സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Tuesday, November 16, 2010

കുട്ടികാല റമദാന്‍നോമ്പ് എടുക്കുക ഇരുപ്പത്തി ഏഴാം രാവിനാണ്. ദൈവെഛക്കനുസരിച്ച് നടക്കല്‍ കുട്ടികള്‍ക്ക് ബാധകല്ല. കുറെ ഇളവുകള്‍ ഉണ്ട്. പറ്റുമെങ്കില്‍ മാത്രം നോമ്പ് എടുത്താല്‍ മതി. കുട്ടികളോട് അള്ളാഹു പൊറുക്കും എന്ന് വിശ്വാസത്തിലാണ് എടുത്ത നോമ്പ് പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്. എന്നാലും നോമ്പ് അങ്ങനെ മുറിച്ചു കഴിഞ്ഞാലും മനസ്സില്‍ വല്ലാത്ത കുറ്റബോധം തോന്നുമായിരുന്നു.

മിക്കപ്പോഴും നോമ്പ് മുറിക്കുക ഉച്ച കഴിഞ്ഞതിനു ശേഷം ആയിരിക്കും. അസര്‍ ബാങ്ക് (4മണി ബാങ്ക്) കൊടുക്കാന്‍ സമയമാകുമ്പോഴേക്കും വിശപ്പും ദാഹവും സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലാവുക. അപ്പോള്‍ പതുക്കെ ഉമ്മയുടെ അടുത്ത് ചെല്ലും. ക്ഷീണവും പരവശവും എല്ലാം കാണുമ്പോള്‍ തന്നെ ഉമ്മാക്ക് കാര്യം പിടുത്തം കിട്ടും.

മക്കളേ.. ഇനി കുറച്ചു സമയം കൂടി ക്ഷമിച്ചാല്‍ പോരെ..നുമ്പ് തുറക്കാന്‍ സമയമാകും..ഉമ്മ ഇഷ്ട്ടപ്പെട്ട പലഹാരം എല്ലാം ഉണ്ടാക്കുന്നുണ്ട്.

കുട്ടികള്‍ക്ക് നോമ്പ് എടുത്താല്‍ അല്ലാഹുവിന്റെ കയ്യില്‍ നിന്ന് പ്രത്യേക കൂലി കിട്ടും..ഇതു കേള്‍ക്കുമ്പോള്‍ കുറച്ചു ഉന്മേഷം ശരീരത്തിനും മനസിനും ലഭിക്കും. പിന്നെ നോമ്പിന്റെ കൂലിയും ഉമ്മ ഉണ്ടാക്കുന്ന പ്രത്യേക വിഭവങ്ങളുടെ കാര്യവും മനസ്സില്‍ ഓര്‍ത്തു മഗരിബ് ബാങ്ക് കൊടുക്കുന്നത് കാത്തിരിക്കും..

നോബിന്റെ ഓരോ ദിവസം കൊഴിയുന്നത് എണ്ണിയിരിക്കും ഞാനും അനിയനും ഇരുപ്പത്തിയേഴാം രാവ് നോമ്പ് എത്തുന്നതും കാത്തു. അന്നത്തെ നോമ്പ് കുട്ടികള്‍ എല്ലാവരും എടുക്കും. പ്രത്യേക പുന്ന്യമുള്ള നോമ്പാണ്‌.

ഇരുപ്പത്തി ഏഴാം രാവ് ദിവസമായാല്‍ രാവിലെ തന്നെ വീട്ടില്‍ ആളുകള്‍ വന്നു തുടങ്ങും സക്കാത്ത് വാങ്ങിക്കാന്‍. അതില്‍ കുട്ടികള്‍ക്ക് ഇത്ര പൈസ, ചെറുപ്പകാര്‍ക്ക് ഇത്ര പൈസ, പ്രായമായവര്‍ക്ക് ഇത്ര പൈസ എന്ന് കണക്ക് ഉണ്ട്. അതെല്ലാം ഉമ്മയാണ് നിശ്ചയിക്കുക.

ഈ തിരക്കിന്റെയെല്ലാം ഇടക്ക് ഉമ്മ അകത്തേക്ക് വിളിച്ചു എനിക്കും അനുജനും ഉപ്പ കൊടുത്തയച്ച പൈസ തരും. ആ പൈസ കിട്ടുമ്പോള്‍ അന്ന് വലിയ സന്തോഷമാണ്. പിന്നെ കുഞ്ഞുപ്പമാര്‍, മാമാന്മ്മാര്‍, അമ്മായിമാര്‍ അങ്ങനെ ഒരു നീണ്ട നിരയുടെ കൈനീട്ടം അവസാനം കൂട്ടി നോക്കുമ്പോള്‍ വലിയ ഒരു പണക്കാരന്‍ തന്നെ ആയിക്കാണും. ആ പൈസ എല്ലാം എണ്ണി തിട്ടപെടുത്തി ഉമ്മയുടെ കയ്യില്‍ തന്നെ തിരിച്ചു കൊടുക്കും. പെരുനാള്‍ ആയാല്‍ അടിച്ചു പൊളിക്കാന്‍ വേണ്ടി.

പിന്നെ പെരുനാളിനു കൂട്ടുകാര്‍ തമ്മില്‍ കൂടുമ്പോള്‍ വലിയ അഹങ്കാരത്തോടെ പറയും..എനിക്ക് ഇത്ര പൈസ കിട്ടി..നിനക്കോ?

ഈ കുട്ടികാല ഓര്‍മ്മകള്‍ റമദാന്‍ മാസം വന്നാല്‍ ഇപ്പോഴും മധുരിക്കുന്ന ഓര്‍മകളായി മനസ്സിന്റെ വാനില്‍ ഉദിച്ചുയരും...


(എഴുതിയത്: ഓഗസ്റ്റ്‌ 2009)

No comments:

Post a Comment