
നാട്ടിലെ ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്ന ഒന്നാന്നു വൃശ്ചിക മാസത്തിലെ കാറ്റ്. ആര്‍ക്കാണ് അത് മറക്കാന്‍ കഴിയുക. ആ ഒരു തലോടല്‍ നമ്മുടെ ശരീരത്തെ മാത്രമല്ല മനസ്സിനെപ്പോലും ഊഞ്ഞാല്‍ ആട്ടുന്നു.
ആഹ്ലാദത്തോട് കൂടി ആടി ഉലയുന്ന മരങ്ങള്‍ക്കിടയില്‍ നിഷ്കളങ്കമായ കുട്ടികളുടെ കയ്യടി പോലെ തമ്മില്‍ കൂട്ടിയടിച്ചു ശബ്ദം ഉണ്ടാക്കുന്ന തെങ്ങിന്‍ ഓലകള്‍, കലപില കൂട്ടുന്ന മാവില്‍ ഇലകള്‍, കളകള നാദം പൊഴിക്കുന്ന ആലിലകള്‍, അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്ന കവുങ്ങ് മരങ്ങള്‍, നൂല്‍ പൊട്ടിയ പട്ടം കണക്കെ ദിശ മാറി ആ കാറ്റില്‍ പാറി പറക്കുന്ന പക്ഷികള്‍, കാറ്റിന്റെ ഈ മൂളിച്ചയില്‍ അന്ധം വിട്ടു കുഞ്ഞുങ്ങളെ മാടി വിളിക്കുന്ന തള്ളകോഴി, കിങ്ങിണി കെട്ടി തൊടിയില്‍ ഓടി നടക്കുന്ന കിടാവിനെ രണ്ടു ചെവിയും കൂര്‍പ്പിച്ചു കൊണ്ട് തിരികെ വിളിക്കുന്ന അമ്മപശു....അങ്ങനെ ഒരുപാട് പ്രകൃതിയുടെ മായാത്ത വിസ്മയങ്ങള്‍, ആ കാറ്റിന്‍ മാസം നമ്മുക്ക് സമ്മാനിക്കുന്നു.
മരുഭൂ ജീവിതത്തില്‍ ഒരു മരുപച്ചയായ് മനസ്സില്‍നിന്നു ഒരിക്കലും മായാതെ, എല്ലാം ഓര്‍മ്മകള്‍... വെറും ഓര്‍മ്മകള്‍ മാത്രം.... ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം...
No comments:
Post a Comment