സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Tuesday, April 24, 2018

യാത്രക്കാരൻ !വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി അയാൾ ആ നഗരത്തിൻ വച്ച് അവളെ കണ്ടുമുട്ടി. അയാൾ ആശ്ചര്യത്തോടെ കുറച്ചു നേരം അവളുടെ കണ്ണുകളിലേക്കു നോക്കി കൊണ്ടു പറഞ്ഞു " എന്നും ഓർക്കും... പക്ഷേ കണ്ടുമുട്ടുവാൻ കഴിഞ്ഞില്ല..., കാലങ്ങൾ കഴിഞ്ഞപ്പോൾ മറന്നു കാണും എന്ന് കരുതി "

അയാളെ കണ്ടപ്പോൾ അവൾക്കു പ്രത്യേക ആശ്ചര്യം ഒന്നും തോന്നിയില്ല. എന്നാലും അയാളുടെ സംസാരത്തിന് ഒരു മൂളലിൽ മാത്രം മറുപടി ഒതുക്കിക്കൊണ്ടു അവൾ അയാളുടെ നിരകൾ വീണ താടി രോമങ്ങളിലേക്കു കണ്ണോടിച്ചു. തന്നെ നിരീക്ഷിക്കുന്ന അവളുടെ കണ്ണുകളിൽ പരിഭവവും ദേഷ്യവും സങ്കടവും നിറയുന്നത് അയാൾ കണ്ടു.

അന്നേരം ഒരു കുട്ടി പുറകിൽ നിന്ന് "അമ്മേ .." എന്ന് വിളിച്ചു കൊണ്ട് ഓടി വന്നു അവളുടെ സാരി തുമ്പിൽ പിടിച്ചു.

അയാൾ മകന്റെ പേർ ചോദിച്ചു. അപ്പോൾ അവൾ അയാളുടെ പേർ പറഞ്ഞു.

അവളുടെ സ്നേഹം തിരിച്ചറിയാതെ കടന്നു കളഞ്ഞ തന്നോടുള്ള മധുര പ്രതികാരം ആയിരുന്നു അത് എന്ന് അയാൾക്ക് മനസ്സിലായി. പക്ഷെ....സത്യം !

അവളുടെ കണ്ണുകളിൽ അയാൾ വീണ്ടും ആഴത്തിൽ നോക്കി. ആ നോട്ടം അവളുടെ മനസ്സിന്റെ പടി വാതിൽ വരെ എത്തി.

നിശബ്ദനായി അയാൾ കഴിഞ്ഞതെല്ലാം മനസ്സിൽ നിരത്തുകയായിരുന്നു. സാഹചര്യങ്ങളാണ് നമ്മളെ തമ്മിൽ പിരിച്ചത്. വാക്കുകൾ ഓരോന്നായി അയാൾ പുറത്തെടുക്കാൻ ശ്രമിക്കവേ ഒന്നും പറയാതെ അവൾ മകന്റെ കൈ പിടിച്ചു കൊണ്ടു അയാളിൽ നിന്ന് നടന്നകന്നു .

പക്ഷേ...സത്യം ! അതു ഇന്നും അവൾ കേൾക്കുവാൻ തയ്യാറല്ല .

തന്റെ ജീവിതത്തെ കുറിച്ച് ഒരു വാക്ക്‌ പോലും അവൾ ചോദിച്ചില്ല. താൻ തനിച്ചാണ് ഇപ്പോഴും ജീവിക്കുന്നത്. അതും അറിയാൻ ശ്രമിക്കാതെയാണ് അവൾ കടന്നു കളഞ്ഞത്. വർഷങ്ങൾക്ക് മുമ്പും ഇങ്ങനെ തന്നെയാണ് സംഭവിച്ചത്. തന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്നറിയാൽ അവൾ ഒരിക്കലും താൽപ്പര്യപ്പെട്ടിട്ടില്ല.

അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടൽ തികച്ചും യാദൃശ്ചികം. പക്ഷെ വിധി ഇങ്ങനെ ആയിരിക്കും. "ഇനി ഒരു കാത്തിരിപ്പിനും കണ്ടുമുട്ടലിനും അർത്ഥമില്ല ജീവിതത്തിൽ" എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു.

എങ്കിലും പരിഭവങ്ങൾ ഉള്ളിലൊതുക്കി അയാൾ പതുകെ നഗര പാതയിലേക്ക്‌ ഇറങ്ങി നടന്നു. ആൾകൂട്ടത്തിൽ ഒരുവനായി അയാൾ നടന്നു നീങ്ങുമ്പോൾ ഓരോ ദിവസവും മാറി മറിയുന്ന ജീവിത കാഴ്ചകൾ കാണുന്ന നഗരത്തിന് അയാൾ വെറും ഒരു അപരിചിതനായ യാത്രക്കാരൻ മാത്രമായിരുന്നു !

No comments:

Post a Comment