സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Tuesday, November 30, 2010

ഉള്‍വിളികള്‍യാ ഇലാഹ്..
യാത്ര തിരിച്ചിട്ടു നാള്‍ ഏറെയായി,
വരികയാണ് നിന്‍ അരികിലേക്ക്
വെറും കൈകളാല്‍..

നിലാവ് പരന്ന
ഉദരത്തില്‍ ‍നിന്നു
നിഷ്കളങ്കമാം മനസ്സോടെ
ആരംഭിച്ചതാണീ യാത്ര.

കൌതുകങ്ങള്‍ നിറഞ്ഞ
ഈ ലോകത്തില്‍ അമ്പരപ്പോടെ
നോക്കി നിന്ന് പോയി പലവട്ടം..

ജീവിത യാത്രയുടെ ദൂരമിനിയെത്ര?
മദധ്യമാണോ, അന്ത്യമാണോ,
അളക്കാന്‍ പ്രാപ്തന്‍ നീയാണ്.

കാഴ്ചകള്‍ കണ്ട സുഖത്തില്‍
അറിഞ്ഞില്ല നേരം വൈകിയതും
നിന്നെ മറന്നതും.

കളങ്കം നിറഞ്ഞ കൃഷ്ണമണികളില്‍
വെളിച്ചം മങ്ങിയ നേരം
ആറടി ദൂരം അകലെ കണ്ടു
വെള്ള മൂടിയ നിഴല്‍ രൂപം

മറ്റൊരു ജന്മം ആറടി മണ്ണില്‍ എകും
നിന്‍ മഹത്വം സ്തുതിക്കാന്‍
അര നാഴിക നേരം കൂടി നീട്ടിതാ
ഏകനാം പ്രപഞ്ച നാഥ..

Friday, November 19, 2010

നൊസ്റ്റാള്‍ജിയഅയാള്‍ നാട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ മൂത്ത മകള്‍ അഞ്ചു വയസുകാരിയാണ് ഫോണ്‍ എടുത്തത്‌. അവിടെ നിന്നു "ഹലോ" എന്ന് മകള്‍ പറഞ്ഞപ്പോള്‍ തെന്നെ അയാള്‍ക്ക്‌ മനസിലായി അവള്‍ ഓടി വന്നാണ് ഫോണ്‍ എടുത്തതെന്ന്.

അയാള്‍ ചോദിച്ചു: എന്തിനാ മോള്‍ ഓടി വന്നു ഫോണ്‍ അടുത്തത്. അത് കൊണ്ടല്ലേ കിതക്കുന്നത്..? പപ്പ പറഞ്ഞിട്ടില്ലേ ഓടി വന്നു ഫോണ്‍ എടുക്കരുതെന്ന്. മുമ്പ് ഇതുപോലെ ഫോണ്‍ എടുക്കാന്‍ ഓടിയിട്ടല്ലേ വീണത്‌..അത് മറന്നോ മോളൂ..

മകള്‍ പറഞ്ഞു: ഇല്ല പപ്പാ, ഞാന്‍ ഉമ്മറത്ത്‌ കളിക്കുകയായിരുന്നു. മഴ വന്നപ്പോള്‍ പിന്നെ അത് നോക്കി നിന്നു. നല്ല രസം. ഫോണ്‍ റിംഗ് കേട്ടപ്പോള്‍ അത് പപ്പയായിരുക്കും എന്ന്‌ കരുതി ഓടി വന്നതാണ്.

മകള്‍ മഴ നോക്കി നില്‍ക്കുകയായിരുന്നു എന്ന്‌ പറഞ്ഞത് കേട്ടപ്പോള്‍ അയാള്‍ക്ക്‌ സന്തോഷമായി. കാരണം പുതിയ കുട്ടികള്‍ക്ക് പ്രകൃതി എന്താണെന്ന് പോലും അറിയാത്ത കാലം ആയിരിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ അവള്‍ മഴയെ ശ്രദ്ധിച്ചല്ലോ..

അയാള്‍ ചോദിച്ചു : മോളെ, അമ്മ എവിടെ ?

മകള്‍ : അമ്മ അടുകളയില്‍ പണിയിലാണ്..

അയാള്‍ : നമ്മുടെ കുഞ്ഞിവാവ എവിടെപ്പോയി..?

മകള്‍ : അവള്‍ നല്ല ഉറക്കമാ പപ്പ..

മകളുടെ കുഞ്ഞു മനസ്സില്‍ മഴയെകുറിച്ച് വലതും ഉണ്ടോ എന്നറിയാന്‍ അയാള്‍ക്ക്‌ വല്ലാത്ത മോഹം. തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാല്‍ അവള്‍ക്കു കഴിയുമോ എന്നറിയില്ല. എന്നാലും അയാള്‍ ചോദിച്ചു: എന്തെല്ലാമാണ് മഴയില്‍ മോള്‍ കണ്ടത്? മഴ വരുന്നത് ശ്രദ്ധിച്ചോ? എങ്ങനെയാ മഴ വന്നത്?

അയാളുടെ ചോദ്യങ്ങള്‍ക്ക് അവള്‍ തെല്ലും ചിന്തിക്കാതെ വളരെ ലളിതമായി നിഷ്കളങ്കമായ ഉത്തരം നല്‍കി: പപ്പ, മഴ തുള്ളി തുള്ളിയായി ആണ് പെയ്യുന്നത്. എനിക്ക് മഴയത്ത് ഓടി കളിക്കണം. അമ്മ കണ്ടാല്‍ തല്ലു കിട്ടും. അതാ ഉമ്മറത്ത് തന്നെ നില്‍ക്കുന്നത്.

ഇതു കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു: മോളെ, മഴയത് കളിച്ചാല്‍ അസുഖം വരും. മോള്‍ ഉമ്മറത്ത്‌ തന്നെ നിന്നാല്‍ മതി കേട്ടോ.

ആ പപ്പ, ഞാന്‍ അമ്മയെ വിളിക്കാം എന്ന് പറഞ്ഞു അവള്‍ റിസീവര്‍ വച്ച് അടുകളയിലേക്ക് ഓടി..

അയാള്‍ ഫോണിലൂടെ മോള്‍ ഓടുന്ന ശബ്ദം കേട്ട് കുറച്ചു ഉച്ചത്തില്‍ പറഞ്ഞു മോളെ ഓടല്ലേ..വീഴും...

താഴെ വച്ച റിസീവറിലൂടെ അയാളുടെ കാതില്‍ പതുക്കെ വന്നെത്തിയ മഴയുടെ താളം അയാളുടെ മനസിന്റെ ഓര്‍മ ചെപ്പില്‍ നിന്ന് നാടിന്റെയും കുട്ടികാലത്തിന്റെയും ഒരായിരം ഓര്‍മ്മകള്‍ വാരി വിതറി... മഴത്തുള്ളികള്‍ പോലെ...പുതുമഴയുടെ ഗന്ധം പോലെ....!

കറുത്ത് ഇരുണ്ട് നില്‍ക്കുന്ന മേഘങ്ങള്‍, നിലത്തു പതിക്കാനായി വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍, അവയെ മാറോടന്നക്കാന്‍ ദാഹിച്ചു നില്‍ക്കുന്ന ഭൂമി, ആ സന്തോഷത്തില്‍ പങ്കാളികള്‍ ആകാനായി എല്ലാ ജീവജാലങ്ങളും, മഴയുടെ ആഗമനം അറിയിക്കാനായി ഓടി നടക്കുന്ന കാറ്റ്, ആ ആഹ്ലാദത്തില്‍ മതിമറന്നു ആടി ഉലയുന്ന മരങ്ങള്‍....എന്ത് രസം കാണാന്‍!
ദാ വരുന്നു...ഒരു തുള്ളിക്ക്‌ ഒരു കുടം ആയി..... ചറ പറ എന്ന് മൂളി കൊണ്ട്.....

വീടിന്റെ ഉമ്മറത്ത്‌ പ്രകൃതിയുടെ കൌതുകങ്ങള്‍ നോക്കിക്കൊണ്ട്‌ ഒരു കുട്ടിയായി...എല്ലാം ഇപ്പൊഴും ഈ മരുഭൂവില്‍ മനസ്സില്‍ മായാത്ത മഴവില്ലായി, പുതുമഴയുടെ നനുത്ത ഗന്ധവും കുളിരും...

ആ ഓര്‍മകളുടെ ചെപ്പിലേക്ക് അപ്പുറത്ത് നിന്ന് അയാളുടെ ശ്രീമതിയുടെ ശബ്ദം ഹലോ..ഹലോ..എന്താ ഒന്നും മിണ്ടാത്തത്...എന്ന രൂപത്തില്‍ ആഞ്ഞു വീശി. ആ ശക്തിയില്‍ അയാള്‍ക്ക്‌ നോസ്റ്റാല്‍ജിയയുടെ ചെപ്പു അടച്ചു വെക്കാന്‍ കഴിഞ്ഞില്ല. ഭാര്യയോടു വീട്ടുവിശേഷങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ തന്റെ പ്രിയപ്പെട്ട മഴയെ കുറിച്ചും തിരക്കി.

ഭാര്യ പറഞ്ഞു: എന്നും മഴയാ. ഈ നശിച്ച മഴ കാരണം, ഒന്നും പറയണ്ട.. പുറത്തേക്കു ഇറങ്ങാന്‍ പോലും കഴിയുന്നില്ല. ഡ്രസ്സ്‌ പോലും മഴ കാരണം പുറത്തു ഉണക്കാന്‍ ഇടുവാന്‍ കഴിയുന്നില്ല. വീടിന്റെ ഉള്ളില്‍ തന്നെ അഴ കെട്ടി ഇടുകയാണ് ചെയ്യുന്നത്.

അപ്പോഴേക്കും ഭയങ്കരമായ ഒരു ശബ്ദം ഭാര്യയുടെ സംസാരത്തോടൊപ്പം അയാളുടെ കാതുകളില്‍ എത്തി.

അയാള്‍ തിരക്കി: അതെന്താ ഒരു ശബ്ദം!

ഭാര്യ: ഇടി വെട്ടിയതാ..ദാ..ഇപ്പോള്‍ പോകും കരണ്ട്...!!

പിന്നാലെ ഒരു നേരിയ കരച്ചിലും അയാളുടെ ചെവിയില്‍ വന്നെത്തി...

ഭാര്യ തുടര്ന്നു : ചേട്ടാ, ഞാന്‍ ഫോണ്‍ വച്ചോട്ടെ.. ഇടിയുടെ ശബ്ദം കേട്ടു പേടിച്ചു മോള്‍ ഉണര്‍ന്നു..നല്ല പോലെ കരയുന്നുണ്ട്..ഞാന്‍ പോയി എടുക്കട്ടെ അവളെ..

ഭാര്യയുടെ തോളില്‍ തല ചായ്ച്ചാല്‍ മോളുടെ കരച്ചില്‍ മാറുമെന്ന പൂര്‍ണ്ണവിശ്വാസം ഉള്ളതുകൊണ്ട് പിന്നീട് വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ വെച്ച് അയാള്‍ അടക്കാന്‍ മറന്നുപോയ ചെപ്പിന്റെ മൂടി തിരഞ്ഞുകൊണ്ട് നോസ്റ്റാല്‍ജിയയുടെ പെരുമഴയില്‍ വീണ്ടും ഇറങ്ങി..

Tuesday, November 16, 2010

അണിയാന്‍ ആഗ്രഹിച്ച വളകള്‍രാത്രിയായിട്ടും റംല ഉറങ്ങിയിട്ടില്ല. ഉമ്മറത്ത്‌ തന്നെ കാത്തിരിപ്പാണ്. അവളുടെ കണ്ണും കാതും ഖദീജുമ്മയുടെ വീട്ടിലോട്ടാണ്. കബീര്‍ വരുന്നതും നോക്കി. എത്ര കാലത്തിനു ശേഷമുള്ള വരവാണ്. നീണ്ട ആറു വര്‍ഷം. താനും കബീര്‍ക്കയുടെ സഹോദരി സുഹറയും പത്താം ക്ലാസ്സില്‍ പഠിക്കുന്ന അവസരത്തിലാണ് കബീര്‍ക്ക ഗള്‍ഫിലേക്ക് പോയത്. അന്ന് കബീര്‍ക്ക ഡിഗ്രി ഒന്നാം വര്‍ഷം ആയിരുന്നു. വിസ വന്നപ്പോള്‍ പഠിപ്പ് നിര്‍ത്തിയിട്ടാണ് മൂപ്പരുടെ ഉപ്പയുടെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോയത്.

കബീര്‍ക്ക എത്ര മാറിയിട്ടുണ്ടാവും. പഴയതിനേക്കാള്‍ തടി കൂടിയിട്ടുണ്ടാകുമോ? കൂടുതല്‍ സുന്ദരന്‍ ആയിട്ടുണ്ടാകുമോ? കണ്ടാല്‍ പഴയ ഇഷ്ട്ടം തന്നോടു ഉണ്ടാവുമോ? അതോ മറന്നു കാണുമോ? അങ്ങനെ നൂറു ചോദ്യങ്ങള്‍ അവളുടെ മനസ്സില്‍ ഉയര്‍ന്നു.
കൂട്ടത്തില്‍ ഒരു ആശങ്ക കൂടി അവളുടെ മനസിലുണ്ട്. സുഹറ പറഞ്ഞത് കബീര്‍ക്ക വന്നു കഴിഞ്ഞാല്‍ കല്യാണം ഉണ്ടാകും എന്നാണു. ആ ഭാഗ്യവതിയെ കുറിച്ചും റംല ഒന്നു ചിന്തിച്ചു. തനിക്കു അതിനു ഭാഗ്യം ഉണ്ടാവില്ല എന്നു നല്ലവണ്ണം ബോധ്യമുണ്ട്.എന്നാലും മനസ്സില്‍ കുറെ കാലമായുള്ള ആശ...കബീര്‍ക്ക പോലും അറിയാത്ത ആശ.


അവളുടെ ആശകള്‍ക്കും ആശങ്കകള്‍ക്കും ചിന്തകള്‍ക്കും വിരാമമിട്ടു കൊണ്ട് അകത്തുനിന്നു ഉമ്മയുടെ ശബ്ദം ഉയര്‍ന്നു..റംല..നീ ആത്തോട്ട് വരാണ്ട് എന്താ പൊറത്തിരിക്കണത്..

ഒന്നൂല്ല ഉമ്മ.. എന്ന് പറഞ്ഞു റംല അകത്തു കടന്നു വാതില്‍ ചാരുമ്പോള്‍ ഖദീജുമ്മയുടെ വീട്ടില്‍ നിന്ന് സുഹറയുടെ ശബ്ദം ഉയര്‍ന്നു... റംല...റുക്ക്യത്താ..കബീര്‍ക്ക എത്തീ....

ഇതു കേട്ട് റംല മുറ്റത്തു ഇറങ്ങി നിന്ന് ഖദീജുമ്മയുടെ വീട്ടിലോട്ടു ശ്രദ്ധിച്ചു. അവരുടെ മുറ്റത്തു കാര്‍ കിടക്കുന്നുണ്ട്‌. വലിയ കോലാഹലവും കേള്‍ക്കുന്നുണ്ട്‌. എല്ലാവരും വളരെ സന്തോഷത്തിലാണ്. കബീറിന്റെ ശബ്ദം കേള്‍ക്കാന്‍ അവളുടെ കാതുകള്‍ മോഹിച്ചു. പക്ഷെ സുഹറയുടെ കുട്ടികളുടെ ബഹളമാല്ലാതെ മാറ്റാരുടെയും ശബ്ദം വ്യക്തമായി അവള്‍ക്കു കേള്‍ക്കാന്‍ കഴിഞ്ഞില്ല.

അവള്‍ക്കു അവിടെ പോയി കബീറിനെ ഒരു നോക്ക് കാണുവാന്‍ ആശയുണ്ട്. പക്ഷെ ഉമ്മയെ വീട്ടില്‍ തനിച്ചാക്കി ഇങ്ങനെ പോകും.

അകത്തു നിന്ന് ഉമ്മ ചോദിച്ചു..അല്ല റംല..അത് സൂറാടെ എത്തല്ലേ കേട്ടത്..
റംല: ആ ഉമ്മ..കബീര്‍ക്ക വന്നൂന്ന്...
ഉമ്മ: നീ ആത്തുക്ക്‌ പോന്നോ..
ആ ഉമ്മ.. എന്ന് പറഞ്ഞുകൊണ്ട് അവള്‍ കുറച്ചു നിരാശയാലെ അകത്തു കയറി കതകടച്ചു.
ഉറങ്ങാന്‍ കിടക്കുമ്പോഴും കബീര്‍ വന്നതിന്റെ ആഹ്ലാദം അവരുടെ വീട്ടില്‍നിന്നു ഉയരുന്നത് റംല ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.
"അവരോടെ ഇന്ന് പെരുന്നാ രാവ, കേട്ടില്ലേ ബഹളം".... അപ്പുറത്തെ മുറിയില്‍ നിന്നും ഉമ്മ പറഞ്ഞു.
ഇതു കേട്ടപ്പോള്‍ റംല വെറുതെ മൂളുക മാത്രം ചെയ്തു.റംല കിടപ്പുമുറിയുടെ ജനല്‍ തുറന്നിട്ടു. തഴുകിയെത്തിയ കുളിര്‍കാറ്റു അവളെ പതിയെ സ്വപ്നങ്ങളുടെ മണിയറയിലേക്ക് കൂട്ടി കൊണ്ട് പോയി.

പിറ്റേന്ന് കാലത്ത് സ്വപ്നങ്ങളുടെ ലോകത്ത് നിന്ന് അവളെ തട്ടിയുന്നര്‍ത്തിയത് ഉമ്മയാണ്.

റംല പതിവിലും കൂടുതല്‍ സുന്ദരിയായി അന്ന്. അവള്‍ അടുക്കളായിലെ പണികള്‍ ഒരുവിധമെല്ലാം തീര്‍ത്തു ഖദീജുമ്മയുടെ വീട്ടിലോട്ടു ഓടി. അപ്പോഴും കബീറിനെ ഒന്ന് കാണണം എന്ന മോഹം ആയിരുന്നു ഖല്‍ബില്‍.

റംലയെ കണ്ടപ്പോള്‍ സുഹറ പറഞ്ഞു. അല്ല ഇതാര വരുന്നത്..റംലയൊ..? ഇന്ന് ആളൊന്നു മിനിങ്ങിയിട്ടുണ്ടല്ലോ!
റംല: ഇല്ല എന്റെ സുഹറ..നിനക്ക് തോന്നുന്നതാകും..‍
അല്ല ഖദീജുമ്മ എവിടെ...? റംല തിരക്കി
സുഹറ: ഉമ്മയും ഉപ്പയും പിന്നെ കബീര്‍ക്കയും കൂടി മൂത്തുമ്മയുടെ വീട്ടില്‍ പോയിരിക്കുകയാ..
ഇതു കേട്ടപ്പോള്‍ റംലയുടെ മനസ്സ് വാടി.. അവള്‍ സുഹറയോട് പറഞ്ഞു "ഞാന്‍ പോവുകയാ".
സുഹറ:..റംല, പോകാന്‍ വരട്ടെ..അതെ ഇക്ക എനിക്ക് ഒരു മാല കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞു. അഞ്ചു പവന്റെ... പിന്നെ രണ്ടു വളകള്‍ ഉണ്ടെന്നു പറഞ്ഞു.. അത് ഇക്ക കെട്ടാന്‍ പോകുന്ന പെണ്ണിന്...‍ നിശ്ചയത്തിനു കൊടുക്കാന്‍ വേണ്ടി.. നിനക്കും ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞു.

റംല: എന്ത് സമ്മാനം..? ഞാന്‍ ഒന്നും വേണമെന്ന് പറഞ്ഞിട്ടില്ലല്ലോ..
സുഹറ: സമ്മാനം എന്താ എന്നെനിക്കറിയില്ല റംല..എന്നാലും ഇക്ക നിനക്ക് ഇഷ്ട്ടമായി തരുന്നതല്ലേ..വാങ്ങിച്ചോ.., കുറെ നിന്നെ ചെറുപ്പത്തില്‍ കരയിച്ചിട്ടുള്ളതല്ലേ മൂപ്പര്‍..

ഇതു കേട്ടപ്പോള്‍ റംലയുടെ വാടിയ മുഖം സൂര്യകാന്തി പൂ പോലെ വിടര്‍ന്നു. അവള്‍ ഏറെ നേരം സുഹറയോട് കബീറിന്റെ വിശേഷങ്ങള്‍ ചോദിച്ചതിനു ശേഷം ആണ് വീട്ടിലോട്ടു തിരിച്ചത്.

വൈകീട്ട് കുട്ടികള്‍ക്ക് ട്യുഷന്‍ അടുക്കുന്ന സമയത്തും അവളുടെ മനസ്സില്‍ കബീര്‍ തനിക്കു കൊണ്ട് വന്ന സമ്മാനം എന്തായിരിക്കും എന്നതായിരുന്നു. ട്യുഷന്‍ സമയത്ത് കുട്ടികളും റംലയോട് ചോദിച്ചു.. "ഇന്ന് എന്താ ടീച്ചര്‍ കൂടുതല്‍ സുന്ദരി ആയിട്ടുണ്ടല്ലോ.. കല്യാണം ആയോ ടീച്ചറുടെ"?
ഇതു കേട്ടപ്പോള്‍ അവള്‍ ഉള്ളിലെ പുഞ്ചിരി അടക്കി ഗൌരവത്തോടെ കുട്ടികളെ നോക്കി.

ട്യുഷന്‍ കഴിഞ്ഞു കുട്ടികള്‍ പോയി. റംല ഉമ്മറത്തിരുന്നു ഇരുള്‍ പരക്കുന്ന മുറ്റത്തേക്ക് നോക്കിയിരുന്നു. കബീറിനെ കാണാത്തതിന്റെ വിഷമം അവളുടെ മനസ്സില്‍ ഇരുള്‍ ഇരുള്‍ പരത്തി. ആശങ്കകളുടെ ചിവീടുകള്‍ ഓരോന്നായി കരയാനും തുടങ്ങി.

അകത്തു നിന്ന് ഉമ്മയുടെ ചോദ്യം..എന്താ നീ പുറത്തു ഇരിക്കണ്?
അവള്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു ..ഒന്നുലാ ഉമ്മ..

കാത്തിരുന്നു മുഷിഞ്ഞ അവള്‍ അകത്തു കയറി കടകടച്ചു. അനന്തമായ ചിന്തകളുമായി കിടക്കുമ്പോള്‍ ആരോ വാതിലില്‍ തട്ടുന്നപോലെ തോന്നി. വീണ്ടും ശ്രദ്ധിച്ചപ്പോള്‍ അത് തോന്നലല്ല ശരിയാണെന്ന് അവള്‍ക്കു മനസിലായി..

അവള്‍ ഉമ്മയെ വിളിച്ചു, പക്ഷെ ഉമ്മ നല്ല ഉറക്കം..വിളിച്ചിട്ട് ഏഴുനേല്‍ക്കുന്നില്ല.

വീണ്ടും കതകില്‍ കൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു..ആരാ..ആരാത് പുറത്തു..?
പുറത്തു നിന്ന് പറഞ്ഞു ഇതു ഞാനാണ്..കബീര്‍..
ഇതു കേട്ടപ്പോള്‍ അവള്‍ക്കു എന്താണ് ചെയ്യേണ്ടത് എന്ന് ഒരു പിടുത്തവും ഇല്ല.. വളരെ ആകാംഷയോടെ അവള്‍ വാതില്‍ തുറന്നു...
കബീറിനെ എങ്ങനെ നോക്കണം എന്ന് അവളുടെ കണ്ണുകള്‍ക്ക്‌ പോലും അറിയുന്നില്ല..
കണ്ണ് വെട്ടാതെയുള്ള അവളുടെ നോട്ടം കണ്ടപ്പോള്‍ കബീര്‍ ചോദിച്ചു.."റംല..ഇതു ഞാന കബീര്‍"
അവള്‍ ഒരു സ്വപ്നലോകത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പോലെ... ആ..ആ..ഇക്ക..ഇരിക്ക്..ഇരിക്ക്..എന്ന് പറഞ്ഞു..
കബീര്‍: റംല, ഉമ്മ എവിടെ?
റംല: ഉമ്മ മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തില്‍ ഉറങ്ങുകയാണ്...

അങ്ങനെ കബീറും റംലയും സംസാരത്തിനിടയില്‍ പഴയ കാലങ്ങളെല്ലാം പങ്കു വച്ചു...

വഴക്ക് കൂടിയിരുന്ന ആ കുട്ടികാലം... ഒരു നാള്‍ കബീര്‍ക്കയുടെ ഉപ്പ നെര്ച്ചക്ക് പോയിവരുമ്പോള്‍ തനിക്കും സുഹറയെയും കുപ്പിവളകള്‍ കൊണ്ടുതന്നതും പിന്നീട് വഴക്ക് കൂടിയപ്പോള്‍ "എന്റെ ഉപ്പ വാങ്ങി തന്നതല്ലേ" എന്ന് പറഞ്ഞു കബീര്‍ക്ക വളകള്‍ തിരിച്ചു ചോദിച്ചതും, പിടിച്ചു വലിച്ചു പൊട്ടിച്ചതും, വളകള്‍ പൊട്ടി കയ്യില്‍ നിന്ന് ചോര വന്നതും, കരഞ്ഞതും, ഈ വിവരം അറിഞ്ഞു ഉപ്പയുടെ കയ്യില്‍ നിന്ന് കബീര്‍ക്കക്ക് തല്ലു കിട്ടിയതും..

കബീര്‍ പറഞ്ഞു: ഇപ്പോഴും അതെല്ലാം എനിക്ക് വേദനിക്കുന്ന ഓര്‍മ്മകള്‍ ആണ്..ഞാന്‍ കുറെ വേദനിപ്പിച്ചിട്ടുണ്ട് നിന്നെ....
റംല: ഞാന്‍ അതെല്ലാം സഹിച്ചില്ലേ..പിന്നെ എന്തിനാ വിഷമം...ഇപ്പോള്‍ അതെല്ലാം ആലോചിക്കുമ്പോള്‍ മനസിനു സന്തോഷമാണ്..
കബീര്‍: റംലയുടെ കല്യാണം ഒന്നും ആയില്ലേ..
റംല: അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ കബീര്‍ക്ക അറിയാതിരിക്കുമോ? രണ്ടു മൂന്നു കാര്യങ്ങള്‍ വന്നു. ഞാന്‍ വേണ്ടാന്ന് പറഞ്ഞു..
കബീര്‍: ..എന്ത് പറ്റി..
ആ വിഷയം മാറ്റി കൊണ്ട് അവള്‍ കബീരിനോട് ചോദിച്ചു.. ഇക്കാക്ക് കുടിക്കാന്‍..
കബീര്‍: വേണ്ട റംല..ഞാന്‍ പോവുകയാണ്..
ഇറങ്ങാന്‍ എഴുന്നേറ്റ കബീര്‍ തന്റെ കയ്യിലിരുന്ന പൊതി റംലയുടെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു...ഇതു ഉമ്മാക്ക്..
അത് കഴിഞ്ഞു കബീര്‍ തന്റെ കീശയില്‍ നിന്ന് ഒരു കവര്‍ എടുത്തു റംലക്ക് കാണിച്ചു.
റംല: എന്താ ഇത്...?
കബീര്‍: ഒന്ന് തുറന്നു നോക്കൂ...
അവള്‍ അത് വാങ്ങി തുറന്നു നോക്കി. രണ്ടു സ്വര്‍ണ്ണ വളകള്‍... അത് കണ്ടപ്പോള്‍ അവള്‍ പറഞ്ഞു' ഇതു മണവാട്ടിക്കു കൊടുക്കാന്‍ കൊണ്ടുവന്നതല്ലേ? എനിക്കറിയാം. കാലത്ത് വീട്ടില്‍ വന്നപ്പോള്‍ സുഹറ പറഞ്ഞിരുന്നു.
കബീര്‍: റംലക്ക് ഇഷ്ട്ടമായോ ഈ വളകള്‍?
റംല: ആ ഇഷ്ട്ടപ്പെട്ടു..
കബീര്‍: നിനക്ക് വേണ്ടി ഞാന്‍ ഒന്നും കൊണ്ട് വന്നിട്ടില്ല കേട്ടോ..
റംല മൌനം പാലിച്ചു..
കബീര്‍: ഈ വളകള്‍ മതിയോ?
റംല: എനിക്ക് ഒന്നും വേണ്ട..കബീര്‍ക്ക മറക്കാതെ ഇരുന്നാല്‍ മാത്രം മതി. ഈ ചോദ്യം തന്നെ എനിക്ക് എല്ലാമായി..
കബീര്‍: റംല, നിനക്ക് ഒരു മാറ്റവുമില്ല. പഴയ അതെ സ്വഭാവം തന്നെ ഇപ്പോഴും. നിനക്കുള്ള സമ്മാനം ഞാന്‍ എടുക്കാന്‍ വിട്ടുപോയി, ഞാന്‍ സുഹറയുടെ കയ്യില്‍ കൊടുക്കാം. നീ വാങ്ങിച്ചാല്‍ മതി നാളെ..

ആ വളകള്‍ കബീറിന് തിരിച്ചു കൊടുക്കുമ്പോള്‍ റംല പറഞ്ഞു..ഇക്കാക്ക് നല്ല ഒരു സുന്ദരി പെണ്ണിനെ തന്നെ അല്ലാഹു മണവാട്ടിയായി അടിപ്പിച്ചു തരട്ടെ..ഞാന്‍ ദുആ ചെയ്യാം.

ഇതു കേട്ടപ്പോള്‍ കബീര്‍ അവളുടെ കണ്ണുകളിലേക്കു നോക്കിയിട്ട് പറഞ്ഞു..പടച്ചവന്‍ നിന്റെ ആഗ്രഹങ്ങളും എത്രയും വേഗം പൂര്‍ത്തീകരിച്ചു തരട്ടെ..എന്ന് പറഞ്ഞു കബീര്‍ വീട്ടിലോട്ടു തിരിച്ചു നടന്നു.

റംല പടിയിറങ്ങി ഇരുളില്‍ മറയുന്ന കബീറിനെ നോക്കി നിന്നു. അപ്പോള്‍ കണ്ണില്‍ നിന്നും മാത്രമല്ല തന്റെ ഖല്‍ബിന്റെ ഉമ്മറത്ത്‌ നിന്നും കബീര്‍ മറയുന്നതായി അവള്‍ക്കു തോന്നി.

പ്രതീക്ഷകള്‍ അസ്തമിച്ച ആ രാത്രിയുടെ ആലസത്യത്തില്‍ നിന്നും അവള്‍ അടുത്ത ദിവസം സൂര്യനോടൊപ്പം തന്നെ എഴുനേറ്റു. പതിവുപോലെ വീട്ടുജോലികള്‍ നേരത്തെ കഴിച്ചു. സുഹറയുടെ വീട്ടിലോട്ടു പോകുവാന്‍ മനസ്സ് വന്നില്ല അവള്‍ക്ക്. കബീര്‍ക്ക തനിക്കു കൊണ്ടുവന്ന സമ്മാനം എന്താണെന്ന് അറിയാന്‍ പോലും അവള്‍ക്കു ആഗ്രഹം ഇല്ലാതെയായി. എന്നാലും ദിവസും ചെല്ലുന്ന താന്‍ ഇന്ന് ചെന്നില്ലെങ്കില്‍, അതും കബീര്‍ക്ക വീട്ടില്‍ വന്നു പോയതിനു ശേഷം, സുഹറക്ക് എന്ത് തോന്നും.

അതിനാല്‍ മനസ്സില്ല മനസാലെ അവള്‍ സുഹറയുടെ വീട്ടിലോട്ടു പോയി. ഇന്നലെ രാത്രി കബീര്‍ക്ക വന്ന കാര്യം കൂടി സുഹറയോട് പറയണം.

റംല കയറിച്ചെല്ലുമ്പോള്‍ അകത്തു സുഹറയും ഖദീജുമ്മയും കബീറിന്റെ കല്യാണകാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു. അവളെ കണ്ടപ്പോള്‍ അവര്‍ സംസാരം നിറുത്തി.

ഇതു കണ്ടപ്പോള്‍ റംലക്ക് ഒരു വിഷമം പോലെ. അവള്‍ തിരിച്ചു പോകുവാന്‍ ഭാവിച്ചു.

അപ്പോള്‍ സുഹറ പറഞ്ഞു: വാ റംല..നീ പോകല്ലേ..

റംല കയറി ഇരിക്കുന്നതിനിടയില്‍ ഖദീജുമ്മ ആ രണ്ടു വളകള്‍ അവളുടെ കയ്യില്‍ എടുത്തു കൊടുത്തു. "മോളെ റംല, ഇയ്യ്‌ ഇത് കണ്ടോ, കബീര്‍ കൊണ്ട് വന്നതാ. അവന്‍ കെട്ടാന്‍ പോണ പെണ്ണിന് കൊടുക്കാന്‍..വളയാണ്..അനക്ക് ഇഷ്ട്ടമായോ? കബീര് ഒരു പെണ്ണ് നോക്കീണ്ട്ട്രെ... അവനു അവളെ മതീന്ന്...."

ഇതും പറഞ്ഞു ഖദീജുമ്മ അടുക്കളയിലോട്ടു പോയി.

റംല: കബീര്‍ക്ക ഇവിടെ ഇല്ലേ? അവിടെ പോയി?
സുഹറ: ഇല്ല, ഇക്ക കൂട്ടുകാരന്റെ വീട്ടില്‍ സാധനങ്ങള്‍ കൊണ്ട് കൊടുക്കാന്‍ പോയതാ.. കുറെ ദൂരെയാണ്...നാളെയെ വരികയോള്ളൂ..
മനസിലെ വിഷമം അടക്കിപ്പിടിച്ചു റംല ചോദിച്ചു: സുഹറ, ഏതാ ഇക്കയുടെ ഖല്‍ബിലെ ആ മണവാട്ടി?
സുഹറ: നിനക്ക് അറിയില്ല?
റംല: ഇല്ല!
സുഹറ: ഇന്നലെ ഇക്ക അവിടെ നിന്നെ കാണാന്‍ വന്നില്ലേ..?
റംല: ആ വന്ന്..
ഇത് കേട്ടപ്പോള്‍ സുഹറ ചിരിച്ചു കൊണ്ട് ചോദിച്ചു: നിനക്ക് ഇന്നലെ വന്നപ്പോള്‍ ഇക്ക സമ്മാനം ഒന്നും തന്നില്ലേ?
റംല: ഇല്ല..നിന്നെ ഏല്‍പ്പിക്കാം എന്നാണു ഇക്ക ഇന്നലെ പറഞ്ഞത്...
സുഹറ: എന്റെ കയ്യില്‍ തന്നിട്ടില്ല റംല. ചിലപ്പോള്‍ യാത്ര തിരക്കില്‍ മറന്നു കാണും.
റംല: അത് കുഴപ്പം ഇല്ല സുഹറ..
സുഹറ: റംല.... നീ ഈ വളകള്‍ ഒന്ന് അണിഞ്ഞു നോക്ക്.. ?
റംല: എന്തിനാ സുഹറ..ഞാന്‍ വെറുതെ..അത് മണവാട്ടിക്കു അണിയാന്‍ ഉള്ളതല്ലേ..

എന്നാലും നീ ഇതു ഒന്ന് ഇട്ടു നോക്ക്.. എന്ന് പറഞ്ഞ് സുഹറ നിര്‍ബന്ധിച്ചു ആ വളകള്‍ റംലയുടെ കൈകളില്‍ അണിയിച്ചു. ഇതു എനിക്ക് ചേര്‍ച്ചയില്ല സുഹറ..എന്ന് പറഞ്ഞ് റംല ആ വളകള്‍ ഊരുവാന്‍ ഭാവിച്ചു.


അപ്പോള്‍ അവളുടെ കൈ തടഞ്ഞു കൊണ്ട് സുഹറ പറഞ്ഞു: റംല, ഇതു നിനക്കുള്ളതാണ്. ഇന്നലെ രാത്രി ഇക്കയുടെ ജീവിതം നിനക്ക് സമ്മാനമായി താരാന്‍ വേണ്ടിയാണ് വന്നത്.. നീയാണ് ആ ഭാഗ്യവതി....ഇക്കയുടെ മണവാട്ടി....

ഇത് കേട്ടപ്പോള്‍ റംല കോരിത്തരിച്ചു പോയി. സന്തോഷത്താല്‍ നിറഞ്ഞ മിഴികളുമായി "താന്‍ അണിയാന്‍ ആഗ്രഹിച്ച ജീവിതം..അതാണ്‌ ഈ വളകള്‍" എന്ന് പറയാന്‍ വാക്കുകള്‍ കിട്ടാതെ അവള്‍ സുഹറയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.

പ്രസ്സിദ്ധീകരണം: May 2010

ഇതു എനിക്ക് കിട്ടിയ രണ്ടാമത്തെ വലിയ സമ്മാനമാണ്. 'സുരയ്യ ഒരു നക്ഷത്രം' എന്ന പേരില്‍ സാഹിത്യകാരി 'കമല സുരയ്യയെ' കുറിച്ച് എഴുതിയ എന്റെ എളിയ കവിത. ഖത്തറിലെ പ്രമുഖ ആഴ്ചപ്പതിപ്പായ 'ന്യൂസ്‌ @ 2 PM പ്രസിദ്ധീകരിച്ച (തിയതി 09/05/2010 ലക്കം) പ്രധാന പേജിന്റെ പതിപ്പ്.


പ്രസ്സിദ്ധീകരണം: July 2009

എന്റെ ഈ ചെറിയ എഴുത്തുകള്‍ക്കുള്ള ഒരു വലിയ അംഗീകാരം. മലയാളമനോരമ ഓണ്‍ലൈനില്‍ ജൂലൈ മാസം പ്രസിദ്ധീകരിച്ച 'കൂട്ടുകാരി' എന്ന ചെറുകഥ. അതിന്റെ പേജ് ആണ് താഴെ കൊടുത്തിരിക്കുന്നത്‌.


വൃശ്ചിക കാറ്റ്...നാട്ടിലെ ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്ന ഒന്നാന്നു വൃശ്ചിക മാസത്തിലെ കാറ്റ്. ആര്‍ക്കാണ് അത് മറക്കാന്‍ കഴിയുക. ആ ഒരു തലോടല്‍ നമ്മുടെ ശരീരത്തെ മാത്രമല്ല മനസ്സിനെപ്പോലും ഊഞ്ഞാല്‍ ആട്ടുന്നു.

ആഹ്ലാദത്തോട് കൂടി ആടി ഉലയുന്ന മരങ്ങള്‍ക്കിടയില്‍ നിഷ്കളങ്കമായ കുട്ടികളുടെ കയ്യടി പോലെ തമ്മില്‍ കൂട്ടിയടിച്ചു ശബ്ദം ഉണ്ടാക്കുന്ന തെങ്ങിന്‍ ഓലകള്‍, കലപില കൂട്ടുന്ന മാവില്‍ ഇലകള്‍, കളകള നാദം പൊഴിക്കുന്ന ആലിലകള്‍, അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്ന കവുങ്ങ് മരങ്ങള്‍, നൂല്‍ പൊട്ടിയ പട്ടം കണക്കെ ദിശ മാറി ആ കാറ്റില്‍ പാറി പറക്കുന്ന പക്ഷികള്‍, കാറ്റിന്റെ ഈ മൂളിച്ചയില്‍ അന്ധം വിട്ടു കുഞ്ഞുങ്ങളെ മാടി വിളിക്കുന്ന തള്ളകോഴി, കിങ്ങിണി കെട്ടി തൊടിയില്‍ ഓടി നടക്കുന്ന കിടാവിനെ രണ്ടു ചെവിയും കൂര്‍പ്പിച്ചു കൊണ്ട് തിരികെ വിളിക്കുന്ന അമ്മപശു....അങ്ങനെ ഒരുപാട് പ്രകൃതിയുടെ മായാത്ത വിസ്മയങ്ങള്‍, ആ കാറ്റിന്‍ മാസം നമ്മുക്ക് സമ്മാനിക്കുന്നു.

മരുഭൂ ജീവിതത്തില്‍ ഒരു മരുപച്ചയായ് മനസ്സില്‍നിന്നു ഒരിക്കലും മായാതെ, എല്ലാം ഓര്‍മ്മകള്‍... വെറും ഓര്‍മ്മകള്‍ മാത്രം.... ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം...

കുട്ടികാല റമദാന്‍നോമ്പ് എടുക്കുക ഇരുപ്പത്തി ഏഴാം രാവിനാണ്. ദൈവെഛക്കനുസരിച്ച് നടക്കല്‍ കുട്ടികള്‍ക്ക് ബാധകല്ല. കുറെ ഇളവുകള്‍ ഉണ്ട്. പറ്റുമെങ്കില്‍ മാത്രം നോമ്പ് എടുത്താല്‍ മതി. കുട്ടികളോട് അള്ളാഹു പൊറുക്കും എന്ന് വിശ്വാസത്തിലാണ് എടുത്ത നോമ്പ് പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്. എന്നാലും നോമ്പ് അങ്ങനെ മുറിച്ചു കഴിഞ്ഞാലും മനസ്സില്‍ വല്ലാത്ത കുറ്റബോധം തോന്നുമായിരുന്നു.

മിക്കപ്പോഴും നോമ്പ് മുറിക്കുക ഉച്ച കഴിഞ്ഞതിനു ശേഷം ആയിരിക്കും. അസര്‍ ബാങ്ക് (4മണി ബാങ്ക്) കൊടുക്കാന്‍ സമയമാകുമ്പോഴേക്കും വിശപ്പും ദാഹവും സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലാവുക. അപ്പോള്‍ പതുക്കെ ഉമ്മയുടെ അടുത്ത് ചെല്ലും. ക്ഷീണവും പരവശവും എല്ലാം കാണുമ്പോള്‍ തന്നെ ഉമ്മാക്ക് കാര്യം പിടുത്തം കിട്ടും.

മക്കളേ.. ഇനി കുറച്ചു സമയം കൂടി ക്ഷമിച്ചാല്‍ പോരെ..നുമ്പ് തുറക്കാന്‍ സമയമാകും..ഉമ്മ ഇഷ്ട്ടപ്പെട്ട പലഹാരം എല്ലാം ഉണ്ടാക്കുന്നുണ്ട്.

കുട്ടികള്‍ക്ക് നോമ്പ് എടുത്താല്‍ അല്ലാഹുവിന്റെ കയ്യില്‍ നിന്ന് പ്രത്യേക കൂലി കിട്ടും..ഇതു കേള്‍ക്കുമ്പോള്‍ കുറച്ചു ഉന്മേഷം ശരീരത്തിനും മനസിനും ലഭിക്കും. പിന്നെ നോമ്പിന്റെ കൂലിയും ഉമ്മ ഉണ്ടാക്കുന്ന പ്രത്യേക വിഭവങ്ങളുടെ കാര്യവും മനസ്സില്‍ ഓര്‍ത്തു മഗരിബ് ബാങ്ക് കൊടുക്കുന്നത് കാത്തിരിക്കും..

നോബിന്റെ ഓരോ ദിവസം കൊഴിയുന്നത് എണ്ണിയിരിക്കും ഞാനും അനിയനും ഇരുപ്പത്തിയേഴാം രാവ് നോമ്പ് എത്തുന്നതും കാത്തു. അന്നത്തെ നോമ്പ് കുട്ടികള്‍ എല്ലാവരും എടുക്കും. പ്രത്യേക പുന്ന്യമുള്ള നോമ്പാണ്‌.

ഇരുപ്പത്തി ഏഴാം രാവ് ദിവസമായാല്‍ രാവിലെ തന്നെ വീട്ടില്‍ ആളുകള്‍ വന്നു തുടങ്ങും സക്കാത്ത് വാങ്ങിക്കാന്‍. അതില്‍ കുട്ടികള്‍ക്ക് ഇത്ര പൈസ, ചെറുപ്പകാര്‍ക്ക് ഇത്ര പൈസ, പ്രായമായവര്‍ക്ക് ഇത്ര പൈസ എന്ന് കണക്ക് ഉണ്ട്. അതെല്ലാം ഉമ്മയാണ് നിശ്ചയിക്കുക.

ഈ തിരക്കിന്റെയെല്ലാം ഇടക്ക് ഉമ്മ അകത്തേക്ക് വിളിച്ചു എനിക്കും അനുജനും ഉപ്പ കൊടുത്തയച്ച പൈസ തരും. ആ പൈസ കിട്ടുമ്പോള്‍ അന്ന് വലിയ സന്തോഷമാണ്. പിന്നെ കുഞ്ഞുപ്പമാര്‍, മാമാന്മ്മാര്‍, അമ്മായിമാര്‍ അങ്ങനെ ഒരു നീണ്ട നിരയുടെ കൈനീട്ടം അവസാനം കൂട്ടി നോക്കുമ്പോള്‍ വലിയ ഒരു പണക്കാരന്‍ തന്നെ ആയിക്കാണും. ആ പൈസ എല്ലാം എണ്ണി തിട്ടപെടുത്തി ഉമ്മയുടെ കയ്യില്‍ തന്നെ തിരിച്ചു കൊടുക്കും. പെരുനാള്‍ ആയാല്‍ അടിച്ചു പൊളിക്കാന്‍ വേണ്ടി.

പിന്നെ പെരുനാളിനു കൂട്ടുകാര്‍ തമ്മില്‍ കൂടുമ്പോള്‍ വലിയ അഹങ്കാരത്തോടെ പറയും..എനിക്ക് ഇത്ര പൈസ കിട്ടി..നിനക്കോ?

ഈ കുട്ടികാല ഓര്‍മ്മകള്‍ റമദാന്‍ മാസം വന്നാല്‍ ഇപ്പോഴും മധുരിക്കുന്ന ഓര്‍മകളായി മനസ്സിന്റെ വാനില്‍ ഉദിച്ചുയരും...


(എഴുതിയത്: ഓഗസ്റ്റ്‌ 2009)

Hope!There are no plants in my garden
All flowers are plucked out from the plants
I can’t see any butterflies in my garden
I don’t know what’s happening on me….!

There are no stars and moon in the sky
It seems awfully empty at night
I feel very blindness and darkness
I don’t know what’s happening on me….!

The lamp which I got from my friend
Unexpectedly put out by a heavy wind
I can’t see the right way to take a pace ahead
I don’t know what’s happening on me….!

Now I am grabbling in the darkness
Beating the sound of wind in my ears..
But I hope my friend will come back
As an angel to illuminate my way again!

(Written: June 2010)

ഒരു അമ്മമരംമകളേ..
ഒരുനാള്‍ എന്‍ തായ് വേരില്‍
നീ മുകുളമായി കുരുക്കുമ്പോള്‍
വീണ്ടും ഒരു ജന്മം
വിടരുകയായിരുന്നു
ഈ അമ്മയില്‍.

നീ തളിരായി
എന്‍ അരികില്‍ വളരുമ്പോള്‍
പച്ചപ്പിന്‍ പുതുപ്രതീക്ഷകള്‍
ഒരുപാടായിരുന്നു ഇലകള്‍ പഴുത്ത
ഈ അമ്മതന്‍ മനശിഖിരങ്ങളില്‍.

ജീവിത ഇലകള്‍
ഓരോന്നായി കൊഴിയുമ്പോഴും
നാളെ നിനക്ക് തഴച്ചുവളരാന്‍
വളമാവട്ടെ എന്നാശിച്ചുപ്പോയി
ഈ അമ്മ.

വീണ്ടുമൊരു വസന്തം മോഹിക്കാതെ
ഇലകള്‍ കൊഴിച്ച്
ശാഖകല്‍ ശുഷ്ക്കിച്ചു
വാനോളം നിനക്ക് വളരാന്‍
സ്വജന്മം ബലിയര്‍പ്പിച്ചു
ഈ അമ്മ.

നാളെ നിന്‍ വേരില്‍
കുഞ്ഞു മുകുളമായി വിരിയും
തളിരിനെ പോറ്റാന്‍
മറ്റൊരമ്മയായി ജീവിതം ത്വജിക്കുമ്പോള്‍
ബലമായി നിന്നില്‍ വര്‍ഷിക്കട്ടെ
ഈ അമ്മതന്‍ ജീവിത ത്യാഗം.

അള്ളാഹു അക്ബര്‍യാ അല്ലാഹ്..
കണ്ണില്‍ ഇരുള്‍ പരന്ന
ഏതോ ഒരു രാവില്‍
പിശാചിന്‍ വഴിയില്‍
അകപ്പെട്ടനേരം
ഞാന്‍ കേണു നിന്‍
സ്നേഹ കരുണക്കായ്...

യാ അല്ലാഹ്..
വാനില്‍ ഉയര്‍ന്ന ധ്വനികള്‍
എപ്പൊഴോ കാതില്‍ പതിച്ചനേരം
ഇരുള്‍ നീക്കി എന്‍ കണ്ണില്‍
പ്രഭ ചൊരിഞ്ഞ നിമിഷം
ഞാന്‍ അറിഞ്ഞു നിന്‍ മഹത്വം
സ്വാന്തനമായി സുബഹി ബാങ്കില്‍
അള്ളാഹു അക്ബര്‍..അള്ളാഹു അക്ബര്‍

(എഴുതിയത്: ജൂണ്‍ 2010)

ഈദുല്‍ ഫിത്വര്‍ പുലരി..ശവ്വാലിന്‍ അബിളിക്കലയില്‍ ‍ ‍
റമദാന്‍ പൊന്‍വിളക്കിന്‍ തിരി താണു
പാരിലാകെ.

ദൈവ കാരുന്ന്യത്തിന്‍ പാലൊളി വീശി
വ്രതത്തിന്‍ പുണ്ണ്യനാളില്‍
മണ്ണിന്‍ മാറില്‍ നീളെ.

തറാബിഹിന്‍ മന്ത്രങ്ങള്‍ ‍
വാനില്‍ ലയിച്ചു
രാവിന്‍ നിലാകുളിരലകളില്‍.

പശ്ചാതാപത്താല്‍ ഉയര്‍ന്ന കരങ്ങള്‍
നിറച്ചു ദിനരാത്രങ്ങള്‍
പ്രപഞ്ചനാഥ സ്തുതികള്‍.

ഇരുപത്തിയേഴാം രാവിന്‍ ധര്‍മവും
ലൈലത്തുല്‍ ഖദറിന്‍ ശ്രേഷ്ഠതയും
മാനവ ഹൃദയത്തില്‍ പരിശുദ്ധിയെകി.

വ്രതശുദ്ധിയില്‍ അലക്കിയെടുത്ത
മനസ്സും ശരീരവും തക്ബീര്‍ ധ്വനികളാല്‍
ഒഴുകി അത്തറിന്‍ പരിമളം വീശും
ഈദുല്‍ ഫിത്വറിന്‍ പൊന്‍പുലരിയിലേക്ക്.

(എഴുതിയത്: സെപ്റ്റംബര്‍ 2010)

വാടാത്ത പൂക്കളംചിങ്ങം വന്നു പോയി
പോന്നോണവും വന്നു പോയി
നന്മ നിറഞ്ഞ ചിരികളാല്‍
ഉമ്മറത്തു കാത്തിരുന്ന
മുത്തശ്ശിയും പിരിഞ്ഞു പോയി.

തൊടിയില്‍ വിരിഞ്ഞ
തുമ്പകള്‍ വാടിത്തളര്‍ന്നു,
മുക്കുറ്റിപ്പൂക്കള്‍ വിടര്‍ന്നു പൊഴിഞ്ഞു.
പൂക്കളം തീര്‍ക്കാന്‍ മോഹിച്ച
മുറ്റം വെറും കളകളാല്‍
നിറഞ്ഞു കവിഞ്ഞു..

ഓണക്കോടിയുടുത്തു
ഓടിനടന്ന വയലേലകളിന്നില്ല.
വയലിന്‍ വരമ്പില്‍ ചാഞ്ഞു
തളിര്‍ത്ത നെല്‍‍ക്കതിരുകള്‍ക്കുമേല്‍
പാറിപ്പറക്കാന്‍ ഓണത്തുമ്പികളുമെത്താറില്ല.

കാറ്റില്‍ താളത്തില്‍
ഊഞ്ഞാലിട്ടു ചുക്കാന്‍ ആട്ടം ആടാന്‍
ചക്കരമാവിന്‍ ചില്ലയുമില്ല,
ചക്കപ്ലാവിന്‍ തണലുമില്ല,
ചങ്ങാതിമാരുമില്ലന്ന്.

വെയിലേറ്റു വാടിയ മരുഭൂവില്‍
ഹരിതമായി വിരുന്നു വന്നുപോകുന്നു
ചിങ്ങം ചങ്ങാതി ഒരായിരം ഓര്‍മകളാല്‍
മനസിന്‍ മുറ്റത്ത്‌ വാടാത്ത പൂക്കളം തീര്‍ത്ത്..

(എഴുതിയത്: സെപ്റ്റംബര്‍ 2010)

Wake Up with Father SunOh, My Dear Baby!
I am rising up...
Wake up My Baby!
Since dawn I am here
Out side of your window
Awaiting for you as a father.

Wake up My Baby!
Open your eyes
And open your window
Receive my Hugs
It will keep you
The whole day happy.

(Written: July 2010)

A Walk with Uncle MoonMy Dear Uncle Moon…
I am here with my young brother
In the terrace of our home.
When you can show to us
Your full rounded face?

my Baby, Don’t worry!
Wait up to fourteen days
Uncle is doing the role well
As a miracle of the almighty
To prove his grace upon the mankind.

(Written: June 2010)

പേന പോലെ ഒരു ജീവിതംഈശ്വരന്‍ അവനും കൊടുത്തു
ജീവിതമാകുന്ന ഒരു പേന.
നന്മയും സ്നേഹവും രചിക്കുവാന്‍.

എന്നാല്‍,
അവന്‍ രചിച്ചത് മുഴുവന്‍
തിന്മയും അസഹിഷ്ണുതയുമാണ്.

എപ്പോഴോ വറ്റാന്‍ തുടങ്ങിയ മഷി
അറിയാതെ നിന്നുതുടങ്ങിയപ്പോള്‍
അവനിലും ഒരു മോഹം
നന്മയും സ്നേഹവും രചിക്കുവാന്‍.

പക്ഷെ,
വൈകിയ തിരിച്ചറിവില്‍
ഒരു വരി എഴുതാന്‍ ദാഹിച്ച പേനയെ
മഷി തീര്‍ന്ന പരമസത്യം അറിഞ്ഞ
വിധിയുടെ വിരലുകള്‍ കുടഞ്ഞെറിഞ്ഞു
കാലത്തിന്‍ യവനിക്കപ്പുറത്തെ
ഏതോ മൂലയിലേക്കു.

(എഴുതിയത്: ഏപ്രില്‍ 2010)

മഴ പറഞ്ഞ സൗഹാര്‍ദ്ദംമഴ പോലെ പൊഴിയും സൌഹൃദം.
ആശിക്കുമ്പോള്‍ ചിലപ്പോള്‍ വന്നെത്തും.
കാത്തിരിക്കേണ്ടി വരും മറ്റുചിലപ്പോള്‍.
നിനച്ചിരിക്കാതെ വന്നെത്തി അമ്പരപ്പിക്കും
ചിലപ്പോള്‍ വരവ് നേരെത്തെ അറിയിക്കും.

വന്നാലോ?
കുളിരും സന്തോഷവും മനസ്സില്‍ നിറയ്ക്കും.
ചിലപ്പോള്‍ നൊമ്പരപ്പെടുത്തി തിരിച്ചു പോകും.
പൂക്കളും ചെളിയും മനസ്സിന്‍ മുറ്റത്ത്‌ നിറച്ചു
സൗഹൃദത്തിന്റെ സൗരഭ്യം ബാക്കിയാകി
കൈവഴികളായി എങ്ങോ നടന്നു നീങ്ങും.


(എഴുതിയത്: ജനുവരി 2010)

അരാജക രാഷ്ട്രീയക്കാരന്‍വെള്ള വസ്ത്രത്തിന്‍ മഹിമ മാത്രമോ
നിന്‍ രാഷ്ട്ര ബന്ധത്തിന്‍ മുതല്‍കൂട്ട്.
വാമൊഴി തന്‍ ചടുലതയില്‍ തീര്‍ക്കുന്നു
നീ ജനപക്ഷത്തിന്‍ രാഷ്ട്രിയ മാമാങ്കം.


അധികാരത്തിന്‍ നായക മേലങ്കിയണിയാന്‍
ദരിദ്രര്‍ തന്‍ ദൗര്‍ബല്യങ്ങള്‍ പട്ടുനൂലാക്കി.
നയിക്കാന്‍ നീ തേടും കുറുക്കു വഴികള്‍
വിതക്കുന്നു പാഷണത്തിന്‍ വിത്തുകള്‍ ഏറേ.


വഴി പിഴച്ച നിന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങള്‍
നയിക്കുന്നു തീരാ കുടിപ്പകയിലേക്ക്.
എയ്യുന്നു നീ വിഷം തീണ്ടിയ കൂരമ്പുകള്‍
കൊയ്യുന്നു മത സൗഹാര്‍ദ്ദത്തിന്‍ ശിഖരങ്ങള്‍.


സനാഥാരായി വസിക്കും സോദരങ്ങളെ
അനാഥരാക്കും നിന്‍ സിംഹ ഗര്‍ജ്ജനം.
ജാതി തന്‍ മഹാത്മ്യം നിശ്ചയിക്കുമ്പോള്‍
ദൈവത്തിന്‍ മഹത്വം നിഷേധിക്കുന്നു നീ.


പൌര ധര്‍മ്മം നിര്‍വഹിക്കും നിന്‍ കരങ്ങള്‍
ഒരുക്കുന്നു അധര്‍മ്മത്തിന്‍ കൊലക്കയറുകള്‍ നീളെ.
അധികാര മോഹത്താല്‍ ഉയരും നിന്‍ ശിരസ്സ്‌
അനീതി ഭാരത്താല്‍ കുനിയും നിന്‍ യശസ്സ്. ‍


അഴിക്കും തോറും മുറുകും കുരുക്കുകള്‍
തീര്‍ത്തു നീ രാജ്യത്തിന്‍ നീതിപീഠത്തില്‍.
നീ വാഴും മഹാത്മാക്കള്‍ കാലംകൊള്ളും പുണ്യഭൂമി
ഞങ്ങള്‍ക്കിന്നു രക്ത രക്ഷസ്സിന്‍ ചുടുകാട്.

(എഴുതിയത്: ജനുവരി 2010)

ഓര്‍മ്മകള്‍ഓര്‍മ്മകള്‍
ഒരു സഖിയായി
വരണ്ട എന്‍ ജീവിതത്തില്‍
വീഴ്ത്തും നനുത്ത മഴത്തുള്ളികള്‍
ഇന്നലെകളുടെ ഒരായിരം
വസന്തകാലം വിരിയിക്കുന്നു മനസ്സില്‍.

മോഹത്തിന്‍ പവിഴ
വിത്തുകള്‍ മുളച്ച കാലം.
ആഗ്രഹത്തിന്‍ തളിര്‍ത്ത
ഇലകള്‍ വിരിഞ്ഞ കാലം.
ഇഷ്ട്ടത്തിന്‍ റോസാ പൂക്കള്‍
പൂമണം പരത്തിയ കാലം.

ഋതുക്കള്‍ ഉഴുതു മറിച്ച
ആ നഷ്ട്ട വസന്തത്തിന്‍
പൂമണം വീശിയെത്തുന്നു
എന്നില്‍ ഒരു കുളിര്‍ മഴയായി
അരികില്‍ നീ എത്തുമ്പോള്‍.

പൂക്കളും ഇലകളും കൊഴിഞ്ഞ
വെറും തണ്ടായി ഞാന്‍ നില്‍ക്കുമ്പോഴും
ഇന്നലകളുടെ സൗരഭ്യം
നിത്യ ഹരിതമായി എന്നില്‍ ‍
നിറയ്ക്കുന്നു നീ എപ്പോഴും..

(എഴുതിയത്: ഡിസംബര്‍ 2009)

വിരഹ മഴ!നീ ആശിച്ചപ്പോഴെല്ലാം
ഒരു കുളിര്‍ മഴ കണക്കെ
ഞാന്‍ പെയ്തിറങ്ങി.

വിളിച്ചിട്ടും വരുന്നില്ല
എന്ന നിന്‍ പരിഭവം
വെയിലത്തും വന്നെത്തി
ഞാന്‍ പൂവണിയിച്ചു.

തുള്ളി തുള്ളിയായി തഴുകിയ
എന്നെ വര്‍ണ്ണ കുടയില്‍
മുഖം ഒളിപ്പിച്ചു
കണ്ടിട്ടും കാണാതെ നടിച്ചു നീ
ജീവിത വീഥിയില്‍ നടന്നകന്നു.

ഒരു വിളിപ്പാടകലെ
കാലത്തിന്‍ പ്രതിഭാസമായി
ഞാന്‍ തീര്‍ത്തു കണ്ണീരിന്‍
നീര്‍ ‍ചാലുകള്‍ നിന്‍ അങ്കണത്തില്‍.

മാഞ്ഞുപോയ ഓര്‍മ്മതന്‍ വിത്തുകള്‍
വീണ്ടും മുളക്കും നിന്‍ മുറ്റത്തു
നഷ്ട വസന്തത്തിന്‍ പൂക്കളായി
എന്‍ വിരഹ മഴയില്‍.

(എഴുതിയത്: നവംബര്‍ 2009)

Sunday, November 14, 2010

ശിഷ്ട്ട‍ കണക്ക്‌കണക്കുകള്‍ കൂട്ടി ശീലിച്ച മനസുകള്‍
കിഴിക്കാന്‍ മറന്നു പലതും.
ഹരിക്കാന്‍ മടിച്ച വിരലുകള്‍
ഗുണിച്ചു പലവട്ടം ലാഭം കൊയ്യുന്ന
കണക്കിനായി വീണ്ടും.

ലാഭം കിട്ടിയ ഉത്തരങ്ങള്‍ തട്ടിച്ചു-
നോക്കിയപ്പോള്‍ കിടക്കുന്നു
ചോദ്യ ചിഹ്നങ്ങള്‍ പോലെ
ഒരുപാട് തെറ്റുകള്‍ കീഴേ...


തല തിരിഞ്ഞ കണക്കിന്‍ വഴികള്‍
വെട്ടിത്തിരുത്തി നോക്കവേ!
കിടക്കുന്നു ശിഷ്ട്ടം വന്ന
കണക്കുകള്‍ മാഞ്ഞും മറഞ്ഞും
മര്‍ത്ത്യ ജീവിത കടലാസ്സില്‍ ..


പിന്നിട്ട ജീവിത പിഴവുകള്‍
ഹരിക്കാന്‍ അക്കങ്ങളില്ലാത്ത
ഒറ്റ സംഖ്യയായി അവശേഷിക്കുന്നു
ശിഷ്ട്ട ജീവിതത്തില്‍
കണക്കിലെ കളികളായി...

(എഴുതിയത്: ഓഗസ്റ്റ്‌ 2009)

രാത്രി മഴനിശ തന്‍ ജാലകത്തില്‍ കൂടി
ഒരു പ്രണയിനിയായി
നീ വന്നു പലവട്ടം...


പാതി മയക്കത്തില്‍
നിന്‍ ഗന്ധം എന്നെ
വീര്‍പ്പുമുട്ടിച്ചു പലവട്ടം...


കുളിരണിഞ്ഞ നിന്‍
കരങ്ങള്‍ എന്‍ ദേഹമാകെ
തഴുകി പലവട്ടം...


നീ പെയ്തൊഴിഞ്ഞ രാവില്‍
മഴ പെയ്യും മരമായി
ഞാന്‍ മാറി പലവട്ടം...


മറയും നിന്‍ കാലോച്ചക്കേട്ടു
ഞാനുണര്‍ന്ന നേരം
നിന്‍ കൊലുസിന്‍ വെള്ളിമണികള്‍
മുറ്റത്തു പൊഴിഞ്ഞീടുന്നു...

(എഴുതിയത്: ജൂലൈ 2009)

'മരണം'.. ഒരു സത്യവാന്‍!അരൂപിയായി വസിക്കും
നിത്യ സത്യവാന്‍ നീ!
സൃഷ്ടി തന്‍ ഉത്ഭവത്തില്‍ തുടങ്ങി
നിന്‍ യുഗ-യുഗാന്തര യാത്ര.


നീ പുണരാന്‍ ഇഷ്ട്ടപെടാത്ത
ദേഹങ്ങള്‍ ഉണ്ടോ ഈ മണ്ണില്‍.
എത്ര ദേഹങ്ങള്‍ നീ
പുണര്‍ന്നു നിശ്ചലമാക്കി.


അടങ്ങാത്ത ദാഹവുമായ്
പഞ്ചഭൂതങ്ങളില്‍ ലയിച്ചു
പ്രപഞ്ചത്തില്‍ അലഞ്ഞു
നടക്കുന്നു നീ എപ്പോഴും...


നശ്വര ബന്ധത്തിന്‍ കണ്ണികള്‍
ഒരിക്കലും വിളക്കിചേര്‍ക്കാന്‍
പറ്റാത്ത വിധം അടര്‍ത്തുന്നു നീ..


ജനനത്തിന്‍ മിടിപ്പ് മുളക്കും നേരം
അനശ്വര ബന്ധത്തിന്‍ വേരായി
വളരുന്നു നീ കാണാമറയത്ത്..


അമ്മിഞ്ഞ നുകരും പിഞ്ചു കുഞ്ഞും
വിറയ്ക്കുന്ന വയോ വൃദ്ധനും
നിന്റെ മുമ്പില്‍ സമന്മാര്‍..


അനിവാര്യമായ നിന്‍ കടന്നു
വരവ് തീര്‍ത്തും അപ്രതീക്ഷിതം..
കരഞ്ഞു മണ്ണില്‍ വീഴും ജന്മ്മങളെ
കണ്ണീരിലാഴ്ത്തി വിലക്കെടുക്കുന്നു നീ..


പ്രകാശത്തില്‍ പായുന്ന ദേഹങളെ
വെള്ള പുതപ്പണിയിച്ചു ഇരുളിന്‍
ആറടി പായയില്‍ കിടത്തുന്നു നീ...


ദേഹിയെ മാത്രം ആശ്ലേഷിച്ചു
പരലോകത്തിന്‍ മുറ്റത്തേക്ക്‌
ആനയിക്കുന്നു ദൈവ ദൂതനായി.

(എഴുതിയത്: ജൂലൈ 2009)

'സുരയ്യ' ഒരു നക്ഷത്രംസുരയ്യ...
മണ്ണില്‍ നിന്ന്
വിണ്ണിലേക്കുയര്‍ന്ന താരകം.
അനന്തമായ യാത്രയുടെ കൂട്ടുകാരി
മാധവിക്കുട്ടി എന്ന ഈ കമലാദാസ്.

മാമലകള്‍ക്കപ്പുറം
സ്നേഹം ദാഹിച്ചു
പറന്ന ഒരു വേഴാമ്പല്‍ പക്ഷി.
ഭാഷകള്‍ക്കതീതമായി സഞ്ചരിച്ച
‘ എന്റെ കഥ ‘ യുടെ ആത്മ മിത്രം.

നീര്‍മാതള പൂവിന്‍ സുഗന്തം
വാരി വിതറിയ പൂക്കാരി.
സ്ത്രീ തന്‍ സപ്തവര്‍ണ്ണങള്‍
സ്നേഹത്തില്‍ ചാലിച്ചെഴുതിയവള്‍.
അമ്പാടി കണ്ണനെ സ്നേഹിച്ച
യദുകുല രാധ.

പ്രണയത്തിന്‍ തീക്ഷണതയില്‍
രതി നുരഞ്ഞു പോങിയപ്പോള്‍
കാമ വെറികൊണ്ടവള്‍ എന്ന-
ദുഷ്പേര് ഏറ്റുവാങിയവള്‍.

സ്നേഹത്തിന്‍
മൂര്‍ത്തി ഭാവത്തില്‍ നിന്ന്
കരുണതന്‍ തിരുസന്നിധിയിലേക്ക്
യാത്ര ചെയ്തപ്പോള്‍ ആരോ നിന്നെ
വഴിപിഴച്ചവര്‍ എന്നതിക്ഷേപിച്ചു.
ജീവിത സുകൃതം കണ്ടെത്തിയ നീ
നിശബ്ദമാം പുഞ്ചിരിയോടെ
എല്ലാം സഹിച്ചു.

സിന്ദൂര തിലകമണിയും ഫാലത്തില്‍
നിസ്ക്കര തഴബിനായി
കൊതിച്ചവള്‍.
കൃഷ്ണനെ തേടിയലഞ്ഞ
വിരഹിണിയാം സഖി
അല്ലാഹുവിന്‍ തിരുമുമ്പില്‍
സുജൂദില്‍ വീണു
അഭയം തേടി.

ധീരമായ യാത്രയുടെ
ക്ഷീണത്താല്‍ വിശ്രമിക്കുന്നു നീ
വാക മരത്തിന്‍ തണലില്‍.
വാക്കുകള്‍ അലയടിക്കും
സാഹിത്യ തീരങ്ങള്‍ പറയും
'സുരയ്യ‘ എന്ന സ്നേഹ -
നക്ഷത്രത്തിന്‍ കഥ വാതോരാതെ...

(അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ട്... സമര്‍പ്പിക്കുന്നു)


(എഴുതിയത്: ജൂണ്‍ 2009)

ഘടികാരംപന്ത്രണ്ടക്കങ്ങള്‍ അമ്മാനമാടി
അര്‍ക്കനേയും തിങ്കളേയും
വേര്‍തിരിച്ചു.

പന്ത്രണ്ടു ഇരട്ടിയാക്കി
രാവും പകലും പകുത്തു
ദിന ദൈര്‍ഘ്യം നിശ്ചയിച്ചു.

കടിഞ്ഞാണില്ലാത്ത അശ്വമായി
സൂചി പ്രയാണം തീര്‍ത്തു
അണിയറയില്‍ പല്‍ചക്രങ്ങള്‍.

ശാന്തമായി ഒഴുകും സൂചികള്‍
ലോകത്തിന്‍ ഗതി മാറ്റിമറിച്ചു
വീര യോദ്ധാവിനെ പോലെ.

പെന്റ്റുലത്തിന്‍ താളം
ഭൂലോകത്തിന്‍ ഹൃദയ മിടിപ്പായി
മര്‍ത്ത്യ കര്‍ണ്ണങ്ങളീല്‍ അലയടിച്ചു.


മണി മുഴക്കങ്ങള്‍ കേട്ടു
ഭ്രാന്ത് പിടിച്ച മനുഷ്യന്‍
സമയത്തിനായി നെട്ടോട്ടം ആരംഭിച്ചു.

വിധിയെ പഴിച്ചു ശീലിച്ച നാവുകള്‍
വീണ്ടും സമയമില്ലാ സമയത്തെ പഴിച്ചു
കലികാല യുഗത്തില്‍ ദോഷമായി.

(എഴുതിയത്: നവംബര്‍ 2009)

പ്രവാസി !പ്രയാസങ്ങള്‍ തന്‍ തീച്ചുളയില്‍ നിന്ന്
പ്രതീക്ഷ തന്‍ ബാണ്ടവും പേറി
പ്രവാസത്തിന്‍ എരിയും ചൂടില്‍
പ്രയാണം ആരംഭിച്ചു ഞാന്‍.

പ്രഭാതത്തില്‍ തുടരും കര്‍മ്മം
പ്രദോഷത്തില്‍ തളരും ഹൃദയം
പ്രഹരം നിറഞ്ഞ വരണ്ട ചൂടില്‍
പ്രേയസി തന്‍ കരലാളനയില്ലാതെ
പ്രാണന്‍ പിടഞ്ഞു വീഴുന്നു.

പ്രകൃതി തന്‍ പച്ചപ്പും
പ്രണയിനി തന്‍ പുഞ്ചിരിയും
പ്രിയ കിടാങ്ങള്‍ തന്‍ കൊഞ്ചലും
പ്രലോഭനമായി മാടി വിളിക്കുന്നു.

പ്രകാശ വേഗം സിരകളില്‍
പ്രായം വരുത്തി നരകളാല്‍.
പ്രവാസത്തിന്‍ പ്രച്ഛന്ന വേഷം
പ്രാണന്‍ വെടിഞ്ഞാടുമ്പോള്‍
പ്രിയ മിത്രങ്ങള്‍ തന്‍ പുഞ്ചിരി
പ്രതിഫലം മാത്രമെന്നറിയാതെ..!

പ്രത്യാശതന്‍ പുതുനാമ്പുകള്‍ നട്ടുവളര്‍ത്തി
പ്രവാസത്തിന്‍ പ്രവാഹത്തില്‍
പ്രയാണം തുടരുന്നു ഞാന്‍...

(എഴുതിയത്: മെയ്‌ 2009)

കുരുന്നേ..
കുരുന്നേ..
ദൈവത്തിന്‍ മാലാഖയായ്
എപ്പോഴോ നീയെന്‍ മടിയില്‍
ഒരു നിധിയായി വന്നുചേര്‍ന്നു.

മോഹങ്ങളായി നീയെന്‍ ജീവനില്‍
സ്വപ്നമായി നീയെന്‍ രാവുകാളില്‍
താലോലമായ് നീയെന്‍ മടിത്തട്ടില്‍.

കുരുന്നേ..
നിന്‍ പൂമുഖം വിടരുന്നതും
നോക്കി കാത്തിരുന്നു ഈയമ്മ.

ആരോ ഒരാള്‍
നിന്‍ പൂമുഖം നോക്കി ചിരിച്ചു.
അത് പിശാചിന്‍ മുഖമാണെന്ന്
തിരിച്ചറിയാന്‍ വൈകിപ്പോയി.

തലോടാന്‍ നീട്ടിയ ആ കൈകള്‍
വിടരാന്‍ വെമ്പുന്ന നിന്‍ ജീവനെ
നിഷ്കരുണം കശക്കി എറിഞ്ഞു.

കുരുന്നേ..,
നിന്‍ ബാല്യവും
കൌമാരവും യ്യവനവും
ഒരു പിടി ചാരമായി ശേഷിച്ചു.

കുരുന്നേ..,
നിന്‍ പൊട്ടിച്ചിരികള്‍ ഒരു തേങ്ങലായി
നിന്‍ പൂവദനം കൊഴിഞ്ഞ പൂവായ്
വേരറ്റ ബന്ധത്തിന്‍ നീറുന്ന മനസ്സുമായ്‌
ശേഷിപ്പൂ ഈ അമ്മതന്‍ ജീവിതം.


(എഴുതിയത്: മെയ്‌ 2009)

കലിയുഗ യാത്ര!മറ്റൊരു നായകനാകുവാന്‍
ഉറ്റ ബന്ധങ്ങളെ അറുതെറിഞ്ഞു.
പുതിയ പുഞ്ചിരി മുഖത്ത് പാകി
പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി
പുതിയ സൌഹൃദങ്ങള്‍ തേടി
അപരിചിതരെ പരിചിതരാക്കി.

പഴയ മുഖങ്ങളെ മറക്കുവാനും
പുതിയ മുഖങ്ങളെ ഓര്‍ക്കുവാനും
ആശ്ലേഷിക്കുന്ന പ്രണയ ഹൃദയങ്ങള്‍
പുഞ്ചിരി തൂകുന്ന പൊയ്മുഖങ്ങള്‍.

പിന്നിട്ട വഴികള്‍ മറക്കാന്‍ ശ്രമിച്ചും
ആരുടേയും പിന്‍വിളി കേള്‍ക്കാതെ
മാടിവിളിക്കുന്ന കൈകള്‍ക്കുപിന്നാലെ
ഹൃദയശുദ്ധി നോക്കാതെയുള്ള പ്രയാണം.

തെറ്റിനെ ശരിയുടെ പരവതാനിയാക്കി
രക്ത ബന്ധങ്ങളെ ശത്രുപക്ഷത്താക്കി
വ്യക്തി ഹത്യയിലൂടെയുള്ള മുന്നേറ്റം
നേരും നെറിയും ഇല്ലാത്ത നേട്ടങ്ങള്‍.

ജീവിതത്തിന്റെ മഹത്വമാറിയാതെ
സ്നേഹത്തിന്റെ വിലയറിയാതെ
കാരുന്ന്യം വറ്റിയ മനസ്സുമായ്
നീര്‍കുമിളയുടെ ആയുസ്സുമായ്
നായകന്‍ പ്രതിനായകനായ്
യാത്ര തുടരുന്നു, കലിയുഗ യാത്ര.


(എഴുതിയത്: മെയ്‌ 2009)

മഴക്കാല മോഹങ്ങള്‍മാനമേ...
നിന്‍ മനം കറുത്ത് കാണാന്‍
വീണ്ടും എന്‍ മനസ്സില്‍ ഒരു മോഹം.

നീ പൊഴിക്കും വര്‍ണ്ണ മഴയില്‍
വീണലിയാന്‍ വീണ്ടും ഒരു മോഹം.

നീ വീശും തണുത്ത കാറ്റില്‍
കോരിതരിക്കാന്‍ ഉള്ളിലൊരു മോഹം

നീ നിറയ്ക്കും തൊടി വെള്ളത്തില്‍
ഓടി കളിക്കുവാന്‍ വീണ്ടും മോഹം.

നീ വിതക്കും ചെറു നീര്‍ കുമിളകള്‍
ഓടി ഒളിക്കുന്നത്‌ കാണാന്‍ മോഹം.
തൊടിയിലെ ചേബിന്‍ താളില്‍

നീ വീഴ്ത്തും വെള്ളി മണികള്‍
കൈകളാല്‍ കോരിയെടുക്കാന്‍ മോഹം.

നീ നിറച്ച നീല ജലാശയത്തില്‍
നീന്തി കുളിക്കാന്‍ ഒരു മോഹം.

ഓടി നടക്കും ചെറു മീനുകളെ
വാരി പിടിക്കുവാന്‍ മോഹം.

നീ ഒരുക്കിയ നീര്‍ ചാലില്‍
കടലാസ് തോണിയിറക്കാന്‍ മോഹം.

നീ വിടര്‍ത്തും മഴവില്‍ക്കാവടി
വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ മോഹം.

മോഹത്തിന്‍ വര്‍ണ്ണപെരുമഴയില്‍ വീണ്ടും
മഴക്കാലത്തിന്‍ കുസ്രിതികള്‍ കാണാന്‍ ദാഹം.

(എഴുതിയത്: മെയ്‌ 2009)

Saturday, November 13, 2010

പൂ മൊട്ടുകള്‍വീണ്ടും വന്നു ഒരു ജൂണ്‍ മാസം
പള്ളികൂടത്തിന്‍ പടിവാതില്‍ തുറന്നു
സ്വാഗതമോതാന്‍ പുതുമഴയും കൂടെ.
മഴത്തുള്ളി തന്‍ പുഷ്പ വൃഷ്ടിയില്‍
എങ്ങും വര്‍ണ്ണകുടകള്‍ വിടര്‍ന്നു.

അമ്മതന്‍ വിരലില്‍ തൂങ്ങികൊണ്ട്
കിലു കിലേ ശബ്ദിച്ചു കൊണ്ട്
കുഞ്ഞാറ്റ കിളികള്‍ വരവായ്‌
വിദ്യതന്‍ അമൃത്‌ നുകരാനായ്...


ഒരമ്മ പെറ്റ മക്കള്‍ പോല്‍
ഒരേ വര്‍ണ്ണ പകിട്ടോടെ നിരന്നു
വിരിയും വര്‍ണ്ണപൂക്കള്‍
പള്ളികൂടത്തിന്‍ മുറ്റത്ത്‌
അറിവിന്‍ നാദം കേള്‍ക്കാനായ്...

മാതാവിന്‍ വിരല്‍ വിടുമ്പോള്‍
വിതുമ്പുന്ന തളിര്‍ത്ത ചുണ്ടുകള്‍,
നിറയുന്നു ചില നീല മിഴികള്‍,
വിരിയുന്നു ചില പാല്‍പുഞ്ചിരികള്‍.

വികൃതി തന്‍ വിസ്മയകൂട്ടം തമ്മില്‍
തോണ്ടുന്നു, നുള്ളുന്നു, മോങ്ങുന്നു.
പിന്നെ ചിരിയും കളിയും കേട്ടിപിടിയുമായി
പുതു സൌഹൃതം മൊട്ടിടുന്നു നീളെ..

ആട്ടവും പാട്ടുമായ് അറിവിന്‍ കേതാരം
തീര്‍ക്കുന്നു വിസ്മയതിന്‍ വിരുന്നിന്‍ കൂടാരം.
കുരുന്നുകള്‍ തന്‍ കുസ്രിതികള്‍ കണ്ടു
കൊതി തീരത്തെ വീണ്ടും മഴ
ദൈവ ദൂതനായി കാത്തു നില്പൂ...

(എഴുതിയത്: മെയ്‌ 2009)

കൊച്ചു ഓണാഗ്രഹങ്ങള്‍ഓണ പൂക്കള്‍ വിരിയാത്ത
മാനത്തിന്‍ ഇരുള്‍ പാടത്ത്
മിന്നി തിളങ്ങും മിന്നാമിനുങ്ങുകളെ
വരൂ എന്‍ കൊച്ചു കുടിലിന്‍ മുറ്റത്ത്‌
ഓണ നിലാവില്‍ കളിയാടാന്‍...

മാനത്തിന്‍ പൂമുഖത്ത്
നെറ്റി ചുളുക്കിയിരിക്കും
അമ്പിളി മാമനെ പേടിച്ചോ
എന്‍ പൂ വിളികള്‍ കേള്‍ക്കാതെ
കണ്ണിറുക്കി കാണിക്കുന്നത്.

സന്തോഷത്താല്‍ തുള്ളി ചാടും
എന്‍ കൊച്ചനുജത്തിക്ക്
ഒരായിരം മിന്നി തിളങ്ങും
പൊന്‍ താരങ്ങള്‍ നിറഞ്ഞ കുഞ്ഞുടുപ്പ്‌
തുന്നിത്താ പൊന്നോണ സമ്മാനമായി.

താഴെ വന്നാല്‍ എന്‍ അച്ഛന്‍
പഠിപ്പിച്ച ‍പൊന്നോണ പാട്ടുകള്‍
പാടി കേള്‍പ്പിക്കാന്‍ ഞാന്‍.
അമ്മയും കുഞ്ഞനുജത്തിയും കൂടി
ഓണകളികള്‍ നിങ്ങള്‍ക്കായി കാഴ്ച വെക്കാം..


എഴുതിയത്: സെപ്റ്റംബര്‍ 2009)

അമ്പിളി മാമന്‍മാമാ...
പൊന്നബിളി മാമ..
മിഴികള്‍ തുറന്നു
വാനിന്‍ തട്ടില്‍ നോക്കി
ഉറങ്ങാതെ
ഞാനിതാ നില്‍പ്പൂ..


കാണിക്കു
നിന്‍ വട്ടമുഖം
ഇന്നെനിക്കായി
ഒളിച്ചു കളിക്കാതെ
ഈ രാത്രിയില്‍.


കുഞ്ഞേ..
എന്‍ മണി കുഞ്ഞേ..
കണ്ണീര്‍ മുത്തുകള്‍
പൊഴിക്കാതെ
മിഴികള്‍ പൂട്ടി
ഉറങ്ങുക നീ..


വരാം
ഈ മാമന്‍
പതിനാലാം രാവില്‍
നിലാവിന്‍
പാല്‍ കിണ്ണവുമായി
നിന്നരികില്‍.

കള്ളി പൂങ്കുയില്‍കുയിലേ...പൂങ്കുയിലേ
ഈ പൂമരകൊമ്പിലിരുന്നു
ഒരു പാട്ട് നീ പാടുമോ
എന്‍ പോന്നോമനക്കായ്..


കൊച്ചരിപ്പല്ലുകള്‍ കാട്ടി
ഒരെതിര്‍പാട്ട് പാടാന്‍
ചെഞ്ചുണ്ടുകള്‍ കൊതിക്കുന്നത്
കണ്ടില്ലയോ കുയിലമ്മേ..


എന്‍ പൊന്നോമന തന്‍
പാല്‍ പുഞ്ചിരി കാണാതെ
വാനിന്‍ വനത്തിലേക്ക്
കുതിക്കാതെ നീ പുള്ളി കുയിലേ...


നിന്‍ സ്വര മാധുരിയില്‍ ‍
താളം പിടിക്കാന്‍
പിഞ്ചു വിരലുകള്‍
വാനിലുയര്‍ത്തി എന്‍ തങ്കം.


ഒരമ്മ തന്‍ മഹത്വം
എന്തെന്നറിയാത്ത നീ
എങ്ങനെ കാണും എന്‍
കുഞ്ഞു പൈതലിന്‍ ദുഃഖം
കുയിലേ..കള്ളി പൂങ്കുയിലേ!


(എഴുതിയത്: ജൂലൈ 2009)

കൊച്ചുമുല്ലയും കുഞ്ഞിപെങ്ങളും
മുല്ലേ....മുല്ലേ....
കൊച്ചു മുല്ലേ...
എന്തേ നീ പൂക്കാഞ്ഞു!

എന്‍ കുഞ്ഞു പെങ്ങളുടെ
തലയില്‍ ചൂടാന്‍
ഒരു മുഴം പൂ തരാഞ്ഞു!

എന്നും പുലര്‍ക്കാലെ
നിന്നരില്‍ മിഴിയാ
കണ്ണുമായി അവള്‍ നില്‍പ്പൂ...

ഇളം കുഞ്ഞു കയ്യാല്‍
എത്ര കുടം വെള്ളം
അവള്‍ നിനക്കേകി...

നിന്‍ കൊച്ചു നാമ്പുകള്‍
കല്ലില്‍ പടരുമ്പോള്‍
അവള്‍ തന്‍ മിഴികളില്‍
വിടര്‍ന്നു ഒരായിരം
മുല്ല മൊട്ടുകള്‍...

ലോലമാം ആ കുഞ്ഞു
ഹൃദയത്തെ നോവിക്കാന്‍
കല്ലില്‍ പന്തലിച്ച നിന്‍ മനസ്സ്
കല്ലോളം വളര്‍ന്നോ?
മുല്ലേ...കൊച്ചു മുല്ലേ...


എഴുതിയത്: ജൂണ്‍ 2009)

കൂട്ടുകാരന്‍കണ്ണോന്നോടിച്ചു മേലോട്ട്
തുള്ളിയൊന്നെന്‍ കൈ -
തണ്ടയില്‍ പതിച്ച നേരം.


വിടര്‍ന്നു വദനമെന്‍
മാനത്തിന്‍ മുഖഭാവം
കണ്ടപ്പോള്‍.


കുളിര്‍ കാറ്റൊന്നു
മെല്ലെ തൊട്ടു വിളിച്ചു
ധൃതിയില്‍ നടന്നകന്നു.


അകലെ നിന്ന്
പെയ്തുവരും മഴയെ
തരിഞ്ഞു നോക്കി
ഞാന്‍ ഒരുവട്ടം.


പുണരാന്‍ വെമ്പും
കൈകളുമായി
പുറകെ ഓടിവരുന്നു
എന്‍ പ്രിയ കൂട്ടുകാരന്‍..

(എഴുതിയത്: ജൂണ്‍ 2009)

ഒരു കുട്ടികാലം
മണ്ടുന്നു വീണ്ടും വീട്ടിലേക്കു
നാലുമണി തന്‍ കൂട്ടമണി മുഴങ്ങുമ്പോള്‍
ഒഴുകും നീര്‍ചാലിലെ കരിയില പോലെ
അവിടെ ഇവിടെ തങ്ങി തങ്ങി...

തോളില്‍ തൂങ്ങും പുസ്തക സഞ്ചി
പറക്കും കാറ്റില്‍ ആഞ്ഞു വീശി
നിറഞ്ഞ താമര പൊയ്കയില്‍
വെറുതെ കാലൊന്നു മുക്കി..
കണ്ണില്‍ കാണും ഇലകള്‍ പറിച്ചും
വിരിയും പൂമൊട്ടുകള്‍ പിഴുതും
തെന്നി പറക്കും തുമ്പിയെ പിടിച്ചും
നടത്തുന്നു ഒരു പരാക്രമ യാത്ര..

പൂത്തു നില്‍ക്കും കണ്ണിമാങ്ങ കൊഴിച്ചും
ചാഞ്ഞു നില്‍ക്കും തെങ്ങില്‍ കയറിയും
വയലില്‍ ഇരിക്കും കൊറ്റിയെ എറിഞ്ഞും
പോകുന്നു ഒരു തെമ്മാടിയെ പോലെ ..

വീടിന്‍ പടിവാതില്‍ കടക്കും നേരം
എറിയും സഞ്ചി അമ്മതന്‍ കയ്യില്‍
മോന്തുന്നു ചായയും കടിയും, ശേഷം -
ഓടുന്നു കളി തന്‍ പൂരപറമ്പിലേക്ക്‌...

സന്ധ്യതന്‍ ചുകപ്പു വാനില്‍ വിരിയും വരെ
കളിക്കുന്നു കൂട്ടമൊരായിരം കളികള്‍
വികൃതി നിറഞ്ഞ കുരുന്നു ബാല്യങ്ങള്‍
അമ്മതന്‍ വിളി കേള്‍ക്കും നേരം
മണ്ടുന്നു വീണ്ടും വീട്ടിലേക്കു...

(എഴുതിയത്: ജൂണ്‍ 2009)

ഓട്ടോഗ്രാഫ് പ്രണയ ഇതളുകള്‍..
'കണ്‍ മുമ്പില്‍ കാണുന്ന സ്നേഹം കാണാതെ പോകരുത്...തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്...
ഒരുപാട് സ്നേഹത്തോടെ...ജാസ്മി..

പത്രം വായിച്ചു കൊണ്ടിരിക്കുന്ന കബീറിന്റെ പുറകില്‍നിന്നു ഈ വരികള്‍ ഉറക്കെ വായിച്ചു കേള്‍പ്പിച്ചിട്ട് സുഹറ ചോദിച്ചു...അല്ല, ആരാ ഈ ജാസ്മി ? ഇതുവരെ എന്നോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ ഈ ജാസ്മിയെ കുറിച്ച്..

കബീര്‍ ഒരു ഭാവമാറ്റവും കൂടാതെ പത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു... അല്ല സുഹറ, ഇപ്പൊ ഇതു നീ എവിടുന്നു തപ്പിയെടുത്തു.
അതെല്ലാം കണ്ടുപിടിച്ചു. ഞാന്‍ കാണാതിരിക്കാന്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു അല്ലെ!, അലമാരയില്‍ നിന്ന് സാധനങ്ങളും പഴയ പുസ്തകങളും മാറ്റുന്ന ഇടയിലാണ് ഈ ഓട്ടോഗ്രാഫും എഴുത്തുകളും എനിക്ക് കിട്ടിയത്...വലിയ ഒരു കുറ്റന്വേഷകയെ പോലെ സുഹറ മൊഴിഞ്ഞു.

സുഹറയുടെ കയ്യില്‍നിന്നു ആ എഴുത്തും ഓട്ടോഗ്രാഫും കബീര്‍ വാങ്ങിച്ചു.

ഓട്ടോഗ്രാഫിന്റെ പേജുകള്‍ മറിക്കുന്നത്തിനു ഇടയില്‍ കബീര്‍ പറഞ്ഞു; സുഹറ, നിനക്കറിയില്ല, ഇപ്പോഴും ഈ വരികള്‍ വായിക്കുമ്പോള്‍ ഒരു വിങ്ങല്‍ ആണ് ഉള്ളില്‍.. അവളുടെ തട്ടമിട്ട മുഖം മനസ്സില്‍ തെളിയും. സ്നേഹത്തില്‍ ചാലിച്ച് അവള്‍ എഴുതിയ വരികള്‍ നിറഞ്ഞ പേജുകള്‍ എത്രയാണ് ഈ ഓട്ടോഗ്രാഫില്‍... ആരും തിരിച്ചറിയാതിരുന്ന എന്നെ ജീവിതത്തില്‍ തിരിച്ചറിഞ്ഞ, പ്രണയത്തിന്റെ ആദ്യ വിത്തുകള്‍ മനസ്സില്‍ വിതറിയ, വിടര്‍ന്ന കണ്ണുകളുള്ള, വശ്യമായ പുഞ്ചിരിയുള്ള ആ സുന്ദരിയുടെ മുഖം...
ഇതു കേട്ടപ്പോള്‍ സുഹറയുടെ മുഖം വീര്‍ത്തു...

കബീര്‍ പറഞ്ഞു; സുഹറ..., നീ മുഖം വീര്‍പ്പിക്കണ്ട..അതെല്ലാം പഴയ കഥയാണ്‌. ഇവിടെ കുത്തിരിക്ക്‌..

എനിക്ക് കേള്‍ക്കണ്ട ഇങ്ങളുടെ പഴയ കഥകള്‍.. എന്നാലും ഇതുവരെ എന്നില്‍നിന്നു മറച്ചു വച്ചില്ലേ.. ഇപ്പോഴും അവള്‍ ഇങ്ങളുടെ മനസ്സില്‍ ഉണ്ട് ല്ലേ..
ഇതും പറഞ്ഞു സുഹറ പോകാന്‍ ഭാവിച്ചു..

ആ..പോകല്ലേ കരളേ..ഇരിക്ക്..ഈ കഥ കേട്ടിട്ട് പോ..

കബീര്‍ മുറ്റത്തെ ചക്കരമാവിലെ കൊമ്പിലിരുന്നു സല്ലപിക്കുന്ന ഇണക്കുരുവികളെ നോക്കി പ്രണയ കഥയുടെ ചുരുള്‍ അഴിച്ചു തുടങ്ങി...

കലാലയ ജീവിതത്തിന്റെ സായാഹ്നത്തില്‍ വിരിഞ്ഞ ഒരു പനിനീര്‍ പൂ. വിടരും മുമ്പേ കൊഴിഞ്ഞു വീണ പ്രണയ ഇതളുകള്‍. എപ്പോഴാണ് അവള്‍ക്കു തന്നോടു ഇഷ്ട്ടം തോന്നിയത് എന്നറിയില്ല. തമ്മില്‍ കാണും.. ചിരിക്കും..ആദ്യം അത്രയേ ഉണ്ടായിരുന്നൊള്ളൂ..

ഇടക്ക് കയറി സുഹറ; നാണമില്ലേ ഇങ്ങള്‍ക്ക് എന്നോട് ഇങ്ങനെ വര്‍ണ്ണിക്കാന്‍..
കബീര്‍ മറുത്ത് ഒന്നും പറയാതെ കഥ തുടര്‍ന്നു...

പിന്നീടാണ് അവളില്‍ നിന്ന് ഒരു കൊച്ചു പ്രണയ ലേഖനം കിട്ടിയത്....അത് വായിച്ചപ്പോള്‍ അന്ന് കോരിത്തരിച്ചുപോയി..

'കണ്‍ മുമ്പില്‍ കാണുന്ന സ്നേഹം കാണാതെ പോകരുത്...തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്...ഒരു പാട് സ്നേഹത്തോടെ...ജാസ്മി.

ഈ കൊച്ചു പ്രേമലേഖനത്തിന് ഒരു വരി പോലും മറുപടിയായി തിരിച്ചു കൊടുക്കാനുള്ള ധൈര്യം ആദ്യം ഇല്ലാതെ പോയി. എന്നിട്ടും അവള്‍ ഒരു ഇഷ്ട്ടക്കുറവും കാണിച്ചില്ല. തന്റെ ഇഷ്ട്ടം അറിയിക്കാന്‍ വൈകിയെങ്കിലും അവളെ കാണുവാനുള്ള മോഹം വളരെ വലുതായിരുന്നു മനസ്സില്‍. അതിനാല്‍ എന്നും സ്കൂള്‍ ഗേറ്റിന്റെ അടുത്ത് അവളെയും കാത്തു നില്‍ക്കും. പിന്നെ ബസ്‌ സ്റ്റോപ്പ്‌ വരെ അനുഗമിക്കും. അവള്‍ ബസ്സില്‍ കയറിയതിനു ശേഷമാണ് ഞാന്‍‍ വീട്ടില്‍ പോവുക.

സ്കൂള്‍ ജീവിതത്തിന്റെ അവസാന പരീക്ഷ ദിനത്തില്‍ ആയിരുന്നു ഞങ്ങള്‍ രണ്ടു പേരും സ്നേഹവും, ഇഷ്ട്ടവും ഓട്ടോഗ്രാഫ് മുഖേനെ കൈമാറിയത്. അന്ന് ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു അവളോട്‌. പക്ഷെ ആരോ അവളെ കൂട്ടികൊണ്ട് പോകുവാനായി കാറില്‍ വന്നിട്ടുണ്ടെന്ന് കൂട്ടുകാരി വന്നു പറഞ്ഞപ്പോള്‍ വേഗം പോവുകയാന്നുണ്ടായത്.കാറില്‍ പോകുമ്പോള്‍ പുറത്തേക്കു നോക്കി എനിക്ക് റ്റാ-റ്റാ തന്നു പോയ ആ മുഖമാണ് ഇപ്പോഴും മനസ്സില്‍ ഉള്ളത്.
വളരെയധികം വേദനയോടെയാണ് അന്ന് പിരിഞ്ഞതാണെങ്കിലും മനസ്സിന്റെയുള്ളില്‍ അവള്‍ എഴുതിയ പ്രണയ കുറിപ്പുകള്‍ വായിക്കാനുള്ള ദാഹമായിരുന്നു.

റിസള്‍ട്ട്‌ വരുന്ന അന്ന് അവളെ കാണാമല്ലോ എന്നാ പ്രതീക്ഷയില്‍ ദിവസങ്ങള്‍ കഴിച്ചു കൂട്ടി. റിസള്‍ട്ട്‌ വന്ന അന്ന് സ്കൂളില്‍ പോയി. പത്താം ക്ലാസ്സ്‌ വിജയത്തിന്റെ സന്തോഷമെല്ലാം അവളെ കാണാതായപ്പോള്‍ ഇല്ലാതെയായി.
ഓരോ ബസ്‌ വരുമ്പോഴും അവള്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ഇരുന്നു. അവള്‍ക്കു കൊടുക്കാന്‍ ചെറിയ ഒരു കുറിപ്പും പോക്കറ്റില്‍ കരുതിയിരുന്നു. പ്രതീക്ഷ നശിച്ചു നില്‍ക്കുമ്പോഴാണ് അവളുടെ കൂട്ടുകാരി നടന്നു വരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒപ്പം അവളെ കാണാതെയായപ്പോള്‍ നിരാശ കൂടി.എന്നാലും വളരെ ആകംക്ഷയോട് അവളുടെ അടുത്ത് ചെന്ന് ജാസ്മിയെ തിരക്കി.

അവള്‍ പറഞ്ഞു; ജാസ്മി കബീറിന് ഒരു എഴുത്ത് തന്നിട്ടുണ്ട്. അവള്‍ അതില്‍ എല്ലാം എഴുതിയിട്ടുണ്ട്.

വളരെ ആകാംഷയോടെ എഴുത്ത് വാങ്ങി സ്കൂള്‍ മൈതാനത്തിന്റെ ഒരരികില്‍ ഇരുന്നു വേഗം പൊളിച്ചു വായിച്ചു..
'കണ്‍ മുമ്പില്‍ വന്ന സ്നേഹം കാണാതെ പോവുകയല്ല... തിരിച്ചു തരാന്‍ കഴിയാത്ത സ്നേഹവും മനസിന്റെ വിങ്ങലാണ്..
ഒരുപാട് സ്നേഹത്തോടെ...ജാസ്മി.

ഈ വരികള്‍ വായിച്ചപ്പോള്‍ ഒരു ഇടിമിന്നല്‍ ശരീരത്തിലൂടെ കടന്നു പോയി. ഇങ്ങനെ ഒരു എഴുത്ത് അപ്രതീക്ഷിതമായിരുന്നു. ഒരു കാരണവും കൂടാതെയുള്ള വിടവാങ്ങല്‍...
കുറെ നേരം ആ എഴുത്തും പിടിച്ചു അങ്ങനെ ഇരുന്നു. പിന്നെ എങ്ങനെയെങ്കിലും അവളെ കുറിച്ച് അറിയാന്‍ ഉള്ള ആഗ്രഹത്തില്‍ ജാസ്മിയുടെ കൂട്ടുകാരിയെ തേടി ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യമാക്കി ഓടി..അപ്പോഴേക്കും അവള്‍ പോയി കഴിഞ്ഞിരുന്നു...

പിന്നെ ഞാന്‍ അവളുടെ എഴുത്തും, മനസിന്റെ വിങ്ങലും ഉള്ളില്‍ ഒതുക്കി വീട്ടിലേക്കു മടങ്ങി...

ഈ കഥ കേട്ടുകഴിഞ്ഞപ്പോള്‍ സുഹറക്കും മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍ പോലെ...

മറുത്തു ഒന്നും ചോദിക്കാന്‍ വാക്കുകള്‍ ഇല്ലാതെ സുഹറ കബീറിന്റെ അരികില്‍ ചേര്‍ന്നിരുന്നു ചക്കരമാവിന്‍ കൊമ്പില്‍ സല്ലപിക്കുന്ന ഇണക്കുരുവികളെ പ്രണയ ഭാവത്തോടെ നോക്കി....

(എഴുതിയത്: ഒക്ടോബര്‍ 2009)

മടക്കയാത്ര!

ഓഫീസിലെ ജോലിത്തിരക്കിനിടയില്‍ ആയിരുന്നു ആ കാള്‍ വന്നത്. സാധാരണ ഗതിയില്‍ ഉള്ള മിസ്‌ കാള്‍ ആകുമെന്ന് കരുതി ബൈജു മൊബൈല്‍ എടുക്കാന്‍ ശ്രമിച്ചില്ല. ഫ്രീ ആയിട്ട് തിരിച്ചു വിളിക്കാം എന്ന് മനസ്സില്‍ വിചാരിക്കുമ്പോഴേക്കും റിംഗ് നില്‍ക്കുന്നില്ല. അപ്പോള്‍ മിസ്സ്‌ കാള്‍ അല്ലെന്നുറപ്പായി. ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ അലിക്കയുടെ കാള്‍ ആണ്.

വേഗം മൊബൈല്‍ അടുത്ത് ബൈജു ഹലോ പറഞ്ഞു...
മറുഭാഗത്ത് നിന്ന് അലിക്ക; ഹലോ..ബൈജു..
ബൈജു; ആ അലിക്ക..പറയൂ..,എന്ത് പറ്റി ഇക്ക? ശബ്ദം വല്ലാതെ ഇരിക്കുന്നു!
അലിക്ക; ഞാന്‍ കുറച്ചു കഴിഞ്ഞാല്‍ നാട്ടില്‍ പോവുകയാ...
ബൈജു: എന്താ അലിക്കാ..എന്ത് പറ്റി..പെട്ടന്ന് പോകാന്‍..?
അലിക്ക; എന്റെ ഇക്ക മരിച്ചു..
ബൈജു; എപ്പോള്‍..? എന്ത് പറ്റി..അങ്ങനെ?
അലിക്ക; ഇന്ന് കാലത്ത്..അറ്റക്കായിരുന്നു...
വീണ്ടും അലിക്ക തുടര്‍ന്നു...ബൈജു..നീ ജോലി കഴിഞ്ഞു വരുമ്പോഴേക്കും ഞാന്‍ പോകും, ടിക്കറ്റ്‌ ശരിയായിട്ടുണ്ട്.. ഖുരൂജിനു (എക്സിറ്റ്‌ പെര്‍മിറ്റ്‌) കൊടുത്തിട്ടുണ്ട്‌..ഞാന്‍ എയര്‍ പോര്‍ട്ടില്‍ എത്തുമ്പോഴേക്കും മന്ദൂബ് (പി.ആര്‍.ഒ) ഖുറൂജ് എത്തിക്കും...

ഇതു കേട്ടപ്പോള്‍ ബൈജുവിന്റെ മനസ്സും ശരീരവും ക്ഷീണിച്ചു...

പ്രവാസിയുടെ അപ്രതീക്ഷിത യാത്ര..എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ട്...പൂര്‍ത്തിയാകാത്ത സ്വപ്നവുമായി...

എന്നാലും അലിക്കക്ക് ധൈര്യം നല്ക്കാനായി 'വിഷമിക്കേണ്ട ഇക്ക...അല്ലാഹുവിന്റെ കല്പ്പനയല്ലേ...എല്ലാം നമ്മള്‍ സഹിച്ചല്ലെ പറ്റൂ..ബൈജു‍ പറഞ്ഞു

മറുവശത്ത് നിന്ന് അലിക്കയുടെ മറുപടി ഒന്നും വരുന്നില്ല...

ആ നിശബ്ദതയില്‍ നിന്ന് തന്നെ ബൈജുവിന് മനസ്സിലായി അലിക്കയുടെ മനസ്സ് എപ്പോഴെ എല്ലാം സഹിക്കാനും ഉള്‍കൊള്ളാനും പാകപ്പെട്ടതാണെന്ന്...അതും ദൈവം കൊടുത്ത കഴിവ് തന്നെ..

ബൈജു തുടര്‍ന്നു..അലിക്ക..നാട്ടില്‍ എത്തിയാല്‍ വിളിക്കണം....ഒന്നും ആലോചിച്ചു വിഷമിക്കരുത്..പൈസയുടെ ആവശ്യം വന്നാല്‍ അറിയിക്കണം...വിഷമിക്കാതെ യാത്രയാകൂ..

ഇതില്‍ കൂടുതല്‍ ബൈജുവിന് അലിക്കയോട് ഒന്നും പറയാന്‍ കഴിയാത്തതിനാല്‍ 'ഓക്കേ' പറഞ്ഞു ഫോണ്‍ വച്ചു.തടയില്ലാത്ത ദുരന്തം... ഇതു രണ്ടാം പ്രാവശ്യം ആണ് അലിക്കയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്‌... ബൈജു മനസ്സില്‍ പറഞ്ഞു..

വിധി എന്താന്നെങിലും അനുഭവിക്കണം..എന്നാലും അലിക്കയുടെ സ്ഥാനത്ത് തന്നെ പ്രതിഷ്ടിച്ചപ്പോള്‍.... ബൈജുവിന് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല..

ഒരു വര്‍ഷം മുമ്പ് അലിക്കയുടെ അനിയന്‍ ദുബായില്‍ നിന്ന് നാട്ടിലോട്ടു പോകാന്‍ വേണ്ടി എയര്‍ പോര്‍ട്ടിലേക്ക് യാത്രയായതായിരുന്നു. വഴിമദ്ധ്യേ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അദേഹത്തിന് രണ്ടു ചെറിയ മക്കള്‍ ആണ്. ആ മക്കളെയും വീടിന്റെയും ഭാരം അലിക്കയുടെ ചുമലില്‍ ആണ്. ഇപ്പോ ദാ..വിധിയുടെ ക്രൂര വിനോദം വീണ്ടും..

അന്നും അലിക്ക ഇതേപോലെ ഒരു യാത്രയായിരുന്നു..വെറും കയ്യോടെ...ഇന്നും അങനെ തന്നെ..

കൂടിക്കിടക്കുന്ന ജോലികള്‍ ഓരോന്നായി ചെയ്തു തീര്‍ക്കുമ്പോഴും അലിക്കയെ കുറിച്ച് മാത്രമായിരുന്നു ബൈജുവിന്റെ ചിന്ത. മനസ്സിന് ഒരു സമാധാനവും കിട്ടാത്തത് കൊണ്ട് ബൈജു അലിക്കയുടെ മൊബൈലിലേക്ക് തിരിചു വിളിച്ചു. എന്തായി കാര്യങ്ങള്‍ എന്നറിയാന്‍.

ആ എമിഗ്രറേന്‍ കഴിഞ്ഞു..ബോഡിംഗ് പാസ്‌ കിട്ടി..വൈട്ടിംഗ് ഏരിയയില്‍ ആണ്..അലിക്ക പറഞ്ഞു
പിന്നെ എന്ത് ചോദിക്കണം എന്നറിയാത്തതിനാല്‍ വീണ്ടും 'വിഷമിക്കരുത്' എന്ന് മാത്രം പറഞ്ഞു ബൈജു ഫോണ്‍ വച്ചു..

ജോലി കഴിഞ്ഞു റൂമിലോട്ടു പോകും വഴിയില്‍ 'എങ്ങനെ ഒറ്റയ്ക്ക് റൂമില്‍ കഴിയും' എന്നാ ചിന്ത മാത്രമായിരുന്നു ബൈജുവിന്. കൂട്ടുകാരായ രാജീവും കബീറും ലീവിനു നാട്ടില്‍ നേരെത്തെ പോയി. പിന്നെ അലിക്ക മാത്രമായിരുന്നു ഒരു ആശ്വാസം. ഇപ്പോ മൂപ്പരും പോയി.. താന്‍ ഒറ്റപ്പെട്ടു.

റൂമില്‍ എത്തി ബൈജു ഒഴിഞ്ഞു കിടക്കുന്ന അലിക്കയുടെ കട്ടിലിലോട്ടു നോക്കിയപ്പോള്‍ 'അലംബ്ബായി' എന്ന് വിളിക്കുമ്പോള്‍ ഉള്ള അലിക്കയുടെ പുഞ്ചിരി ബൈജുവിന്റെ മനസ്സില്‍ തെളിഞ്ഞു...

അലിക്കയെ ഇടക്ക് തങ്ങള്‍ അലിഭായ് എന്ന് വിളിക്കും..സ്നേഹം കൂടുമ്പോള്‍ അലിഭായ് ലോപിച്ച് 'അലംബ്ബായി' എന്നാകും.. എന്നാലും മൂപ്പര്‍ ഒന്നും പറയില്ല.... ഒന്ന് ചിരിക്കും...അല്ലെങ്ങില്‍ 'ആ നിങ്ങള്‍ക്ക് ഇഷ്ട്ടം ഉള്ളത് വിളിക്ക്‌' എന്ന് മാത്രം പറയും...

ചിന്തകളുമായി ബൈജു ബാല്‍ക്കനിയില്‍ ഇട്ടിരിക്കുന്ന കസേരയില്‍ ചാരിയിരുന്നു..വല്ലാത്ത പോലെ..ഒരു സ്വസ്ഥതയും ഇല്ല. പെട്ടന്ന് ആരെല്ലാമോ നഷ്ട്ടപ്പെട്ട പോലെ..

വേഗം ടെന്‍ഷന്‍ വരുന്ന തനിക്കു ഒരു ബലം ആയിരുന്നു അലിക്ക. ഏതു സാഹചര്യത്തിലും ഒരു താങ്ങ്. ഓഫീസ് പ്രശ്നങ്ങള്‍ ആയാലും വീട്ടിലെ കാര്യങള്‍ ആയാലും..ഒരു ജേഷ്ട്ടനപോലെ... ഒരു നല്ല സുഹൃത്തായി എല്ലാം തുറന്നു പറയാനും, കേള്‍ക്കാനും...

ആകാശത്ത് ഒരു നക്ഷത്രം പോലും കാണുന്നില്ല..അവിടേയും ശ്യുന്യത.. താരകളും തന്നെ ഒറ്റപ്പെടുത്തിയോ?
ബൈജുവിന്റെ ചിന്തകള്‍ ഇരുട്ടില്‍ ഭ്രാന്തനെ പോലെ ഓടി നടന്നു...

ചിട്ടയായ ജീവിത ശൈലിയുടെ ഉടമയാണ് അലിക്ക. പ്രായം കൂടുതല്‍ ആണേലും ചെരുപ്പകാരനാനെന്നെ മൂപ്പരെ തോന്നു. പുകവലിയില്ല...മദ്യപാനം ഇല്ല.

ഇപ്പോഴത്തെ ചെറുപ്പക്കാരെ കുറിച്ച് മൂപ്പര്‍ ഇങനെ പറയും...
ഇവരെല്ലാം ആന്നുങളാ...ജീവിത യാതര്‍ത്യങളില്‍ നിന്ന് ഒളിച്ചോടാന്‍ മദ്യപാനം ലഹരി..വല്ലാത്ത തലമുറ തന്നെ.. യാഥാര്‍ത്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍...

ചെറുപ്പക്കാരായ തനിക്കും കബീറിനും , രാജിവിനുമെല്ലാം മൂപ്പരുടെ നീണ്ട മുപ്പതു വര്‍ഷത്തെ പ്രവാസജീവിത അനുഭവങ്ങള്‍ ഒരു വലിയ ഗുരു തന്നെയായിരുന്നു. ഖത്തറില്‍ നിന്ന് ആദ്യം ബോംബെയിലേക്ക് മാത്രമേ ഫ്ലൈറ്റ് ഉണ്ടായിരുന്നോളൂ അത്രേ...അന്ന് അനുഭവിച്ച ദുരിതങ്ങള്‍..സ്വന്തം എന്ന് കരുതി മാറോട് അന്നച്ചവരില്‍ നിന്ന് കിട്ടിയ ചവിട്ടുകള്‍..കുത്ത് വാക്കുകള്‍..കെട്ടി പൊതിഞ്ഞു കൊണ്ടുപോയ്യ സാധനങ്ങള്‍ വീധം വെക്കുമ്പോള്‍ ഉള്ള കണക്കു പറച്ചിലുകള്‍..പൈസ വരുമ്പോള്‍, പോകുമ്പോള്‍ രക്ത ബന്ധത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍.. ചിരിച്ചു ചതിക്കുന്ന പ്രവാസ ബന്ധങള്‍..അങ്ങനെ ഒരു പാട് ജീവിതത്തിന്റെ മാറുന്ന മുഖ ഭാവങ്ങള്‍..
ഇതില്‍ ചില മുഖങ്ങള്‍ താനും കണ്ടിട്ടുണ്ട്..ഇനി എന്തെല്ലാം കാണാന്‍ ഇരിക്കുന്നു...അറിയാന്‍ കിടക്കുന്നു..എത്ര അനുഭവിക്കാനും...ബൈജുവിന്റെ ചിന്തകള്‍ ഒരു കൊള്ളിമീന്‍ പോലെ ആകാശത്തിലൂടെ കടന്നു പോയി...

പ്രവാസത്തിന്റെ ഈ മണല്‍പരപ്പില്‍ യാഥാര്‍ത്യത്തെ മറന്നു സ്വപ്നങള്‍ക്കും സുഖങള്‍ക്കും പിന്നാലെ ഓടുന്നവര്‍ പോലും ഒരിക്കലെങ്കിലും അപ്രതീഷിതമായി ഇങനെയുള്ള ഒരു മടക്കയാത്ര ഏറ്റു വാങ്ങേണ്ടി വരുന്നു.

അകലെ നിന്ന് കേള്‍ക്കുന്ന ദുരന്ത കഥകള്‍ യാഥാര്‍ത്യമായി മുന്നില്‍ ഒരു മല പോലെ വരുമ്പോള്‍ മുട്ട് മടക്കുകയല്ലാതെ എന്ത് ചെയ്യും. നാളെ തന്റെ കഥയും എങ്ങനെ വരും എന്നറിയാന്‍ ആര്‍ക്കു കഴിയും...

പ്രവാസിയുടെ മടക്കയാത്ര...എല്ലാ കണക്കുകൂട്ടലും, പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട്..

ഒറ്റപ്പെട്ട പ്രവാസജീവിതത്തില്‍ വീണ്ടും ഒറ്റപ്പെട്ട മനസ്സും ശരീരവുമായി ബൈജുവിന്റെ കണ്ണുകള്‍ ശൂന്യമായ ആകാശത്ത് ഒരു നക്ഷത്രത്തെ തിരഞ്ഞുകൊണ്ടേയിരുന്നു..

(എഴുതിയത്: ജൂണ്‍ 2009)

ജമാലിന്റെ ജനല്‍ (നര്‍മ്മ കഥ)ഒരു ജനാലക്കു ദാബത്യ ജീവിതത്തില്‍ എന്ത് സ്ഥാനം എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം. പക്ഷെ ജമാലിന്റെ ദാബത്യ ജീവിതത്തില്‍ ജനാലക്കു സ്ഥാനം ഉണ്ട്. ഒരു കാലത്ത് നായകസ്ഥാനം വഹിച്ചിരുന്ന ആ ജനല്‍ ഇപ്പോള്‍ വില്ലന്‍ സ്ഥാനത്താണ് നില്‍ക്കുന്നത്. ആ വില്ലന്‍ പരിവേഷം ജനാലക്കു തുറന്നു കൊടുത്തതും ജമാല്‍ തന്നെ.

പണ്ട് എന്ന് പറഞ്ഞാല്‍ ജമാലിന്റെ കല്യാണത്തിന് മുമ്പ്, ഈ ജനല്‍ വഴിയായിരുന്നു അടുത്ത വീട്ടിലെ ലൈലയുമായി ആശയവിനിമയം നടത്തിയിരുന്നത്. അത് ഒരു കാലം, ഇന്ന് ജമാല്‍ ഒരു ഭര്‍ത്താവും ഒരു കുട്ടിയുടെ ഉപ്പയുമാണ്.

ആ ജനാല ഒന്ന് തുറന്നു കണ്ടാല്‍ മതി ഭാര്യ ആയിഷക്കു കലി കയറും. പ്രത്യേകിച്ചു അപ്പുറത്തെ വീട്ടില്‍ നിന്ന് വല്ല സ്ത്രീകളുടെ ശബ്ദം കൂടി കേട്ടാല്‍ കലി ഇരട്ടിയാകും....
പിന്നെ ആയിഷ ഇങനെ തുടങ്ങും 'ആര്‍ക്കാ എത്ര പൂതി ഈ ജനാല ഇങ്ങനെ തുറന്നിടാന്‍'
അപ്പോള്‍ ജമാല്‍ പറയും 'എന്റെ പോന്നു ആയിഷ, ഒന്ന് ശുദ്ധവായു കയറികോട്ടെ എന്ന് കരുതിയാ'

അപ്പോള്‍ ആയിഷ തിരിച്ചടിക്കും ; അങ്ങനെ ശുദ്ധവായു കയറണ്ട, ഈ വായു മതി നമ്മുക്ക് ജീവിക്കാന്‍...

ഇതു കേട്ടാല്‍ ജമാല്‍ 'നാശം, ഏത് നശിച്ച സമയത്താ തനിക്കു ഈ പ്രേമചരിതം ആയിഷയോടു വിളബാന്‍ തോന്നിയത്' എന്ന് മനസ്സില്‍ പിറുപിറുത്തു കൊണ്ട് പുറത്തു പോകും...

എത്രനല്ല മോഹൂര്‍ത്തങ്ങളെയാണ് 'നശിച്ച സമയം' എന്നു വിശേഷിപ്പിച്ചത്‌. ഇതു ആയിഷ കേട്ടാല്‍ തൂങ്ങി ചാവും. കല്യാണം കഴിഞ്ഞതിന്റെ രണ്ടാം ദിവസമാണ് ജമാല്‍ തന്റെ പ്രേമാച്ചരിത്രം ആയിഷയോടു വിളബിയത്, അതും ബെഡ് റൂമില്‍ ആ ജനാല തുറന്നിട്ടു കൊണ്ട്. ആ ചരിത്ര വിശദീകരണത്തില്‍ ഈ ജനാലയുടെ സ്ഥാനവും മാനവും എല്ലാം വിളമ്പി...

ചരിത്രം മുഴുവന്‍ കേട്ട് കഴിഞ്ഞപ്പോള്‍ ആയിഷ ആ ജനാലയുടെ അടുത്ത് വന്നു അപ്പുറത്തെ വീട്ടിലോട്ടു നോക്കി ചോദിച്ചു ' ആ കാണുന്നത് ആരുടെ മുറിയാ'
ജമാല്‍ മൊഴിഞ്ഞു; ' അത് ലൈലയുടെ മുറിയാ'
വീണ്ടും ആയിഷ; ഇപ്പൊ ലൈല എവിടെയാ?
ജമാല്‍; അവള്‍ ഭര്‍ത്താവിന്റെ വീട്ടിലാ, ഇടക്ക് അവളുടെ വീട്ടില്‍ വരും പോകും ...
ആയിഷ; ഇനി എപ്പോഴാ അവള്‍ വരിക?
ജമാല്‍ ; 'അവള്‍ നമ്മുടെ കല്യാണത്തിന് വന്നിരുന്നു ഉമ്മയുടെ കൂടെ, ഇനി ഭര്‍ത്താവിന്റെ വീട്ടിലോട്ടു പോയോ എന്നറിയില്ല..
വീണ്ടും ആയിഷ ചോദിച്ചു 'എന്താ ഇക്ക അവളെ കെട്ടാഞ്ഞത്'
ജമാല്‍; 'വിധി നിന്നെ കെട്ടാന്‍ ആയിരുന്നു' എന്നു പറഞ്ഞു ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു.
പിന്നെ ആയിഷ ജമാലിനോട്‌ ഒന്നും ചോദിച്ചില്ല...

ഇതോടെ എല്ലാം അവസാനിച്ചു എന്നാ ജമാല്‍ കരുതിയത്‌. പക്ഷെ തന്‍ ഒരു വലിയ വേടികെട്ടിനാണ് തിരി കൊളുത്തിയത് എന്നു മനസിലാക്കാന്‍ വൈകിപ്പോയി.
തന്റെ ജീവിതസഖിയോടു ഒന്നും മറച്ചു വെക്കരുത് എന്നു കരുതിയാണ് 'ലൈല പ്രേമാച്ചരിത്രം' അവതരിപ്പിച്ചത്. അന്ന് അവള്‍ തന്നെ മനസിലാക്കും എന്നു കരുതിയാ പറഞ്ഞത്. പക്ഷെ അത് ഇത്ര വലിയ കോടാലി ആകും എന്നു കരുതിയില്ല.
കല്യാണത്തിന് മുമ്പ് ബാബുച്ചേട്ടന്‍ ഉപദേശം തന്നതാ ' ഡാ, ജമാലേ, നിന്റെ പഴയ പ്രേമവും മണ്ണകട്ടയും കെട്ടാന്‍ പോകുന്ന പെണ്ണിനോട് പറയാന്‍ പോകരുത്..അവസാനം അത് കൊടാലിയാകും. ചേട്ടന് പറ്റിയ അമളി നിനക്ക് പറ്റരുത്‌, നിനക്ക് അറിയാമല്ലോ ഞാന്‍ ഉമ ചേച്ചിയില്‍ നിന്ന് സഹിക്കുന്നത്'

അന്ന് വലിയ ആളായിട്ട് ബാബുചെട്ടനോട് വീബിളക്കി 'ചേട്ടനെ പോലെ പൊട്ടത്തരം ഞാന്‍ ചെയ്യില്ല, ഞാന്‍ ബുദ്ധി ഉപയോഗിച്ചേ നീങു'
അപ്പൊ ബാബുച്ചേട്ടന്‍ പറഞ്ഞു.. ഉവ്വ്, ഉവ്വ്‌, കാണാന്‍ പോകുന്ന പൂരം വിളിച്ചരിയികേണ്ട..നമ്മുക്ക് കാണാം..
ഇപ്പൊ അനുഭവത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുകയാണ്....
ഈ ദുരിതത്തില്‍ നിന്ന് രക്ഷപെടാന്‍ വേറെ ഒരു പോംവഴിയും ബുദ്ധിയില്‍ തെളിയാത്തത് കൊണ്ട് ബാബുചേട്ടനെ തന്നെ സമീപിക്കാം എന്ന് ജമാല്‍ ഉറപ്പിച്ചു.

അങ്ങനെ ഒരു ദിവസം ജമാല്‍ ഒറ്റയ്ക്ക് ബാബുചേട്ടനെ കാണാന്‍ പോയി. പക്ഷെ വീട് പൂട്ടിയിട്ടിരിക്കുന്നു. അടുത്തുള്ള വീട്ടില്‍ ചോദിച്ചപ്പോള്‍ മൂപ്പര്‍ വീട് മാറി എന്നറിഞ്ഞു. കുറച്ചു ദൂരെയാണ് താമസിക്കുന്നത് എന്നറിഞ്ഞു. അഡ്രസ്സും വാങ്ങി പോകും വഴിയില്‍ ജമാല്‍ ചിന്തിച്ചു വീട് മാറുമ്പോള്‍ മൂപ്പര്‍ എന്താ അറിയിക്കാഞ്ഞത്. എന്തായാലും നേരില്‍ ചോദിക്കാം എന്നാ ഉദ്ധേശത്തില്‍ യാത്ര തുടര്‍ന്നു.

അങ്ങനെ ജമാല്‍ ബാബുചേട്ടന്റെ വീട്ടില്‍ എത്തി.

വീടിന്റെ കാളിംഗ് ബെല്‍ അടിച്ചപ്പോള്‍ ബാബുച്ചേട്ടനും ഉമ ചേച്ചിയും ഒരുമിച്ചു തന്നെയാ ഡോര്‍ തുറന്നത്.

ഒരു പുഞ്ചിരിയോട്‌ കൂടി ഉമ ചേച്ചി ചോദിച്ചു ' അല്ല, ഇതാരാ ജമാല, എങ്ങനെ എത്തി ഇവിടെ? ആരാ വഴി പറഞ്ഞു തന്നത്? ഒറ്റക്കെ ഒള്ളൂ? വൈഫ്‌ എവിടെ? അങ്ങനെ തുരുതുരാ ചോദ്യങ്ങള്‍ ചൊരിഞ്ഞു.എന്നിട്ട് മക്കളെ ടൂഷ്യനു കൊണ്ട് വിട്ടിട്ടു വരാം എന്ന് പറഞ്ഞു അവര്‍ പോയി.

ബാബുചേട്ടന്‍ പറഞ്ഞു; ജമാല്‍ കയറി ഇരിക്കു..

ഒരു സുഖം കുറഞ്ഞ ചിരിയോടു കൂടി ജമാല്‍ കയറിയിരുന്നു.

ബാബുച്ചേട്ടന്‍ ചോദിച്ചു; എന്താ ജമാലേ, വിശേഷങ്ങള്‍? പ്രശനം ഒന്നും ഇല്ലല്ലോ!
ജമാല്‍; എന്ത് പറയാനാ ബാബുവേട്ടാ..., ചേട്ടന്‍ പറഞ്ഞ പോലെ തന്നെ സംഭവിച്ചു, ഞാന്‍ ഇതുവരെ ചേട്ടനോട് പറയാതെ ഇരുന്നതാ..ഉമ ചേച്ചിയുടെ പോലെയാ ആയിഷ, തൊട്ടതിനും പിടിച്ചതിനും അവള്‍ അവസാനം ലൈലയിലാ എത്തുക. മടുത്തു...

ജമാല്‍ എല്ലാ കഥകളും ബാബുവേട്ടനോട് വെളിപ്പെടുത്തി....(ഒരു കുബസാരം പോലെ)

എല്ലാം കേട്ടതിനു ശേഷം ബാബുവേട്ടന്‍ ഒന്ന് കുലുങ്ങിചിരിച്ചു കൊണ്ട് പറഞ്ഞു; 'ഇതു പ്രശ്നം ആക്കേണ്ട ജമാല്‍, ഇവറ്റകള്‍ ഇങനെയാ...എല്ലാം ഒന്നിനൊന്നു മെച്ചമാ...സ്നേഹകൂടുതല്‍ കൊണ്ട..വെറും സംശയമാ....
ജമാല്‍ ചോദിച്ചു; അല്ല, പ്രശം ഇല്ലാതെയാണോ ചേട്ടന്‍ വീട് മാറിയത്?

ബാബുച്ചേട്ടന്‍ (ഒരു വളിഞ്ഞ ചിരിയോടെ) പറഞ്ഞു; സംഗതി നേര, പ്രശ്നം കൂടേണ്ട, മക്കള്‍ വലുതവുകയല്ലേ എന്ന് കരുതിയാ ഞാന്‍ വീട് മാറിയത്.ആ പൊട്ടിക്ക് ഇപ്പോഴും സംശയമാ എന്നെ. ഇപ്പൊ ഒരു ശല്യവുമില്ല സുഖമാ.. പിന്നെ വീട് മാറിയത് ജമാലിനെ സാവകാശം അറിയിക്കാം എന്ന് കരുതി.

ജമാല്‍ ചോദിച്ചു; ചേട്ടാ, ഈ അടുത്ത വീട്ടില്‍ താമസിക്കുന്ന കുട്ടികളെ പ്രേമിച്ചു അവസാനം കല്യാണം കഴിക്കാതെ ഇരുന്നാല്‍ സ്ഥിതി എങനെയാകും അല്ലേ...
അതിനു ബാബുച്ചേട്ടന്‍ മറുപടി ഒന്നും പറഞ്ഞില്ല. ഒന്ന് മൂളുക മാത്രം ചെയ്തു.
അപ്പോള്‍ വീണ്ടും ജമാല്‍: എന്താ ചേട്ടാ ഒരു പോംവഴി?
ബാബുച്ചേട്ടന്‍; ഒറ്റ വഴിയെ ഒളൂ, ജനല്‍ തുറക്കാതെ ഇരിക്കുക..
ജമാല്‍; അതിനു ചേട്ടാ, ഞാന്‍ തുറക്കില്ല, മോന്‍ ജനാല കമ്പിയില്‍ കയറി കളിക്കുബോള്‍ അവന്‍ തുറന്നിടുന്നത... അതിനും കുറ്റം എനിക്ക..
ഇതു കേട്ടപ്പോള്‍ ബാബുചേട്ടന്‍ ഒന്ന് കസേരയില്‍ ചാരിയിരുന്ന് മുകളിലോട്ട് നോക്കി ചിന്തിച്ചിട്ട് പറഞ്ഞു ' ജമാല്‍, ഞാന്‍ നോക്കിയിട്ട് ഒരു വഴിയെ കാണുന്നോളൂ..
ജമാല്‍ (ആകാംഷയോടെ) ; അതെന്താ!!??
ബാബുചേട്ടന്‍; ആ ജനല്‍ അങ്ങോട്ട്‌ പൊളിച്ചു മാറ്റി ഇഷ്ട്ടിക വച്ച് കെട്ടുക, അത്ര തന്നെ..പിന്നെ ശ്യലം ഉണ്ടാവില്ലല്ലോ..മനസ്സമാധാനവും കിട്ടുമല്ലോ!

ഈ ഐഡിയ കേട്ടപ്പോള്‍ ജമാല്‍ ഒന്നാലോചിച്ചു ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പിട്ടു...

അപ്പോള്‍ ടി. വി യില്‍ നിന്ന് ഒരു മൊബൈലിന്റെ പരസ്യം പറയുന്നത് കേട്ടു... 'എന്‍ ഐഡിയ കാന്‍ ചൈജ് യുവര്‍ ലൈഫ്'.....

ഈ ഐഡിയ തന്റെ ജീവിതവും ചൈജ് ആക്കാന്‍ പറ്റിയ അവസരം ആണെന്ന സന്തോഷത്തില്‍ ഇനി വരാന്‍ പോകുന്ന പുലിവാലിനെ കുറിച്ച് ചിന്തിക്കാതെ ജമാല്‍ ബാബുചേട്ടനോട് യാത്ര പറഞ്ഞു വലിഞ്ഞു നടന്നു...

(എഴുതിയത്: മെയ്‌ 2009)