സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Tuesday, November 16, 2010

അണിയാന്‍ ആഗ്രഹിച്ച വളകള്‍



രാത്രിയായിട്ടും റംല ഉറങ്ങിയിട്ടില്ല. ഉമ്മറത്ത്‌ തന്നെ കാത്തിരിപ്പാണ്. അവളുടെ കണ്ണും കാതും ഖദീജുമ്മയുടെ വീട്ടിലോട്ടാണ്. കബീര്‍ വരുന്നതും നോക്കി. എത്ര കാലത്തിനു ശേഷമുള്ള വരവാണ്. നീണ്ട ആറു വര്‍ഷം. താനും കബീര്‍ക്കയുടെ സഹോദരി സുഹറയും പത്താം ക്ലാസ്സില്‍ പഠിക്കുന്ന അവസരത്തിലാണ് കബീര്‍ക്ക ഗള്‍ഫിലേക്ക് പോയത്. അന്ന് കബീര്‍ക്ക ഡിഗ്രി ഒന്നാം വര്‍ഷം ആയിരുന്നു. വിസ വന്നപ്പോള്‍ പഠിപ്പ് നിര്‍ത്തിയിട്ടാണ് മൂപ്പരുടെ ഉപ്പയുടെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോയത്.

കബീര്‍ക്ക എത്ര മാറിയിട്ടുണ്ടാവും. പഴയതിനേക്കാള്‍ തടി കൂടിയിട്ടുണ്ടാകുമോ? കൂടുതല്‍ സുന്ദരന്‍ ആയിട്ടുണ്ടാകുമോ? കണ്ടാല്‍ പഴയ ഇഷ്ട്ടം തന്നോടു ഉണ്ടാവുമോ? അതോ മറന്നു കാണുമോ? അങ്ങനെ നൂറു ചോദ്യങ്ങള്‍ അവളുടെ മനസ്സില്‍ ഉയര്‍ന്നു.
കൂട്ടത്തില്‍ ഒരു ആശങ്ക കൂടി അവളുടെ മനസിലുണ്ട്. സുഹറ പറഞ്ഞത് കബീര്‍ക്ക വന്നു കഴിഞ്ഞാല്‍ കല്യാണം ഉണ്ടാകും എന്നാണു. ആ ഭാഗ്യവതിയെ കുറിച്ചും റംല ഒന്നു ചിന്തിച്ചു. തനിക്കു അതിനു ഭാഗ്യം ഉണ്ടാവില്ല എന്നു നല്ലവണ്ണം ബോധ്യമുണ്ട്.എന്നാലും മനസ്സില്‍ കുറെ കാലമായുള്ള ആശ...കബീര്‍ക്ക പോലും അറിയാത്ത ആശ.


അവളുടെ ആശകള്‍ക്കും ആശങ്കകള്‍ക്കും ചിന്തകള്‍ക്കും വിരാമമിട്ടു കൊണ്ട് അകത്തുനിന്നു ഉമ്മയുടെ ശബ്ദം ഉയര്‍ന്നു..റംല..നീ ആത്തോട്ട് വരാണ്ട് എന്താ പൊറത്തിരിക്കണത്..

ഒന്നൂല്ല ഉമ്മ.. എന്ന് പറഞ്ഞു റംല അകത്തു കടന്നു വാതില്‍ ചാരുമ്പോള്‍ ഖദീജുമ്മയുടെ വീട്ടില്‍ നിന്ന് സുഹറയുടെ ശബ്ദം ഉയര്‍ന്നു... റംല...റുക്ക്യത്താ..കബീര്‍ക്ക എത്തീ....

ഇതു കേട്ട് റംല മുറ്റത്തു ഇറങ്ങി നിന്ന് ഖദീജുമ്മയുടെ വീട്ടിലോട്ടു ശ്രദ്ധിച്ചു. അവരുടെ മുറ്റത്തു കാര്‍ കിടക്കുന്നുണ്ട്‌. വലിയ കോലാഹലവും കേള്‍ക്കുന്നുണ്ട്‌. എല്ലാവരും വളരെ സന്തോഷത്തിലാണ്. കബീറിന്റെ ശബ്ദം കേള്‍ക്കാന്‍ അവളുടെ കാതുകള്‍ മോഹിച്ചു. പക്ഷെ സുഹറയുടെ കുട്ടികളുടെ ബഹളമാല്ലാതെ മാറ്റാരുടെയും ശബ്ദം വ്യക്തമായി അവള്‍ക്കു കേള്‍ക്കാന്‍ കഴിഞ്ഞില്ല.

അവള്‍ക്കു അവിടെ പോയി കബീറിനെ ഒരു നോക്ക് കാണുവാന്‍ ആശയുണ്ട്. പക്ഷെ ഉമ്മയെ വീട്ടില്‍ തനിച്ചാക്കി ഇങ്ങനെ പോകും.

അകത്തു നിന്ന് ഉമ്മ ചോദിച്ചു..അല്ല റംല..അത് സൂറാടെ എത്തല്ലേ കേട്ടത്..
റംല: ആ ഉമ്മ..കബീര്‍ക്ക വന്നൂന്ന്...
ഉമ്മ: നീ ആത്തുക്ക്‌ പോന്നോ..
ആ ഉമ്മ.. എന്ന് പറഞ്ഞുകൊണ്ട് അവള്‍ കുറച്ചു നിരാശയാലെ അകത്തു കയറി കതകടച്ചു.
ഉറങ്ങാന്‍ കിടക്കുമ്പോഴും കബീര്‍ വന്നതിന്റെ ആഹ്ലാദം അവരുടെ വീട്ടില്‍നിന്നു ഉയരുന്നത് റംല ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.
"അവരോടെ ഇന്ന് പെരുന്നാ രാവ, കേട്ടില്ലേ ബഹളം".... അപ്പുറത്തെ മുറിയില്‍ നിന്നും ഉമ്മ പറഞ്ഞു.
ഇതു കേട്ടപ്പോള്‍ റംല വെറുതെ മൂളുക മാത്രം ചെയ്തു.റംല കിടപ്പുമുറിയുടെ ജനല്‍ തുറന്നിട്ടു. തഴുകിയെത്തിയ കുളിര്‍കാറ്റു അവളെ പതിയെ സ്വപ്നങ്ങളുടെ മണിയറയിലേക്ക് കൂട്ടി കൊണ്ട് പോയി.

പിറ്റേന്ന് കാലത്ത് സ്വപ്നങ്ങളുടെ ലോകത്ത് നിന്ന് അവളെ തട്ടിയുന്നര്‍ത്തിയത് ഉമ്മയാണ്.

റംല പതിവിലും കൂടുതല്‍ സുന്ദരിയായി അന്ന്. അവള്‍ അടുക്കളായിലെ പണികള്‍ ഒരുവിധമെല്ലാം തീര്‍ത്തു ഖദീജുമ്മയുടെ വീട്ടിലോട്ടു ഓടി. അപ്പോഴും കബീറിനെ ഒന്ന് കാണണം എന്ന മോഹം ആയിരുന്നു ഖല്‍ബില്‍.

റംലയെ കണ്ടപ്പോള്‍ സുഹറ പറഞ്ഞു. അല്ല ഇതാര വരുന്നത്..റംലയൊ..? ഇന്ന് ആളൊന്നു മിനിങ്ങിയിട്ടുണ്ടല്ലോ!
റംല: ഇല്ല എന്റെ സുഹറ..നിനക്ക് തോന്നുന്നതാകും..‍
അല്ല ഖദീജുമ്മ എവിടെ...? റംല തിരക്കി
സുഹറ: ഉമ്മയും ഉപ്പയും പിന്നെ കബീര്‍ക്കയും കൂടി മൂത്തുമ്മയുടെ വീട്ടില്‍ പോയിരിക്കുകയാ..
ഇതു കേട്ടപ്പോള്‍ റംലയുടെ മനസ്സ് വാടി.. അവള്‍ സുഹറയോട് പറഞ്ഞു "ഞാന്‍ പോവുകയാ".
സുഹറ:..റംല, പോകാന്‍ വരട്ടെ..അതെ ഇക്ക എനിക്ക് ഒരു മാല കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞു. അഞ്ചു പവന്റെ... പിന്നെ രണ്ടു വളകള്‍ ഉണ്ടെന്നു പറഞ്ഞു.. അത് ഇക്ക കെട്ടാന്‍ പോകുന്ന പെണ്ണിന്...‍ നിശ്ചയത്തിനു കൊടുക്കാന്‍ വേണ്ടി.. നിനക്കും ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞു.

റംല: എന്ത് സമ്മാനം..? ഞാന്‍ ഒന്നും വേണമെന്ന് പറഞ്ഞിട്ടില്ലല്ലോ..
സുഹറ: സമ്മാനം എന്താ എന്നെനിക്കറിയില്ല റംല..എന്നാലും ഇക്ക നിനക്ക് ഇഷ്ട്ടമായി തരുന്നതല്ലേ..വാങ്ങിച്ചോ.., കുറെ നിന്നെ ചെറുപ്പത്തില്‍ കരയിച്ചിട്ടുള്ളതല്ലേ മൂപ്പര്‍..

ഇതു കേട്ടപ്പോള്‍ റംലയുടെ വാടിയ മുഖം സൂര്യകാന്തി പൂ പോലെ വിടര്‍ന്നു. അവള്‍ ഏറെ നേരം സുഹറയോട് കബീറിന്റെ വിശേഷങ്ങള്‍ ചോദിച്ചതിനു ശേഷം ആണ് വീട്ടിലോട്ടു തിരിച്ചത്.

വൈകീട്ട് കുട്ടികള്‍ക്ക് ട്യുഷന്‍ അടുക്കുന്ന സമയത്തും അവളുടെ മനസ്സില്‍ കബീര്‍ തനിക്കു കൊണ്ട് വന്ന സമ്മാനം എന്തായിരിക്കും എന്നതായിരുന്നു. ട്യുഷന്‍ സമയത്ത് കുട്ടികളും റംലയോട് ചോദിച്ചു.. "ഇന്ന് എന്താ ടീച്ചര്‍ കൂടുതല്‍ സുന്ദരി ആയിട്ടുണ്ടല്ലോ.. കല്യാണം ആയോ ടീച്ചറുടെ"?
ഇതു കേട്ടപ്പോള്‍ അവള്‍ ഉള്ളിലെ പുഞ്ചിരി അടക്കി ഗൌരവത്തോടെ കുട്ടികളെ നോക്കി.

ട്യുഷന്‍ കഴിഞ്ഞു കുട്ടികള്‍ പോയി. റംല ഉമ്മറത്തിരുന്നു ഇരുള്‍ പരക്കുന്ന മുറ്റത്തേക്ക് നോക്കിയിരുന്നു. കബീറിനെ കാണാത്തതിന്റെ വിഷമം അവളുടെ മനസ്സില്‍ ഇരുള്‍ ഇരുള്‍ പരത്തി. ആശങ്കകളുടെ ചിവീടുകള്‍ ഓരോന്നായി കരയാനും തുടങ്ങി.

അകത്തു നിന്ന് ഉമ്മയുടെ ചോദ്യം..എന്താ നീ പുറത്തു ഇരിക്കണ്?
അവള്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു ..ഒന്നുലാ ഉമ്മ..

കാത്തിരുന്നു മുഷിഞ്ഞ അവള്‍ അകത്തു കയറി കടകടച്ചു. അനന്തമായ ചിന്തകളുമായി കിടക്കുമ്പോള്‍ ആരോ വാതിലില്‍ തട്ടുന്നപോലെ തോന്നി. വീണ്ടും ശ്രദ്ധിച്ചപ്പോള്‍ അത് തോന്നലല്ല ശരിയാണെന്ന് അവള്‍ക്കു മനസിലായി..

അവള്‍ ഉമ്മയെ വിളിച്ചു, പക്ഷെ ഉമ്മ നല്ല ഉറക്കം..വിളിച്ചിട്ട് ഏഴുനേല്‍ക്കുന്നില്ല.

വീണ്ടും കതകില്‍ കൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു..ആരാ..ആരാത് പുറത്തു..?
പുറത്തു നിന്ന് പറഞ്ഞു ഇതു ഞാനാണ്..കബീര്‍..
ഇതു കേട്ടപ്പോള്‍ അവള്‍ക്കു എന്താണ് ചെയ്യേണ്ടത് എന്ന് ഒരു പിടുത്തവും ഇല്ല.. വളരെ ആകാംഷയോടെ അവള്‍ വാതില്‍ തുറന്നു...
കബീറിനെ എങ്ങനെ നോക്കണം എന്ന് അവളുടെ കണ്ണുകള്‍ക്ക്‌ പോലും അറിയുന്നില്ല..
കണ്ണ് വെട്ടാതെയുള്ള അവളുടെ നോട്ടം കണ്ടപ്പോള്‍ കബീര്‍ ചോദിച്ചു.."റംല..ഇതു ഞാന കബീര്‍"
അവള്‍ ഒരു സ്വപ്നലോകത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പോലെ... ആ..ആ..ഇക്ക..ഇരിക്ക്..ഇരിക്ക്..എന്ന് പറഞ്ഞു..
കബീര്‍: റംല, ഉമ്മ എവിടെ?
റംല: ഉമ്മ മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തില്‍ ഉറങ്ങുകയാണ്...

അങ്ങനെ കബീറും റംലയും സംസാരത്തിനിടയില്‍ പഴയ കാലങ്ങളെല്ലാം പങ്കു വച്ചു...

വഴക്ക് കൂടിയിരുന്ന ആ കുട്ടികാലം... ഒരു നാള്‍ കബീര്‍ക്കയുടെ ഉപ്പ നെര്ച്ചക്ക് പോയിവരുമ്പോള്‍ തനിക്കും സുഹറയെയും കുപ്പിവളകള്‍ കൊണ്ടുതന്നതും പിന്നീട് വഴക്ക് കൂടിയപ്പോള്‍ "എന്റെ ഉപ്പ വാങ്ങി തന്നതല്ലേ" എന്ന് പറഞ്ഞു കബീര്‍ക്ക വളകള്‍ തിരിച്ചു ചോദിച്ചതും, പിടിച്ചു വലിച്ചു പൊട്ടിച്ചതും, വളകള്‍ പൊട്ടി കയ്യില്‍ നിന്ന് ചോര വന്നതും, കരഞ്ഞതും, ഈ വിവരം അറിഞ്ഞു ഉപ്പയുടെ കയ്യില്‍ നിന്ന് കബീര്‍ക്കക്ക് തല്ലു കിട്ടിയതും..

കബീര്‍ പറഞ്ഞു: ഇപ്പോഴും അതെല്ലാം എനിക്ക് വേദനിക്കുന്ന ഓര്‍മ്മകള്‍ ആണ്..ഞാന്‍ കുറെ വേദനിപ്പിച്ചിട്ടുണ്ട് നിന്നെ....
റംല: ഞാന്‍ അതെല്ലാം സഹിച്ചില്ലേ..പിന്നെ എന്തിനാ വിഷമം...ഇപ്പോള്‍ അതെല്ലാം ആലോചിക്കുമ്പോള്‍ മനസിനു സന്തോഷമാണ്..
കബീര്‍: റംലയുടെ കല്യാണം ഒന്നും ആയില്ലേ..
റംല: അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ കബീര്‍ക്ക അറിയാതിരിക്കുമോ? രണ്ടു മൂന്നു കാര്യങ്ങള്‍ വന്നു. ഞാന്‍ വേണ്ടാന്ന് പറഞ്ഞു..
കബീര്‍: ..എന്ത് പറ്റി..
ആ വിഷയം മാറ്റി കൊണ്ട് അവള്‍ കബീരിനോട് ചോദിച്ചു.. ഇക്കാക്ക് കുടിക്കാന്‍..
കബീര്‍: വേണ്ട റംല..ഞാന്‍ പോവുകയാണ്..
ഇറങ്ങാന്‍ എഴുന്നേറ്റ കബീര്‍ തന്റെ കയ്യിലിരുന്ന പൊതി റംലയുടെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു...ഇതു ഉമ്മാക്ക്..
അത് കഴിഞ്ഞു കബീര്‍ തന്റെ കീശയില്‍ നിന്ന് ഒരു കവര്‍ എടുത്തു റംലക്ക് കാണിച്ചു.
റംല: എന്താ ഇത്...?
കബീര്‍: ഒന്ന് തുറന്നു നോക്കൂ...
അവള്‍ അത് വാങ്ങി തുറന്നു നോക്കി. രണ്ടു സ്വര്‍ണ്ണ വളകള്‍... അത് കണ്ടപ്പോള്‍ അവള്‍ പറഞ്ഞു' ഇതു മണവാട്ടിക്കു കൊടുക്കാന്‍ കൊണ്ടുവന്നതല്ലേ? എനിക്കറിയാം. കാലത്ത് വീട്ടില്‍ വന്നപ്പോള്‍ സുഹറ പറഞ്ഞിരുന്നു.
കബീര്‍: റംലക്ക് ഇഷ്ട്ടമായോ ഈ വളകള്‍?
റംല: ആ ഇഷ്ട്ടപ്പെട്ടു..
കബീര്‍: നിനക്ക് വേണ്ടി ഞാന്‍ ഒന്നും കൊണ്ട് വന്നിട്ടില്ല കേട്ടോ..
റംല മൌനം പാലിച്ചു..
കബീര്‍: ഈ വളകള്‍ മതിയോ?
റംല: എനിക്ക് ഒന്നും വേണ്ട..കബീര്‍ക്ക മറക്കാതെ ഇരുന്നാല്‍ മാത്രം മതി. ഈ ചോദ്യം തന്നെ എനിക്ക് എല്ലാമായി..
കബീര്‍: റംല, നിനക്ക് ഒരു മാറ്റവുമില്ല. പഴയ അതെ സ്വഭാവം തന്നെ ഇപ്പോഴും. നിനക്കുള്ള സമ്മാനം ഞാന്‍ എടുക്കാന്‍ വിട്ടുപോയി, ഞാന്‍ സുഹറയുടെ കയ്യില്‍ കൊടുക്കാം. നീ വാങ്ങിച്ചാല്‍ മതി നാളെ..

ആ വളകള്‍ കബീറിന് തിരിച്ചു കൊടുക്കുമ്പോള്‍ റംല പറഞ്ഞു..ഇക്കാക്ക് നല്ല ഒരു സുന്ദരി പെണ്ണിനെ തന്നെ അല്ലാഹു മണവാട്ടിയായി അടിപ്പിച്ചു തരട്ടെ..ഞാന്‍ ദുആ ചെയ്യാം.

ഇതു കേട്ടപ്പോള്‍ കബീര്‍ അവളുടെ കണ്ണുകളിലേക്കു നോക്കിയിട്ട് പറഞ്ഞു..പടച്ചവന്‍ നിന്റെ ആഗ്രഹങ്ങളും എത്രയും വേഗം പൂര്‍ത്തീകരിച്ചു തരട്ടെ..എന്ന് പറഞ്ഞു കബീര്‍ വീട്ടിലോട്ടു തിരിച്ചു നടന്നു.

റംല പടിയിറങ്ങി ഇരുളില്‍ മറയുന്ന കബീറിനെ നോക്കി നിന്നു. അപ്പോള്‍ കണ്ണില്‍ നിന്നും മാത്രമല്ല തന്റെ ഖല്‍ബിന്റെ ഉമ്മറത്ത്‌ നിന്നും കബീര്‍ മറയുന്നതായി അവള്‍ക്കു തോന്നി.

പ്രതീക്ഷകള്‍ അസ്തമിച്ച ആ രാത്രിയുടെ ആലസത്യത്തില്‍ നിന്നും അവള്‍ അടുത്ത ദിവസം സൂര്യനോടൊപ്പം തന്നെ എഴുനേറ്റു. പതിവുപോലെ വീട്ടുജോലികള്‍ നേരത്തെ കഴിച്ചു. സുഹറയുടെ വീട്ടിലോട്ടു പോകുവാന്‍ മനസ്സ് വന്നില്ല അവള്‍ക്ക്. കബീര്‍ക്ക തനിക്കു കൊണ്ടുവന്ന സമ്മാനം എന്താണെന്ന് അറിയാന്‍ പോലും അവള്‍ക്കു ആഗ്രഹം ഇല്ലാതെയായി. എന്നാലും ദിവസും ചെല്ലുന്ന താന്‍ ഇന്ന് ചെന്നില്ലെങ്കില്‍, അതും കബീര്‍ക്ക വീട്ടില്‍ വന്നു പോയതിനു ശേഷം, സുഹറക്ക് എന്ത് തോന്നും.

അതിനാല്‍ മനസ്സില്ല മനസാലെ അവള്‍ സുഹറയുടെ വീട്ടിലോട്ടു പോയി. ഇന്നലെ രാത്രി കബീര്‍ക്ക വന്ന കാര്യം കൂടി സുഹറയോട് പറയണം.

റംല കയറിച്ചെല്ലുമ്പോള്‍ അകത്തു സുഹറയും ഖദീജുമ്മയും കബീറിന്റെ കല്യാണകാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു. അവളെ കണ്ടപ്പോള്‍ അവര്‍ സംസാരം നിറുത്തി.

ഇതു കണ്ടപ്പോള്‍ റംലക്ക് ഒരു വിഷമം പോലെ. അവള്‍ തിരിച്ചു പോകുവാന്‍ ഭാവിച്ചു.

അപ്പോള്‍ സുഹറ പറഞ്ഞു: വാ റംല..നീ പോകല്ലേ..

റംല കയറി ഇരിക്കുന്നതിനിടയില്‍ ഖദീജുമ്മ ആ രണ്ടു വളകള്‍ അവളുടെ കയ്യില്‍ എടുത്തു കൊടുത്തു. "മോളെ റംല, ഇയ്യ്‌ ഇത് കണ്ടോ, കബീര്‍ കൊണ്ട് വന്നതാ. അവന്‍ കെട്ടാന്‍ പോണ പെണ്ണിന് കൊടുക്കാന്‍..വളയാണ്..അനക്ക് ഇഷ്ട്ടമായോ? കബീര് ഒരു പെണ്ണ് നോക്കീണ്ട്ട്രെ... അവനു അവളെ മതീന്ന്...."

ഇതും പറഞ്ഞു ഖദീജുമ്മ അടുക്കളയിലോട്ടു പോയി.

റംല: കബീര്‍ക്ക ഇവിടെ ഇല്ലേ? അവിടെ പോയി?
സുഹറ: ഇല്ല, ഇക്ക കൂട്ടുകാരന്റെ വീട്ടില്‍ സാധനങ്ങള്‍ കൊണ്ട് കൊടുക്കാന്‍ പോയതാ.. കുറെ ദൂരെയാണ്...നാളെയെ വരികയോള്ളൂ..
മനസിലെ വിഷമം അടക്കിപ്പിടിച്ചു റംല ചോദിച്ചു: സുഹറ, ഏതാ ഇക്കയുടെ ഖല്‍ബിലെ ആ മണവാട്ടി?
സുഹറ: നിനക്ക് അറിയില്ല?
റംല: ഇല്ല!
സുഹറ: ഇന്നലെ ഇക്ക അവിടെ നിന്നെ കാണാന്‍ വന്നില്ലേ..?
റംല: ആ വന്ന്..
ഇത് കേട്ടപ്പോള്‍ സുഹറ ചിരിച്ചു കൊണ്ട് ചോദിച്ചു: നിനക്ക് ഇന്നലെ വന്നപ്പോള്‍ ഇക്ക സമ്മാനം ഒന്നും തന്നില്ലേ?
റംല: ഇല്ല..നിന്നെ ഏല്‍പ്പിക്കാം എന്നാണു ഇക്ക ഇന്നലെ പറഞ്ഞത്...
സുഹറ: എന്റെ കയ്യില്‍ തന്നിട്ടില്ല റംല. ചിലപ്പോള്‍ യാത്ര തിരക്കില്‍ മറന്നു കാണും.
റംല: അത് കുഴപ്പം ഇല്ല സുഹറ..
സുഹറ: റംല.... നീ ഈ വളകള്‍ ഒന്ന് അണിഞ്ഞു നോക്ക്.. ?
റംല: എന്തിനാ സുഹറ..ഞാന്‍ വെറുതെ..അത് മണവാട്ടിക്കു അണിയാന്‍ ഉള്ളതല്ലേ..

എന്നാലും നീ ഇതു ഒന്ന് ഇട്ടു നോക്ക്.. എന്ന് പറഞ്ഞ് സുഹറ നിര്‍ബന്ധിച്ചു ആ വളകള്‍ റംലയുടെ കൈകളില്‍ അണിയിച്ചു. ഇതു എനിക്ക് ചേര്‍ച്ചയില്ല സുഹറ..എന്ന് പറഞ്ഞ് റംല ആ വളകള്‍ ഊരുവാന്‍ ഭാവിച്ചു.


അപ്പോള്‍ അവളുടെ കൈ തടഞ്ഞു കൊണ്ട് സുഹറ പറഞ്ഞു: റംല, ഇതു നിനക്കുള്ളതാണ്. ഇന്നലെ രാത്രി ഇക്കയുടെ ജീവിതം നിനക്ക് സമ്മാനമായി താരാന്‍ വേണ്ടിയാണ് വന്നത്.. നീയാണ് ആ ഭാഗ്യവതി....ഇക്കയുടെ മണവാട്ടി....

ഇത് കേട്ടപ്പോള്‍ റംല കോരിത്തരിച്ചു പോയി. സന്തോഷത്താല്‍ നിറഞ്ഞ മിഴികളുമായി "താന്‍ അണിയാന്‍ ആഗ്രഹിച്ച ജീവിതം..അതാണ്‌ ഈ വളകള്‍" എന്ന് പറയാന്‍ വാക്കുകള്‍ കിട്ടാതെ അവള്‍ സുഹറയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.

3 comments:

  1. syju adipoli yaay iketto eithine kurichu enikku onnum parayaanilla athrakku super aayittundu

    ReplyDelete
  2. ഒരിച്ചിരി പൈങ്കിളി ആണെലും വായിക്കാൻ സുഖം...

    ReplyDelete
  3. ഇഷ്ടായി, നല്ല സുഖമുള്ളൊരു കഥയാണല്ലൊ

    മുമ്പ് കേട്ട പല കഥകളുടേയും തീം ആണേങ്കിലും, നന്നായി എഴുതി, അത് വായിക്കാൻ നല്ല രസമുണ്ട്

    ഇനിയും എഴുതുക

    ആശംസക്ല്

    ReplyDelete