പ്രണയത്തിനായി ഒരു ദിനം!
ഇങ്ങനെ ഒരു ദിനത്തോട് വലിയ പ്രതിപത്തി ഒന്നും ഇല്ലെങ്കിലും ഇപ്പോള്‍ ഈ ദിനം കൊണ്ട് മാത്രമാണിപ്പോള്‍ അയാള്‍ വീണ്ടും അവളെ ഓര്‍ക്കാന്‍ കാരണം. ഒരിക്കല്‍ ഇങ്ങനെ ഒരു ദിനത്തില്‍ ആണ് അവള് പ്രണയമായി കടന്നു വന്നത്. തന്റെ മൊബൈലില്‍ ഇപ്പോഴും അവളുടെ നമ്പര്‍ ഉണ്ട്. പക്ഷെ വിളിക്കാറില്ല. കുറെ കാലം ആയി ആ ബന്ധം നശിച്ചു പോയിട്ട്. ഇനി ജീവിതത്തില്‍ ഒരിക്കല്‍ പോലും അവളെ കാണരുത്. അയാളുടെ ആഗ്രഹം അതായിരുന്നു. പക്ഷെ ഈ പ്രണയ ദിനം വന്നപ്പോള്‍ അറിയാതെ അവളുമായുള്ള പഴയ നല്ല നിമിഷങ്ങള്‍ ആലോചിച്ചു പോയി. അപ്പോള്‍ അയാളില്‍ ഒരു മോഹം അവളുടെ വിശേഷങ്ങള്‍ അറിയാന്‍.
അയാള്‍ മൊബൈല്‍ എടുത്തു അവളെ വിളിക്കാന്‍..പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല.
"അവള്‍ക്കു നിന്നെ വേണ്ട. പിന്നെ എന്തിനാണ് വെറുതെ അവളെ വിളിച്ചു ശല്യപ്പെടുത്തുന്നത്. ഇത്ര കാലമായിട്ടു ഒരു മിസ്സ് കാള്‍ പോലും അവള് നിനക്ക് തന്നിട്ടില്ല. ഇത്ര വാശിയോ അവള്‍ക്ക്?" മനസ്സ് അയാളെ ഇങ്ങനെ ഓര്‍മിപ്പിച്ചുക്കൊണ്ടിരുന്നു.
ഒരു സുഹൃത്തിനെപ്പോലെ മറ്റൊരു മനസ്സ് പറഞ്ഞു "നീ വിളിക്കൂ... വാശി കളഞ്ഞു അവളെ വിളിക്കൂ.. ഒരു പക്ഷെ നിന്റെ വിളികള്‍ക്കായി അവള് കാതോര്‍ക്കുന്നുണ്ടാവും.."
വീണ്ടും അയാള്‍ ഫോണ്‍ ചെയ്യാന്‍ തീരുമാനിച്ചു. "വേണ്ട..അരുത്..ചിലപ്പോള്‍ നിന്റെ ശബ്ദം കേട്ടാല്‍ അവള് ഫോണ്‍ കട്ട് ചെയ്താലോ? അത് കൂടുതല്‍ വേദനിപ്പിക്കും. വേണ്ട..ഒന്നും വേണ്ട..പോയ ബന്ധങ്ങള്‍ പോട്ടെ..ഇനി ഒരു കൂടിച്ചേരല്‍.. ഒരിക്കലുമില്ല.." വാശിയുടെ മനസ്സ് അയാള്‍ക്ക് വീണ്ടും താക്കിത് നല്ക്കി.
പിന്നെ വല്ലാത്ത പോരാട്ടം തന്നെ നടക്കുകയായിരുന്നു അയാളുടെ രണ്ടു മസ്സുകള്‍ തമ്മില്‍. വേണോ..വേണ്ടയോ എന്ന പോരാട്ടം. ഒടുവില്‍ സുഹൃത്തായ മനസ്സ് ജയിച്ചു. അത് പറഞ്ഞു "ഒന്നു വിളിച്ചു നോക്കൂ....അവള് എങ്ങനെ പ്രതികരിക്കും എന്ന് നോക്കാമല്ലോ.. ഇപ്പോഴും അവളില്‍ വല്ല സ്നേഹവും ബാക്കിയുണ്ടെങ്കില്‍..."
അവളോട് വിളിച്ചാല്‍ എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നതിനെ കുറിച്ചായി പിന്നെ അയാളുടെ ചിന്ത. അവസാനം അയാള്‍ ഒരു കവിയുടെ വരികള്‍ കടമെടുക്കാന്‍ തീരുമാനിച്ചു.
"വെറുതെ ഈ നിനവുകള്‍ വന്നു പോയി വൈയിലത്തൊരു മഴ ചാറ്റല്‍ പോലെ...."
ഈ വരികള്‍ കേട്ടാല്‍ വെയില് നിറഞ്ഞ അവളുടെ മനസ്സിന് തന്റെ ഓര്‍മ്മകള്‍ കാര്‍മേഘങ്ങള്‍ ഇല്ലാത്ത വരുന്ന ഒരു മഴ പോലെ പെയ്യും...
അയാള്‍ മൊബൈല്‍ എടുത്തു അവളുടെ നമ്പര്‍ ഡയല് ചെയ്തു. പക്ഷെ ആ നമ്പര്‍ നിലവില്‍ ഇല്ല എന്നാണ് വിവരം ലഭിച്ചത്. വാശിപിടിച്ച മനസ്സ് അയാളെ കളിയാക്കി. "നിന്നെ അവള് മറന്നുകഴിഞ്ഞു. വെറുതെ എന്തിനാണ് അവളെ നീ പിന്തുടരുന്നത്.."
അയാള്‍ നിരാശയില്‍ താണു തുടങ്ങി. അപ്പോഴാണ് ഒരു അപരിചിത നമ്പറില്‍ നിന്ന് കാള്‍ വന്നത്. എടുത്തപ്പോള്‍ ഒരു സ്ത്രീ ശബ്ദം പ്രണയദിനാശംസകള്‍ നേരുന്നു. അയാള്‍ക്ക് ഒന്നും മനസ്സിലായില്ല. ദേഷ്യവും നിരാശയും നിറഞ്ഞ അയാള്‍ "സോറി.." എന്ന് മാത്രം പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു എസ്. എം. എസ്. മൊബൈലില്‍ വന്നു. അത് തുറന്നു നോക്കിയപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടുപോയി.
"വെറുതെ ഈ നിനവുകള്‍ വന്നു പോയി വൈയിലത്തൊരു മഴ ചാറ്റല്‍ പോലെ" ... സസ്നേഹം..
തന്റെ മനസ്സ് ദൂരെയിരുന്നു ആരോ വായിച്ചത് പോലെ.. ആരായിരിക്കും അത്...???
സുഹൃത്തായ മനസ്സ് അയാളെ സസന്തോഷം അറിയിച്ചു." സ്നേഹം സത്യമാണ്. ആ സത്യം അധികനാള്‍ മറച്ചു പിടിക്കാനാവില്ല ആര്‍ക്കും.നിന്റെ അതേ അവസ്ഥ തന്നെയാണ് അവളുടെതും..ഇതു അവള് തന്നെ.ഈ പ്രണയ ദിനം വീണ്ടും സ്നേഹത്തിന്റെ വസന്തം ജീവിതത്തില്‍ നിറക്കട്ടെ.."
അയാള്‍ അവളുടെ സ്വരം കേള്‍ക്കുവാന്‍ വേണ്ടി ഡയല് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ആ അപരിചിത നമ്പര്‍ വീണ്ടും അയാളെ തേടി മൊബൈലില്‍ റിംഗ് ചെയ്തുകൊണ്ടിരുന്നു...