ആരെങ്കിലും വരും എന്ന പ്രതീക്ഷയിൽ  ജീവിതം കഴിഞ്ഞിട്ടും വീണ്ടും പ്രവാസം  അനുഭവിക്കുന്ന  മനുഷ്യർ  ആ കബർസ്ഥാനിലെ അനേകം മീസാൻ കല്ലുകൾക്കിടയിൽ  ഉണ്ടായിരുന്നു.  

ഉപ്പയോട്‌ സലാം പറഞ്ഞു  മകൻ പിരിഞ്ഞു പോകുമ്പോൾ ഇനിയൊരു കണ്ടുമുട്ടലിനു പ്രാപ്തനാക്കുവാൻ കഴിയുന്ന റബ്ബാണ് വലിയവൻ എന്നോർമ്മിപ്പിച്ചുകൊണ്ട്  പള്ളിയുടെ മിനാരങ്ങളിൽ നിന്ന് ബാങ്കൊലികൾ അലയടിച്ചു വാനിൽ ഉയർന്നു. 

Friday, September 18, 2020

റഹീമിന്റെ രാംലാൽ

രാത്രി ഏറെ വൈകിയിരിക്കുന്നു. രാംലാൽ ടൗണിൽ പോയി വരികയാണ്. റഹീമിന്റെ വീട് പിന്നിട്ടു വേണം അയാളുടെ വീട്ടിലെത്താൻ. റഹീമിന്റെ വീടിനു മുന്നിലൂടെ കടന്നുപോകുന്നത് ആലോചിക്കുമ്പോളാണ് രാംലാനിനു എപ്പോഴും വിഷമം. എന്നാലും അയാൾ നടന്നു. വേറെ വഴിയില്ല തന്റെ വീട്ടിലേക്കു പോകുവാൻ.  

നടവരമ്പ് മാത്രമുള്ള വഴിയിലൂടെ അയാൾ വെളിച്ചം മങ്ങിയ ടോർച്ച് ഇടക്കിടക്ക് മിന്നിച്ചു കൊണ്ട് നടന്നു. പല ചിന്തകളും ടോർച്ചിന്റെ വെളിച്ചത്തേക്കാൾ ശക്തിയിൽ അയാളുടെ മനസ്സിൽ ഇടക്കിടക്ക് മിന്നിക്കൊണ്ടിരുന്നു. 

റഹീമിന്റെ വീടിനു അടുത്തുതെത്തിയപ്പോൾ രാംലാലിന്റെ മനസ്സിൽ സംഘർഷങ്ങളുടെ ഇടി മിന്നൽ വർഷിച്ചു തുടങ്ങി.  അയാൾ റഹീമിന്റെ വീട്ടിലേക്കു ഒന്ന് നോക്കി. മുറ്റത്തു പേരിനു മാത്രം ഒരു ചെറിയ പന്തൽ. അതിൽ ഒരു ടൂബ് ലൈറ്റ്  മാത്രം കത്തുന്നുമുണ്ട്. പറയത്തക്ക ആളുകൾ ഒന്നുമില്ല അവിടെ. രണ്ടു പേർ മാത്രം പന്തലിൽ കസേരയിൽ ഇരുന്നു സംസാരിക്കുന്നു. 

രാംലാൽ നോട്ടം വേഗം ഇടവഴിയിലെ ഇരുളിലേക്ക് തിരിച്ചു. ഒപ്പം ടോർച്ചിന്റെ വെളിച്ചവും.      

" നാളെ ഒരു കല്യാണം നടക്കേണ്ട വീടാണിത്. യത്തീമായ കുട്ടിയായിട്ടാണ് റഹീമിന്റെ മോൾ വീട്ടിൽനിന്നു ഇറങ്ങി പോവുക. തന്റെ മൂത്ത മകളുടെ കല്യാണത്തിന് ഒരു കുടുംബം പോലെ എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്നവർ. പക്ഷെ ഇന്ന് വെറും അന്യർ. പ്രിയപ്പെട്ട കൂട്ടുകാരൻ റഹീം ഇന്നില്ല. സ്വസമുദായത്തിൽപ്പെട്ട സാമൂഹിക ദ്രോഹികൾ മാട്ടിറച്ചി കൈവശംവച്ചു എന്നാരോപിച്ചു അവനെ തല്ലി കൊന്നു. മതഭ്രാന്ത് രാഷ്ട്രീയത്തിൽ കലർത്തി ആട് മാടുകളെ വേർതിരിച്ചപ്പോൾ മനുഷ്യൻ മനുഷ്യന്റെ കാലനായി മാറി. എന്റെ മത വിശ്വാസം അവൻ തുടരണം പോലും!

സ്വന്തം മതവിശ്വാസത്തിൽ ജീവിക്കുവാൻ അവന് അവകാശം നിഷേധിക്കപ്പെട്ടു. മത ജീർണ്ണത പടരുന്ന ഈ നാട്ടിൽ മനുഷ്യൻ മൃഗത്തേക്കാൾ അധഃപതിച്ചവർ. എന്ത് നീതി? ആരോട് പറയുവാൻ? ആര് കേൾക്കുവാൻ? നീതി പീഠം വരെ പോകുവാനുള്ള കഴിവോ പ്രാപ്തിയോ തനിക്കില്ല. അങ്ങനെ ചെയ്യാൻ ഒരുങ്ങിയാൽ നാളെ താനും റഹീമിനെ പോലെ കൊല്ലപ്പെടും. ആരും ചോദിക്കുവാൻ വരില്ല. എന്റെ വീടും റഹീമിന്റെ വീട് പോലെ അനാഥമാകും. എനിക്കും റഹീമിനും വിദ്യാഭ്യാസമില്ല. പക്ഷെ ഞങ്ങൾക്ക് വിവേകം ഉണ്ടായിരുന്നു. പരസ്പ്പരം നാം മനുഷ്യർ ആണെന്നും വിഷമങ്ങൾ ഞങ്ങൾക്ക് തുല്യമാണ് എന്ന് മനസ്സിലാക്കുവാനുള്ള ബോധവും".

സ്വന്തം വീട് എത്തുന്ന വരെ അയാളുടെ മനസ്സിൽ ചിന്തകളും വ്യാകുലതകളും കടലിലെ തിരമാലകൾ പോലെ ആഞ്ഞടിച്ചുകൊണ്ടിരുന്നു. 

വീട്ടിലെത്തിയ അയാൾ കതക് മുട്ടി. ഭാര്യ യെശോദ വാതിൽ   തുറന്നു. അയാളുടെ കൈയ്യിൽ ഉള്ള സഞ്ചിയിൽ എന്താണ് എന്ന ഭാര്യയുടെ ചോദ്യത്തിന് മറുപടി പറയാതെ രാംലാൽ അകത്തേക്ക് കടന്നു. 

നിരാശ നിഴലിച്ചു നിൽക്കുന്ന അയാളുടെ മുഖത്തു നോക്കി വീണ്ടും ചോദിക്കുവാൻ ഭാര്യക്ക് മനസ്സ് വന്നില്ല.   

"എല്ലാം പറയാം..നീ റൊട്ടി എടുത്തു വെക്കൂ...എനിക്ക് വിശക്കുന്നു" എന്ന് പറഞ്ഞു അയാൾ കുളിക്കുവാൻ പോയി. 

ഭക്ഷണമെല്ലാം വിളമ്പി യെശോദ ഭർത്താവിനെ കാത്തിരുന്നു. 

കുളി കഴിഞ്ഞു വന്നു അരണ്ട വെളിച്ചത്തിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഭാര്യ പറഞ്ഞു " നാളെ റഹീമിന്റെ മോളുടെ കല്യാണമാണ് , എനിക്ക് ഒരു പാട് ആശയുണ്ട് അങ്ങോട്ട് പോകുവാൻ...പക്ഷെ....! " 

 "പക്ഷെ..." എന്ന് പറഞ്ഞു നിറുത്തിയപ്പോൾ എല്ലാം മനസ്സിലായ മട്ടിൽ രാംലാൽ ഒന്ന് മൂളി.

"ഒരു ഘോഷവും ഇല്ലാതെയാണ് അവർ കല്യാണം നടത്തുന്നത്...." ഭാര്യ വീണ്ടും പറഞ്ഞു നിർത്തി.   

"ആ പാവങ്ങൾ എന്ത് ചെയ്യാൻ ആണ്...റഹീം മരിച്ചതോടു കൂടി ആ വീട് അനാഥമായില്ലേ....? അവന്റെ കൂട്ടുകാരൻ ആയി ജീവിച്ചിരിക്കുന്ന എനിക്കും ആ വീടിന്റെ പടി ഒന്ന് കയറുവാൻ പോലും കഴിയാതെയായി..., മനുഷ്യ സ്നേഹ ബന്ധങ്ങൾക്ക്‌ എന്ത് വില...? മതങ്ങൾക്കേ വില ഒള്ളൂ...?  അത് പറയുമ്പോൾ രാംലാൽന്റെ കണ്ണിൽ നിന്ന് ചുടുനീർ തുള്ളികൾ  പാത്രത്തിലെ ഉണങ്ങിയ റൊട്ടിയിൽ വീണലിഞ്ഞു. 

ഭാര്യ നിസ്സംഗതയായി ആ വാക്കുകൾ കേട്ടിരുന്നു. 

പിറ്റേ ദിവസം അതിരാവിലെ തന്നെ രാംലാലും ഭാര്യയും എഴുന്നേറ്റു. രാംലാൽ ഭാര്യയോട് വേഗം കുളിച്ചു വസ്ത്രം  മാറുവാൻ പറഞ്ഞു. രാംലാലും വേഗം തന്നെ തയ്യാറായി. കുളി കഴിഞ്ഞു വന്ന യെശോദ ഞട്ടിപോയി. ഒരു മുസൽമാൻ തങ്ങളുടെ മുറിയിൽ ഇരിക്കുന്നു. രാംലാൽനെ കാണുവാൻ ഇല്ല.  പേടിച്ചു പോയ അവർ ബഹളം വെക്കുവാൻ ഒരുങ്ങി. കാരണം ആ പ്രദേശത്തു മത വൈര്യത്തിന്റെ തീപ്പൊരികൾ എപ്പോൾ വേണമെങ്കിലും എങ്ങിനേയും കത്തിപ്പടരാം. 

അപ്പോഴേക്കും ആ മുസൽമാൻ ഒരു പർദ്ദ അവർക്കു നേരെ നീട്ടി കൊണ്ട് വേഗം അണിയുവാൻ പറഞ്ഞു. ശബ്ദം കേട്ടപ്പോൾ മാത്രമാണ് യെശോദക്ക് അത് തന്റെ ഭർത്താവാണെന്ന് മനസ്സിലായത്. 

"വേഗം തയ്യാർ ആവൂ...സൂരോദയത്തിനു മുമ്പ് നമ്മുക്ക് റഹീമിന്റെ വീട്ടിൽ പോയി വരണം. എന്റെ കൂട്ടുകാരന്റെ മോൾക്ക് ഞാൻ എന്തെങ്കിലും കൊടുക്കണ്ടേ... ഇന്നലെ നീ ചോദിച്ച സഞ്ചിയിൽ ഈ വസ്‌ത്രങ്ങൾ ആയിരുന്നു. വേറെ വഴിയില്ല നമ്മുക്ക്..., ഹിന്ദുവിന് ഹിന്ദുവും, മുസൽമാന്‌ മുസൽമാനും...മനുഷ്യനെ ആർക്കും വേണ്ട" .

പുലരിയുടെ നിഴൽ വീഴാത്ത ആ ഇരുളിൽ ആ ദമ്പതികൾ റഹീമിന്റെ വീട്ടിൽ എത്തി. അതിരാവിലെ തന്നെ തങ്ങളുടെ വീട്ടിൽ കയറി വരുന്ന അപരിചിതരായ അതിഥികൾ ആരാണെന്നു മനസ്സിലാക്കുവാൻ കഴിയാതെ റഹീമിന്റെ ഭാര്യ പരിഭ്രമിച്ചു നിന്നു.  എന്നാലും പരിഭ്രമം പുറത്തു കാണിക്കാതെ അവർ അതിഥികളെ അകത്തേക്ക് ക്ഷണിച്ചു. അകത്തു വന്നപ്പോൾ ആണ് അത് രാംലാലും ഭാര്യ യെശോദയും ആണെന്ന് അവർക്ക്  മനസ്സിലായത്. റഹീമിന്റെ ഭാര്യ യെശോദയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. കല്യാണ പെൺകുട്ടി ഓടി വന്നു രാംലാലിന്റെ കാലിൽ വീണു.  ആ മകളെ അയാൾ ആശീർവദിച്ചു എഴുന്നേൽപ്പിച്ചു. രാംലാൽ ഒരു ചെറിയ പൊതി സമ്മാനമായി ആ മകൾക്കു കൊടുത്തു. അവർ ഇരുവരും നിസ്സഹായാവസ്ഥകൾ അന്ന്യോന്യം പങ്കുവച്ചു. 

കൂട്ടുകാരന്റെ മകൾക്കു വിവാഹ മംഗളാശംസകൾ നേർന്നു കൊണ്ട് അവർ യാത്ര പറഞ്ഞു ആരും കാണാതെ കല്യാണവീട്ടിൽ നിന്നിറങ്ങി. 

മതങ്ങൾക്കപ്പുറം മൃഗങ്ങളുടെ വില പോലുമില്ലാത്ത മനുഷ്യർ വസിക്കുന്ന ആ നാട്ടിൽ രാംലാൽ വേഷം കൊണ്ട് ഒരു മുസൽമാനും പേര് കൊണ്ട് ഒരു ഹിന്ദുവും ആയിരുന്നില്ല. പകരം അയൽക്കാരന്റെ ദുഃഖങ്ങളും വിഷമങ്ങളും തന്റേതു കൂടിയാണ് എന്ന് തിരിച്ചറിയുവാൻ കഴിവുള്ള യഥാർത്ഥ മനുഷ്യൻ ആയിരുന്നു.

നടവഴിയിൽ പുതുപുലരിയുടെ വെള്ളിവെട്ടങ്ങൾ രാംലാലിനും ഭാര്യക്കും പരവതാനി വിരിച്ചു. ഇളം തെന്നൽ അവരെ ആശ്ലേഷിച്ചുകൊണ്ടു കടന്നു പോയി. കിളികൾ സ്തുതി ഗീതം പാടി പറന്നകന്നു. നടവരമ്പിലെ പുൽക്കൊടികൾ മഞ്ഞുത്തുള്ളികളാൽ അവരുടെ കാൽപാദങ്ങളെ തഴുകി. 

ഭൂമിയിൽ നന്മ ചെയ്യുന്നവരെ തിരിച്ചറിയുവാൻ പ്രകൃതിക്കു മാത്രമേ കഴിയൂ. മനുഷ്യന് ആ കഴിവ് എന്നേ നഷ്ടപ്പെട്ടിരുന്നു....!


മനസ്സ്

 


Tuesday, August 18, 2020

ഗ്രന്ഥശാല 

 

നോവ് 

 

ഇന്നലെകൾ 

 

അകൽച്ച 



 

ബന്ധങ്ങൾ 


 

രസം 

 

കാലങ്ങൾ 

 

ബാല്യകാലം 

 

ശുഭരാത്രി 

 

വിരുന്നുകാരൻ 

 

പ്രണയം 

 

ഉണ്ണി സങ്കടം 

 

മിശ്ര പ്രണയം 

 

വഴികൾ 

 

മോഹം

 

ജീവിതം 

 

അതിഥി 

 

മനസ്സ് 

 

ഇടം 

 

കാറ്റ്