സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Friday, November 19, 2010

നൊസ്റ്റാള്‍ജിയ



അയാള്‍ നാട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ മൂത്ത മകള്‍ അഞ്ചു വയസുകാരിയാണ് ഫോണ്‍ എടുത്തത്‌. അവിടെ നിന്നു "ഹലോ" എന്ന് മകള്‍ പറഞ്ഞപ്പോള്‍ തെന്നെ അയാള്‍ക്ക്‌ മനസിലായി അവള്‍ ഓടി വന്നാണ് ഫോണ്‍ എടുത്തതെന്ന്.

അയാള്‍ ചോദിച്ചു: എന്തിനാ മോള്‍ ഓടി വന്നു ഫോണ്‍ അടുത്തത്. അത് കൊണ്ടല്ലേ കിതക്കുന്നത്..? പപ്പ പറഞ്ഞിട്ടില്ലേ ഓടി വന്നു ഫോണ്‍ എടുക്കരുതെന്ന്. മുമ്പ് ഇതുപോലെ ഫോണ്‍ എടുക്കാന്‍ ഓടിയിട്ടല്ലേ വീണത്‌..അത് മറന്നോ മോളൂ..

മകള്‍ പറഞ്ഞു: ഇല്ല പപ്പാ, ഞാന്‍ ഉമ്മറത്ത്‌ കളിക്കുകയായിരുന്നു. മഴ വന്നപ്പോള്‍ പിന്നെ അത് നോക്കി നിന്നു. നല്ല രസം. ഫോണ്‍ റിംഗ് കേട്ടപ്പോള്‍ അത് പപ്പയായിരുക്കും എന്ന്‌ കരുതി ഓടി വന്നതാണ്.

മകള്‍ മഴ നോക്കി നില്‍ക്കുകയായിരുന്നു എന്ന്‌ പറഞ്ഞത് കേട്ടപ്പോള്‍ അയാള്‍ക്ക്‌ സന്തോഷമായി. കാരണം പുതിയ കുട്ടികള്‍ക്ക് പ്രകൃതി എന്താണെന്ന് പോലും അറിയാത്ത കാലം ആയിരിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ അവള്‍ മഴയെ ശ്രദ്ധിച്ചല്ലോ..

അയാള്‍ ചോദിച്ചു : മോളെ, അമ്മ എവിടെ ?

മകള്‍ : അമ്മ അടുകളയില്‍ പണിയിലാണ്..

അയാള്‍ : നമ്മുടെ കുഞ്ഞിവാവ എവിടെപ്പോയി..?

മകള്‍ : അവള്‍ നല്ല ഉറക്കമാ പപ്പ..

മകളുടെ കുഞ്ഞു മനസ്സില്‍ മഴയെകുറിച്ച് വലതും ഉണ്ടോ എന്നറിയാന്‍ അയാള്‍ക്ക്‌ വല്ലാത്ത മോഹം. തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാല്‍ അവള്‍ക്കു കഴിയുമോ എന്നറിയില്ല. എന്നാലും അയാള്‍ ചോദിച്ചു: എന്തെല്ലാമാണ് മഴയില്‍ മോള്‍ കണ്ടത്? മഴ വരുന്നത് ശ്രദ്ധിച്ചോ? എങ്ങനെയാ മഴ വന്നത്?

അയാളുടെ ചോദ്യങ്ങള്‍ക്ക് അവള്‍ തെല്ലും ചിന്തിക്കാതെ വളരെ ലളിതമായി നിഷ്കളങ്കമായ ഉത്തരം നല്‍കി: പപ്പ, മഴ തുള്ളി തുള്ളിയായി ആണ് പെയ്യുന്നത്. എനിക്ക് മഴയത്ത് ഓടി കളിക്കണം. അമ്മ കണ്ടാല്‍ തല്ലു കിട്ടും. അതാ ഉമ്മറത്ത് തന്നെ നില്‍ക്കുന്നത്.

ഇതു കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു: മോളെ, മഴയത് കളിച്ചാല്‍ അസുഖം വരും. മോള്‍ ഉമ്മറത്ത്‌ തന്നെ നിന്നാല്‍ മതി കേട്ടോ.

ആ പപ്പ, ഞാന്‍ അമ്മയെ വിളിക്കാം എന്ന് പറഞ്ഞു അവള്‍ റിസീവര്‍ വച്ച് അടുകളയിലേക്ക് ഓടി..

അയാള്‍ ഫോണിലൂടെ മോള്‍ ഓടുന്ന ശബ്ദം കേട്ട് കുറച്ചു ഉച്ചത്തില്‍ പറഞ്ഞു മോളെ ഓടല്ലേ..വീഴും...

താഴെ വച്ച റിസീവറിലൂടെ അയാളുടെ കാതില്‍ പതുക്കെ വന്നെത്തിയ മഴയുടെ താളം അയാളുടെ മനസിന്റെ ഓര്‍മ ചെപ്പില്‍ നിന്ന് നാടിന്റെയും കുട്ടികാലത്തിന്റെയും ഒരായിരം ഓര്‍മ്മകള്‍ വാരി വിതറി... മഴത്തുള്ളികള്‍ പോലെ...പുതുമഴയുടെ ഗന്ധം പോലെ....!

കറുത്ത് ഇരുണ്ട് നില്‍ക്കുന്ന മേഘങ്ങള്‍, നിലത്തു പതിക്കാനായി വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍, അവയെ മാറോടന്നക്കാന്‍ ദാഹിച്ചു നില്‍ക്കുന്ന ഭൂമി, ആ സന്തോഷത്തില്‍ പങ്കാളികള്‍ ആകാനായി എല്ലാ ജീവജാലങ്ങളും, മഴയുടെ ആഗമനം അറിയിക്കാനായി ഓടി നടക്കുന്ന കാറ്റ്, ആ ആഹ്ലാദത്തില്‍ മതിമറന്നു ആടി ഉലയുന്ന മരങ്ങള്‍....എന്ത് രസം കാണാന്‍!
ദാ വരുന്നു...ഒരു തുള്ളിക്ക്‌ ഒരു കുടം ആയി..... ചറ പറ എന്ന് മൂളി കൊണ്ട്.....

വീടിന്റെ ഉമ്മറത്ത്‌ പ്രകൃതിയുടെ കൌതുകങ്ങള്‍ നോക്കിക്കൊണ്ട്‌ ഒരു കുട്ടിയായി...എല്ലാം ഇപ്പൊഴും ഈ മരുഭൂവില്‍ മനസ്സില്‍ മായാത്ത മഴവില്ലായി, പുതുമഴയുടെ നനുത്ത ഗന്ധവും കുളിരും...

ആ ഓര്‍മകളുടെ ചെപ്പിലേക്ക് അപ്പുറത്ത് നിന്ന് അയാളുടെ ശ്രീമതിയുടെ ശബ്ദം ഹലോ..ഹലോ..എന്താ ഒന്നും മിണ്ടാത്തത്...എന്ന രൂപത്തില്‍ ആഞ്ഞു വീശി. ആ ശക്തിയില്‍ അയാള്‍ക്ക്‌ നോസ്റ്റാല്‍ജിയയുടെ ചെപ്പു അടച്ചു വെക്കാന്‍ കഴിഞ്ഞില്ല. ഭാര്യയോടു വീട്ടുവിശേഷങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ തന്റെ പ്രിയപ്പെട്ട മഴയെ കുറിച്ചും തിരക്കി.

ഭാര്യ പറഞ്ഞു: എന്നും മഴയാ. ഈ നശിച്ച മഴ കാരണം, ഒന്നും പറയണ്ട.. പുറത്തേക്കു ഇറങ്ങാന്‍ പോലും കഴിയുന്നില്ല. ഡ്രസ്സ്‌ പോലും മഴ കാരണം പുറത്തു ഉണക്കാന്‍ ഇടുവാന്‍ കഴിയുന്നില്ല. വീടിന്റെ ഉള്ളില്‍ തന്നെ അഴ കെട്ടി ഇടുകയാണ് ചെയ്യുന്നത്.

അപ്പോഴേക്കും ഭയങ്കരമായ ഒരു ശബ്ദം ഭാര്യയുടെ സംസാരത്തോടൊപ്പം അയാളുടെ കാതുകളില്‍ എത്തി.

അയാള്‍ തിരക്കി: അതെന്താ ഒരു ശബ്ദം!

ഭാര്യ: ഇടി വെട്ടിയതാ..ദാ..ഇപ്പോള്‍ പോകും കരണ്ട്...!!

പിന്നാലെ ഒരു നേരിയ കരച്ചിലും അയാളുടെ ചെവിയില്‍ വന്നെത്തി...

ഭാര്യ തുടര്ന്നു : ചേട്ടാ, ഞാന്‍ ഫോണ്‍ വച്ചോട്ടെ.. ഇടിയുടെ ശബ്ദം കേട്ടു പേടിച്ചു മോള്‍ ഉണര്‍ന്നു..നല്ല പോലെ കരയുന്നുണ്ട്..ഞാന്‍ പോയി എടുക്കട്ടെ അവളെ..

ഭാര്യയുടെ തോളില്‍ തല ചായ്ച്ചാല്‍ മോളുടെ കരച്ചില്‍ മാറുമെന്ന പൂര്‍ണ്ണവിശ്വാസം ഉള്ളതുകൊണ്ട് പിന്നീട് വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ വെച്ച് അയാള്‍ അടക്കാന്‍ മറന്നുപോയ ചെപ്പിന്റെ മൂടി തിരഞ്ഞുകൊണ്ട് നോസ്റ്റാല്‍ജിയയുടെ പെരുമഴയില്‍ വീണ്ടും ഇറങ്ങി..

2 comments:

  1. നോസ്റ്റാല്‍ജിയയുടെ പെരുമഴയില്‍ അയാളുടെ ചിന്തയും മനസ്സുമായി ഒരു പ്രവാസിയായ ഞാനുമുണ്ട്. എനിക്കുറപ്പുണ്ട് ഇത് വായിച്ചു കഴിഞ്ഞ ഏതൊരു പ്രവാസിയും അയാള്‍ക്കൊപ്പം നോസ്റ്റാല്‍ജിയയുടെ പെരുമഴയില്‍ ഇറങ്ങിയിരിക്കുമെന്ന്. വളരെ ഹൃദ്യമായ ശൈലി.. ബ്ലോഗില്‍ കഥക്കനുയോജ്യമായ ചിത്രങ്ങളും.. ഏറെ സന്തോഷം തോന്നി.

    - ബഷീര്‍ കുറുപ്പത്ത്, ചാവക്കാട്
    അബുദാബി

    ReplyDelete
  2. ബഷീര്‍, വളരെയധികം സന്തോഷമുണ്ട് എന്റെ ഈ എളിയ കഥ വായിച്ചു വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിന്. ഈ പ്രോത്സാഹനത്തിനു വളരെ നന്ദി. വീണ്ടും വരിക.

    ReplyDelete