കാലത്തെ പത്ര വാർത്ത കണ്ടുകൊണ്ടാണ് അവൾ അലമാരയുടെ അടുത്തേക്ക് നിറഞ്ഞ കണ്ണുകളുമായി ഓടിയത്. വർഷങ്ങളായി സൂക്ഷിച്ചു വച്ചിരുന്ന വേർപിരിയലിന്റെ ബാക്കിപത്രമായ അയാളുടെ കത്ത് തപ്പിത്തിരഞ്ഞു വീണ്ടുമെടുത്തു കണ്ണോടിച്ചു. കത്തിലെ അക്ഷരങ്ങൾ അയാളുടെ ശബ്ദത്തിൽ അവളോട് സംസാരിച്ചു തുടങ്ങി...
പ്രിയപ്പെട്ട സഖീ ,
ഇനി അങ്ങനെ വിളിക്കാന്‍ അവകാശം ഇല്ല എന്നറിയാം. പക്ഷെ ഇതുവരെ തുടങ്ങി വന്ന കീഴ്വഴക്കം അങ്ങനെ അഭിസംബോധന ചെയ്യാനേ അനുവദിക്കുന്നോള്ളൂ. വേര്‍പിരിയല്‍ ജീവിതത്തിന്റെ ഒരു ഭാഗമാണ്. അവിടെ വിധി എന്ന രണ്ടു വാക്ക് ഒരു സമാധാന ദൂതനായി കൂട്ടുവരുന്നു.
പുതിയ ബന്ധങ്ങള്‍ ജീവിതത്തിൽ കടന്നു വരുന്നതോടു കൂടി "വിധി" അപ്രത്യക്ഷനാവുന്നു. പക്ഷെ, എന്റെ ജീവിതത്തിൽ വിധി കൂടെത്തന്നെയുണ്ട്.
ബന്ധങ്ങളുടെ അഗാധത്തിലേക്ക് പോകും തോറും ശാസ്വച്ച്വാസം നഷ്ട്ടപ്പെടുന്നു. പ്രാണരക്ഷാര്‍ത്ഥം ആ ആഴങ്ങളില്‍ നിന്നു രക്ഷപ്പെടുവാന്‍ ആരാണ് ശ്രമിച്ചത്? ഞാനോ? നീയോ? ഇനി ആ ചോദ്യത്തിന് പ്രസക്തിയില്ല. നമ്മുടെ ഇടയില്‍ വിള്ളല്‍ വീഴ്ത്തിയത് സംശയം ആയിരുന്നോ ? എനിക്കറിയില്ല !
എല്ലാം തീരുമാനിച്ചത് നീയാണ്.
കാര്യങ്ങള്‍ തുറന്നു പറയാതെയുള്ള നീണ്ട മൗനങ്ങൾ നമ്മുക്കിടയില്‍ വന്‍ മതിലാണ് തീര്‍ത്തത്. എത്ര മിണ്ടിയിട്ടും എന്നിൽ നിന്ന് മൗനമായി നീ നടന്നകന്നു. എപ്പോഴെങ്കിലും കണ്ടുമുട്ടാമെന്ന എന്റെ ആശകള്‍ മരീചികയായി മാറി. ദൂരങ്ങള്‍ അപ്രത്യക്ഷമാകുന്ന ഈ ആധുനിക യുഗത്തില്‍ ഇനി നമ്മുടെ കണ്ടുമുട്ടല്‍ അസാധ്യം. എന്റെ ജീവിതത്തിലെ വസന്തം ഇനി ഓര്‍മ്മകള്‍ മാത്രമായിരിക്കും.
ലാഭാനഷ്ട്ടങ്ങളുടെ രുചി അറിഞ്ഞിട്ടുള്ള നമ്മുടെ ജീവിതത്തില്‍ ഈ വേര്‍പിരിയലിന് ഒരു കണക്കു പുസ്തകത്തിന്റെ ആവശ്യമില്ല.
സ്നേഹത്തിന്റെ വേലിയേറ്റവും,
പിണക്കത്തിന്റെ വേലിയിറക്കവും
ജീവിതത്തിൽ സാധാരണം;
എന്നാലും പുഴ പോലെ
ഒഴികി കൊണ്ടേയിരിക്കും...
ജീവിതം തുടരുക..അകന്നു പോയ ബന്ധങ്ങൾക്കോ ,
മറഞ്ഞു പോയ മുഖങ്ങള്‍ക്കോ ഇനി സ്ഥാനമില്ല.
ഓടുന്ന വണ്ടിയിലെ കാഴ്ചകള്‍ പോലെ അത് പുറകിലോട്ടു മാഞ്ഞു പോയി കൊണ്ടേയിരിക്കും.പിന്നിട്ട് പോയ കാഴ്ച്ചകളെ കുറിച്ചോർത്തു ദുഖിക്കാതെ മുന്നിൽ വരാൻ ഇരിക്കുന്ന മനോഹരമായ കാഴ്ച്ചകളെ കുറിച്ച് മാത്രം ചിന്തിക്കുക.
ഭാവുകങ്ങൾ നേർന്നു കൊണ്ട് ചുരുക്കുന്നു...
സസ്നേഹം...
* * * * *
സ്വന്തം പേരും അഡ്രസ്സും വെക്കാതെയുള്ള അയാളുടെ കൈപ്പടയിലുള്ള എഴുത്ത് അവൾക്കു ലഭിക്കുന്നത് വേർപിരിയലിന്റെ ഒന്നാം വർഷമാണ്.
ഇപ്പോൾ നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
കത്ത് വായിച്ചതിനു ശേഷം അവൾ ഉമ്മറത്തെ കസേരയിൽ പോയിരുന്നു. അസ്വസ്ഥമായ മനസ്സുമായി വീണ്ടും പത്രം കൈയിലെടുത്തു. അയാളുടെ നിരച്ച താടിയും മുടിയുമുള്ള ചിത്രത്തിലേക്ക് അവൾ അൽപ്പനേരം നോക്കിയിരുന്നു. ആദരാഞ്ജലികൾ തലക്കെട്ട് കൊടിത്തിട്ടുള്ള കോളത്തിൽ മരണകാരണം ഹൃദയാഘാതം, ഭാര്യയുമായുള്ള വേർപാടിന് ശേഷം ഏകാന്ത ജീവിതം, കൂട്ടിനു എഴുത്തുകൾ മാത്രം. സാഹിത്യ രചനകൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ സാഹിത്യ ജീവിത്തറെക്കുറിച്ചു എഴുതിയിരിക്കുന്നു. ശേഷം കുറച്ചു സാഹിത്യ സുഹൃത്തുക്കളുടെ സ്നേഹ കുറിപ്പുകളും.
വായന മുഴുവനാക്കാതെ പത്രം നെഞ്ചോടു ചേർത്ത് അവൾ കസേരയിൽ ചാരിയിരുന്നു. കണ്ണുകൾ ഉമ്മറത്തെ ഗ്രില്ലെന്റെ ഇടയിലൂടെ ആകാശത്തേക്ക് പറന്നു.
കാറ്റിൽ ആടിയുലയുന്ന തെങ്ങുകൾ. കാക്കകൾ കരഞ്ഞുകൊണ്ട് ചുറ്റിപ്പറക്കുന്നു. കാർമേഘം അവളുടെ കണ്ണുകൾ പോലെ ഇരുണ്ടിരിക്കുന്നു.
പെട്ടന്ന് മഴയും അവളുടെ കണ്ണുകളും ഒപ്പം തന്നെ പെയ്തു തുടങ്ങി.
മണ്ണിനെ സ്വാന്തനപ്പെടുത്താൻ മഴത്തുള്ളികൾ ആവേശം കൊള്ളുന്നത് കണ്ടപ്പോൾ അവൾക്കു അത്ഭുതമായി. മനുഷ്യബന്ധത്തേക്കാൾ എത്ര വൈകാരികമാണ് പ്രകൃതിയുടെ സ്നേഹം എന്നവളുടെ മനസ്സ് പറഞ്ഞു.
മഴ കനത്തു. മുറ്റത്തു വെള്ളം നിറഞ്ഞു ചാലിട്ടു ഒഴുകി നീങ്ങി. കുഞ്ഞു നീർ കുമിളകൾ വെള്ളത്തിൽ വിരിയുവാൻ തുടങ്ങി. പതിയെ അവളുടെ കണ്ണുകൾ നീർ കുമിളകളിൽ പതിഞ്ഞു. അവ വിടരുകയും പെട്ടന്ന് തന്നെ നിഷ്പ്രഭമാകുകയും ചെയ്യുന്നു. വീണ്ടും പുതിയ കുമിളകൾ വിരിയുന്നു...ഇല്ലാതാവുന്നു...!
ജീവിതത്തെക്കുറിച്ചു എന്തെല്ലാമോ നീർകുമിളകൾ തന്നോട് പറയുന്ന പോലെ അവൾക്കു തോന്നി.
നെഞ്ചോടു ചേർത്തുവച്ച പത്രം അവൾ വീണ്ടുമെടുത്തു.
വായിക്കുവാൻ ബാക്കിവച്ച ചരമ കോളത്തിലെ അവസാന
വരികൾ അയാൾ അവൾക്കെഴുതിയ കത്തിലെ അതേ വരികൾ തന്നെയായിരുന്നു.
അത് പിന്നെയും അയാളുടെ സ്വരത്തിൽ പറഞ്ഞു " ജീവിതം തുടരുക..അകന്നു പോയ ബന്ധങ്ങൾക്കോ , മറഞ്ഞു പോയ മുഖങ്ങള്‍ക്കോ ഇനി സ്ഥാനമില്ല...."