സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Wednesday, April 27, 2011

പഴങ്കഥകള്‍...ഒരു കഥ!



രാത്രി ഏറെയായിട്ടും ഉറക്കം വരാതെ അയാള്‍ കിടക്കുകയാണ്. അരികില്‍ തന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന കുഞ്ഞു മകളുടെ കൈകള്‍ അയാള്‍ പതുക്കെ മാറ്റി. ഭാര്യയും നല്ല ഉറക്കമാണ്.അവളുടെ അരികില്‍ സംത്രിപ്ത്തിയോടെ മോന്‍ സുഗമായി ഉറങ്ങുന്നുണ്ട്. അയാള്‍ അവരെ ഒന്നു നോക്കി പതുക്കെ എഴുനേറ്റു ബാല്‍ക്കണിയില്‍ ഇട്ടിരുന്ന കസേരയില്‍ പോയി ഇരുന്നു.

അയാളുടെ കണ്ണുകള്‍ അനന്തമായ വാനില്‍ മിന്നുന്ന താരകങ്ങളെ അലക്ഷ്യമായി നോക്കി. എത്ര ആശയോടെയാണ് കുടുംബമായി നാട്ടില്‍ വന്നത്. പച്ചപ്പ്‌ നിറഞ്ഞ ഗ്രാമത്തില്‍ മുറ്റമെല്ലാമായി നല്ല ഒരു കൊച്ചു വീട്. കടലിനപ്പുറത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ മനസ്സിലെ ആശ അതായിര്‍ന്നു. ഒടുക്കം ഇവിടെ വന്നിട്ടും തല ചായ്ക്കാന്‍ വീണ്ടും ഫ്ലാറ്റ് തന്നെ ആശ്രയിക്കേണ്ടി വന്നു. അവിടെ കോണ്‍ഗ്രീറ്റ് കെട്ടിടത്തിന്റെ തടവറയില്‍ താമസിച്ച മകള്‍ക്ക് താന്‍ എത്രയോ ഗ്രാമീണ സുന്ദര കഥകള്‍ പറഞ്ഞു കൊടുത്തു. ജീവിതത്തിന്റെ തിരക്കില്‍ നാടിന്റെ നന്മ വേണ്ടുവോളം അവള്‍ക്കു കഥകളിലൂടെ നല്‍കി. നാട്ടിലേക്ക് വരുമ്പോള്‍ എത്ര കൊതിപ്പിച്ചു ആ കുഞ്ഞു മനസ്സിനെ.. അവസാനം നാട്ടില്‍ എത്തിയിട്ടും അവള്‍ തന്റെ കഥ കേട്ട് കൊണ്ടാണ് ഇപ്പോഴും ഉറങ്ങിയത്. പാവം!

നാളെ ഈ കെട്ടിടത്തില്‍ കുടുംബത്തെ തനിച്ചാക്കി മരുഭൂനാട്ടിലേക്ക് തിരിച്ചു പറക്കും.
താന്‍ പോയാല്‍ അവള്‍ ഒരിക്കല്‍ തിരിച്ചറിയും "അച്ഛന്‍ പറഞ്ഞ കഥയിലെ നാട് ഇതാണെന്നും, അന്ന് അച്ഛന്‍ പറഞ്ഞ കഥ നുണകഥ ആണെന്നും..."

വാനിന്‍ ഇരുളില്‍ പറക്കുന്ന ചിന്തകളെ പിടിച്ചു വെക്കാന്‍ അയാള്‍ക്കായില്ല. പക്ഷെ അയാളുടെ കണ്ണുകളെ വാനില്‍ നിന്ന് ഫ്ലാറ്റിന്റെ അകത്തേക്ക് മാടിവിളിച്ചുകൊണ്ട് മകളുടെ ചെറിയ സ്വരം പിന്നാലെ വന്നു..

"അച്ഛാ..എന്താ ഉറങ്ങാതെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുന്നത്"

മകളുടെ നിഷ്കളങ്കമായ ചോദ്യത്തിന് ഉത്തരം നല്‍കാതെ അയാള്‍ ചോദിച്ചു: "എന്താ മോള്‍ ഉറങ്ങിയില്ലേ"?

അയാളുടെ ചോദ്യത്തിന് മറുപടിയായി പാതി ഉറക്കം പൊതിഞ്ഞ മിഴികളുമായി മകള്‍ പറഞ്ഞു.."അച്ഛാ..ഞാന്‍ അച്ഛന്‍ പറഞ്ഞു തന്ന കഥ സ്വപ്നം കണ്ടു" നല്ല ഭംഗിയുള്ള സ്ഥലം. ആ നാട് എവിടെയാണ് അച്ഛന്‍?"

അച്ഛന്‍ പറഞ്ഞുതന്ന കഥയിലെ ആ നാട്ടിലാണ് ഇപ്പോള്‍ നമ്മള്‍ താമസിക്കുന്നത് എന്ന്‌ പറയാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. അയാള്‍ കസേരയില്‍ നിന്ന് എഴുനേറ്റു മകളുമായി കട്ടലില്‍ വന്നു കിടന്നു.വീണ്ടും മകള്‍ക്ക് പാതിരാത്രിയില്‍ അയാള്‍ നാടിന്റെ പച്ചപ്പ്‌ നിറഞ്ഞ പഴങ്കഥകള്‍ പറഞ്ഞു കൊടുത്തു.

ശാലീനത നഷ്ട്ടപ്പെട്ട നാടിന്റെ ദുര്‍വിധി അയാളെ അലട്ടിക്കൊണ്ടിരിക്കുമ്പോള്‍ മകളുടെ കുഞ്ഞു മിഴികള്‍ തന്റെ അച്ഛന്‍ പറഞ്ഞ കഥയിലെ നാട് കാണുവാന്‍ വേണ്ടി വിരുന്നു പോകുവാന്‍ തിടുക്കം കൂട്ടുകയായിരുന്നു...

6 comments:

  1. ഫ്ലാറ്റിന്‍റെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട് സ്വന്തം നാട്ടില്‍ വരുമ്പോള്‍ വീണ്ടും മറ്റൊരു ഫ്ലാറ്റ് ജീവിതത്തിന്‍റെ കുടുസ്സതയിലേക്ക്, അസഹനീയം തന്നെ,
    നല്ല കഥ.

    ReplyDelete
  2. എക്സ്-പ്രവാസിനി..അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം..നന്ദി..വീണ്ടും വരിക.

    ReplyDelete
  3. നന്നായി...അക്ഷരത്തെറ്റ് തിരുത്തുക...
    ആശംസകള്‍ ....

    ReplyDelete
  4. നന്നായിരിക്കുന്നു..കാലികമാണല്ലൊ വിഷയം..ആശംസകൾ..

    ReplyDelete
  5. ശാലീനത നഷ്ട്ടപ്പെട്ട നാടിന്റെ ദുര്‍വിധി ഒരു കൊച്ചുകഥയിലേക്ക് ഒതുക്കിപ്പറഞ്ഞു.നന്നായിരിക്കുന്നു.ഒന്നുരണ്ടിടത്ത് അക്ഷരത്തെറ്റ് വന്നു എന്നു തോന്നുന്നു.അത് ആസ്വാദനത്തിന് തടസമുണ്ടാക്കുന്നതു പോലെ.

    ആശംസകള്‍.

    ReplyDelete
  6. ഇന്നാ പഴയ ഗ്രാമങ്ങള്‍ തന്നെ മണ്ണിനടിയില്‍ പെട്ടുകൊണ്ടിരിക്കുന്നു
    കൂറ്റന്‍ അമ്പര ചുമ്പികള്‍ കൈയ്യടക്കിയിരികുന്നു നമ്മുടെ ഗ്രാമങ്ങള്‍

    ReplyDelete