സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Saturday, November 13, 2010

ഓട്ടോഗ്രാഫ് പ്രണയ ഇതളുകള്‍..




'കണ്‍ മുമ്പില്‍ കാണുന്ന സ്നേഹം കാണാതെ പോകരുത്...തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്...
ഒരുപാട് സ്നേഹത്തോടെ...ജാസ്മി..

പത്രം വായിച്ചു കൊണ്ടിരിക്കുന്ന കബീറിന്റെ പുറകില്‍നിന്നു ഈ വരികള്‍ ഉറക്കെ വായിച്ചു കേള്‍പ്പിച്ചിട്ട് സുഹറ ചോദിച്ചു...അല്ല, ആരാ ഈ ജാസ്മി ? ഇതുവരെ എന്നോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ ഈ ജാസ്മിയെ കുറിച്ച്..

കബീര്‍ ഒരു ഭാവമാറ്റവും കൂടാതെ പത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു... അല്ല സുഹറ, ഇപ്പൊ ഇതു നീ എവിടുന്നു തപ്പിയെടുത്തു.
അതെല്ലാം കണ്ടുപിടിച്ചു. ഞാന്‍ കാണാതിരിക്കാന്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു അല്ലെ!, അലമാരയില്‍ നിന്ന് സാധനങ്ങളും പഴയ പുസ്തകങളും മാറ്റുന്ന ഇടയിലാണ് ഈ ഓട്ടോഗ്രാഫും എഴുത്തുകളും എനിക്ക് കിട്ടിയത്...വലിയ ഒരു കുറ്റന്വേഷകയെ പോലെ സുഹറ മൊഴിഞ്ഞു.

സുഹറയുടെ കയ്യില്‍നിന്നു ആ എഴുത്തും ഓട്ടോഗ്രാഫും കബീര്‍ വാങ്ങിച്ചു.

ഓട്ടോഗ്രാഫിന്റെ പേജുകള്‍ മറിക്കുന്നത്തിനു ഇടയില്‍ കബീര്‍ പറഞ്ഞു; സുഹറ, നിനക്കറിയില്ല, ഇപ്പോഴും ഈ വരികള്‍ വായിക്കുമ്പോള്‍ ഒരു വിങ്ങല്‍ ആണ് ഉള്ളില്‍.. അവളുടെ തട്ടമിട്ട മുഖം മനസ്സില്‍ തെളിയും. സ്നേഹത്തില്‍ ചാലിച്ച് അവള്‍ എഴുതിയ വരികള്‍ നിറഞ്ഞ പേജുകള്‍ എത്രയാണ് ഈ ഓട്ടോഗ്രാഫില്‍... ആരും തിരിച്ചറിയാതിരുന്ന എന്നെ ജീവിതത്തില്‍ തിരിച്ചറിഞ്ഞ, പ്രണയത്തിന്റെ ആദ്യ വിത്തുകള്‍ മനസ്സില്‍ വിതറിയ, വിടര്‍ന്ന കണ്ണുകളുള്ള, വശ്യമായ പുഞ്ചിരിയുള്ള ആ സുന്ദരിയുടെ മുഖം...
ഇതു കേട്ടപ്പോള്‍ സുഹറയുടെ മുഖം വീര്‍ത്തു...

കബീര്‍ പറഞ്ഞു; സുഹറ..., നീ മുഖം വീര്‍പ്പിക്കണ്ട..അതെല്ലാം പഴയ കഥയാണ്‌. ഇവിടെ കുത്തിരിക്ക്‌..

എനിക്ക് കേള്‍ക്കണ്ട ഇങ്ങളുടെ പഴയ കഥകള്‍.. എന്നാലും ഇതുവരെ എന്നില്‍നിന്നു മറച്ചു വച്ചില്ലേ.. ഇപ്പോഴും അവള്‍ ഇങ്ങളുടെ മനസ്സില്‍ ഉണ്ട് ല്ലേ..
ഇതും പറഞ്ഞു സുഹറ പോകാന്‍ ഭാവിച്ചു..

ആ..പോകല്ലേ കരളേ..ഇരിക്ക്..ഈ കഥ കേട്ടിട്ട് പോ..

കബീര്‍ മുറ്റത്തെ ചക്കരമാവിലെ കൊമ്പിലിരുന്നു സല്ലപിക്കുന്ന ഇണക്കുരുവികളെ നോക്കി പ്രണയ കഥയുടെ ചുരുള്‍ അഴിച്ചു തുടങ്ങി...

കലാലയ ജീവിതത്തിന്റെ സായാഹ്നത്തില്‍ വിരിഞ്ഞ ഒരു പനിനീര്‍ പൂ. വിടരും മുമ്പേ കൊഴിഞ്ഞു വീണ പ്രണയ ഇതളുകള്‍. എപ്പോഴാണ് അവള്‍ക്കു തന്നോടു ഇഷ്ട്ടം തോന്നിയത് എന്നറിയില്ല. തമ്മില്‍ കാണും.. ചിരിക്കും..ആദ്യം അത്രയേ ഉണ്ടായിരുന്നൊള്ളൂ..

ഇടക്ക് കയറി സുഹറ; നാണമില്ലേ ഇങ്ങള്‍ക്ക് എന്നോട് ഇങ്ങനെ വര്‍ണ്ണിക്കാന്‍..
കബീര്‍ മറുത്ത് ഒന്നും പറയാതെ കഥ തുടര്‍ന്നു...

പിന്നീടാണ് അവളില്‍ നിന്ന് ഒരു കൊച്ചു പ്രണയ ലേഖനം കിട്ടിയത്....അത് വായിച്ചപ്പോള്‍ അന്ന് കോരിത്തരിച്ചുപോയി..

'കണ്‍ മുമ്പില്‍ കാണുന്ന സ്നേഹം കാണാതെ പോകരുത്...തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്...ഒരു പാട് സ്നേഹത്തോടെ...ജാസ്മി.

ഈ കൊച്ചു പ്രേമലേഖനത്തിന് ഒരു വരി പോലും മറുപടിയായി തിരിച്ചു കൊടുക്കാനുള്ള ധൈര്യം ആദ്യം ഇല്ലാതെ പോയി. എന്നിട്ടും അവള്‍ ഒരു ഇഷ്ട്ടക്കുറവും കാണിച്ചില്ല. തന്റെ ഇഷ്ട്ടം അറിയിക്കാന്‍ വൈകിയെങ്കിലും അവളെ കാണുവാനുള്ള മോഹം വളരെ വലുതായിരുന്നു മനസ്സില്‍. അതിനാല്‍ എന്നും സ്കൂള്‍ ഗേറ്റിന്റെ അടുത്ത് അവളെയും കാത്തു നില്‍ക്കും. പിന്നെ ബസ്‌ സ്റ്റോപ്പ്‌ വരെ അനുഗമിക്കും. അവള്‍ ബസ്സില്‍ കയറിയതിനു ശേഷമാണ് ഞാന്‍‍ വീട്ടില്‍ പോവുക.

സ്കൂള്‍ ജീവിതത്തിന്റെ അവസാന പരീക്ഷ ദിനത്തില്‍ ആയിരുന്നു ഞങ്ങള്‍ രണ്ടു പേരും സ്നേഹവും, ഇഷ്ട്ടവും ഓട്ടോഗ്രാഫ് മുഖേനെ കൈമാറിയത്. അന്ന് ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു അവളോട്‌. പക്ഷെ ആരോ അവളെ കൂട്ടികൊണ്ട് പോകുവാനായി കാറില്‍ വന്നിട്ടുണ്ടെന്ന് കൂട്ടുകാരി വന്നു പറഞ്ഞപ്പോള്‍ വേഗം പോവുകയാന്നുണ്ടായത്.കാറില്‍ പോകുമ്പോള്‍ പുറത്തേക്കു നോക്കി എനിക്ക് റ്റാ-റ്റാ തന്നു പോയ ആ മുഖമാണ് ഇപ്പോഴും മനസ്സില്‍ ഉള്ളത്.
വളരെയധികം വേദനയോടെയാണ് അന്ന് പിരിഞ്ഞതാണെങ്കിലും മനസ്സിന്റെയുള്ളില്‍ അവള്‍ എഴുതിയ പ്രണയ കുറിപ്പുകള്‍ വായിക്കാനുള്ള ദാഹമായിരുന്നു.

റിസള്‍ട്ട്‌ വരുന്ന അന്ന് അവളെ കാണാമല്ലോ എന്നാ പ്രതീക്ഷയില്‍ ദിവസങ്ങള്‍ കഴിച്ചു കൂട്ടി. റിസള്‍ട്ട്‌ വന്ന അന്ന് സ്കൂളില്‍ പോയി. പത്താം ക്ലാസ്സ്‌ വിജയത്തിന്റെ സന്തോഷമെല്ലാം അവളെ കാണാതായപ്പോള്‍ ഇല്ലാതെയായി.
ഓരോ ബസ്‌ വരുമ്പോഴും അവള്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ഇരുന്നു. അവള്‍ക്കു കൊടുക്കാന്‍ ചെറിയ ഒരു കുറിപ്പും പോക്കറ്റില്‍ കരുതിയിരുന്നു. പ്രതീക്ഷ നശിച്ചു നില്‍ക്കുമ്പോഴാണ് അവളുടെ കൂട്ടുകാരി നടന്നു വരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒപ്പം അവളെ കാണാതെയായപ്പോള്‍ നിരാശ കൂടി.എന്നാലും വളരെ ആകംക്ഷയോട് അവളുടെ അടുത്ത് ചെന്ന് ജാസ്മിയെ തിരക്കി.

അവള്‍ പറഞ്ഞു; ജാസ്മി കബീറിന് ഒരു എഴുത്ത് തന്നിട്ടുണ്ട്. അവള്‍ അതില്‍ എല്ലാം എഴുതിയിട്ടുണ്ട്.

വളരെ ആകാംഷയോടെ എഴുത്ത് വാങ്ങി സ്കൂള്‍ മൈതാനത്തിന്റെ ഒരരികില്‍ ഇരുന്നു വേഗം പൊളിച്ചു വായിച്ചു..
'കണ്‍ മുമ്പില്‍ വന്ന സ്നേഹം കാണാതെ പോവുകയല്ല... തിരിച്ചു തരാന്‍ കഴിയാത്ത സ്നേഹവും മനസിന്റെ വിങ്ങലാണ്..
ഒരുപാട് സ്നേഹത്തോടെ...ജാസ്മി.

ഈ വരികള്‍ വായിച്ചപ്പോള്‍ ഒരു ഇടിമിന്നല്‍ ശരീരത്തിലൂടെ കടന്നു പോയി. ഇങ്ങനെ ഒരു എഴുത്ത് അപ്രതീക്ഷിതമായിരുന്നു. ഒരു കാരണവും കൂടാതെയുള്ള വിടവാങ്ങല്‍...
കുറെ നേരം ആ എഴുത്തും പിടിച്ചു അങ്ങനെ ഇരുന്നു. പിന്നെ എങ്ങനെയെങ്കിലും അവളെ കുറിച്ച് അറിയാന്‍ ഉള്ള ആഗ്രഹത്തില്‍ ജാസ്മിയുടെ കൂട്ടുകാരിയെ തേടി ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യമാക്കി ഓടി..അപ്പോഴേക്കും അവള്‍ പോയി കഴിഞ്ഞിരുന്നു...

പിന്നെ ഞാന്‍ അവളുടെ എഴുത്തും, മനസിന്റെ വിങ്ങലും ഉള്ളില്‍ ഒതുക്കി വീട്ടിലേക്കു മടങ്ങി...

ഈ കഥ കേട്ടുകഴിഞ്ഞപ്പോള്‍ സുഹറക്കും മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍ പോലെ...

മറുത്തു ഒന്നും ചോദിക്കാന്‍ വാക്കുകള്‍ ഇല്ലാതെ സുഹറ കബീറിന്റെ അരികില്‍ ചേര്‍ന്നിരുന്നു ചക്കരമാവിന്‍ കൊമ്പില്‍ സല്ലപിക്കുന്ന ഇണക്കുരുവികളെ പ്രണയ ഭാവത്തോടെ നോക്കി....

(എഴുതിയത്: ഒക്ടോബര്‍ 2009)

3 comments: